‘ഒരാളെ ശിക്ഷിക്കാന്‍ പോകുന്നുവെന്ന് കരുതുക. അയാളുടെ നിപരാധിത്വം തെളിയിക്കുന്ന രേഖ മറ്റൊരാള്‍ മോഷ്ടിച്ച് കോടതിയില്‍ ഹാജരാക്കുന്നുവെന്നും. നമ്മള്‍ അത് പരിശോധിക്കാതെ നിരസിക്കണമെന്നാണോ?’ ഇന്ത്യയുടെ ഉന്നത നീതിപീഠത്തിലെ ഉന്നത ന്യായാധിപന്റെ നാവില്‍നിന്ന് ഉയര്‍ന്ന ചോദ്യമാണിത്. നിയമമോ കോടതിയോ ആയി ബന്ധപ്പെട്ടതല്ലെങ്കില്‍തന്നെയും സാമാന്യമായി ഏതൊരു വ്യക്തിക്കും ന്യായമായും ഉണ്ടാകുന്ന സന്ദേഹമാണിത്. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ വാക്കുകളില്‍ എന്തര്‍ത്ഥമാണ് നിഴലിക്കുന്നതെന്ന് പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാല്‍പതിനായിരം കോടിയുടെ റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച ഡല്‍ഹിയിലെ ഉന്നത നീതിപീഠത്തിനകത്ത് മേല്‍സംഭാഷണം നടന്നത്. ഗോഗോയുടെ ചോദ്യമാകട്ടെ രാജ്യം ഭരിക്കുന്ന സര്‍ക്കാരിനോടും. ഇതിലധികം എന്തു നാണക്കേടാണ് ഒരു സര്‍ക്കാരിന് ഭവിക്കാനുള്ളത്.
രണ്ടു തവണ കൊളീജിയം ശിപാര്‍ശ ചെയ്തിട്ടും തടഞ്ഞുവെച്ച് നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ നിയമനം നല്‍കാന്‍ നിര്‍ബന്ധിതനായ ജസ്റ്റിസ് കെ.എം ജോസഫിന്റെ ചോദ്യത്തില്‍ ഇടപെട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായ അഡ്വക്കേറ്റ് ജനറല്‍ കെ.കെ വേണുഗോപാലിനോട് രഞ്ജന്‍ ഗോഗോയ് ഈ ചോദ്യം ആരാഞ്ഞത്. കള്ളന്‍ ഒരിക്കലും കളവ് സമ്മതിക്കില്ലെങ്കിലും കളവ് പിടികൂടിയപ്പോള്‍ തെളിവ് ഹാജരാക്കിയത് മോഷ്ടിച്ചാണെന്ന് വാദിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തെരുവിലെ നാലാംകിട മോഷ്ടാവിന്റെ കൗശലമാണ്. ക്ലാസിക്കല്‍ കഥയിലെ കള്ളന്റെ തലയിലെ പൂടപോലെ ഇതാണ് റഫാല്‍ കേസിലും ഉത്തരോത്തരം അനാവൃതമായിരിക്കുന്നത്. എത്രതന്നെ നിഷേധിച്ചാലും ഹാജരാക്കിയ രേഖകള്‍ ശരിയാണെന്ന് സ്ഥാപിക്കുകകൂടിയാണ് സര്‍ക്കാര്‍ സ്വയം ഇതിലൂടെ ചെയ്തിരിക്കുന്നത് എന്നത് മോദി സര്‍ക്കാരിന്റെ സത്യസന്ധതയെയും കാര്യക്ഷമതയെയും സാമാന്യജ്ഞാനത്തെപോലും ചോദ്യം ചെയ്യുന്നതായിരിക്കുന്നു. പരാതിക്കാര്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇത്രയും നാണക്കേടുണ്ടാകില്ലായിരുന്നു.
റഫാല്‍ ഇടപാടിന്മേല്‍ പ്രതിരോധ വകുപ്പിനെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തുന്നതിനെതിരെ മുന്‍ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍കുമാര്‍ എഴുതിയ ഒദ്യോഗിക കുറിപ്പാണ് വിവാദത്തിന് അടിസ്ഥാനമായത്. ഖജനാവിന് ശതകോടികളുടെ നഷ്ടം വരുത്തുന്ന രീതിയില്‍ വിമാനത്തിന് 40 ശതമാനത്തിലധികം വില ഉയരാനിടയാക്കിയത് ഈ നിയമവിരുദ്ധ ഇടപെടലായിരുന്നു. ഇതുസംബന്ധിച്ച് പ്രശാന്ത്ഭൂഷണ്‍ നല്‍കിയ പരാതിയില്‍ കൂടുതല്‍ വാദങ്ങള്‍ അനുവദിക്കാതെ 2018 ഡിസംബര്‍ 14ന് സുപ്രീംകോടതി തള്ളുകയായിരുന്നു. വിമാനത്തിന്റെ വില നിശ്ചയിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതിക്ക് അതില്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു അന്നത്തെ വിധി. എന്നാല്‍ അതിനുശേഷം ഫെബ്രുവരി ഒന്‍പതിനാണ് ദ ഹിന്ദു, എ.എന്‍.ഐ എന്നീ മാധ്യമങ്ങള്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. മോഹന്‍കുമാറിന്റെ കുറിപ്പടങ്ങുന്ന രേഖ ഒന്നാം പേജില്‍ വിശേഷവാര്‍ത്തയായി പ്രസിദ്ധീകരിച്ച ദ ഹിന്ദു ചെയര്‍മാന്‍ എന്‍. റാമിന്റേത് മോഷ്ടിച്ച രേഖയാണെന്ന സര്‍ക്കാര്‍ വാദത്തെ കോടതി അതിനിശിതമായാണ് വിമര്‍ശിച്ചത്. കോടതിയോട് വേണുഗോപാല്‍ പറഞ്ഞത്, രണ്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് മോഷ്ടിച്ച രേഖയാണെന്നും അത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണെന്നുമായിരുന്നു. ഇതിന് ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചത്, അഴിമതി ആരോപിക്കപ്പെടുമ്പോള്‍ ഔദ്യോഗിക രഹസ്യനിയമത്തില്‍ അഭയം തേടുകയാണോ സര്‍ക്കാര്‍ എന്നായിരുന്നു. പ്രസക്തമാണെങ്കില്‍ മോഷ്ടിക്കപ്പെട്ട രേഖകളും കോടതിക്ക് പരിശോധിക്കാമെന്നാണ് കോടതിയുടെ വിധികള്‍. മി.അറ്റോണി, നിങ്ങള്‍ നിയമം പറയൂ. ജസ്റ്റിസ് ജോസഫിന്റെ ഈ വാക്കുകള്‍ മോദി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമായി.
അതീവ സുരക്ഷയുള്ള തലസ്ഥാന നഗരിയിലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ വകുപ്പ് ഓഫീസില്‍നിന്ന് രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന സമ്മതിച്ചാല്‍തന്നെ അതിനുത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കാവല്‍ക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍ തന്നെയല്ലേ. ഖര രൂപത്തിലുള്ള ഒന്നല്ലാത്തതിനാല്‍ പ്രതിരോധ മന്ത്രാലയത്തിലെ രേഖകള്‍ മോഷ്ടിക്കപ്പെട്ടതിനേക്കാള്‍ സംഭവിക്കാന്‍ സാധ്യത അവ ചോര്‍ത്തപ്പെട്ടിരിക്കാമെന്നതാണ്. വിവര സാങ്കേതികതയുടെ കാലത്ത് ഇതിന് വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഇനി ക്ലാസിഫൈഡ് വിഭാഗത്തില്‍പെട്ട അതീവ രഹസ്യമെന്ന് സര്‍ക്കാര്‍ പറയുന്ന രേഖ മോഷ്ടിക്കപ്പെട്ടെങ്കില്‍ അതിനെതിരെ എന്തു നടപടിയെടുത്തുവെന്നും കോടതി എ.ജിയോട് ആരായുകയുണ്ടായി. രേഖ പ്രസിദ്ധീകരിക്കപ്പെട്ട് ഒരുമാസമാകുമ്പോഴാണ് കോടതിയില്‍ സര്‍ക്കാര്‍ മോഷണ വാദവുമായി രംഗത്തുവന്നതെന്നത് കള്ളം കയ്യോടെ പിടികൂടപ്പെട്ടവന്റെ വെപ്രാളമായേ വിലയിരുത്താനാകൂ.
രേഖ മോഷ്ടിക്കപ്പെട്ടതാണെന്ന സര്‍ക്കാര്‍ വാദം രേഖയുടെ സാംഗത്യത്തെ ചോദ്യം ചെയ്യുന്നില്ല. മറ്റൊന്ന് സര്‍ക്കാര്‍ രേഖകള്‍ അത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണെങ്കിലും വെളിപ്പെടുത്തരുതെന്ന് ഒരു മാധ്യമ സ്ഥാപനത്തിനോടും പറയാന്‍ സര്‍ക്കാരിനാവില്ല. മാധ്യമ ധര്‍മത്തിന്റെ ഭാഗമാണത്. ഭൂമിയിലെ ഒരു ശക്തിക്കും താനോ തങ്ങളോ പ്രസിദ്ധീകരിച്ച രേഖകളുടെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് എന്‍.റാം പറയുന്നു. സര്‍ക്കാര്‍ പൂഴ്ത്തിവെച്ച രേഖകള്‍ പൊതുതാല്‍പര്യാര്‍ത്ഥമാണ് പ്രസിദ്ധീകരിച്ചത്. പാര്‍ലമെന്റിലും പുറത്തും ആവശ്യപ്പെട്ട രേഖകള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ ജനസമക്ഷം അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ കാണിച്ച ധീരത പ്രശംസിക്കപ്പെടേണ്ടതല്ലേ. ഇതേ ഹിന്ദുവിന്റെ ബോഫോഴ്‌സ് അഴിമതി വാര്‍ത്തകളെയല്ലേ മുമ്പ് ഇതേ ബി.ജെ.പിക്കാര്‍ അവലംബിച്ചത്. പത്രപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും സത്യസന്ധരായ ഉന്നതോദ്യോഗസ്ഥരുമൊക്കെ കൊല്ലപ്പെടുകയോ രാജ്യദ്രോഹ കേസുകളില്‍ തളയ്ക്കപ്പെടുകയോ ചെയ്യുന്ന മോദി കാലത്ത് പത്രപ്രവര്‍ത്തകര്‍ കാട്ടിയ ആര്‍ജവം രാജ്യസ്‌നേഹത്തിന്റെ ഭാഗമാണ്.
ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ പാക് ആക്രമണത്തിലൂടെ ദേശസ്‌നേഹം പ്രോജ്വലിപ്പിച്ചുനിര്‍ത്തി തിരിച്ചെത്താമെന്ന ബി.ജെ.പിയുടെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് റഫാല്‍ ഇടപാടിലെ പുതിയ വഴിത്തിരിവ്. ദേശീയതയുടെയും നിയമങ്ങളുടെയും ബലത്തില്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുകയും അവിഹിത കോടികള്‍ വെട്ടിച്ചുകൂട്ടുകയും ചെയ്യുന്ന ഭരണക്കാര്‍ക്ക്് സ്വന്തം നേതാവിന്റെ നെഞ്ചിന്റെ ഇഞ്ചിനെക്കുറിച്ച് വായടിക്കാന്‍ ഇനിയധികം കഴിയില്ല. ഇവിടെ കള്ളന്‍ ഓടിച്ചിട്ട് പിടിക്കപ്പെട്ടിരിക്കുന്നു. കോടതിയും ജനവും പിടിച്ചുപുറത്താക്കുംമുമ്പ് തെറ്റേറ്റു പറഞ്ഞ് സ്വയം ഒഴിഞ്ഞുപോകുകയേ ഇനി സംഗതമുള്ളൂ.
- 6 years ago
web desk 1
Categories:
Video Stories
പ്രധാനമന്ത്രിയുടെ തലയിലെ പൂട
Tags: editorial