X

ജെല്ലിക്കെട്ടും തമിഴ്‌നാടും

പ്രതിഷേധങ്ങളുടെ കനലൊടുങ്ങിയിട്ടില്ലെങ്കിലും രണ്ടുവര്‍ഷത്തെ ഇടവേളക്കു ശേഷം തമിഴകം ഇന്നലെ ജെല്ലിക്കെട്ടിന്റെ ആരവമറിഞ്ഞു. ആദിദ്രാവിഡ സംസ്‌കാരത്തിനൊപ്പം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കാളപ്പോരിന്റെ വീര്യം തിരിച്ചെത്തിയത് മരണത്തിന്റെ അകമ്പടിയോടെ തന്നെയായിരുന്നു. പുതുക്കോട്ടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ആള്‍കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയ കാളയുടെ കുത്തേറ്റ് രണ്ടുപേര്‍ മരിക്കുകയും 80ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം പക്ഷേ, തമിഴകത്തിന്റെ മനസ്സില്‍ തെല്ലും ഇളക്കം സൃഷ്ടിച്ചിട്ടില്ല.

 

മധുരയില്‍ ഉള്‍പ്പെടെ ഇപ്പോഴും തുടരുന്ന ജെല്ലിക്കെട്ട് അനുകൂല പ്രക്ഷോഭങ്ങള്‍ അതിനു തെളിവാണ്. കഴിഞ്ഞ ഒരാഴ്ചയായി തമിഴകം വലിയൊരു പ്രതിഷേധത്തിന്റെ പാതയിലായിരുന്നു. ജെല്ലിക്കെട്ടിന് അനുമതി നിഷേധിച്ച സുപ്രീംകോടതി വിധിക്കെതിരെയും നിയമനിര്‍മാണം വഴി ജെല്ലിക്കെട്ടിന് അവസരം ഒരുക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകള്‍ക്കെതിരെയും ഒരുജനത ഒന്നാകെ കക്ഷി, രാഷ്ട്രീയ ഭേദങ്ങള്‍ മറന്ന് തെരുവിലേക്കൊഴുകിയപ്പോള്‍ സമീപകാലത്ത് തമിഴകം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി അത് പരിണമിച്ചു. കൃത്യമായി പറഞ്ഞാല്‍ 1960കളില്‍ അരങ്ങേറിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനുശേഷം ഇത്രവലിയൊരു ജനമുന്നേറ്റത്തിന് തമിഴകം സാക്ഷിയാകുന്നത് ഇതാദ്യമായിട്ടായിരുന്നു.

 

വംശീയതയില്‍ അധിഷ്ടിതമായ ഐക്യവും സാംസ്‌കാരികസ്വത്വം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അഭിവാജ്ഞയും തമിഴ്ജനതയെ ലോകത്ത് എക്കാലത്തും വേറിട്ടു നിര്‍ത്തിയിട്ടുണ്ട്. എല്‍.ടി.ടി.ഇ വിരുദ്ധ ആഭ്യന്തരയുദ്ധകാലത്ത് ശ്രീലങ്കയിലെ തമിഴ് വംശജരുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി അരങ്ങേറിയ പ്രക്ഷോഭങ്ങളില്‍ ഉള്‍പ്പെടെ ലോകം ഇത് ദര്‍ശിച്ചിട്ടുണ്ട്. തമിഴന്റെ വംശബോധം എന്ന നിലയില്‍ ചുരിക്കിക്കാണാനാണ് പലപ്പോഴും പുറം ലോകം ഇതിനെ താല്‍പര്യപ്പെടുന്നത്. അതുകൊണ്ടാണ് ജെല്ലിക്കെട്ട് പോലുള്ള പരമ്പരാഗത കായിക വിനോദങ്ങളുടെ സംരക്ഷണം തമിഴ് ജനത സ്വന്തം ജീവവായുപോലെ കാണുമ്പോള്‍, ആ നാടിന് പുറത്തുള്ളവര്‍ക്ക് അതത്ര ഗൗരവമല്ലാത്ത ഒന്നായി തോന്നുന്നത്.

 

വംശീയത തീവ്രമായ അളവില്‍ ഒരുജനതയില്‍ സന്നിവേശിപ്പിക്കപ്പെടുന്നതിന് ദോഷവശങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കപ്പെടുക എന്നത് നിലനില്‍പ്പിന്റെ അടിത്തറ ഭദ്രമാക്കലാണ് എന്ന തമിഴ് ജനതയുടെ തിരിച്ചറിവില്‍നിന്ന് മറ്റുള്ളവര്‍ക്കും ചില പാഠങ്ങള്‍ പഠിക്കാനുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അടിസ്ഥാനപരമായ നിലനില്‍പ്പിന്റെ വിഷയങ്ങളില്‍ പോലും രാഷ്ട്രീയ ഭിന്നത വച്ച് പലവഴിക്ക് സമരങ്ങള്‍ നയിക്കുകയും ലക്ഷ്യത്തിലെത്താതെ പിന്‍വാങ്ങുകയും ചെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആ കാര്യങ്ങള്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നത് ഗുണകരമാകും.

 

സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ഓര്‍ഡിനന്‍സ് വഴിയാണ് ഇന്നലെ തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അവസരം ഒരുക്കിയത്. ശനിയാഴ്ച രാത്രി ഓര്‍ഡിനന്‍സ് കൊണ്ടു വന്ന് രാഷ്ട്രപതിയുടെ വരെ അനുമതി നേടിയെടുക്കുകയും അവധി ദിനമായ ഇന്നലെതന്നെ ജെല്ലിക്കെട്ട് നടത്തുകയും ചെയ്ത് നിലവിലെ പ്രതിസന്ധിയെ മറികടക്കാനാണ് പന്നീര്‍ശെല്‍വം സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഇത് പൂര്‍ണമായി വിജയം കണ്ടിട്ടില്ല. സംഘകാലം മുതല്‍ നിലനിന്നു വരുന്നതായി വിശ്വസിക്കുന്ന പരമ്പരാഗത കായിക വിനോദം സംരക്ഷിക്കുന്നതിന് സുസ്ഥിര നിയമനിര്‍മാണം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് പ്രക്ഷോഭകരുടെ വാദം.

 

ഇന്ന് കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നതോടെ സ്ഥിതിഗതികള്‍ വീണ്ടും മാറിമറിഞ്ഞേക്കുമെന്ന ആശങ്കയും സജീവമാണ്. ഇത് മുന്നില്‍ കണ്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പേട്ട പോലുള്ള മൃഗസംരക്ഷണ സംഘടനകളെ നിരോധിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ഒരേ സ്വരത്തില്‍ ഈ നിലപാടിനെ പിന്തുണക്കുമ്പോഴും കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമായിരിക്കും.

 
2009ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന റഗുലേഷന്‍ ഓഫ് ജെല്ലിക്കെട്ട് ആക്ട് റദ്ദാക്കിക്കൊണ്ടാണ് 2014ല്‍ സുപ്രീംകോടതി ഇതിന് നിരോധനം ഏര്‍പ്പെടുത്തിയത്. മൃഗപീഡനമായിരുന്നു പ്രധാന ഹേതുവായി കോടതി ചൂണ്ടിക്കാട്ടിയതും. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പേട്ട പോലുള്ള സംഘടനകളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനു കഴിഞ്ഞേക്കാം. എന്നാല്‍ ജെല്ലിക്കെട്ടിന് അനുകൂലമായി പുതിയ നിയമ നിര്‍മാണം നടത്തിയാലും അതിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. 2014, 2015 വര്‍ഷങ്ങളില്‍ സുപ്രീംകോടതിയുടെ നിരോധനം നിലനില്‍ക്കുന്നതിനാല്‍ ജെല്ലിക്കെട്ട് നടന്നിരുന്നില്ല. എന്നാല്‍ അന്നൊന്നും ഇവ്വിധമുള്ളൊരു പ്രക്ഷോഭത്തിന് തമിഴകം വേദിയായിട്ടില്ല.

 

ജയലളിതയുടെ മരണത്തെതുടര്‍ന്ന് തമിഴ്‌നാട്ടില്‍ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിനും ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ വലിയൊരു പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. ബി.ജെ.പി, ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ കക്ഷികളും ഇതിനെ ആവോളം മുതലെടുക്കുന്നുണ്ട്. ഭരണകക്ഷിയായ എ.ഐ. എ. ഡി.എം.കെക്കെതിരെ രൂപപ്പെടുന്ന ജനവികാരം വഴി ലഭിക്കുന്ന താല്‍ക്കാലിക രാഷ്ട്രീയ നേട്ടം മാത്രമാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ വലിയൊരു ഭവിഷ്യത്തിന് ഇപ്പോഴത്തെ ജനകീയ പ്രക്ഷോഭം കളമൊരുക്കുന്നുണ്ടെന്നത് കാണാതിരുന്നുകൂട. ഭരണകൂടങ്ങള്‍ക്കും നീതി, നിയമ സംവിധാനങ്ങള്‍ക്കും മുകളില്‍ വംശീയത വിജയം സ്ഥാപിക്കുന്നത് അന്തിമമായി രാജ്യതാല്‍പര്യങ്ങള്‍ക്കും ഫെഡറല്‍ സംവിധാനത്തിനും ദോഷമായി പരിണമിച്ചേക്കും.

 

ജെല്ലിക്കെട്ടിനു ശേഷം കാവേരിയാണ് ജനകീയ പ്രക്ഷോഭത്തിന്റെ അടുത്ത വിഷയമെന്ന് സമരമുഖത്തുള്ളവര്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച്. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരവുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാല്‍ കാവേരിയിലും മുല്ലപ്പെരിയാറിലും തൊടുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയായിരിക്കില്ല. അന്തര്‍ സംസ്ഥാന വിഷയങ്ങള്‍ ആയതിനാല്‍ കാര്യങ്ങള്‍ അനിയന്ത്രിതമായ രീതിയിലേക്ക് തെന്നിപ്പോകാനുള്ള സാധ്യതകള്‍ ഏറെയാണ്. അതിനെ മുന്‍കൂട്ടി കാണാനും പക്വമായ നിലപാട് സ്വീകരിക്കാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ മാത്രമായിരിക്കും ബാക്കിയാവുക.

chandrika: