X

സെക്രട്ടറിയേറ്റിനുള്ളിലെ സമര കാഹളം

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സമര രംഗത്തിറങ്ങിയത് സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ മുഖച്ഛായ മാറ്റാനുള്ള ധീരമായ നടപടിയായി അവതരിപ്പിക്കുന്നതാണെങ്കിലും ജീവനക്കാരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. സര്‍ക്കാറും ജീവനക്കാരും പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഫയലുകളില്‍ അടയിരുന്ന് കാലം കഴിക്കുന്ന പ്രക്രിയയില്‍ കാതലായ പരിവര്‍ത്തനം പ്രതീക്ഷിക്കേണ്ടതുള്ളൂ. സെക്രട്ടറിയേറ്റില്‍ സമരം തുടങ്ങിയ സാഹചര്യത്തില്‍ കേരള ഭരണ സര്‍വീസ് സംവിധാനം അവസരങ്ങളെയും സാധ്യതകളെയും ഹനിക്കുന്നതാണെന്ന ജീവനക്കാരുടെ പരാതിക്ക് പരിഹാരം കാണുകയാണ് സര്‍ക്കാറിനു മുമ്പിലുള്ള ശരിയായ മാര്‍ഗം. മറിച്ച്, സെക്രട്ടറിയേറ്റ് ജീവനക്കാരോട് സ്വേച്ഛാധിപത്യ നിലപാട് ആവര്‍ത്തിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിക്ക് സമരത്തിന്റെ സങ്കീര്‍ണതയില്‍ മുന്നോട്ടുപോകുക അത്ര സുഖകരമാകില്ല. നിലവിലെ സെക്രട്ടറിയേറ്റ് ഭരണ സംവിധാനത്തിന്റെ രീതി പാടെ മാറ്റിയെഴുതണമെന്നു തന്നെയാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. സര്‍ക്കാറുകള്‍ മാറി വന്നാലും സമര്‍ത്ഥരായ വകുപ്പ് മന്ത്രിമാര്‍ മേല്‍നോട്ടം വഹിച്ചാലും മാറ്റമില്ലാത്ത മനോഭാവമാണ് മിക്ക സര്‍ക്കാര്‍ ജീവനക്കാരുടേതും. പൊതുജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ചിലരുടെ പെരുമാറ്റങ്ങള്‍ കണ്ടാല്‍ ആ സമൂഹത്തോടു തന്നെ പുച്ഛമാണ് തോന്നുക. നീറുന്ന പ്രശ്‌നങ്ങളുമായി സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കു മുമ്പില്‍ ഒന്നല്ല, പലതവണ ഓച്ഛാനിച്ചു നില്‍ക്കേണ്ട അനുഭവവും അംഗീകരിക്കാവതല്ല. പൗരന്റെ അവകാശങ്ങളേക്കാളുപരി ജീവനക്കാരന്റെ ഔദാര്യങ്ങളാണോ എന്നു തോന്നിപ്പോകും ചില ജീവനക്കാരുടെ ധാര്‍ഷ്ട്യം കണ്ടാല്‍. പണത്തിന്റെയും സ്വാധീനത്തിന്റെയും കനം നോക്കി ഫയലുകള്‍ പരിഗണിക്കുന്നവരെ എക്കാലവും വച്ചു പൊറുപ്പിക്കുന്നതും നന്നല്ല. എല്ലാ മേഖലകളിലും ബാധിച്ച ജീര്‍ണത സെക്രട്ടറിയേറ്റിനുള്ളില്‍ ചീഞ്ഞളിഞ്ഞു നില്‍ക്കുന്നുവെന്നു മാത്രം.
പ്രധാനമായും ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന പ്രവര്‍ത്തനമാണ് സെക്രട്ടറിയേറ്റിലെ ഭരണ സംവിധാനം. എട്ടോളം തട്ടുകളിലായി നടക്കുന്ന പരിശോധനകള്‍ക്കും അതോടൊപ്പമുണ്ടാകുന്ന ‘ക്വറി’ (ചോദ്യം) കള്‍ക്കും അതിന്റെ ഉത്തരം കണ്ടെത്തലിനുമായി മാസങ്ങള്‍ തന്നെ വേണ്ടി വരും. കാലതാമസവും കാര്യശേഷിക്കുറവും കാരണം ഫലപ്രദമായ ഭരണ നിര്‍വഹണം നടക്കാതെ പോകുകയും പദ്ധതികള്‍ അനന്തമായി വൈകുകയും പതിവാകുകയാണ്. ഇത് സംസ്ഥാനത്തിന് താങ്ങാവുന്നതിനുമപ്പുറമുള്ള നഷ്ടമാണുണ്ടാക്കുന്നത്. മാത്രമല്ല, പൊതുജനാവകാശ നിഷേധത്തിന്റെ പച്ചയായ പ്രവര്‍ത്തന മണ്ഡലമായി സെക്രട്ടറിയേറ്റുകള്‍ പരുവപ്പെടുകയും ചെയ്യുന്നു. പൊതുജനങ്ങള്‍ക്കു നേരിട്ടു ബന്ധമില്ലാത്ത പ്രവര്‍ത്തന രീതിയായതിനാല്‍ പൊതുവെ ഇത് ആരും ശ്രദ്ധിക്കാതെ പോവുകയും അറിയുന്നവര്‍ എല്ലാം സഹിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് ഭരണ സര്‍വീസില്‍ സമൂല മാറ്റം വേണമെന്ന ആവശ്യത്തോട് പൊതുവെ അനുകൂല പ്രതികരണങ്ങളുയര്‍ന്നുവരുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) ഇത് ലക്ഷ്യമാക്കിയുള്ള പരിഷ്‌കാരമായാണ് വിഭാവനം ചെയ്യുന്നത്. സെക്രട്ടറിയേറ്റിലെ ഗസറ്റഡ് ഉദ്യോഗസ്ഥരെയും സെക്രട്ടറിയേറ്റിന് പുറത്തുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരെയും പൊതു സിവില്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റിലും പുറത്തും പ്രവര്‍ത്തന പരിചയം ലഭിക്കുന്ന രീതിയില്‍ സിവില്‍ സര്‍വീസ് രൂപീകരിക്കുകയാണ് ലക്ഷ്യം. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസിന്റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ കഴിയുമെന്നും കെ.എ.എസ് സ്വപ്‌നം കാണുന്നു.
മുമ്പ് പലതവണ നടപ്പാക്കാന്‍ ഉദ്ദേശിച്ച പരിഷ്‌കാരമാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം സര്‍ക്കാര്‍ പൊടി തട്ടിയെടുക്കുന്നത്. സെക്രട്ടറിയേറ്റിലെ പൊതുഭരണം, ധനം എന്നിവ ഉള്‍പ്പെടെ മുപ്പത് വകുപ്പും സെക്രട്ടറിയേറ്റിനു പുറത്തുള്ള മിക്ക വകുപ്പുകളിലെയും സമാന തസ്തികകളും ഉള്‍പ്പെടുന്നതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്. എന്നാല്‍ ഇടതു സര്‍ക്കാര്‍ ഈ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവിലെ ചില അവ്യക്തതകളാണ് സര്‍ക്കാര്‍ ജീവനക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ആകെ 100 തസ്തികകളുണ്ടെങ്കില്‍ അതില്‍ പത്തു തസ്തികകള്‍ മാത്രമാണ് കെ.എ.എസിന് ലഭിക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ വാദം. പ്രസ്തുത 10 തസ്തികകളില്‍ 3.3 തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നത് നിലവിലെ ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തെ ബാധിക്കുമെന്നാണ് ജീവനക്കാര്‍ പരാതിപ്പെടുന്നത്. ഇതു സംബന്ധിച്ച് പുറപ്പെടുവിക്കുന്ന ചട്ടത്തിന് വിധേയമായി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് കെ.എ.എസില്‍ പറയുന്നുണ്ട്. എന്നാല്‍ ചട്ടം അനുസരിച്ചുള്ള പ്രായപരിധിക്ക് വിധേയമായി സര്‍വീസില്‍ നിന്ന് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കുന്നതിനും നിയമനം നേടുന്നതിനും തടസുണ്ടാകുന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം പ്രായോഗികമാവുമെന്നാണ് ജീവനക്കാരെ ആശങ്കപ്പെടുത്തുന്നത്.
ഇത്രയും തസ്തികകള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒന്നാം ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ നിന്ന് വകുപ്പുതല പരീക്ഷയിലൂടെ നികത്തുമെന്നു പറയുന്നുവെങ്കിലും ജീവനക്കാര്‍ സംതൃപ്തരല്ല എന്നതാണ് അവരെ സമരത്തിലേക്കു നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള സ്ഥിരം ജീവനക്കാരില്‍ നിന്ന് പി.എസ്.സി നടത്തുന്ന മത്സര പരീക്ഷ മുഖേന നിയമനം നടത്തുമെന്നും അതിനാല്‍ ഈ തസ്തികകള്‍കൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തന്നെ ലഭിക്കുമെന്നും കെ.എ.എസില്‍ പറയുന്നുണ്ടെങ്കിലും നിലവില്‍ എത്രപേര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് ജീവനക്കാരുടെ ചോദ്യം. ആകെയുള്ള 100 തസ്തികകളില്‍ 3.3 ശതമാനം മാത്രം സര്‍വീസിനു പുറത്തുള്ളവര്‍ക്ക് നിയമനം നല്‍കിയത് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ഗുണകരമായ ഉയര്‍ച്ചയുണ്ടാകുമോ എന്ന കാര്യം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കേണ്ട വിഷയമാണ്. നിശ്ചിത കാലം സെക്രട്ടറിയേറ്റിനു പുറത്തു പ്രവര്‍ത്തിച്ചവര്‍ക്കു മാത്രമെ ഗസറ്റഡ് തസ്തികകളില്‍ സെക്രട്ടറിയേറ്റില്‍ നിയമനം നല്‍കുകയുള്ളൂവെന്ന് നിഷ്‌കര്‍ഷിച്ചാല്‍ മാത്രമെ കെ.എ.എസിന് ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താനാകുയുള്ളൂ.
കാലാനുസൃതമായി സെക്രട്ടറിയേറ്റിന്റെയും സിവില്‍ സര്‍വീസിന്റെയും പ്രവര്‍ത്തനം പരിഷ്‌കരിക്കുന്നതിന് ആരും എതിരാവേണ്ടതില്ല. നല്ല ഭരണ നിര്‍വഹണത്തിന് ഇച്ഛാശക്തിയും കൂട്ടായ പ്രവര്‍ത്തനവും അത്യന്തം അനിവാര്യമായ കാലമാണിത്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ പുരോഗതി കണ്ടില്ലെന്നു നടിക്കാനാവില്ല. സര്‍ക്കാറും ജീവനക്കാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലം എല്ലാവര്‍ക്കും പ്രാപ്യമാകുന്നത് ക്ഷേമ രാജ്യത്തിന്റെ അടയാളമാണ്. ജീവനക്കാരുടെ അവസരവും അവകാശവും നിഷേധിക്കാത്ത തരത്തില്‍ ഭരണ സര്‍വീസ് പരിഷ്‌കരിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടേണ്ടത്. കൊമ്പുകുലുക്കി വമ്പുകാണിച്ചാല്‍ ജീവനക്കാരെ അടക്കിഭരിക്കാനാവുമോ എന്ന് മുഖ്യമന്ത്രി ആത്മവിചിന്തനം നടത്തുന്നത് നന്ന്.

chandrika: