X

വികല നേതൃത്വത്തിന് കേരളം കീഴടങ്ങണോ ?

ദൈവിക-മതവിശ്വാസാചാരങ്ങള്‍ പരിപാവനമാണ്. വ്യക്തിയുടെ ചിന്തയും ശീലവുമായി ബന്ധപ്പെട്ടതാണത്. സഹജീവികളിലൊരാളുടെയും സൈ്വര്യജീവിതത്തിന് അത് തടസ്സമായിക്കൂടാത്തതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ആ വൈകാരികപ്രശ്‌നത്തെ കേവലവോട്ടുരാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുമ്പോള്‍ സംഭവിക്കുന്നത് ജനങ്ങളുടെയും ഒരു നാടിന്റെതന്നെയും ദുരന്തമാണ്. അത്തരമൊന്നാണ് ശബരിമല പ്രശ്‌നത്തില്‍ കുറച്ചുനാളുകളായി നാം കേരളീയര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് വ്യാഴാഴ്ച സംഭവിച്ച അനിഷ്ടകരമായ സംഭവവും അതിന്മേല്‍ കേരളത്തിലെ മൂന്നരക്കോടിയോളം ജനത ഇന്നലെ അനുഭവിക്കേണ്ടിവന്ന ദുരിതവുമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. ഇതെഴുതുമ്പോള്‍പോലും ഏതുനിമിഷമാണ് മറ്റൊരു ഹര്‍ത്താലാഹ്വാനം മലയാളിയുടെ തലയില്‍ ഇടിത്തീസമാനം വന്നുപതിക്കുക എന്ന് പറയാനാവാത്ത സ്ഥിതിയെക്കുറിച്ച് എന്തെഴുതാനാണ്!
തിരുവനന്തപുരം മുട്ടട അഞ്ചുമുക്ക് വയല്‍വീട്ടില്‍ നാല്‍പത്താറുകാരനായ വേണുഗോപാലന്‍നായര്‍ സെക്രട്ടറിയേറ്റ് നടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.40ഓടെ നടത്തിയ ആത്മഹത്യാശ്രമവും തുടര്‍ന്നുണ്ടായ വൈകീട്ടത്തെ ദാരുണമരണവും അത് മുതലെടുക്കാന്‍ ബി.ജെ.പി നേതൃത്വം നടത്തിയ ഹര്‍ത്താലാഹ്വാനവും തെളിയിക്കുന്നത്, കേരളസംസ്ഥാനം നാളിതുവരെ കാണാത്ത രീതിയിലുളള നെറികെട്ട രാഷ്ട്രീയമാണ്. ജനജീവിതത്തിന് നേര്‍ക്കുള്ള തോന്ന്യാസവും. തന്റെ മരണത്തിന് ശബരിമലവിശ്വാസവുമായോ അവിടുത്തെ ഇപ്പോഴത്തെ യുവതീപ്രവേശനവിവാദവുമായോ യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നാണ് പൊലീസിന് അദ്ദേഹം കൊടുത്ത മൊഴി. എന്നാല്‍ ഇത് ശരിയല്ലെന്നും ശബരിമലപ്രശ്‌നവുമായി മരണത്തിന് ബന്ധമുണ്ടെന്നുമാണ് ബി.ജെ.പി സംസ്ഥാനഘടകം വാദിച്ചത്. ബി.ജെ.പി നടത്തിവരുന്ന സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരസമരപ്പന്തലിലേക്കാണ് വേണുഗോപാലന്‍നായര്‍ ആളിപ്പടരുന്ന തീയുമായി ഓടിക്കയറിയത് എന്ന ഒറ്റക്കാരണം കൊണ്ട് പൊതുസമൂഹത്തെ മുഴുവന്‍ രണ്ടുദിവസമായി മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയത് എന്തുതരം രാഷ്ട്രീയമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്തതാണ് ഇന്നലെ പ്രബുദ്ധകേരളത്തില്‍ നടന്നത്. വേണുഗോപാലന്‍നായര്‍ ശരീരത്തില്‍ സ്വയം പെട്രോള്‍ ഒഴിച്ചശേഷം തീവെച്ചതാണെന്നാണ് പറയുന്നത്. മുമ്പ് ശബരിമല പ്രവേശനവിവാദവുമായി ബന്ധപ്പെട്ട നാമജപസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനല്ലെന്ന് ഇതിനകം വ്യക്തമായിട്ടുമുണ്ട്. എന്നിട്ടും ബി.ജെ.പി സംസ്ഥാനനേതൃത്വം സംസ്ഥാനവ്യാപകമായി ഇവ്വിഷയത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്നത് തികച്ചും വേദനാജനകവും ലജ്ജാകരവുമായി. ഒരു മധ്യവയസ്‌കന്റെ ദാരുണമരണം തീര്‍ത്ത ഞെട്ടലില്‍നിന്ന് ജനങ്ങള്‍ മുക്തരാകുംമുമ്പേയാണ് സംസ്ഥാനതലത്തിലൊരു ഹര്‍ത്താലിന് വികലനേതൃത്വം തയ്യാറായത് .
വേണുഗോപാലന്‍നായര്‍ക്ക് കുടുംബപരമായി ചില പ്രശ്‌നങ്ങളുണ്ട്. വിവാഹമോചിതനാണ്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ളയാളുമല്ല. ആത്മഹത്യാശ്രമത്തിന് കാരണം ജീവിതം മടുത്തതാണെന്നാണ് പൊലീസിനോട് വേണുഗോപാലന്‍നായര്‍ പറഞ്ഞിരിക്കുന്നത്. ഇയാള്‍ക്ക് ഇടയ്ക്ക് മാനസികവിഭ്രാന്തി ഉണ്ടാകാറുണ്ടെന്നും അദ്ദേഹത്തെ അറിയാവുന്നവര്‍ പറയുന്നു.അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ മരണത്തിന് ശബരിമല പ്രവേശവുമായി ബന്ധമുണ്ടെന്ന് പറയുന്നത് എന്തര്‍ഥത്തിലാണ്. ശബരിമലപ്രവേശനത്തിനെതിരായ ബി.ജെ.പി സമരപ്പന്തലിലേക്കാണ് ഇയാള്‍ തീഗോളമായി ഓടിയെത്തിയത് എന്നത് ചില ദുരൂഹതകള്‍ ഉണര്‍ത്തുന്നുണ്ട്. പൊതുസ്ഥലത്ത് വെച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചയാള്‍ അത് നിര്‍വഹിച്ചശേഷം പിന്നീട് തൊട്ടടുത്തുകണ്ട ആളുകള്‍ക്കിടയിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറിയതാകാനാണ് സാധ്യത. സമരക്കാര്‍ കുടിക്കാനിരുന്ന വെള്ളം ഉപയോഗിച്ചാണത്രെ തീയണച്ചത്. അപ്പോഴേക്കും തീ അയാളുടെ ശരീരത്തെ ഏതാണ്ട് വിഴുങ്ങിക്കഴിഞ്ഞിരുന്നു. സംഭവസമയം ബി.ജെ.പിയുടെ സമരപ്പന്തലില്‍ നിരാഹാരം കിടക്കുന്ന സി.കെ പത്മനാഭനും മറ്റുള്ളവരും ഉറക്കത്തിലായിരുന്നു. അവിടെയുണ്ടായിരുന്ന ചിലര്‍ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന് തടഞ്ഞില്ലായിരുന്നില്ലെങ്കില്‍ സമരപ്പന്തല്‍ മുഴുവനും കത്തുകയോ കൂടുതല്‍ ആളപായം സംഭവിക്കുകയോ ചെയ്യുമായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ കേരളത്തെ മൊത്തത്തില്‍ ഇക്കൂട്ടര്‍ കലാപഭൂമിയാക്കുമായിരുന്നില്ലേ. ഇനി വേണുഗോപാലന്‍നായരെ ആത്മഹത്യാശ്രമത്തിന് ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ എന്നതും വിശദാന്വേഷണത്തിലൂടെ അറിയേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ ഈ മരണത്തിന് ഉത്തരവാദി ബി.ജെ.പി സംസ്ഥാനനേതൃത്വം തന്നെയാണെന്ന് പറയേണ്ടിവരും. വിശ്വാസപരമായ പ്രശ്‌നത്തെ നടുറോഡിലേക്ക് വലിച്ചിഴച്ച് ജനമനസ്സില്‍ തീകോരിയിട്ട് അനാവശ്യമായ ആശങ്ക വിതറിയതിനും ആ പാര്‍ട്ടിക്ക് പങ്കുണ്ട്. ദേശീയതലത്തില്‍ അടിപതറുന്ന പാര്‍ട്ടി പിടിച്ചുനില്‍പിന് ഏതറ്റംവരെയും പോകുമെന്നതിന് എത്രയോ ദൃഷ്ടാന്തങ്ങള്‍ മുമ്പും കണ്ടിട്ടുള്ളതാണല്ലോ. നവംബര്‍ 2ന് ശബരിമലക്കടുത്ത് പമ്പയില്‍ ശിവദാസന്‍ എന്ന മധ്യവയസ്‌കന്‍ വാഹനാപകടത്തില്‍ മരിച്ചതിന് സംസ്ഥാനതല ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും ഇതേ ബി.ജെ.പിയും സംഘപരിവാരവുമാണ്. രണ്ടാഴ്ച മുമ്പ് കാണാതായ ഇയാളെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഹര്‍ത്താലിന് കാരണമായി ബി.ജെ.പി പറഞ്ഞത്. അന്ന് ഹര്‍ത്താല്‍ വിവരമറിയാതെ പുറത്തിറങ്ങിയവര്‍ അനുഭവിച്ച കഷ്ടപ്പാട് ആ പാര്‍ട്ടിക്കകത്തുപോലും വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതാണ്. നവംബര്‍ 17ന് രാത്രി ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ ശബരിമല പ്രവേശനത്തിന് മുതിരവെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റുചെയ്തതിനെതിരെ പുലര്‍ച്ചെ മൂന്നുമണിക്ക് സംസ്ഥാനതല ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരുമാണ് ബി.ജെ.പി-സംഘപരിവാര്‍ നേതൃത്വം. ഫലത്തില്‍ രണ്ടുമാസത്തിനിടെ മൂന്ന് സംസ്ഥാനഹര്‍ത്താലിന് കേരളത്തിലെ പൊതുജനം ഇരയായി. ലാത്തിച്ചാര്‍ജുകളുടെ പേരില്‍ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി നടന്ന നാല് ജില്ലാതലഹര്‍ത്താലുകള്‍ വേറെയും.
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പി കേരളത്തിലുടനീളം സര്‍ക്കാരിനെതിരെ സമരവുമായി ഇറങ്ങിത്തിരിച്ചത്. നടതുറന്ന സമയങ്ങളില്‍ ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധങ്ങളും പൊലീസിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വ്യാപകമായ അക്രമവും നടത്തിയവര്‍ രണ്ടാഴ്ച മുമ്പാണ് സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റിയത്. ശബരിമലപ്രശ്‌നം ഒരു സുവര്‍ണാവസരമാണെന്ന് പാര്‍ട്ടിയോഗത്തില്‍ പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള സമരം കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായുള്ളതാണെന്ന് പിന്നീട് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. വിശ്വാസികളെ വൈകാരികമായി ചൂഷണം ചെയ്യുകയായിരുന്നു ആ പാര്‍ട്ടി എന്ന് ഇതോടെ വ്യക്തമായി. മാത്രമല്ല ഇതിലൂടെ ശബരിമലയുമായോ അവിടുത്തെ വിശ്വാസവുമായോ യാതൊരുവിധ ബന്ധവുമില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങളെ ബന്ദികളാക്കാന്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കും അതിന്റെ പോഷകസംഘടനകള്‍ക്കും ആര് അധികാരം തന്നു? ഇവിടെയാണ് കേരളത്തിലെ സര്‍ക്കാരിനെയും വിശിഷ്യാ പൊലീസ് സംവിധാനത്തെയും കുറിച്ച് ചില ആശങ്കകള്‍ ഉയരുന്നത്.
സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് പറയുന്ന ഇടതുപക്ഷഭരണകൂടം വിധിക്ക് ശേഷം രണ്ടരമാസം കഴിഞ്ഞിട്ടും ഒരൊറ്റ യുവതിയെയും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് വിഷയത്തിലെ ഇരട്ടത്താപ്പ് കിടക്കുന്നത്. ഒരേ സമയം അമ്മയുടെ കൂടെകിടക്കുകയും അച്ഛന്റെ കൂടെ ഉല്‍സവത്തിന് പോകുകയും വേണമെന്ന വാദമാണ് സി.പി.എം ഉയര്‍ത്തുന്നത്. മുമ്പ് ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തിത്തര്‍ക്കത്തില്‍ സി.പി.എം നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞതുപോലെ ‘അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന..’ എന്ന വരട്ടുവാദമാണിതും. എന്നാല്‍ തീവ്രവര്‍ഗീയപാര്‍ട്ടിയായ ബി.ജെ.പിയും അവരുടെ സംഘപരിവാരവും കേരളത്തിലെ സൈ്വര്യജീവിതം തകര്‍ക്കുമ്പോള്‍ കൈയും കെട്ടി നോക്കിയിരിക്കാന്‍ മാത്രം നിസ്സഹായത പ്രകടിപ്പിക്കുകയാണോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും. ഇത് വനിതാമതിലിന്റെ കാര്യത്തിലുള്ള അവരുടെ നിലപാടുപോലെ സംഘപരിവാറിന്റെ വര്‍ഗീയരാഷ്ട്രീയത്തിനുള്ള പരോക്ഷപിന്തുണയാണ്. പുറത്ത് മതനിരപേക്ഷതയെക്കുറിച്ച് ആണയിടുന്ന നവോത്ഥാനത്തിന്റെ വ്യാജോക്തിക്കാര്‍ അകത്ത് കാവിവര്‍ഗീയതയും ഹിന്ദുത്വരാഷ്ട്രീയവുമായ പിണറായിയുടെ ഭാഷയില്‍ ‘ഒക്കച്ചങ്ങാതി’ കളിക്കുകയാണ്.
നാടിന്റെയും ജനങ്ങളുടെയും സൈ്വര്യജീവിതം ഉറപ്പവരുത്തുകയും അവരുടെ ജീവസ്വത്തുവകകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യാന്‍ ഭരണഘടനാപരമായി ഉത്തരവാദിത്തപ്പെട്ടവര്‍ അക്രമികളുമായി സമരസപ്പെടുന്നതിനെ നവോത്ഥാനമൂല്യസംരക്ഷണമെന്നല്ല വിളിക്കേണ്ടത്; മറ്റുള്ളവര്‍ ജീവനും ജീവിതവും കൊടുത്ത് വളര്‍ത്തിയ നവോത്ഥാനചിന്തകളെയും മലയാളിയുടെ പ്രബുദ്ധതയെയും തച്ചുതകര്‍ക്കലാണ്. അക്രമികളെ പിടിച്ചുകെട്ടാന്‍ ആവില്ലെങ്കില്‍ ഭരണചക്രം കഴിവുള്ളവര്‍ക്ക് തിരിച്ചേല്‍പിക്കാന്‍ ഇടതുപക്ഷം തയ്യാറാകണം. അത്് ഏല്‍ക്കാന്‍ കേരളജനതയുടെ പിന്തുണയോടെ നാടിന്റെ സമാധാനവാഹകരായ ഐക്യജനാധിപത്യമുന്നണി ഇവിടെയുണ്ട്.

chandrika: