X

റിസര്‍വ് ബാങ്ക് സ്വയംഭരിക്കട്ടെ

‘നോട്ടുകളുടെ പ്രസിദ്ധീകരണത്തിലുള്ള നിയന്ത്രണവും ഭാരതത്തിലെ ധനപരമായ സ്ഥിരത വീക്ഷിച്ചുകൊണ്ടുള്ള സുരക്ഷിതമായ ധന സമാഹരണവും, രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടിയുള്ള പൊതുവായ ധനവിനിമയവും വായ്പാ വ്യവസ്ഥയും നടപ്പിലാക്കുകയും ചെയ്യുന്നു.’… ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ഭാരതീയ റിസര്‍വ് ബാങ്കിന്റെ അടിസ്ഥാന പ്രവര്‍ത്തനമാണ് മേലുദ്ധരണി. ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചതിന്റെ പൊരുള്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായുള്ള കടുത്ത പൊരുത്തക്കേടിന്റെ പശ്ചാത്തലമാണ്. രാജ്യത്തെ പരമപ്രധാന ധനകാര്യസ്ഥാപനത്തിന്റെ സ്വയം ഭരണാവകാശത്തില്‍ കൈക്കടത്തുന്ന ഗുരുതരമായ നീക്കത്തിനൊടുവില്‍ ഉര്‍ജിത് പട്ടേല്‍ ബലിയാടാവുകയായിരുന്നു. നിലവിലെ ധനസ്ഥിതി തകിടം മറിക്കുകയും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുകയും ചെയ്യുന്ന മോദി സര്‍ക്കാറിന്റെ നീക്കം തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിനു സമാനമാണ്. നോട്ട് നിരോധ പരിഷ്‌കാരത്തിന്റെ തുടക്കംതൊട്ട് തുടങ്ങിയ ഈ കൈവിട്ട കളിക്കെതിരെ നിതാന്ത ജാഗ്രത അനിവാര്യമാണെന്ന സന്ദേശമാണ് ഉര്‍ജിതിന്റെ രാജി വിളംബരം ചെയ്യുന്നത്. കേവല വയോജിപ്പിന്റെ പേരിലുള്ള പടിയിറക്കമായി ഇതിനെ കണ്ടുകൂടാ. മോദിയുടെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെ റിസര്‍വ് ബാങ്കിനകത്തും പുറത്തും പുകഞ്ഞുകൊണ്ടിരിക്കുന്ന ആശയപ്രക്ഷോഭങ്ങളുടെ പടയൊച്ചയാണിത്.
ഇന്ത്യന്‍ സമ്പദ്ഘടനയെ അട്ടിമറിച്ച നോട്ട് നിരോധനത്തെ കുറിച്ച്, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന ശേഷം ദിവസങ്ങളോളം മൗനം പാലിച്ചതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ‘വില്ലന്‍’ പരിവേഷമായിരുന്നു ഊര്‍ജിത് പട്ടേലിന്. റിസര്‍വ് ബാങ്കിനെ കാഴ്ച്ചക്കാരാക്കിയായിരുന്നു മോദി സര്‍ക്കാറിന്റെ നോട്ട് നിരോധം. അന്ന് കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി ഉര്‍ജിത് പട്ടേല്‍ മാറിയതിന്റെ ഗതികേടാണ് അദ്ദേഹത്തിന്റെ മൗനം എന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. തന്റെ മുന്‍ഗാമിയായ രഘുറാം രാജനെ പിന്തുടരാതെ ആര്‍.ബി.ഐയുടെ തലപ്പത്ത് രണ്ടാമതൊരു അവസരംകൂടി പട്ടേല്‍ ആഗ്രഹിക്കുന്നു എന്ന രീതിയിലും ആ അര്‍ത്ഥഗര്‍ഭമായ മൗനത്തെ വായിക്കപ്പെട്ടു. ഈ നാടകാന്ത്യത്തിലാണ് ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് റിസര്‍വ് ബാങ്കിന്റെ പടിയിറങ്ങിയത്. ‘ചില വ്യക്തിപരമായ കാരണങ്ങളാല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്നു രാജിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്‍.ബി.ഐയില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. തന്റെ സഹപ്രവര്‍ത്തകരോടും ആര്‍.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡിലെ ഡയറക്ടര്‍മാരോടും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്’. ഊര്‍ജിത് പട്ടേലിന്റെ ഈ വാക്കുകളില്‍ അസ്വാഭാവികത ഇല്ലെങ്കിലും മോദി സര്‍ക്കാറിന്റെ നയനിലപാടുകളോടുള്ള കടുത്ത വിയോജിപ്പാണ് രാജി എളുപ്പമാക്കിയതെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.
ഉര്‍ജിതിന്റെ ഇറങ്ങിപ്പോക്കിനെ സാമാന്യവത്കരിച്ച് പുതിയ ഗവര്‍ണറെ പ്രതിഷ്ഠിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നരേന്ദ്ര മോദിയുടെ നിര്‍ണായക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ ധനകാര്യ സെക്രട്ടറി ശക്തി കാന്ത ദാസിനെ കൊണ്ട് കാര്യം സാധിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍. 2016ലെ നോട്ടു നിരോധത്തിലെ മുഖ്യ സൂത്രധാരനെ മുമ്പില്‍ നിര്‍ത്തിയാല്‍ ലക്ഷ്യപ്രാപ്തിക്ക് തടസമുണ്ടാകില്ലെന്ന് മോദിക്ക് നന്നായറിയാം.മുമ്പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി തുടങ്ങിവച്ച് ഭിന്നതയാണ് റിസര്‍വ് ബാങ്കില്‍ പൊട്ടിത്തെറിയുണ്ടാക്കിയത്. ആര്‍.ബി.ഐയുടെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ഗവര്‍ണറും തമ്മില്‍ പോരാട്ടം മുറുകിയത്. മൈക്രോഫിനാന്‍സ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ പണലഭ്യത സംബന്ധിച്ചും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കര്‍ശനചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐക്ക് നിര്‍ദേശം നല്‍കിയത് ദൂരവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ആര്‍.ബി.ഐ ആക്ടിലെ സെക്ഷന്‍ 7 പ്രകാരം പൊതുജനതാത്പര്യാര്‍ഥമുള്ള വിഷയങ്ങളില്‍ റിസര്‍വ് ബാങ്കിന് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമെന്ന ന്യായം നിരത്തിയാണ് ഈ തീക്കളിക്ക് തുടക്കമിട്ടത്. നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി റിസര്‍വ് ബാങ്കിന് ധനകാര്യമന്ത്രാലയം രണ്ട് കത്തുകള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഇടപെടല്‍.
തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായിരുന്നു ഉര്‍ജിത് പട്ടേല്‍. വരുന്ന 14ന് ആര്‍.ബി.ഐ. ഭരണസമിതി യോഗം ചേരാനിരിക്കവേയാണ് ഗവര്‍ണര്‍ രാജി വെച്ചത്. പരമാധികാരത്തിന്മേലുള്ള ഇടപെടലിനെ പട്ടേല്‍ ചോദ്യം ചെയ്തത് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് ഉള്‍പ്പെടെ കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. റിസര്‍വ് ബാങ്കിനു മേല്‍ സമ്മര്‍ദം ചെലുത്താനായി സംഘപരിവാര്‍ സൈദ്ധാന്തികനായ എസ്. ഗുരുമൂര്‍ത്തിയെപ്പോലുള്ളവരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കം പട്ടേലിനെ പുകച്ചു പുറത്തുചാടിക്കാന്‍ തന്നെയായിരുന്നു. സ്ഥിതി കൂടുതല്‍ വഷളാക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കു വഴങ്ങാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പുറത്തു പോകാന്‍ സംഘപരിവാര്‍ പട്ടേലിനെതിരെ ഭീഷണിയും മുഴക്കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതല്‍ ധനത്തിന്റെ മൂന്നിലൊന്നു ഭാഗം വികസനാവശ്യങ്ങള്‍ക്കു വിട്ടുകിട്ടണമെന്ന കേന്ദ്ര നിലപാട് ആപല്‍കരമാണെന്നു ബാങ്കും നിലപാടെടുത്തു.
തുടര്‍ന്ന് അടുത്തിടെ നടന്ന ചര്‍ച്ചകളില്‍ ഇരുകൂട്ടരും അനുരഞ്ജനത്തിന്റെ പാതയിലേക്ക് എത്തിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് ഉര്‍ജിത് പട്ടേല്‍ രാജി സമര്‍പ്പിച്ചത്. പട്ടേലിന്റെ മഹദ് സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും നന്ദി അറിയിച്ചു. ഇതോടെ റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന്റെ വകുപ്പ് മാത്രമായേക്കുമെന്ന ആശങ്ക ബലപ്പെടുകയാണെന്നാണ് മുന്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ വൈ.എച്ച് മലേഗാന്‍ പറയുന്നത്. അന്താരാഷ്ട്ര നാണ്യനിധിയിലും ധനസുസ്ഥിരതാ മേഖലകളിലും ഏറെ പ്രാവീണ്യമുള്ള ഉര്‍ജിത് പട്ടേലിന്റെ രാജി ബി.ജെ.പിയെ ഉത്തരം മുട്ടിക്കുന്ന കുറേ ചോദ്യങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അടിതെറ്റിവീണ ബി.ജെ.പിക്ക് അതിപ്രധാനമായ ഈ തിരിച്ചടികളില്‍ നിന്ന് കരകയറുക പ്രയാസകരമായിരിക്കും. ശക്തികാന്ത ദാസിനെ ഗവര്‍ണറാക്കിയതു കൊണ്ടുമാത്രം റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ശീതയുദ്ധത്തിന് വിരാമമാവില്ല. മുഖം മിനുക്കിയുള്ള നടപടിയല്ല ഇക്കാര്യത്തില്‍ വേണ്ടത്; മറിച്ച് എല്ലാം വെടക്കാക്കി തനിക്കാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ മനോഭാവത്തിലാണ് മാറ്റം വേണ്ടത്.

chandrika: