1999-2014 കാലഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പില്‍ സഹമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഞായറാഴ്ച രാഷ്ട്രീയ കേരളത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ തനിക്ക് മുന്നില്‍വന്ന ഒരു ഫയല്‍ പ്രകാരം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യിലെ ഉദ്യോഗസ്ഥനായിരുന്ന ലോക്‌നാഥ്‌ബെഹ്‌റ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെയും രക്ഷിക്കുന്ന വിധത്തില്‍ കേസില്‍ തീര്‍പ്പെഴുതി എന്നായിരുന്നു അത്. മുംബൈ സ്വദേശിനിയായ ഇസ്രത്ജഹാനെയും കൂട്ടുകാരനെയും ഗുജറാത്തിലെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അന്നത്തെ മുഖ്യമന്ത്രി മോദിയെയും ആഭ്യന്തര വകുപ്പുമന്ത്രി അമിത്ഷായെയും ബെഹ്‌റ കുറ്റവിമുക്തരാക്കിക്കൊടുത്തത്. ഈ ഫയല്‍ കണ്ട് താനടക്കമുള്ള മന്ത്രിമാര്‍ വിസ്മയപ്പെട്ടുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കുകയുണ്ടായി. മുസ്്‌ലിം യൂത്ത്‌ലീഗ് നടത്തിവരുന്ന യുവജനയാത്രയുടെ ഭാഗമായി വടകരയിലെ സ്വീകരണ സമ്മേളനത്തിലായിരുന്നു മുല്ലപ്പള്ളിയുടെ ഈ വെളിപ്പെടുത്തല്‍. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഇക്കാര്യം വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിണറായി വിജയന്‍ മോദിയെപോലെ ഇക്കാര്യത്തില്‍ മൗനത്തിലാണ്.
ഇസ്രത്ജഹാന്‍ അടക്കമുള്ള ഗുജറാത്തിലെ നിരവധി കൊലപാതകക്കേസുകളില്‍ മോദിക്കും അമിത്ഷാക്കുമുള്ള പങ്ക് ഇതിനകംതന്നെ ഏതാണ്ട് ശരിവെക്കപ്പെട്ടിട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപവും ബെസ്റ്റ് ബേക്കറി കേസുള്‍പ്പെടെയുള്ള നിരവധി കൊലപാതകക്കേസുകളില്‍ ഇരുവര്‍ക്കുള്ള പങ്കും വിവിധ കോടതികളുടെ പരിഗണനയിലാണ്. ഇസ്രത് കേസില്‍ അമിത്ഷായെ വിചാരണക്ക് ക്ഷണിച്ച മുംബൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ലോയ കൊലചെയ്യപ്പെട്ടതിലും ഉന്നത രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്കാളിത്തം രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു. അതുകൊണ്ടൊക്കെതന്നെ ലോക്‌നാഥ്‌ബെഹ്‌റ എന്ന ഒറീസ സ്വദേശിയായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മോദിയെയും ഷായെയും രക്ഷിച്ചുവെന്ന് പറയുന്നതില്‍ വലിയ അല്‍ഭുതമൊന്നും ആരിലും ഉളവാക്കുന്നില്ല. എന്നാല്‍ മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ രണ്ടാം ഭാഗമാണ് ആ പ്രസംഗത്തെ കേരളത്തില്‍ കൂടുതല്‍ ചര്‍ച്ചാവിധേയമാക്കിയിരിക്കുന്നതിപ്പോള്‍. അതിതാണ്: കേസില്‍നിന്ന് വിമുക്തമാക്കിയതിന് പ്രത്യുപകാരമായി കേരള കേഡറിലുള്ള ബെഹ്‌റയെ മുഖ്യമന്ത്രിപിണറായി വിജയന്‍ പൊലീസ് ഡയറക്ടര്‍ ജനറലായി നിയമിച്ചത് നരേന്ദ്രമോദി നിര്‍ദേശിച്ചതുപ്രകാരമാണ് എന്നതാണ് ആ ഭാഗം. ഇത് ശരിയെങ്കില്‍ സി.പി.എം എന്ന ഇടതുപക്ഷ രാഷ്ട്രീയകക്ഷിയുടെ മുഖ്യമന്ത്രി വര്‍ഗീയവാദികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മോദിക്കും അമിത്ഷാക്കും ബി.ജെ.പിക്കുംവേണ്ടി ഭരണഘടനാസംവിധാനത്തെ ദുരുപയോഗപ്പെടുത്തുകയും അവരുടെ ഇംഗിതം സാധിപ്പിച്ചുകൊടുക്കുകയുമായിരുന്നു എന്നാണ്. നാല് സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നാണ് 2016ല്‍ ടി.പി സെന്‍കുമാറിനെ പൊടുന്നനെ മാറ്റി കേരള പൊലീസ് തലപ്പത്ത് ബെഹ്‌റയെ പിണറായി നിയമിച്ചത്. മോദി എഴുതിക്കൊടുത്ത കടലാസില്‍ പിണറായിവിജയന്‍ രായ്ക്കുരാമാനം ഒപ്പുവെച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്നാണ് മുല്ലപ്പള്ളിയും മതേതരവിശ്വാസികളാകെയും ഇപ്പോള്‍ ആരായുന്നത്.
ബി.ജെ.പിക്കും അത് പ്രതിനിധാനം ചെയ്യുന്ന തീവ്ര വര്‍ഗീയതക്കും എതിരായി നാഴികക്ക് നാല്‍പതുവട്ടം നാവിട്ടടിക്കുന്നവരാണ് കമ്യൂണിസ്റ്റുകളെന്നാണ് വെയ്പ്. എന്നാല്‍ സ്വന്തംകാര്യത്തോടടുക്കുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ ഇടതുപക്ഷമുഖംമൂടി തനിയെ അഴിഞ്ഞുവീണുവെന്നാണ് മേല്‍ വെളിപ്പെടുത്തല്‍ നമ്മെ വിളിച്ചറിയിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിക്കുപുറമെ ചട്ടം ലംഘിച്ച് ആറു മാസത്തില്‍കൂടുതല്‍ കാലം വിജിലന്‍സ് മേധാവി തസ്തികയയിലും ബെഹ്‌റയെ ഇരുത്തിയതും കഴിഞ്ഞ രണ്ടര കൊല്ലമായി കേരളത്തില്‍ നടന്നുവരുന്ന കൊലപാതകങ്ങള്‍ അടക്കമുളള നിരവധി ക്രമസമാധാന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാതിരുന്നതും മുല്ലപ്പള്ളിയുടെ പ്രസ്താവത്തെ സാധൂകരിക്കുന്നുണ്ട്. ദേശീയപതാകയുടെ പേരില്‍ സ്വതന്ത്രചിന്താഗതിക്കാരെ വേട്ടയാടി ജയിലിടച്ചതും രണ്ട് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചുകൊന്നതിനെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചതും കാസര്‍കോട്ടെ റിയാസ് മുസ്‌ലിയാര്‍ വധം, ഇസ്‌ലാമിക പണ്ഡിതന്റെ അറസ്റ്റ്, ഹിന്ദുഐക്യവേദി നേതാവ് ശശികലയുടെ അറസ്റ്റ് താമസിപ്പിച്ചത്, പറവൂരില്‍ ഇസ്്‌ലാമിക ലഘുലേഖ വിതരണംചെയ്തവരെ ആക്രമിച്ച ആര്‍.എസ്.എസുകാരുടെ പരാതിയില്‍ നാല്‍പതോളം പേരെ ജയിലിലടച്ചത് തുടങ്ങി എത്രയെത്ര പരാതികളാണ് ബെഹ്‌റയുടെ പൊലീസിനെതിരെ ഉയര്‍ന്നുവന്നത്. അന്നൊക്കെയും പൊലീസ് മേധാവിയെ ന്യായീകരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായതെന്നത് ആര്‍ക്കും പരിശോധിച്ചാലറിയാം. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി സന്നിധാനത്തെ പതിനെട്ടാംപടിയില്‍ നിന്നുകൊണ്ട് പൊലീസിന്റെ മൈക്ക് പിടിച്ച് ഭക്തരോട് പ്രസംഗിച്ചപ്പോഴും ഭക്തരെ തില്ലങ്കേരി നിയന്ത്രിക്കുകയായിരുന്നുവെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി മോദിക്കുവേണ്ടി തന്നെയും തന്റെ കീഴിലുള്ള പൊലീസിനെയും തന്നെയാണ് പരസ്യമായി ഇകഴ്ത്തിയത്.
ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും വളര്‍ത്തി, ഐക്യജനാധിപത്യമുന്നണിയെ തളര്‍ത്തുകയും അതുവഴി മോദിയാദികളെ സുഖിപ്പിച്ച് അധികാരത്തില്‍ തുടരാമെന്ന ബോധവുമാണ് പിണറായി വിജയനെന്ന സി.പി.എമ്മുകാരനെ അലട്ടുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. പഴയകാലത്ത് ലഭിച്ച പൊലീസിന്റെ അടിയെ പേടിച്ചാണ് പിണറായി ഇതൊക്കെ ചെയ്യുന്നതെങ്കില്‍ അതിനെ പ്രബുദ്ധ രാഷ്ട്രീയമെന്ന് വിളിക്കാനും കഴിയില്ല. ആര്‍.എസ്.എസിനെതിരെ ചെറുവിരലനക്കാന്‍ കഴിയാത്തവരെന്ന നിലവിട്ട് ശബരിമലയിലെ അന്നദാനത്തിന്റെ ചുമതലകൂടി അവരുടെ സംഘടനക്ക് വിട്ടുനല്‍കിയ പിണറായി വിജയന്‍ ഇപ്പോള്‍ യു.ഡി.എഫ്-ബി.ജെ.പി ഒത്തുകളി എന്നു പറയുന്നതിനെ ഒരൊറ്റയാളും വിശ്വസിക്കാനും പോകുന്നില്ലെന്നോര്‍ക്കണം. മഹാപ്രളയ നാളുകളില്‍ സര്‍ക്കാര്‍ ജീവനക്കാരെയും നാട്ടുകാരെയും പിഴിഞ്ഞെടുക്കാന്‍ കാട്ടിയ ധൈര്യം എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിനോട് അര്‍ഹതപ്പെട്ടത് ചോദിച്ചുവാങ്ങുന്നതില്‍ സര്‍ക്കാര്‍ കാട്ടിയില്ല. ശത്രുവിനെ സ്‌നേഹിക്കുന്ന സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം ബാധിച്ചതോ അതോ ഉള്ളില്‍ കിടക്കുന്ന സ്വത്വബോധം തികട്ടിവന്നതോ. മുമ്പൊക്കെ ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വ സര്‍ക്കാരുകള്‍ക്കെതിരായി കേന്ദ്രത്തിലേക്ക് സമരം നയിച്ചവരാണ് ഇപ്പോള്‍ മോദിയെ കാണുമ്പോള്‍ മൈതാന വാഗ്‌ധോരണിക്കപ്പുറം കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കുന്നത്. വര്‍ഗീയ സംഘടനകളെന്ന് ആക്ഷേപിച്ച ജാതിസംഘടനകളെ കൂട്ടുപിടിച്ച് നടത്താന്‍ പോകുന്ന സ്ത്രീ മതിലിലും നവോത്ഥാനവാചോടാപത്തിലും തെളിയുന്നത് ഈ അവിശുദ്ധ ബാന്ധവമാണ്. പുത്രനെ ബി.ജെ.പിയിലേക്ക് വിട്ട് പിണറായിയുമായി നവോത്ഥാനം നടത്തുന്ന എസ്.എന്‍.ഡി.പി യോഗം നേതാവിന്റെ സ്വന്തം വിനീത മുഖ്യമന്ത്രിയെ നോക്കി പരിതപിക്കാനേ കേരള ജനതക്ക് കഴിയുന്നുള്ളൂ.
- 6 years ago
chandrika
Categories:
Video Stories
മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തലും കേരളത്തിലെ പൊലീസിങും
Tags: editorial
Related Post