Connect with us

Video Stories

മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തലും കേരളത്തിലെ പൊലീസിങും

Published

on

1999-2014 കാലഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പില്‍ സഹമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഞായറാഴ്ച രാഷ്ട്രീയ കേരളത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ തനിക്ക് മുന്നില്‍വന്ന ഒരു ഫയല്‍ പ്രകാരം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യിലെ ഉദ്യോഗസ്ഥനായിരുന്ന ലോക്‌നാഥ്‌ബെഹ്‌റ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെയും രക്ഷിക്കുന്ന വിധത്തില്‍ കേസില്‍ തീര്‍പ്പെഴുതി എന്നായിരുന്നു അത്. മുംബൈ സ്വദേശിനിയായ ഇസ്രത്ജഹാനെയും കൂട്ടുകാരനെയും ഗുജറാത്തിലെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അന്നത്തെ മുഖ്യമന്ത്രി മോദിയെയും ആഭ്യന്തര വകുപ്പുമന്ത്രി അമിത്ഷായെയും ബെഹ്‌റ കുറ്റവിമുക്തരാക്കിക്കൊടുത്തത്. ഈ ഫയല്‍ കണ്ട് താനടക്കമുള്ള മന്ത്രിമാര്‍ വിസ്മയപ്പെട്ടുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കുകയുണ്ടായി. മുസ്്‌ലിം യൂത്ത്‌ലീഗ് നടത്തിവരുന്ന യുവജനയാത്രയുടെ ഭാഗമായി വടകരയിലെ സ്വീകരണ സമ്മേളനത്തിലായിരുന്നു മുല്ലപ്പള്ളിയുടെ ഈ വെളിപ്പെടുത്തല്‍. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഇക്കാര്യം വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിണറായി വിജയന്‍ മോദിയെപോലെ ഇക്കാര്യത്തില്‍ മൗനത്തിലാണ്.
ഇസ്രത്ജഹാന്‍ അടക്കമുള്ള ഗുജറാത്തിലെ നിരവധി കൊലപാതകക്കേസുകളില്‍ മോദിക്കും അമിത്ഷാക്കുമുള്ള പങ്ക് ഇതിനകംതന്നെ ഏതാണ്ട് ശരിവെക്കപ്പെട്ടിട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപവും ബെസ്റ്റ് ബേക്കറി കേസുള്‍പ്പെടെയുള്ള നിരവധി കൊലപാതകക്കേസുകളില്‍ ഇരുവര്‍ക്കുള്ള പങ്കും വിവിധ കോടതികളുടെ പരിഗണനയിലാണ്. ഇസ്രത് കേസില്‍ അമിത്ഷായെ വിചാരണക്ക് ക്ഷണിച്ച മുംബൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ലോയ കൊലചെയ്യപ്പെട്ടതിലും ഉന്നത രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്കാളിത്തം രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു. അതുകൊണ്ടൊക്കെതന്നെ ലോക്‌നാഥ്‌ബെഹ്‌റ എന്ന ഒറീസ സ്വദേശിയായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മോദിയെയും ഷായെയും രക്ഷിച്ചുവെന്ന് പറയുന്നതില്‍ വലിയ അല്‍ഭുതമൊന്നും ആരിലും ഉളവാക്കുന്നില്ല. എന്നാല്‍ മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ രണ്ടാം ഭാഗമാണ് ആ പ്രസംഗത്തെ കേരളത്തില്‍ കൂടുതല്‍ ചര്‍ച്ചാവിധേയമാക്കിയിരിക്കുന്നതിപ്പോള്‍. അതിതാണ്: കേസില്‍നിന്ന് വിമുക്തമാക്കിയതിന് പ്രത്യുപകാരമായി കേരള കേഡറിലുള്ള ബെഹ്‌റയെ മുഖ്യമന്ത്രിപിണറായി വിജയന്‍ പൊലീസ് ഡയറക്ടര്‍ ജനറലായി നിയമിച്ചത് നരേന്ദ്രമോദി നിര്‍ദേശിച്ചതുപ്രകാരമാണ് എന്നതാണ് ആ ഭാഗം. ഇത് ശരിയെങ്കില്‍ സി.പി.എം എന്ന ഇടതുപക്ഷ രാഷ്ട്രീയകക്ഷിയുടെ മുഖ്യമന്ത്രി വര്‍ഗീയവാദികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മോദിക്കും അമിത്ഷാക്കും ബി.ജെ.പിക്കുംവേണ്ടി ഭരണഘടനാസംവിധാനത്തെ ദുരുപയോഗപ്പെടുത്തുകയും അവരുടെ ഇംഗിതം സാധിപ്പിച്ചുകൊടുക്കുകയുമായിരുന്നു എന്നാണ്. നാല് സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നാണ് 2016ല്‍ ടി.പി സെന്‍കുമാറിനെ പൊടുന്നനെ മാറ്റി കേരള പൊലീസ് തലപ്പത്ത് ബെഹ്‌റയെ പിണറായി നിയമിച്ചത്. മോദി എഴുതിക്കൊടുത്ത കടലാസില്‍ പിണറായിവിജയന്‍ രായ്ക്കുരാമാനം ഒപ്പുവെച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്നാണ് മുല്ലപ്പള്ളിയും മതേതരവിശ്വാസികളാകെയും ഇപ്പോള്‍ ആരായുന്നത്.
ബി.ജെ.പിക്കും അത് പ്രതിനിധാനം ചെയ്യുന്ന തീവ്ര വര്‍ഗീയതക്കും എതിരായി നാഴികക്ക് നാല്‍പതുവട്ടം നാവിട്ടടിക്കുന്നവരാണ് കമ്യൂണിസ്റ്റുകളെന്നാണ് വെയ്പ്. എന്നാല്‍ സ്വന്തംകാര്യത്തോടടുക്കുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ ഇടതുപക്ഷമുഖംമൂടി തനിയെ അഴിഞ്ഞുവീണുവെന്നാണ് മേല്‍ വെളിപ്പെടുത്തല്‍ നമ്മെ വിളിച്ചറിയിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിക്കുപുറമെ ചട്ടം ലംഘിച്ച് ആറു മാസത്തില്‍കൂടുതല്‍ കാലം വിജിലന്‍സ് മേധാവി തസ്തികയയിലും ബെഹ്‌റയെ ഇരുത്തിയതും കഴിഞ്ഞ രണ്ടര കൊല്ലമായി കേരളത്തില്‍ നടന്നുവരുന്ന കൊലപാതകങ്ങള്‍ അടക്കമുളള നിരവധി ക്രമസമാധാന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാതിരുന്നതും മുല്ലപ്പള്ളിയുടെ പ്രസ്താവത്തെ സാധൂകരിക്കുന്നുണ്ട്. ദേശീയപതാകയുടെ പേരില്‍ സ്വതന്ത്രചിന്താഗതിക്കാരെ വേട്ടയാടി ജയിലിടച്ചതും രണ്ട് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചുകൊന്നതിനെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചതും കാസര്‍കോട്ടെ റിയാസ് മുസ്‌ലിയാര്‍ വധം, ഇസ്‌ലാമിക പണ്ഡിതന്റെ അറസ്റ്റ്, ഹിന്ദുഐക്യവേദി നേതാവ് ശശികലയുടെ അറസ്റ്റ് താമസിപ്പിച്ചത്, പറവൂരില്‍ ഇസ്്‌ലാമിക ലഘുലേഖ വിതരണംചെയ്തവരെ ആക്രമിച്ച ആര്‍.എസ്.എസുകാരുടെ പരാതിയില്‍ നാല്‍പതോളം പേരെ ജയിലിലടച്ചത് തുടങ്ങി എത്രയെത്ര പരാതികളാണ് ബെഹ്‌റയുടെ പൊലീസിനെതിരെ ഉയര്‍ന്നുവന്നത്. അന്നൊക്കെയും പൊലീസ് മേധാവിയെ ന്യായീകരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായതെന്നത് ആര്‍ക്കും പരിശോധിച്ചാലറിയാം. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി സന്നിധാനത്തെ പതിനെട്ടാംപടിയില്‍ നിന്നുകൊണ്ട് പൊലീസിന്റെ മൈക്ക് പിടിച്ച് ഭക്തരോട് പ്രസംഗിച്ചപ്പോഴും ഭക്തരെ തില്ലങ്കേരി നിയന്ത്രിക്കുകയായിരുന്നുവെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി മോദിക്കുവേണ്ടി തന്നെയും തന്റെ കീഴിലുള്ള പൊലീസിനെയും തന്നെയാണ് പരസ്യമായി ഇകഴ്ത്തിയത്.
ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും വളര്‍ത്തി, ഐക്യജനാധിപത്യമുന്നണിയെ തളര്‍ത്തുകയും അതുവഴി മോദിയാദികളെ സുഖിപ്പിച്ച് അധികാരത്തില്‍ തുടരാമെന്ന ബോധവുമാണ് പിണറായി വിജയനെന്ന സി.പി.എമ്മുകാരനെ അലട്ടുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. പഴയകാലത്ത് ലഭിച്ച പൊലീസിന്റെ അടിയെ പേടിച്ചാണ് പിണറായി ഇതൊക്കെ ചെയ്യുന്നതെങ്കില്‍ അതിനെ പ്രബുദ്ധ രാഷ്ട്രീയമെന്ന് വിളിക്കാനും കഴിയില്ല. ആര്‍.എസ്.എസിനെതിരെ ചെറുവിരലനക്കാന്‍ കഴിയാത്തവരെന്ന നിലവിട്ട് ശബരിമലയിലെ അന്നദാനത്തിന്റെ ചുമതലകൂടി അവരുടെ സംഘടനക്ക് വിട്ടുനല്‍കിയ പിണറായി വിജയന്‍ ഇപ്പോള്‍ യു.ഡി.എഫ്-ബി.ജെ.പി ഒത്തുകളി എന്നു പറയുന്നതിനെ ഒരൊറ്റയാളും വിശ്വസിക്കാനും പോകുന്നില്ലെന്നോര്‍ക്കണം. മഹാപ്രളയ നാളുകളില്‍ സര്‍ക്കാര്‍ ജീവനക്കാരെയും നാട്ടുകാരെയും പിഴിഞ്ഞെടുക്കാന്‍ കാട്ടിയ ധൈര്യം എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിനോട് അര്‍ഹതപ്പെട്ടത് ചോദിച്ചുവാങ്ങുന്നതില്‍ സര്‍ക്കാര്‍ കാട്ടിയില്ല. ശത്രുവിനെ സ്‌നേഹിക്കുന്ന സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം ബാധിച്ചതോ അതോ ഉള്ളില്‍ കിടക്കുന്ന സ്വത്വബോധം തികട്ടിവന്നതോ. മുമ്പൊക്കെ ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വ സര്‍ക്കാരുകള്‍ക്കെതിരായി കേന്ദ്രത്തിലേക്ക് സമരം നയിച്ചവരാണ് ഇപ്പോള്‍ മോദിയെ കാണുമ്പോള്‍ മൈതാന വാഗ്‌ധോരണിക്കപ്പുറം കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കുന്നത്. വര്‍ഗീയ സംഘടനകളെന്ന് ആക്ഷേപിച്ച ജാതിസംഘടനകളെ കൂട്ടുപിടിച്ച് നടത്താന്‍ പോകുന്ന സ്ത്രീ മതിലിലും നവോത്ഥാനവാചോടാപത്തിലും തെളിയുന്നത് ഈ അവിശുദ്ധ ബാന്ധവമാണ്. പുത്രനെ ബി.ജെ.പിയിലേക്ക് വിട്ട് പിണറായിയുമായി നവോത്ഥാനം നടത്തുന്ന എസ്.എന്‍.ഡി.പി യോഗം നേതാവിന്റെ സ്വന്തം വിനീത മുഖ്യമന്ത്രിയെ നോക്കി പരിതപിക്കാനേ കേരള ജനതക്ക് കഴിയുന്നുള്ളൂ.

Video Stories

പുതുവര്‍ഷ രാവുകളെ വര്‍ണ്ണാഭമാക്കി തെരുവോരങ്ങള്‍

ചരിത്രത്തില്‍ ഇടം നേടുന്ന വെടിക്കെട്ടുകള്‍

Published

on

അബുദാബി: പുതുവര്‍ഷ രാവുകളെ വര്‍ണ്ണാഭമാക്കി തെരുവുകള്‍ ദീപാലംകൃതമായി. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ഏറെ മനോരഹമായാണ് നഗരസഭ വര്‍ണ്ണവിളക്കുകളാല്‍ അലംകൃതമാക്കി യിട്ടുള്ളത്. പ്രധാന കരയെ ബന്ധിപ്പിക്കുന്ന മഖ്ത,മുസഫ,ശൈഖ് ഖലീഫ ബ്രിഡ്ജുകള്‍, കോര്‍ണീഷ് തുടങ്ങിയ സ്ഥലങ്ങള്‍ ഏവരെയും ആകര്‍ഷിക്കുന്നവിധത്തിലാണ് എല്‍ഇഡി ബള്‍ബുകള്‍കൊണ്ട് അലങ്കരിച്ചിട്ടുള്ളത്.

നഗരത്തിന്റെ മനോഹാരിതക്ക് മാറ്റുകൂട്ടുന്ന വിധത്തിലാണ് അലങ്കാരപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് അബുദാബി സിറ്റി നഗരസഭ വ്യക്തമാക്കി. കഴിഞ്ഞ ഒന്നരമാസത്തിലേറെയായി യുഎഇ ഇത്തിഹാദ് ദിനാഘോഷത്തോടനുബന്ധിച്ചു നഗരവും പ്രാന്തപ്രദേശങ്ങളും അതിമനോഹരമായി അലങ്കരിച്ചിരുന്നു. പുതുവര്‍ഷംകൂടി കടന്നുവന്നതോടെ നഗരഭംഗിയുടെ നയനമനോഹാരിതക്ക് വീണ്ടും പകിട്ടേറി.

പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ഇന്ന് അര്‍ധരാത്രി അബുദാബിയുടെ ആകാശങ്ങളെ വര്‍ണ്ണത്തില്‍ ചാലിക്കുന്ന വെടിക്കെട്ടുകള്‍ നടക്കും. ഗിന്നസില്‍ ഇടംനേടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വെടിക്കെട്ടാണ് ശൈഖ് സായിദ് പൈതൃകോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്. 53 മിനുട്ട് ദൈര്‍ഘ്യമുള്ള ആകാശവര്‍ണ്ണ വിരുന്ന് ഈ രംഗത്ത് നിലവിലുള്ള ലോകചരിത്രം തിരുത്തിയെഴുതും.

 

Continue Reading

kerala

ഇരകള്‍ക്കില്ലാത്ത സുരക്ഷ ക്രിമിനലിനോ

ടി.പിയെ കൊല്ലിച്ചതാരാണെന്ന പരസ്യമായ രഹസ്യം പ്രതികളുടെ നാവിലൂടെ തന്നെ പുറത്തുവരുമെന്ന സി.പി.എമ്മിന്റെ ഭയമാണതിനുപി ന്നില്‍.

Published

on

ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ മുഖ്യ പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ മലയാളിയുടെ മനോനിലയെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. കൊടി സുനിയുടെ അമ്മയുടെ പേരില്‍ പരാതി തയാറാക്കി മനുഷ്യാവകാശ കമ്മീഷനു നല്‍കി, ഒരു ജുഡീഷ്യല്‍ കമ്മീഷനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്ത രൂപത്തിലുള്ള റിപ്പോര്‍ട്ട് നേടിയെടുത്ത് ജയില്‍വകുപ്പിന് മുന്നിലെത്തിച്ചാണ് പാര്‍ട്ടിയും സര്‍ക്കാറും ഈയൊരു ദുരന്തനാടകമൊരുക്കിയിരിക്കുന്നത്. ദുര്‍വിനിയോഗം ചെയ്യാന്‍ സൗകര്യമുള്ള റിപ്പോര്‍ട്ടില്‍ പ്രതിയുടെ മനുഷ്യാവകാശത്തെക്കുറിച്ചും സുരക്ഷി തത്വത്തെക്കുറിച്ചുമെല്ലാമാണ് ആശങ്കപ്പെടുന്നത്. 51 വെ ട്ടിനാല്‍ അരുംകൊലചെയ്യപ്പെട്ട ഇരയെക്കുറിച്ചോ അദ്ദേഹത്തിന്റെ കുടംബത്തിന്റെ വികാരങ്ങളെക്കുറിച്ചോ ഒരു ആശങ്കയുമില്ലാതെ ഈയൊരു ഉത്തരവ് പുറപ്പെടുവിച്ച കമ്മീഷന്‍ യഥാര്‍ത്ഥത്തില്‍ ഇരിക്കുന്ന പദവിയുടെ അന്ത സത്തയെയാണ് സംശയത്തിലാക്കിയിരിക്കുന്നത്. അധികാരത്തിന്റെ അഹന്തയാല്‍ ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബലികഴിക്കുന്ന സി.പി.എമ്മിന്റെറെ നെറികെട്ട സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊടി സുനിയുടെ പരോളിലൂടെ ഉണ്ടാ യിരിക്കുന്നത്. പാര്‍ട്ടി നേതാക്കളെയും അവരുടെ കുടുംബങ്ങളെയുമെല്ലാം കുറ്റവിമുക്തരാക്കുന്നതിനായി വനിതാ കമ്മീഷനെയും ബാലാവകാശ കമ്മിഷനെയുമെല്ലാം നഗ്‌നമായി ദുരുപയോഗം ചെയ്യുന്നത് പിണറായിസര്‍ക്കാര്‍ നിരവധി തവണ കാണിച്ചുതന്നതാണ്. ഇപ്പോഴിതാ ഒരു കൊടും ക്രമിനലിനെ പുറംലോകത്തെത്തിക്കുന്നതിന് മനുഷ്യാവകാശ കമ്മിഷനെയും അതി ദാരുണമാംവിധം ദു രുപയോഗം ചെയ്തിരിക്കുന്നു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒരുപക്ഷേ ജയിലില്‍ കിടന്നതിനേക്കാളധികം പുറത്തായിരിക്കും കഴിഞ്ഞിട്ടുണ്ടാവുക. കിട്ടിയ അവസരങ്ങളിലെല്ലാം ഈ കൊടും ക്രിമിനലുകളെ പുറംലോകത്തെത്തിക്കാനും അവരെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ പിണറാ യി സര്‍ക്കാറിന്റെ കാലത്ത് നിരന്തരം നടന്നിട്ടുണ്ട്. മുമ്പ് പന്ത്രണ്ടോളം കേസുകളില്‍ പ്രതിയായിട്ടുള്ള കൊടി സുനിക്ക് 30 ദിവസത്തെ സാധാരണ പരോളാണ് നല്‍കി യിരിക്കുന്നത്. മകനെ കാണാനുള്ള അമ്മയുടെ ആഗ്രഹത്തിന്റെ പേരിലായിരുന്നു ഈ തുറന്നുവിടലെങ്കില്‍ ഏഴുദിവസത്തെ പ്രത്യേക പരോളിലെങ്കിലും ഇത് ഒതുക്കാമായിരുന്നു. പരോളിനു പുറമേ ജയില്‍വാസ കാലത്തും പിണറായി സര്‍ക്കാര്‍ എല്ലാ സഹായ സൗകര്യങ്ങളും ഇവര്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്. ജയിലില്‍വെച്ച് സാമൂഹ മാധ്യമങ്ങളില്‍ പ്രതികള്‍ സജീവമായിരുന്ന തിന്റെയും ലഹരി ഉപയോഗത്തിന്റെയും സഹതടവുകാരെയും ജയിലുദ്യോഗസ്ഥരെയും അക്രമിച്ചതിന്റെയുമെല്ലാം വാര്‍ത്തകള്‍ നിരന്തരമായി പുറത്തുവന്നുകൊണ്ടിരുന്നതാണ്. എന്നാല്‍ ഈ നിയമലംഘനങ്ങളുടെ പേരില്‍ എന്തെങ്കിലും നടപടികള്‍ എടുക്കുന്നതിനുപകരം പ്രതികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനാണ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യംചെയ്യുന്ന ആഭ്യന്തര വകുപ്പ് തയാറായിട്ടുള്ളത്. പരോളിലിറങ്ങിയാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളുടെ നിരീക്ഷണമുള്‍പ്പെടെയുള്ള ഒരു നിബന്ധനയും ഇവര്‍ക്ക് ബാധകമല്ലാത്ത അവസ്ഥയുമാണ്. അതുകൊണ്ട് തന്നെ പരോളില്‍ ഇറങ്ങിയ ഘട്ടങ്ങളില്‍ പോലും ഇവര്‍ കുറ്റകൃത്യങ്ങളി ലേര്‍പ്പെടുകയാണ്. മാത്രവുമല്ല സി.പി.എം നേതൃത്വത്തിന്റെ എല്ലാ സഹകരണവും സംരക്ഷണവും ഇക്കാലയള വില്‍ ഇവര്‍ അനുഭവിന്നുമുണ്ട്.

ടി.പി വധക്കേസിലെ പ്രതികളെ ഈ സര്‍ക്കാര്‍ എന്തിന് ഇങ്ങനെ നിര്‍ലജ്ജം സഹായിക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ടി.പിയെ കൊല്ലിച്ചതാരാണെന്ന പരസ്യമായ രഹസ്യം പ്രതികളുടെ നാവിലൂടെ തന്നെ പുറത്തുവരുമെന്ന സി.പി.എമ്മിന്റെ ഭയമാണതിനുപി ന്നില്‍. കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിലൂടെയും കഴിഞ്ഞ ദിവസം പെരിയ കൊലക്കേസിലെ പ്രതികള്‍ ക്കു വേണ്ടി ശക്തമായി നിലയുറപ്പിച്ചതിലൂടെയും സി.പി.എം നല്‍കുന്ന സന്ദേശം വ്യക്തമാണ്. പാര്‍ട്ടിക്കു വേണ്ടിയുള്ള എത്ര ഹീനമായ ചെയ്തികളെയും സംര ക്ഷിക്കാന്‍ ഈ പാര്‍ട്ടി കൂടെയുണ്ടാവുമെന്നതാണത്. കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബുവിന്റെ ആത്മ ഹത്യയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന പേരിലുള്ള പരാതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് നിമിഷങ്ങള്‍ക്കകമാണ്. എന്നാല്‍ ആ പരാതി വ്യാജമായിരുന്നുവെന്ന് വിവരാവകാശ കമ്മിഷന്റെ മറുപടികൊണ്ട് തന്നെ വ്യക്തമായിരിക്കുകയാണ്. ആരോപണ വിധേയയായ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനുള്ള ചെപ്പടി വിദ്യയായിരുന്നു പരാതിക്കു പിന്നില്‍. കൊടിസുനിക്ക് വേണ്ടിയുള്ള അമ്മയുടെ പേരിലുള്ള അപേക്ഷയും സി.പി.എമ്മിന്റെ കുതന്ത്രത്തിന്റെ ഭാഗംതന്നെയായിരിക്കുമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

 

Continue Reading

kerala

പെരിയ ഇരട്ടക്കൊലപാതക വിധി സർക്കാരിനേറ്റ തിരിച്ചടി, സി.പി.എം നേതൃത്വം പ്രതികൾക്ക് ഒത്താശയും സഹായവും ചെയ്തു നൽകി: രമേശ് ചെന്നിത്തല

സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

പെരിയ ഇരട്ടക്കൊലപാതകം തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭീകരന്‍മാര്‍ ചെയ്യുന്ന രീതിയിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ ധാര്‍മികതയുണ്ടെങ്കില്‍ കേരളാ സര്‍ക്കാര്‍ രാജിവെക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികള്‍ ആണെന്ന് തങ്ങള്‍ ആദ്യം മുതലേ പറയുന്നതാണ്. അപ്പോഴെല്ലാം പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് സി.പി.എം കൈ കഴുകുകയാണ് ചെയ്തത്. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരണം എന്നാണ് തന്റെ അഭിപ്രായം. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നെറിവുകേടിന്റെ പ്രതിഫലനമാണ് വിധിയെന്നും സര്‍ക്കാര്‍, ക്രിമിനലുകള്‍ക്കൊപ്പമായിരുന്നെന്നും കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍ പറഞ്ഞു.

സി.ബി.ഐ കോടതിയുടെ വിധിയില്‍ പൂര്‍ണസംതൃപ്തരല്ല. ആദ്യം മുതല്‍ തന്നെ കേസ് ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഗൂഢാലോചന നടത്തിയത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതന്മാരായ നേതാക്കന്മാരാണ്. അതിനേക്കാള്‍ വലിയ ഉന്നതന്മാരുടെ അറിവും സമ്മതത്തോടെയുമാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. – രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ കേരളാ സര്‍ക്കാര്‍ ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ മനുഷ്യന്റെ ജീവനെടുത്ത പ്രതികളെ രക്ഷിക്കാന്‍ വേണ്ടി കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്ന് ചെലവാക്കിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സര്‍ക്കാരാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിനും ഇങ്ങനെ ഒരു ഗതികേട് വരാതിരിക്കണമെങ്കില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending