ബി.ജെ.പിയുടെ വര്‍ഗീയ രാഷ്്ട്രീയത്തെ ദേശീയതലത്തില്‍ എതിര്‍ക്കുകയും കേരളത്തില്‍ മുഖ്യശത്രു കോണ്‍ഗ്രസാണെന്നുമുള്ള ഇരട്ട നിലപാട് സി.പി.എം പാര്‍ട്ടി സ്വീകരിച്ചുതുടങ്ങിയിട്ട് കാലമേറെയായി. പുറമെ മതനിരപേക്ഷത ചമയുകയും തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വോട്ടുകള്‍ രഹസ്യമായി വാങ്ങി യു.ഡി.എഫിനെ തോല്‍പിക്കുക എന്ന തന്ത്രമാണ് അവര്‍ ഇതുവരെയും പയറ്റിവന്നിരുന്നത്. എന്നാല്‍ ഇനിമുതല്‍ അത് പരസ്യമായിരിക്കുമെന്നാണ് ശബരിമല യുവതീപ്രവേശന വിഷയത്തിലെ ഇരുകക്ഷികളുടെയും നിലപാടുകളിലൂടെയും പ്രസ്താവനകളിലൂടെയും നടപടികളിലൂടെയും ഇപ്പോള്‍ സുതരാം വെളിച്ചത്തായിരിക്കുന്നത്.
പതിനാറാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ആരംഭിച്ച ചൊവ്വാഴ്ചതന്നെ സര്‍ക്കാരിന്റെ മേല്‍ നിലപാട് വ്യക്തമായിരുന്നതാണ്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതിന് അനുമതിതേടി കോണ്‍ഗ്രസ് അംഗം എം. വിന്‍സെന്റ് സമര്‍പ്പിച്ച സ്വകാര്യബില്ലിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിയുകയായിരുന്നു ആദ്യ ദിനത്തില്‍ സഭ. എന്നാല്‍ ഇന്നലെ സഭ ചേര്‍ന്നയുടന്‍തന്നെ പ്രതിപക്ഷത്തെ അനാവശ്യമായി പ്രകോപിക്കുകയും സര്‍ക്കാരിന് പ്രതിപക്ഷത്തിനെതിരായ ആക്രമണത്തിന് അവസരമൊരുക്കുകയും ചെയ്യുന്ന നിലപാടാണ് ദൃശ്യമായത്. ഇതോടെ അസാധാരണമായ സംഭവങ്ങള്‍ക്ക് സഭക്ക് സാക്ഷ്യംവഹിക്കേണ്ടിവന്നു. പ്രതിപക്ഷാംഗങ്ങളില്‍ ചിലര്‍ വെല്ലിലേക്ക് ഇറങ്ങി പ്രതിഷേധിക്കുന്നതിനുവരെ സര്‍ക്കാരിന്റെയും സ്പീക്കറുടെയും നിലപാട് കാരണമായി. ഇതിന് മറുപടി പറഞ്ഞ സഭാനേതാവ ്കൂടിയായ മുഖ്യമന്ത്രിയാകട്ടെ പ്രതിപക്ഷ ബഹുമാനം തീരെയില്ലാതെ പതിവുരീതിയില്‍ അവരെ പരിഹസിക്കുക മാത്രമല്ല, ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിലപാടുകളെ പിന്താങ്ങുന്ന നിലപാടാണ് സ്വീകരിച്ചത്.
രണ്ടുതരം ഒത്തുകളിയാണ് ഇന്നലെ സഭയില്‍ നടന്നത്. ആദ്യമണിക്കൂറിലെ ചോദ്യോത്തരവേള ഒഴിവാക്കി ശബരിമലയിലെ നിലവിലെ യുവതീപ്രവേശനപ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഇന്നത്തെ അവസ്ഥയില്‍ അനിവാര്യമായിരുന്നു. ജനങ്ങളില്‍ നല്ലൊരു പങ്കും പവിത്രതയോടെ കാണുന്ന ശബരിമലക്ഷേത്രത്തെ കലാപഭൂമിയാക്കി മാറ്റാന്‍ ആര്‍.എസ്.എസും ബി. ജെ.പിയും ഒരുവശത്തും ഇടതുപക്ഷ സര്‍ക്കാര്‍ മറുപക്ഷത്തും നിന്നുകൊണ്ട് കഴിഞ്ഞ രണ്ടുമാസമായി നടത്തുന്ന ഹീനനീക്കങ്ങളെ തുറന്നുകാട്ടുകയും പ്രശ്‌നത്തിന് ശാശ്വതപരിഹാരം തേടുകയും ചെയ്യുക എന്ന തികച്ചും ഭരണഘടനാദത്തമായ ഉത്തരവാദിത്തമാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി ഇന്നലെ സഭയില്‍ പ്രകടിപ്പിച്ചത്. റൂള്‍ 50 പ്രകാരം ഒരംഗത്തിന്് ലഭ്യമായിരിക്കുന്ന അവകാശമാണ് അടിയന്തിര വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധതേടുക എന്നത്. എന്നാല്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍ മുഖ്യമന്ത്രിക്ക് മുക്കാല്‍മണിക്കൂര്‍ നേരം പ്രസംഗിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഇത് പ്രതിപക്ഷത്തിന്റെ അവകാശത്തെയും ജനങ്ങളുടെ പൗരബോധത്തെയും ചോദ്യംചെയ്യുന്ന ഒന്നായിപ്പോയെന്ന് പറയാതെ വയ്യ. 140 അംഗങ്ങളുടെയും സ്പീക്കറായിരിക്കേണ്ട വ്യക്തിയാണ് സ്പീക്കറെന്നിരിക്കെ സര്‍ക്കാരിനുവേണ്ടി അനാവശ്യമായി ആനുകൂല്യം ചെയ്യുന്ന റോളാണ് നിര്‍ഭാഗ്യവശാല്‍ ശ്രീരാമകൃഷ്ണന്‍ ഇന്നലെ സ്വീകരിച്ചത്.
പ്രതിപക്ഷത്തിന്റെ അവസരം നിഷേധിച്ച് മുഖ്യമന്ത്രിക്ക് അമിതമായി സമയം അനുവദിച്ചതിനെ സ്പീക്കറുടെ പക്ഷപാതപരമായ നിലപാടായാണ് പ്രതിപക്ഷം കണ്ടത്. കുറച്ചുസംസാരിച്ച ശേഷം ബാക്കി രേഖാമൂലമുള്ള മറുപടികള്‍ വായിക്കാതെ മേശപ്പുറത്തുവെക്കുകയാണ് സഭയുടെയും മുഖ്യമന്ത്രിമാരുടെയും കീഴ്‌വഴക്കം. പിണറായി വിജയനെപോലെ പ്രതിപക്ഷത്തോടും ജനാധിപത്യ സംവിധാനത്തോടും അക്ഷമയും അസ്‌ക്യതയുമുള്ള വ്യക്തിയെ സംബന്ധിച്ച് ഇത് അസാധാരണമല്ല. എന്നാല്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും നിര്‍ണായക ഘടകമായ നിയമനിര്‍മാണസഭയോടാണ് മുഖ്യമന്ത്രിയും സ്പീക്കറും ഇവ്വിധം മര്യാദകേട് കാട്ടിയതെന്നത് നിസ്സാരമായി കാണാനാവില്ല. ഇതേ സ്പീക്കര്‍ തന്നെയാണ് മുസ്‌ലിംലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ അംഗത്വം റദ്ദാക്കിയതുമായി ബന്ധപ്പെട്ട സ്റ്റേ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷാജിക്ക് സഭയില്‍ പ്രവേശിക്കാനാവില്ലെന്ന് സഭാസെക്രട്ടറിയെകൊണ്ട് ഉത്തരവിറക്കിച്ചതെന്നോര്‍ക്കണം. സുപ്രീംകോടതി ഷാജിക്ക് ജനുവരിവരെ സ്റ്റേ അനുവദിച്ചത് സ്പീക്കറുടെ ഈ നിലപാടിനുള്ള തിരിച്ചടിയാകുകയും ചെയ്തു.
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെക്കുറിച്ച് മുമ്പും ഇതേ സഭയില്‍തന്നെ ആക്ഷേപമുയര്‍ന്നുവന്നിട്ടുള്ളതാണ്. പതിനഞ്ചാം നിയമസഭയില്‍ ധനമന്ത്രി കെ.എം മാണിയെ ബജറ്റവതരിപ്പിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സ്പീക്കറുടെ കസേര വലിച്ചെറിയുകയും സഭയെ കലാപവേദിയാക്കുകയും ചെയ്തവരില്‍ മുന്നില്‍ ഇപ്പോഴത്തെ സ്പീക്കറും ഉണ്ടായിരുന്നു. ഇന്നലെ സ്പീക്കറുടെ വേദിയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് അംഗങ്ങളെ പ്രതിപക്ഷത്തുനിന്നുതന്നെയുള്ളവര്‍ തടഞ്ഞു എന്നത് ഇപ്പോഴത്തെ ഭരണകക്ഷിക്കാര്‍ക്കുള്ള പാഠം കൂടിയാണ്. ഒരു മണിക്കൂര്‍ സഭ നിര്‍ത്തിവെച്ചതിനുശേഷം പിന്നീട് സംസാരിച്ച മുഖ്യമന്ത്രി ശബരിമലയില്‍ ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ചിത്തിര ആട്ടവിളക്ക് സമയത്ത് ക്ഷേത്രനടയില്‍നിന്നുകൊണ്ട് പൊലീസിന്റെ മൈക്കിലൂടെ പ്രസംഗിച്ചത് സ്വാഭാവിക നടപടിയായി മാത്രമാണ് കാണുന്നതെന്ന് പറയുകയുണ്ടായി. അക്രമാസക്തരായ ജനത്തെ പ്രതിരോധിക്കാന്‍ പൊലീസ് സേന ഉണ്ടായിരിക്കെയാണ് ഇതുണ്ടായത്. എന്നാല്‍ മുഖ്യമന്ത്രി ആര്‍.എസ്.എസ് നേതാവിന്റെ ‘പൊലീസ് ഡ്യൂട്ടി’ യെ ന്യായീകരിക്കുന്നത് കാണുമ്പോള്‍ മേല്‍പറഞ്ഞ രഹസ്യബാന്ധവം മറനീക്കി പുറത്തുവരികയാണ്. കോണ്‍ഗ്രസ് തകര്‍ന്നുകാണലാണ് സി.പി. എമ്മിന്റെ ലക്ഷ്യമെന്ന ്പറയുന്ന പിണറായി വിജയന്‍ ബി.ജെ.പിയുടെ വളര്‍ച്ച ലക്ഷ്യമിടുന്നില്ലെന്ന് പറയുന്നതും അമ്മയോടൊത്ത് കിടക്കുകയും അച്ഛനോടൊത്ത് ഉല്‍സവത്തിന് പോകുകയും വേണമെന്ന കുട്ടിയുടെ മിഥ്യാബോധമായേ കാണാന്‍ കഴിയൂ. കോണ്‍ഗ്രസ് തകര്‍ന്നാല്‍ പകരം വളരാന്‍ പോകുന്നത് ബി.ജെ.പിയാണെന്ന് കേവലമായി അറിയാത്തയാളാവുമോ സി.പി.എമ്മിന്റെ ഈ മുന്‍സെക്രട്ടറി. ശബരിമല യുവതീപ്രവേശത്തില്‍ സര്‍ക്കാര്‍ യുവതികളെ പൊലീസിനെ ഉപയോഗിച്ച് കോടതിവിധി നടപ്പാക്കാനെന്ന പേരില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയതിലൂടെയുണ്ടായ വിശ്വാസികളുടെ അമര്‍ഷം മറികടക്കാനുള്ള തന്ത്രമാണ് പിണറായി ഇപ്പോള്‍ പയറ്റുന്നത്. പൊലീസ് അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് കൊട്ടിഘോഷിച്ച് കൊണ്ടുപോയ രഹ്‌ന ഫാത്തിമയെ ആഴ്ചകള്‍ക്കുശേഷം അറസ്റ്റ് ചെയ്തതിലും ഈ കുബുദ്ധിയാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നറിയാന്‍ ഐന്‍സ്റ്റീന്റെ തലയൊന്നും വേണ്ട. ഈ ഇരട്ടത്താപ്പിനെതിരെയാണ് പിറവം യാക്കോബായ പള്ളി, ശബരിമല വിധികളെ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇന്നലെ തുറന്നടിച്ചത്.
- 6 years ago
chandrika
Categories:
Video Stories
ഭരണഘടനാചെലവില്‍ വേണോ ഒത്തുകളി
Tags: editorial