ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകളും നടപടികളും അതിരൂക്ഷമായ വിമര്‍ശനത്തിന് നേരത്തെതന്നെ വിധേയമായിരുന്നെങ്കിലും ഇന്നലത്തെ ഹൈക്കോടതി വിധിയോടെ അത് നിയമപരമായി പൂര്‍വാധികം സാധൂകരിക്കപ്പെട്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ നേരത്തെയുള്ള വിധികളുടെ ചുവടുപിടിച്ചാണ് പൊലീസിനെ സര്‍ക്കാര്‍ ശബരിമല പരിസരത്ത് കയറൂരിവിട്ടിരുന്നത്. സമാധാനം സ്ഥാപിക്കുന്നതിന് സര്‍ക്കാരിന് എന്തുവേണമെന്ന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതിയാണ് സര്‍ക്കാരിനെതിരെ ഇന്നലെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. കോടതിവിധിയെ ദുര്‍വ്യാഖ്യാനം ചെയ്ത് കണ്ണില്‍ കണ്ടവരെയെല്ലാം ജയിലഴിക്കുള്ളിലാക്കുന്ന രീതിയെയാണ് കോടതി കര്‍ശന ഭാഷയില്‍ തടയിട്ടത്.
സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തിലേക്ക് കടത്തിവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടിയത്. അന്നുതന്നെ സംസ്ഥാനത്തെ വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പിന് അത് കാരണമായിരുന്നു. വിശ്വാസികളുടെ മറവില്‍ സംഘ്പരിവാര തീവ്രവാദികള്‍ ശബരിമല പരിസരത്ത് നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് വിശ്വാസികളെ പിടികൂടി അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയത്. ഇത് ഒരുപരിധിവരെ ന്യായീകരിക്കപ്പെട്ടതുമാണ്. തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതൃത്വം തന്നെ പരസ്യമായി വ്യക്തമാക്കിയതാണ് സര്‍ക്കാരിനും പൊതുസമൂഹത്തിനും മുന്നില്‍ അവരെ അപകീര്‍ത്തിക്കിടയാക്കിയത്. എന്നാല്‍ ഇതിന്റെ മറപിടിച്ച് ശബരിമല വിശ്വാസികളെയാകെ കടുത്ത നിയന്ത്രണത്തിലാക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. അയ്യായിരത്തിലധികം പൊലീസുകാരെ സന്നിധാനത്ത് മാത്രം നിയോഗിച്ചു. മൊത്തം കാല്‍ലക്ഷത്തോളം പൊലീസുകാരെ എഡി.ജി.പി മുതല്‍ എസ്.ഐ വരെ റാങ്കുകളിലുള്ളവരുടെ കീഴില്‍ വിന്യസിച്ചു. ബി.ജെ.പിയുടെയും ഹിന്ദുഐക്യവേദിയുടെയും നേതാക്കളെ അറസ്റ്റ് ചെയ്തു. ഇതൊക്കെ ആദ്യഘട്ടത്തിലും ഒരു പരിധിവരെയും ന്യായീകരിക്കത്തക്കതാണെങ്കിലും ഞായറാഴ്ച രാത്രി സന്നിധാനത്ത് നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങളെയെത്തിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായിരുന്നു. നിയന്ത്രണങ്ങളുടെ മറവില്‍ കൊടിയ അനീതിയാണ് ഭക്തരോട് പൊലീസ് കാട്ടിയത്. യതീശ്ചന്ദ്ര എന്ന എസ്.പിയുടെ നേതൃത്വത്തില്‍ നിലക്കലില്‍ ലക്കും ലഗാനുമില്ലാതെയാണ് വിശ്വാസികള്‍ക്കുനേരെ അനാവശ്യതടസ്സങ്ങള്‍ അടിച്ചേല്‍പിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലാണെന്ന് ബോധ്യമുള്ളപ്പോഴും പൊലീസ് രാജാണ് ശബരിമല പരിസരത്ത് സര്‍ക്കാര്‍ നടപ്പാക്കിയത്. ബോര്‍ഡിന് പൊലീസിനെതിരെ പ്രതികരിക്കേണ്ട അവസ്ഥയുണ്ടായി. സന്നിധാനത്തെത്തി തൊഴുത് രാത്രി വിരിവെച്ച് രാവിലെ നെയ്യഭിഷേകം നടത്തി തിരിച്ചുവരാറുള്ള ഭക്തരെ രാത്രിതന്നെ സന്നിധാനത്തുനിന്ന് പിന്തിരിച്ചയച്ച പൊലീസ് സത്യത്തില്‍ അവരുടെ ആചാരകര്‍മങ്ങളില്‍ ഭരണഘടനാവിരുദ്ധമായി ഇടപെടുകയായിരുന്നു. നിലക്കലില്‍നിന്ന് സന്നിധാനത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് സമയബന്ധിതമായി ഏര്‍പെടുത്തിയത്മൂലം വലിയബുദ്ധിമുട്ടാണ് ഭക്തര്‍ നേരിട്ടത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വന്ന തീര്‍ത്ഥാടകര്‍ക്ക് പതിവനുസരിച്ചുള്ള ആചാരചടങ്ങുകള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ സര്‍വസൗകര്യവും ഒരുക്കിക്കൊടുത്തേ മതിയാകൂ. ജനങ്ങളുടെമേല്‍ അധികാരം സ്ഥാപിക്കലല്ല ഭരണാധികാരികളുടെ ജോലി. അവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുകയും വിശ്വാസം ആര്‍ജിക്കുകയുമാണ് വേണ്ടത്. അതില്ല എന്നിടത്താണ് ഇടതുപക്ഷ സര്‍ക്കാര്‍ പരാജയം ഏറ്റുവാങ്ങാന്‍ കാരണം. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചനക്ക് നിന്നുകൊടുക്കുകയായിരുന്നു പൊലീസ്. ഭക്തരുടെ വികാരം വ്രണപ്പെടുന്നത് പൊലീസും സര്‍ക്കാരും നോക്കിനിന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വിശ്വാസരാഹിത്യ അജണ്ട നടപ്പാക്കുന്നതിനാണോ എന്ന ്‌സംശയിച്ചവരെ കുറ്റം പറയാനാവില്ല. അത്രക്കും ആലോചനയില്ലാതെയാണ് പൊലീസ് പെരുമാറിയത്.
ഇത് സര്‍ക്കാര്‍ സത്യത്തില്‍ വടി കൊടുത്ത് വാങ്ങിയ അടിയായി മാറുകയായിരുന്നു. ഇത്രയും വലിയ പൊലീസ് ഫോഴ്‌സിനെ അവിടെ വിന്യസിക്കാന്‍ മാത്രം എന്ത് അത്യാഹിതമാണ് ശബരിമലയിലുണ്ടായിരുന്നത്. ബി.ജെ.പി നേതാക്കള്‍ കുഴപ്പമുണ്ടാക്കുമെന്ന ഭയമായിരുന്നു കാരണമെങ്കില്‍ അത് യുവതികള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് മാത്രമായിരുന്നു. കഴിഞ്ഞ രണ്ടു മാസമാകുമ്പോഴും സുപ്രീംകോടതി വിധിയനുസരിച്ച് ഒരൊറ്റ വിശ്വാസിയായ യുവതിയും ശബരിമല ചവിട്ടാന്‍ എത്തിയിട്ടില്ലാത്ത നിലക്ക് അനാവശ്യമായ തിടുക്കമാണ് സര്‍ക്കാര്‍ കാണിച്ചതെന്ന് വ്യക്തമാണ്. സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട ഗതികേട് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയാണെന്ന് കഴിഞ്ഞ രണ്ടര വര്‍ഷത്തെ ആഭ്യന്തര വകുപ്പിന്റേതുള്‍പ്പെടെയുള്ള നടപടികളിലൂടെ വ്യക്തമായതാണ്. മുഖ്യമന്ത്രിയുടെ അനാവശ്യവും ചിന്താരഹിതവും യുക്തിബോധത്തില്‍ മാത്രം അധിഷ്ഠിതവുമായ നടപടികളാണ് ഇതിനൊക്കെ വഴിവെച്ചത്. സി.പി.എം പാര്‍ട്ടിയുടെ തലതിരിഞ്ഞ നിലപാടുകളാണ് ആര്‍.എസ്.എസിനും ബി.ജെ.പിക്കും സംസ്ഥാനത്ത് വളരാന്‍ അവസരം ഉണ്ടാക്കുന്നതെന്നത് പലപ്പോഴായി ഉയര്‍ന്ന ആരോപണമാണ്. ഇത് ശരിവെക്കുകയാണ് കഴിഞ്ഞ മൂന്നുനാലു ദിവസമായി ശബരിമലയിലും സംസ്ഥാനത്താകെയും നടന്നുവരുന്ന രാഷ്ട്രീയ നടപടികളിലൂടെ വ്യക്തമാകുന്നത്. സംഘ്പരിവാരത്തെ എതിര്‍ക്കുന്നുവെന്ന് പറയുകയും അതേ നാവുകൊണ്ടുതന്നെ അവരുടെ അജണ്ടകള്‍ക്ക് പരോക്ഷമായി വഴിവെട്ടിക്കൊടുക്കുകയും ചെയ്യുന്ന നടപടികള്‍ പിണറായി സര്‍ക്കാര്‍ ഇനിയെങ്കിലും ഉപേക്ഷിച്ചേ മതിയാകൂ.
കമ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേകിച്ച് യുക്തിവാദികള്‍ക്ക് വിശ്വാസ കാര്യത്തില്‍ പ്രതിലോമകരമായ നിലപാടാണ് ഉള്ളതെന്ന് ചരിത്രം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പും അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസ കാര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക സ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്താനുള്ള ഏത് നീക്കവും വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് തിരിച്ചറിയണം. സമകാലിക ഇന്ത്യതന്നെ അത്തരമൊരു വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിശ്വാസങ്ങളെ സ്വന്തം അധികാര സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ചൂഷണം ചെയ്യുന്ന ബി.ജെ.പിക്കെതിരെ പ്രതിരോധിക്കാന്‍ വിശ്വാസികളെ അപഹസിക്കുകയും അവരുടെ ആചാരങ്ങളില്‍ കൈകടത്തുകയുമല്ല ഭരണകൂടവും മതേതര പാര്‍ട്ടികളും ചെയ്യേണ്ടത്. പ്രത്യുത രാജ്യത്തെ തൊണ്ണൂറ് ശതമാനത്തിലധികം വരുന്ന മത വിശ്വാസികളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടേ ആര്‍ക്കും മുന്നോട്ടുപോകാന്‍ കഴിയൂ.
- 6 years ago
chandrika
Categories:
Video Stories
അക്രമികളെ നേരിടേണ്ടത് ഭക്തരെ ബുദ്ധിമുട്ടിച്ചല്ല
Tags: editorialsabarimala