X

ധാര്‍ഷ്ട്യമല്ല, വിവേകമാണ് മരുന്ന്

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നടക്കുന്ന നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ ആസ്പത്രി പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചും നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിച്ചും കണ്ണൂര്‍ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച ഉത്തരവ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കാനേ വഴിയൊരുക്കൂ. പനി പടര്‍ന്നുപിടിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യരംഗം അതീവ ഗുരുതരമായ പ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തില്‍ സമവായത്തിന്റെയും ഒത്തുതീര്‍പ്പിന്റെയും മാര്‍ഗങ്ങളാണ് കരണീയം. ഇതിനു പകരം ഭീഷണിയുടേയും ധാര്‍ഷ്ട്യത്തിന്റെയും സ്വരം പുറത്തെടുക്കുന്നത് അപക്വവും സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ മാത്രം ഉപകരിക്കുന്നതുമായി മാറും.

അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്തെ സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാര്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ ചില ആസ്പത്രികളില്‍ നഴ്‌സുമാര്‍ പണിമുടക്ക് സമരത്തിലേക്ക് കടന്നത് ഒഴിച്ചാല്‍ മറ്റു ജില്ലകളില്‍ നഴ്‌സുമാര്‍ ഇപ്പോഴും ജോലിക്ക് ഹാജരായിക്കൊണ്ടുതന്നെയുള്ള പ്രക്ഷോഭ പരിപാടികളുമായാണ് മുന്നോട്ടു പോകുന്നത്.
മധ്യസ്ഥ ചര്‍ച്ചകളില്‍ 17,000 രൂപയായി ശമ്പളം ഉയര്‍ത്താന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും 20,000 രൂപ തന്നെ വേണമെന്ന നിലപാടില്‍ നഴ്‌സുമാര്‍ ഉറച്ചുനിന്നതോടെ നേരത്തെ നടന്ന സമവായ ശ്രമങ്ങള്‍ പാളിപ്പോവുകയായിരുന്നു. ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരത്തിന് യുണൈറ്റഡ് നഴ്‌സസ്് അസോസിയേഷനും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും ആഹ്വാനം നല്‍കിയിരുന്നെങ്കിലും ഇത് പിന്നീട് ബുധനാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ സമിതി 19ന് യോഗം ചേരുന്നത് കണക്കിലെടുത്താണ്, മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലിന്റെ ഫലമായി പണിമുടക്ക് സമരം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചത്. മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചാല്‍ സന്നദ്ധമാണെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ വ്യക്തമാക്കുകയും ചെയ്തതാണ്. സ്വാഭാവികമായും അനുനയത്തിനുള്ള വാതിലുകള്‍ സര്‍ക്കാറിനു മുന്നില്‍ തുറന്നുകിടക്കുകയാണ്. ആ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ ജില്ലാ ഭരണകൂടത്തെ ഉപയോഗിച്ച് പ്രകോപനത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നത് അവിവേകമായേ കണക്കാക്കാനാകൂ. അവശ്യ സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിനുള്ള നിയമപ്രകാരം സമരത്തിലുള്ള നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കാവുന്നതാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കോടതിപരാമര്‍ശം നഴ്‌സുമാരില്‍ സമരാവേശം ശക്തിപ്പെടുത്താന്‍ മാത്രമാണ് പ്രയോജനം ചെയ്തിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. സമാനമായ സാഹചര്യം തന്നെയാകും കളക്ടറുടെ ഉത്തരവു വഴിയും സൃഷ്ടിക്കപ്പെടുക.
ജോലിക്കെത്തുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ആസ്പത്രിയിലും യാത്രാ വേളയിലും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദേശവും കളക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു വേണ്ടിയാണ് സമരം നടക്കുന്ന സ്വകാര്യ ആസ്പത്രി പരിസരങ്ങളില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കാലപങ്ങളേയും സംഘര്‍ഷങ്ങളേയും നേരിടാനാണ് സാധാരണയായി 144ാം വകുപ്പ് പ്രയോഗിക്കാറ്. ഇത് ഇപ്പോഴത്തെ സാഹചര്യങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നത് കണ്ടറിയേണ്ടിവരും. മാത്രമല്ല, പഠനമോ പരിശീലനമോ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത നഴ്‌സുമാരെയാണ് ആസ്പത്രികളില്‍ ജോലിക്ക് നിയോഗിക്കണമെന്ന് കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ആളുകളുടെ ജീവന്‍ വെച്ച് പന്താടുന്നതിന് തുല്യമാണിത്. ജോലിക്ക് ഹാജരായില്ലെങ്കില്‍ കോഴ്‌സില്‍നിന്ന് പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഭീഷണിയുടെ സ്വരം നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കു നേരെയും കളക്ടര്‍ പുറത്തെടുക്കുന്നുണ്ട്. വേണ്ടത്ര പരിശീലനമില്ലാത്ത നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ എന്ത് ധൈര്യത്തില്‍ ജോലിക്ക് ഹാജരാകും, ഇവര്‍ക്ക് സംഭവിക്കാവുന്ന പാളിച്ചകളുടെ പേരില്‍ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ആര് ഉത്തരവാദിയാകും, പരിചയ സമ്പന്നരായ നഴ്‌സുമാര്‍ക്കു പകരം നഴ്‌സിങ് വിദ്യാര്‍ത്ഥികളെ വെച്ച് ചികിത്സക്കു തയ്യാറാകുന്ന ആസ്പത്രികളില്‍ എന്തു ധൈര്യത്തില്‍ ആളുകള്‍ ചികിത്സ തേടും തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്.
നഴ്‌സുമാര്‍ പണിമുടക്ക് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ആസ്പത്രികള്‍ ഭാഗികമായി അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഒരുവിഭാഗം മാനേജ്‌മെന്റുകളുടെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. എന്നാല്‍ ഭൂരിഭാഗം ആസ്പത്രി മാനേജ്‌മെന്റുകളും ഈ നിര്‍ദേശം തള്ളിക്കളയുകയാണ് ചെയ്തത്. അതേസമയം നഴ്‌സുമാര്‍ സമരത്തില്‍ പ്രവേശിച്ചാലുണ്ടാകുന്ന സാഹചര്യം അതീവ ഗുരുതരമായിരിക്കുമെന്ന വസ്തുത എല്ലാവര്‍ക്കും ഉത്തമ ബോധ്യമുള്ളതാണ്. തങ്ങളുടെ ജോലിയുടെ ഉത്തരവാദിത്തവും ഗൗരവവും ഉള്‍കൊള്ളാനുള്ള വിവേകം നഴ്‌സുമാരും കാണിക്കേണ്ടതുണ്ട്. പണിമുടക്ക് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കും മുമ്പ് അതിന്റെ വരുംവരായ്കകളെക്കുറിച്ചുള്ള ബോധ്യം അവര്‍ക്കുണ്ടാവണം. ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും ന്യായം തന്നെയാണ്. എന്നാല്‍ ആളുകളുടെ ജീവനും ആരോഗ്യവും പന്തയം വച്ചുകൊണ്ടുളള വിലപേശലായി അതിനെ മാറ്റുന്നത് സ്വന്തം പ്രഫഷനോട് കാണിക്കുന്ന അനീതിയായി മാറും. നഴ്‌സുമാരുടെ സമരം രമ്യമായി പരിഹരിക്കുന്നതിന് മറ്റാരേക്കാളും വിവേകം കാണിക്കേണ്ടതും താല്‍പര്യമെടുക്കേണ്ടതും സര്‍ക്കാറാണ്. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ പലപ്പോഴും തീര്‍ത്തും നിരാശാജനകമാണ്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു പറയുമ്പോള്‍ തന്നെയാണ് ഒരു ഭാഗത്ത് സര്‍ക്കാര്‍ പ്രകോപന നടപടികളുമായി മുന്നോട്ടുപോയി അവരെ കൂടുതല്‍ ശക്തമായ സമരത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്നത്. ഇതിന്റെ അനന്തരഫലങ്ങള്‍ കൈപ്പേറിയതായിരിക്കും. എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു പകരം നഴ്‌സുമാരേയും മാനേജ്‌മെന്റുകളേയും ഒരു മേശക്കു ചുറ്റുമിരുത്തി ഒത്തുതീര്‍പ്പിനുള്ള വഴികള്‍ ആരായാനുള്ള ഹൃദയവിശാലതയും വിവേകവും സര്‍ക്കാര്‍ കാണിക്കണം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്ന് ധാര്‍ഷ്ട്യമോ പ്രകോപനമോ അല്ല, മറിച്ച് വിവേകമാണ്. അതു തിരിച്ചറിയാന്‍ സര്‍ക്കാറിനു കഴിയണം.

chandrika: