X

മുരുകന്മാരെ സൃഷ്ടിക്കുന്ന സ്വാശ്രയനയം

ഇത്തവണത്തെ മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് കഠിന പരീക്ഷണമായിരിക്കുന്ന അവസ്ഥയാണ് നിര്‍ഭാഗ്യവശാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനവധാനത കൊണ്ടുണ്ടായിട്ടുള്ളത്. സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം വലിയ തുക ഫീസായി സ്വകാര്യ കോളജ് മാനേജുമെന്റുകളിലേക്ക് ഒഴുക്കുകയെന്ന അവസ്ഥയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്ക് അഖിലേന്ത്യാപരീക്ഷയുടെ (നീറ്റ്) അടിസ്ഥാനത്തില്‍മാത്രം പ്രവേശനം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത് കഴിഞ്ഞ വര്‍ഷം മുതലാണ്. തമിഴ്‌നാട്ടിലും മറ്റും ഹയര്‍സെക്കണ്ടറി പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശന നടപടികളെങ്കില്‍ കേരളത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റുകള്‍ തനിച്ചും പ്രവേശനപരീക്ഷ നടത്തുന്ന സ്ഥിതിയായിരുന്നു. കോടതി വിധിയോടെയാണ് ഇതില്ലാതാകുകയും ഈവര്‍ഷം മുതലെങ്കിലും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മികവിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാകുമെന്ന പ്രതീക്ഷ ഉടലെടുക്കുകയും ചെയ്തത്. എന്നാല്‍ ഈ പ്രതീക്ഷയെ തച്ചുടക്കുന്ന പണക്കൊതിയാണ് വീണ്ടും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
പ്രവേശന നടപടികള്‍ക്ക് പ്രവേശനപരീക്ഷാകമ്മീഷണര്‍ നിശ്ചയിക്കുന്ന ഫീസാണ് ഇതുവരെയും കുട്ടികളില്‍ നിന്ന് വാങ്ങിയിരുന്നതെങ്കില്‍ ഇത്തവണ അത് കൂടുതല്‍ സുഗമമാകേണ്ടതായിരുന്നു. കാര്യങ്ങളെല്ലാം സര്‍ക്കാരുകള്‍ക്ക് നിശ്ചയിക്കാനും കഴിയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം രണ്ടര ലക്ഷം ഉണ്ടായിരുന്ന സ്വാശ്രയ കോളജുകളിലെ ഫീസ് കുത്തനെ അഞ്ചു ലക്ഷമായി ഉയര്‍ത്തുന്ന കരാറിലാണ് സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ ഇത്തവണ ഒപ്പുവെച്ചത്. ഇത് ഹൈക്കോടതി അംഗീകരിക്കുകയും ഇതില്‍ തന്നെ എല്ലാ മാനേജ്‌മെന്റുകളും ഒപ്പുവെച്ചതുമില്ല. പിന്നീടാണ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ചില മാനേജ്‌മെന്റുകളോട് പ്രത്യേകം കരാറുണ്ടാക്കാന്‍ മുന്നോട്ടുവന്നത്. 85 ശതമാനം സീറ്റുകളില്‍ അഞ്ചു ലക്ഷവും എന്‍.ആര്‍.ഐ സീറ്റില്‍ 20 ലക്ഷവും എന്ന കരാര്‍ അട്ടിമറിക്കുന്ന കാഴ്ചയാണ് രണ്ടു കോളജുകളുടെ കാര്യത്തില്‍ ഉണ്ടായത്. ആഗസ്റ്റ് 11ന് പെരിന്തല്‍മണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജ് എന്നിവയുമായാണ് സംസ്ഥാന സര്‍ക്കാര്‍ വലിയ തുക ഫീസായി കരാറൊപ്പുവെച്ചത്. 11 ലക്ഷം ഫീസും 44 ലക്ഷം ബാങ്ക് ഗാരണ്ടിയുമെന്നതായിരുന്നു ഈ കരാര്‍.
ഇത്തരമൊരു കരാറിന് സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്തായിരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. വെറും അഞ്ചുലക്ഷം രൂപ സെമസ്റ്റര്‍ ഫീസില്‍ നിന്ന് അമ്പത്തഞ്ച് ലക്ഷംരൂപ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്തിനായിരുന്നു? ഇത് മാനദണ്ഡമാക്കി പ്രവേശനം നടത്താന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായാല്‍ ആരാണ് അതിനുത്തരവാദി. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കെ.എം.സി.ടി, കരുണ കോളജുകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ 11 ലക്ഷം ഫീസ് സുപ്രീംകോടതി തന്നെ താല്‍കാലികമായി അംഗീകരിച്ചിരിക്കുകയുമാണ്. അഞ്ചു ലക്ഷത്തിന് പുറമെയുള്ള ആറു ലക്ഷം രൂപ ബാങ്ക് ഗാരണ്ടിയായി നല്‍കണമെന്നാണ് നിര്‍ദേശം. അതായത് 35 ശതമാനം സീറ്റില്‍ ഇനി കുട്ടികള്‍ക്ക് 11 ലക്ഷം രൂപ ആദ്യ വര്‍ഷം മാത്രം കണ്ടെത്തണം, ഇതിനുപുറമെയാണ് ഹോസ്റ്റല്‍, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കുള്ള തുകകളും മാനേജ്‌മെന്റുകളുടെ ഇതര ഹിഡണ്‍ ഫീസുകളും.
സ്വകാര്യ കോളജുകളില്‍ രണ്ടര ലക്ഷം രൂപ സെമസ്റ്റര്‍ ഫീസെന്ന അവസ്ഥ അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയതിനെ ഞെട്ടലോടെ കണ്ട രക്ഷിതാക്കളുടെ മുന്നിലേക്ക് ഇടിത്തീയായാണ് പുതിയ ഫീസ് നിരക്ക് എത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിനെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണ് ഇതിന് കൂട്ടുനിന്നതെന്ന വി.ഡി സതീശന്‍ എം.എല്‍.എയുടെ നിയമസഭയിലെ ആരോപണം മുഖവിലക്കെടുക്കാതെ വയ്യ. ഇതേ മുഖ്യമന്ത്രി തന്നെയാണ് കഴിഞ്ഞ വര്‍ഷവും മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി ഫീസ് നിരക്ക് വര്‍ധിപ്പിച്ചു നല്‍കിയത്. അന്നും ആരോഗ്യ വകുപ്പിനെ ചര്‍ച്ചയില്‍നിന്ന് മാറ്റിനിര്‍ത്തുന്ന കാഴ്ചയാണ് കേരളം കണ്ടത്. വകുപ്പുമന്ത്രിക്കും അഡീ.ചീഫ് സെക്രട്ടറിക്കും മുകളില്‍ സ്വകാര്യ കോളജ് മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ചത് ആരെന്നും എന്തിനാണെന്നുമുള്ള ചോദ്യം പ്രസക്തമാകുകയാണ്. സതീശന്റെ ആരോപണം ഇന്നലെ ഭരണകക്ഷി ബെഞ്ചുകളും മുഖ്യമന്ത്രിയും നിശബ്ദതയോടെയാണ് ശ്രവിച്ചത് എന്നത് പൂച്ച അകത്തുതന്നെ എന്നതിന്റെ തെളിവാണ്. വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് ഒരുവിധ ശുഷ്‌കാന്തിയുമില്ലെന്നതിന്റെ മികച്ച തെളിവായിരുന്നു ഈവര്‍ഷം മെഡിക്കല്‍ പ്രവേശന സമിതിയെ നിശ്ചയിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കല്‍ തന്നെ. മതിയായ അംഗങ്ങളില്ലാതെ ഉണ്ടാക്കിയ സമിതിയെ ഹൈക്കോടതി തള്ളിയതോടെ മാപ്പുപറഞ്ഞ് പുതിയ സമിതിയെ സൃഷ്ടിക്കുന്ന കാഴ്ച ദയനീയമായിരുന്നു.
ഭാവിഭിഷഗ്വരന്മാരുടെ കാര്യത്തിലും ഇതേ അനാസ്ഥയാണ് ഇന്നുണ്ടായിട്ടുള്ളത്. വലിയ ഫീസ് നല്‍കി പഠിച്ച് പുറത്തിറങ്ങാന്‍ ശേഷിയില്ലാത്ത കുടുംബങ്ങളുടെ കാര്യത്തില്‍ കഠിന ഹൃദയത്തോടെയുള്ള തീരുമാനമെടുക്കാന്‍ ഇടതു കമ്യൂണിസ്റ്റ് ആശയങ്ങള്‍ പാടിനടക്കുന്ന ഒരു സര്‍ക്കാരിന് എങ്ങനെ കഴിഞ്ഞുവെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. പണക്കാരന്റെ മക്കള്‍മാത്രം ഡോക്ടര്‍മാരായാല്‍ മതിയെന്ന തോന്നലില്‍ നിന്നാണ് കഴിഞ്ഞമാസം കൊല്ലത്തും തിരുവനന്തപുരത്തും സ്വകാര്യ, സര്‍ക്കാര്‍ ആസ്പത്രികളിലായി തമിഴ്‌നാട് സ്വദേശി മുരുകന്റെ ദാരുണ മരണത്തിലുണ്ടായത്. കോടികള്‍ മുടക്കി ഡോക്ടറാകുന്നവര്‍ ഏത് പശ്ചാത്തലത്തില്‍നിന്നായിരിക്കും വരുന്നതെന്നും എന്ത് സാമൂഹികപ്രതിബദ്ധതയാകും അവരുടേതെന്നും ഊഹിക്കാന്‍ കഴിയും. തദടിസ്ഥാനത്തില്‍ ദീര്‍ഘവീക്ഷണത്തോടെയും മാനുഷിക മുഖത്തോടെയുമുള്ള തീരുമാനമെടുക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ വരുത്തിയ വീഴ്ച അപരിഹാര്യവും അക്ഷന്തവ്യവുമാണ്. വരുംതലമുറകളോട് ചെയ്ത കൊടിയ പാപവും. കഴിഞ്ഞകാലങ്ങളില്‍ ആവശ്യത്തിന് പഠനസൗകര്യമില്ലാതെ വലഞ്ഞ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നാട്ടില്‍ മികച്ച പഠനം ലഭിക്കട്ടെ എന്ന സദുദ്ദേശ്യത്തോടെ സ്വകാര്യകോളജുകള്‍ അനുവദിക്കുകയും 50:50 എന്ന തോതില്‍ ലാഭക്കൊതിക്കാരായ മാനേജ്‌മെന്റുകളെ വരച്ചവരയില്‍ നിര്‍ത്തുകയുംചെയ്ത യു.ഡി.എഫിനെ കണ്ടുപഠിക്കാനെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകേണ്ടതായിരുന്നു. സമൂഹത്തിന്റെ സ്വാശ്രയത്വത്തിന് പകരം മുതലളാമാരുടെയും തങ്ങളുടെ തന്നെയും ആശ്രയത്വവും ആമാശയവുമാണ് സര്‍ക്കാര്‍ ഇതിലൂടെ സംരക്ഷിച്ചിരിക്കുന്നത്.

chandrika: