X
    Categories: Views

ജനാധിപത്യം ജ്വലിച്ച വേങ്ങരയിലെ വിജയം

ജനാധിപത്യത്തിനു മേല്‍ പണാധിപത്യവും രാഷ്ട്രീയ ആദര്‍ശത്തിനു മേല്‍ അധികാര ദുര്‍വിനിയോഗവും അട്ടിമറി വിജയം സമ്മാനിക്കുമെന്ന ഇടതുപക്ഷത്തിന്റെ അഹന്തക്കേറ്റ അടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ ആധികാരിക വിജയം. കല്ല് കരട് കാഞ്ഞിരക്കുറ്റിയും മുള്ള് മുരട് മൂര്‍ഖന്‍ പാമ്പും ഒരേ ചേരിയില്‍ ഒന്നിച്ചണിനിരന്ന് ഒറ്റക്കെട്ടായി പടനയിച്ചിട്ടും യു.ഡി.എഫിന്റെ ഉരുക്ക് കോട്ടക്ക് ഒരു പോറലുമേല്‍പ്പിക്കാനായില്ല എന്നത് നന്മയുടെ രാഷ്ട്രീയത്തിന് വേങ്ങരയിലെ വോട്ടര്‍മാര്‍ നല്‍കിയ അംഗീകാരംകൂടിയാണ്.

ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമാണെന്ന് വീമ്പു പറയുകയും ഇത്തവണ മണ്ഡലം പിടിച്ചടക്കുമെന്ന് പെരുമ്പറ മുഴക്കുകയും ചെയ്ത സി.പി.എം സെക്രട്ടറി ഒടുവില്‍ സാങ്കേതികമായെങ്കിലും യു.ഡി.എഫിന്റെ വിജയം സമ്മതിച്ചു നിറം മാറിയത് ഓന്തിനെ പോലും നാണിപ്പിക്കുന്നതായി. ബി.ജെ.പിയുമായി മരംചുറ്റി പ്രേമത്തിലൂടെ ഒപ്പിച്ചെടുത്ത ഫാസിസ്റ്റ് വോട്ടുകളുടെ പിന്‍ബലത്തില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ വിള്ളലുണ്ടാക്കിയെന്ന് മേനി നടിക്കുന്ന സി.പി.എം തീക്കൊള്ളി കൊണ്ടാണ് തലചൊറിയുന്നത് എന്ന കാര്യം ഓര്‍ക്കുന്നത് നന്ന്. മതേതരത്വത്തിന്റെ സ്വര്‍ഗഭൂമികയെ നരകതുല്യമാക്കാന്‍ വര്‍ഗീയ ചെകുത്താന്മാരുമായി ചങ്ങാത്തമുണ്ടാക്കിയ നെറികെട്ട രാഷ്ട്രീയത്തിന് സി.പി.എം വലിയ വില നല്‍കേണ്ടി വരും. ഒന്നല്ല, ഒരായിരം തെരഞ്ഞെടുപ്പുകള്‍ തോല്‍ക്കേണ്ടി വന്നാലും വര്‍ഗീയ വിധ്വംസക ശക്തികളോട് സന്ധിചെയ്യാന്‍ മനസില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രസ്ഥാനത്തിന്റെ ഇച്ഛാശക്തിക്ക് പ്രബുദ്ധ ജനത നല്‍കിയ പ്രതിഫലമാണ് ഉപതെരഞ്ഞെടുപ്പ് വിജയമെന്ന് ഇനിയെങ്കിലും ഇടതുപക്ഷം പാഠമാക്കേണ്ടതുണ്ട്.

പ്രതിപക്ഷത്തിരിക്കെ ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണി നേടുന്ന മികവുറ്റ വിജയമാണ് വേങ്ങരയില്‍ യു.ഡി.എഫിന്റേത്. 23,310 വോട്ടിന്റെ മഹാഭൂരിപക്ഷത്തിന് അഡ്വ.കെ.എന്‍.എ ഖാദര്‍ വിജയിച്ചതിന്റെ ജാള്യത മറച്ചുവെക്കാനാണ് ഇടതുപക്ഷം വൃഥാശ്രമം നടത്തുന്നത്. പ്രതിപക്ഷത്തായിരിക്കെ അരുവിക്കരയിലും നെയ്യാറ്റിന്‍കരയിലും പിറവത്തും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ഭരണപക്ഷത്തായിരിക്കെ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും എട്ടുനിലയില്‍ പൊട്ടിയ പാര്‍ട്ടിയാണ് സ്വാഭാവിക ഭൂരിപക്ഷക്കുറവിനെ പര്‍വതീകരിച്ച് ആത്മരതിയടയുന്നത്. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറക്കുമെന്നായിരുന്നില്ല ഇടതുപക്ഷം അവകാശപ്പെട്ടിരുന്നത്. അട്ടിമറി വിജയം നേടുമെന്ന് തന്നെയായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. അതുപ്രകാരം മഞ്ചേരിയും കുറ്റിപ്പുറവും താനൂരും നിലമ്പൂരുമെല്ലാം സ്വപ്‌നം കാണാന്‍ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്നതിന് സര്‍വസന്നാഹങ്ങളുമായാണ് നേതാക്കള്‍ മണ്ഡലത്തില്‍ ഒരു മാസക്കാലം ക്യാമ്പ് ചെയ്തത്. മാറ്റത്തിനു വേണ്ടി വോട്ടുതേടി മന്ത്രിമാര്‍ വീടുവീടാന്തരം കയറിനിരങ്ങിയതും ഈ ലക്ഷ്യ സക്ഷാത്കാരത്തിനായിരുന്നു.

പ്രചാരണ ജീപ്പുകളില്‍ കവല പ്രസംഗകരായി ഇടതു എം.എല്‍.എമാര്‍ വേഷം കെട്ടിയാടിയതും യു.ഡി.എഫിന്റെ പരാജയപ്പെട്ടിയില്‍ അവസാന ആണിയടിക്കാനായിരുന്നു. സര്‍ക്കാറിന്റെ എല്ലാ മെഷിനറിയും എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിച്ചതും സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങളെല്ലാം വേങ്ങരയിലേക്ക് മാറ്റിയതും പോര്‍നിലങ്ങളില്‍ സമ്പത്ത് വാരിവിതറാന്‍ പണച്ചാക്കുകളെ പരക്കംപായിച്ചതും യു.ഡി.എഫിനെ മൂക്കില്‍കയറ്റി വലിക്കാമെന്ന വ്യാമോഹം കൊണ്ടായിരുന്നു. മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ മതിവരാത്തതിനാല്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ പയറ്റിത്തെളിഞ്ഞവരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്് ഇറക്കുമതി ചെയ്ത് വോട്ടര്‍മാരില്‍ ഭീതിവിതച്ചതും വിജയം ആഞ്ഞുപിടിക്കാന്‍ തന്നെയായിരുന്നു. കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിട്ടും തെരഞ്ഞെടുപ്പ് പ്രാധാന്യത്തെ നിസാരവത്കരിച്ചും പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചാണ് ഇടതു നേതാക്കള്‍ പോര്‍ക്കളം വിട്ടത്. എന്നിട്ടും ധൈര്യം പോരാതെ വന്നതിനാലാണ് അവസാന ആയുധമായി തെരഞ്ഞെടുപ്പ് ദിവസം സര്‍ക്കാര്‍ ‘ സോളാര്‍ ബോംബ്’ പൊട്ടിച്ചത്. പക്ഷെ, ഉത്ബുദ്ധ ജനതയുടെ ഉള്ളകങ്ങളെ കീഴ്‌പ്പെടുത്താന്‍ ഇക്കൂട്ടരുടെ കുടിലതന്ത്രങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

കഴിഞ്ഞ തവണത്തേക്കാള്‍ ഏഴായിരം വോട്ട് അധികം നേടിയതില്‍ എമ്പോക്കിത്തം പറയാന്‍ സി.പി.എമ്മിന് എന്ത് യോഗ്യതയാണുള്ളത്? ഇടതുമുന്നണിയുടെ വോട്ട് മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് തുറന്നുപറയാന്‍ സി.പി.എം തയാറുണ്ടോ? ധാരണപ്രകാരം ബി.ജെ.പിയും മന:സാക്ഷിവോട്ടെന്ന പേരില്‍ ജമാഅത്തെ ഇസ്്‌ലാമിയും പി.ഡി.പിയും എന്‍.ഡി.എയോട് അയിത്തം കല്‍പിച്ച ബി.ഡി.ജെ.എസും സ്ഥിരം ലീഗ് വിരോധികളായ ‘മറ്റു ചിലരും’ ചേര്‍ന്നാണ് ഇടതുപെട്ടികള്‍ നിറച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം.

പോളിങ് ശതമാനത്തിലെ വര്‍ധനവില്‍ ഇത് പ്രകടമായി കാണാം. എന്നാല്‍ കറകളഞ്ഞ മതേതര വോട്ടുകള്‍ മാത്രം നേടിയാണ് യു.ഡി.എഫ് വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയത്. നാട്ടുകാരന്‍ എന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കേണ്ട വോട്ടുകളിലുണ്ടായ വ്യതിയാനം മാത്രമാണ് ഭൂരിപക്ഷക്കുറവായി പ്രതിഫലിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം യു.ഡി.എഫ് പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിഗമനവും അധികാരത്തിന്റെ എല്ലാ സൗകര്യങ്ങളോടും പോരാടി നേടിയ വിജയത്തിന് ഒട്ടും തിളക്കം കുറവില്ലെന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അഭിപ്രായവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

സര്‍വ ശക്തിയും ഉപയോഗിച്ച് ഫാസിസത്തെ പ്രതിരോധിച്ചും ജനദ്രോഹ ഭരണകൂടങ്ങള്‍ക്കെതിരെ സക്രിയ സമരങ്ങളിലൂടെ തുറന്നെതിര്‍ത്തും ജനഹിതത്തെ നെഞ്ചോട് ചേര്‍ത്തതിന്റെ സമ്മതമാണ് യു.ഡി.എഫിന്റെ സുവര്‍ണ നേട്ടം. കേന്ദ്ര സര്‍ക്കാറിന്റെ സൂക്ഷ്മമായ നിരീക്ഷണവും ബി.ജെ.പി ദേശീയ- സംസ്ഥാന ഘടകങ്ങളുടെ ശക്തമായ പ്രവര്‍ത്തനവും വേങ്ങരയുടെ മണ്ണിലും മനസിലും സ്വാധീനം ചെലുത്താതിരുന്നത് മതേതരത്വത്തിന്റെ മഹിതമാതൃകകള്‍ ജീവിതശീലമാക്കിയ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ ഊക്കുകൊണ്ടാണ്.

ശത്രുക്കളുടെ സംഹാര താണ്ഡവത്തിന്റെ ദുര്‍ഘട വഴികളില്‍ വിറങ്ങലിച്ചു നില്‍ക്കാതെ, കനല്‍പ്പഥങ്ങളില്‍ കാല്‍പ്പാദങ്ങള്‍ പതറാതെ മതേതരമെന്ന മാണിക്യത്തെ വേങ്ങരയില്‍ കാത്തുസൂക്ഷിച്ചു യു.ഡി.എഫിന്റെ കര്‍മഭടന്മാര്‍. പാലും പനിനീരും പുരട്ടി ഈ രാജമാണിക്യത്തെ പരിപാലിക്കുന്നതിനു പകരം ഫാസിസത്തിന് പത്തിവിടര്‍ത്തിയാടാന്‍ ചുവപ്പു പരവതാനി വിരിച്ചു അവസരമൊരുക്കുന്ന ഇടതു ആക്രോശങ്ങള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് ഫലം അതിന്റെ അടയാളമാണ്. ഇനിയും പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടതു പ്രസ്ഥാനങ്ങള്‍ക്കുള്ള ശക്തമായ താക്കീത്.

chandrika: