പഞ്ചാബ് ജലന്ധര്‍ രൂപതയിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന സ്ത്രീപീഡന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അതേ രൂപതയിലെ വൈദികരിലൊരാള്‍ അര്‍ധരാത്രി സ്വന്തം കിടപ്പുമുറിയില്‍ മരണമടഞ്ഞതായ വാര്‍ത്ത കേരളത്തെ സംബന്ധിച്ചിടത്തോളം സ്‌തോഭജനകമാണ്. വൈദികന്‍ താമസിച്ചിരുന്ന ഹോഷിയാര്‍പൂര്‍ ദസൂയയിലെ സെന്റ്‌പോള്‍സ് സ്‌കൂള്‍ പരിസരത്തെ സ്വന്തം മുറിയിലാണ് അദ്ദേഹം മരിച്ചുകിടക്കുന്നതായി കണ്ടത്. തിങ്കളാഴ്ച രാവിലെ മുറിവാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ചവിട്ടിത്തുറന്നു ചെന്നവരാണ് മുറിക്കുള്ളില്‍ വൈദികന്‍ കുര്യാക്കോസ് കാട്ടുതറയെ (62) മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. പുറത്ത് പരിക്കുകളൊന്നും കാണാനായിട്ടില്ല. മരണത്തിന് കാരണമായത് എന്താണെന്നതു സംബന്ധിച്ച് രൂപതാമേധാവികളും വൈദികന്റെ ബന്ധുക്കളും രണ്ടുതരം നിലപാട് സ്വീകരിച്ചിരിക്കുന്നത് പൊതുസമൂഹത്തിനും നീതിക്കും ആശാസ്യമായ ഒന്നല്ല.
വൈദികന്‍ കുര്യാക്കോസിന് രക്തസമ്മര്‍ദമുണ്ടായിരുന്നതായും അതിന് അദ്ദേഹം കഴിച്ചിരുന്ന മരുന്നുകള്‍ മുറിയില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മരണകാരണം അതുതന്നെയാണോ എന്ന് ഇതുവരെയും വ്യക്തമല്ല. ദുരൂഹതയില്ലെന്നാണ് രൂപതാമേധാവികള്‍ പറയുന്നതെങ്കിലും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും അത് കേരളത്തില്‍ വെച്ചുതന്നെയായിരിക്കണമെന്നുമാണ് കുര്യാക്കോസിന്റെ സഹോദരനും മിഷണറീസ് ഓഫ് ജീസസ് സമൂഹത്തിലെ കന്യാസ്ത്രീകളും ആവശ്യപ്പെടുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 2014 മുതല്‍ രണ്ടു വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി കന്യാസ്ത്രീ പരാതി നല്‍കിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിഷപ്പ് കുറ്റക്കാരനാണെന്നാണ് കേരള പൊലീസ് എത്തിയിരിക്കുന്ന നിഗമനം. അവര്‍ പ്രതിയെ സെപ്തംബര്‍ 21ന് അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കുകയും കോടതി ബിഷപ്പിനെ രണ്ടാഴ്ചത്തേക്ക് റിമാന്റില്‍ വെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 17ന് ജാമ്യം ലഭിച്ച് ജലന്ധറില്‍ തിരിച്ചെത്തിയ ഫ്രാങ്കോമുളയ്ക്കലിന് വിശ്വാസികള്‍ ഹര്‍ഷാരവത്തോടെ വലിയ സ്വീകരണമാണ് നല്‍കിയത്. ഈ സമയം കുര്യാക്കോസിന് മര്‍ദനമേറ്റതായും പറയുന്നു. പൊടുന്നനെ കേസിലെ പ്രധാന സാക്ഷിയായ വൈദികന്‍ മരിച്ചുവെന്നതാണ് ഏറെ സംശയങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും കഠിനമായ തെരുവു സമര മുറകളിലേക്ക് ഇറങ്ങിത്തിരിച്ചതിനെതുടര്‍ന്നാണ് കേരള സര്‍ക്കാര്‍ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ തയ്യാറായത്. അദ്ദേഹത്തെ വിളിച്ചുവരുത്തി മൂന്നു ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റും കോടതിയില്‍ ഹാജരാക്കലും. പാലാ സബ്ജയിലില്‍ കഴിഞ്ഞ ഫ്രാങ്കോക്ക് നേരെ രൂപതയിലെ ഔദ്യോഗിക വിഭാഗം ഇപ്പോഴും കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ തിരിച്ച് ജലന്ധറിലേക്ക് പോകാന്‍ അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ കേസിലെ മുഖ്യസാക്ഷി തന്നെ കൊല ചെയ്യപ്പെട്ടതായി സംശയമുണ്ടായിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതി ഫ്രാങ്കോയെ ഇനിയും അവിടെ തുടരാന്‍ സമ്മതിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സഭയും കോടതിയുമാണ്.
ഫ്രാങ്കോക്കെതിരെ നേരത്തെതന്നെ കക്ഷികളെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം നിലവിലുണ്ട്. പല വൈദികരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. കന്യാസ്ത്രീകളെ വാഹനം കേടുവരുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുകയും പണം നല്‍കി വശത്താക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കേസ് വേറെ നിലവിലുണ്ടുതാനും. പരാതിക്കാരായി നിരവധി കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ തന്നെ സമീപിച്ചതായി കുര്യാക്കോസ് വെളിപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തെ കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് ദസൂയയിലേക്ക് സ്ഥലം മാറ്റിയത്. കന്യാസ്ത്രീക്ക് അനുകൂലമായി സാക്ഷി മൊഴികള്‍ പൊലീസിന് കൈമാറുകയും ചാനലുകളില്‍ചെന്ന് ഫ്രാങ്കോക്കെതിരെ തെളിവുകളും ആരോപണങ്ങളും ഉന്നയിക്കുകയും ചെയ്തയാളാണ് മരിച്ച വൈദികന്‍. ഇദ്ദേഹത്തെ പദവിയില്‍നിന്ന് തരംതാഴ്ത്തുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതായും നേരത്തെ വൈദികന്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇതാണ ്‌വൈദികന്റെ മരണം സ്വാഭാവികമല്ലെന്ന സംശയം ബലപ്പെടുത്തുന്നത്. ഈ മരണം തങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയാണെന്നാണ് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് എന്ന കന്യാസ്ത്രീസംഘടന പറയുന്നത്. സംഭവം തങ്ങളെ ഭയപ്പെടുത്തുന്നുവെന്നും അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ പറയുന്നു. എന്നിട്ടും പഞ്ചാബ് പൊലീസിന് വൈദികന്റെ മരണ കാര്യത്തില്‍ യാതൊരു തരത്തിലുമുള്ള സംശയവും ഉണ്ടാകാത്തതാണ് അത്ഭുതമുളവാക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയോളം കേരള ഹൈക്കോടതിക്കു മുന്നില്‍ സത്യഗ്രഹസമരം നടത്തിയ നാലു കന്യാസ്ത്രീകളും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്, വൈദികന്റെ മരണത്തിലുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ്. ഇനി ഫ്രാങ്കോ അറിയാതെ വൈദികനെ മറ്റാരെങ്കിലും അപായപ്പെടുത്തിയെന്നോ അഥവാ സ്വാഭാവികമായ മരണമാണെന്നോ ഏതായാലും സത്യാവസ്ഥ പുറത്തുവരികതന്നെ വേണം. സംഭവം നടന്നത് പഞ്ചാബിലായതിനാല്‍ മരണത്തെക്കുറിച്ച് കേരള പൊലീസിന് അന്വേഷണംനടത്താന്‍ പരിമിതിയുണ്ടെങ്കിലും സംഭവം ഫ്രാങ്കോ പീഡനക്കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്താന്‍ കേരള പൊലീസിന് കഴിയും. ഫ്രാങ്കോ കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും പ്രത്യേക കോടതി രൂപീകരിക്കണമെന്നും സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. സംഘടനക്ക് നേതൃത്വം നല്‍കുന്ന കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ അനുപമയും കന്യാസ്ത്രീയുടെ സഹോദരനായ വൈദികനും കുര്യാക്കോസിന്റെ മരണത്തില്‍ ഫ്രാങ്കോയുടെ പങ്കിനെക്കുറിച്ചുള്ള പങ്ക് അടിവരയിട്ട് പറയുന്നുണ്ട്. ഇത് സഭയും വിശ്വാസികളും സര്‍ക്കാരും ഗൗരവമായി കണക്കിലെടുക്കണം. ഫ്രാങ്കോയുടെ സ്വാധീനത്തെക്കുറിച്ച് നേരത്തെതന്നെ വലിയ വിവരങ്ങള്‍ പുറത്തുവന്ന നിലക്ക് അദ്ദേഹത്തിനുമേല്‍ ഈ മരണത്തിലുള്ള പങ്കിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ പഴുതടച്ച അന്വേഷണം സഹായകമാകും. ഇതിന് ബന്ധപ്പെട്ടവരെല്ലാം സഹകരിക്കുകയാണ് വേണ്ടത്. നീതി പാലിക്കപ്പെടുക എന്നത് ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ച് വിലപ്പെട്ട സംഗതിയാണ്. നിയമം നടപ്പാക്കുക എന്നത് ഭരണാധികാരികളുടെ ഉത്തരവാദിത്തവും. പോപ്പ് ഫ്രാന്‍സിസിന്റെ കര്‍ക്കശനിലപാട് സഭയൊന്നടങ്കം ഉള്‍ക്കൊള്ളേണ്ടതുണ്ട്.
- 6 years ago
chandrika
Categories:
Video Stories
വൈദികന്റെ മരണം: സംശയം നീക്കണം
Tags: editorial