X

ഈ ഒറ്റുകൊടുപ്പിന് കാലം കണക്കുചോദിക്കും

‘ഒരു ബിഷപ്പ് കേസില്‍ ഉള്‍പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്…കന്യാസ്ത്രീ സത്യഗ്രഹത്തിന്റെ മറവില്‍ ബി.ജെ.പിയും ആര്‍.എസ്.എസും കുത്തിയിളക്കുന്ന വര്‍ഗീയതക്കും എല്‍.ഡി.എഫ് വിരുദ്ധതക്കും വളമിടാന്‍ കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും ഒരുവിഭാഗവും അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയവും സാമൂഹികവുമായ അപഥസഞ്ചാരമാണ്.’ ‘ബിഷപ്പ് കേസും സ്ത്രീസുരക്ഷാനയവും’ എന്ന തലക്കെട്ടില്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ 2018 സെപ്തംബര്‍ 21ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിലെ വാചകങ്ങളാണ ്‌മേലുദ്ധരിച്ചത്. ലത്തീന്‍ കാത്തോലിക്കാസഭയുടെ പഞ്ചാബ് ജലന്ധര്‍ രൂപതാബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിലെ ഒരു കന്യാസ്ത്രീ ജൂണ്‍ 27ന് കേരള പൊലീസിന് നല്‍കിയ ലൈംഗിക പീഡന പരാതിയുടെമേല്‍ കഴിഞ്ഞ എണ്‍പത്താറു ദിവസം അടയിരുന്നശേഷം അറസ്റ്റ് നടപ്പാക്കുന്ന ദിവസമാണ് കോടിയേരി ബാലകൃഷ്ണന്റേതായി മേല്‍പ്രസ്താവന പുറത്തുവന്നത്. ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കന്യാസ്ത്രീയും അവരുടെ നിര്‍ധന കുടുംബവും നടത്തിവന്ന പോരാട്ടമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇത്രയും കാലം കണ്ടില്ലെന്ന് നടിച്ചതും ഒടുവില്‍ ഗത്യന്തരമില്ലാതെ നടപടിയെടുക്കേണ്ടിവന്നതും. ഇതിനെയാണ് സി.പി.എം നേതാവും സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ ഉത്തരവാദപ്പെട്ട വക്താവുമായ കോടിയേരി ബാലകൃഷ്ണന്‍ വക്രീകരിച്ച് തനിക്കാക്കാന്‍ ശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ ഹൈക്കോടതിക്ക് മുന്നിലെ കന്യാസ്ത്രീകളുടെ സമരവും അതിന് കിട്ടിയ കേരളത്തിന്റെ പൊതുപിന്തുണയും മാധ്യമ സമൂഹമൊട്ടാകെ നല്‍കിയ കവറേജുമാണ് ഇടതുസര്‍ക്കാരിനെക്കൊണ്ട് ഈയൊരു നിയമനടപടിക്ക് നിര്‍ബന്ധിതസാഹചര്യമൊരുക്കിയത്. അതിന്റെ ജാള്യം മറയ്ക്കാനും അറസ്റ്റിന്റെ പേരില്‍ ക്രിസ്തീയ സഭയുടെ ഭാഗത്തുനിന്ന് അനിഷ്ടം ഉണ്ടാകാതിരിക്കാനും വേണ്ടിയുള്ള ട്രപ്പീസ് കളിയാണ ് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്.
പ്രശ്‌നത്തില്‍ ക്രിസ്തീയ സഭയെ അവഹേളിക്കാന്‍ പരിശ്രമിച്ചത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും സി.പി.എമ്മും തന്നെയാണ്. സുപ്രീംകോടതി പോലും വ്യക്തമായി നിര്‍ദേശം നല്‍കിയിട്ടും ലൈംഗിക പീഡനക്കേസില്‍ ഇത്രയും കാലതാമസം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത് എന്തിനായിരുന്നു. അഭയ കേസാനന്തരമുള്ള 2013ലെ സ്ത്രീ ലൈംഗിക പീഡന നിരോധന നിയമത്തില്‍ വ്യക്തമായി പറയുന്നതാണ്, ഇരയാക്കപ്പെട്ട സ്ത്രീയുടെ മൊഴി മാത്രം മതി ആരോപണവിധേയനെ അറസ്റ്റു ചെയ്യാനെന്ന്. പ്രതിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് ഒന്നര മാസത്തിലധികം മുമ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടും അറസ്റ്റ് ഇത്രയും വൈകിച്ചത് എന്തിനായിരുന്നു. ഇരയുടെ സഹോദരിയടക്കം അഞ്ചു കന്യാസ്ത്രീകള്‍ റോഡരികില്‍ ഒരാഴ്ചയിലധികമായി നടത്തിവന്ന സത്യഗ്രഹ സമരത്തെ അവഹേളിക്കുന്നതിനും കോടിയേരിയെപോലുള്ളൊരു കമ്യൂണിസ്റ്റ് നേതാവ് മുന്നോട്ടുവന്നു. ഇതിനെ അടിസ്ഥാന വര്‍ഗ സിദ്ധാന്തത്തിന്റെ ഏതു തുലാസിലിട്ടാണ് അളക്കേണ്ടത്. ലോകത്താകെ സമരത്തിനും പ്രതിഷേധത്തിനും മാതൃക തങ്ങളാണെന്ന് നാഴികക്ക് നാല്‍പതുവട്ടം വീമ്പിളക്കുന്ന കമ്യൂണിസ്റ്റുകളുടെ നേതാവാണ് കന്യാസ്ത്രീകളുടെ സമരം കോലാഹലമാണെന്ന് പൊതുവേദിയില്‍ കയറി അപഹസിച്ചത്. രണ്ടര മാസമായിട്ടും പൊലീസും സര്‍ക്കാരും അനങ്ങാതിരുന്നതിനാലാണ് കന്യാസ്ത്രീകള്‍ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് എന്ന പേരില്‍ സ്വന്തം ജീവിതവും ജീവന്‍ പോലും തൃണവല്‍ഗണിച്ച് ധൈര്യസമേതം തെരുവിലേക്ക് ഇറങ്ങിയത്. ഇതിനെ രണ്ടുകൈയും നീട്ടി കേരളീയ പൊതുസമൂഹം സ്വീകരിച്ചത്് ലോകമാകെ കണ്‍തുറന്നുകണ്ടു. അങ്ങ് വത്തിക്കാനില്‍നിന്നുവരെ ബിഷപ്പിനെതിരെ നടപടി വന്നു. സത്യത്തില്‍ ലോകത്ത് ആദ്യമായാണ് കന്യാസ്ത്രീകള്‍ പരസ്യമായി സമരരംഗത്തിറങ്ങാന്‍ തയ്യാറായത്. ഇത്് നിര്‍ബന്ധിതമാക്കിയത് ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും സര്‍ക്കാരിനോടുള്ള അവിശ്വാസവുമാണ്. കേരളത്തിന്റെ പൊതുമനസ്സിലായിരുന്നു ഈ മാലാഖമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഏകപ്രതീക്ഷ. പാര്‍ട്ടിയുടെയോ അതിന്റെ സഹസംഘടനകളുടെയോ ഒരാളെപോലും, എന്തിനേറെ സംസ്ഥാന വനിതാകമ്മീഷനെ പോലും ഇരയുടെയോ കുടുംബത്തിന്റെയോ സഹപ്രവര്‍ത്തരുടെയോ ഏഴയലത്തോ സമരവേദിക്കടുത്തേക്കുപോലുമോ അടുപ്പിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നുവെന്ന്കൂടി കോടിയേരി മറുപടി പറയണം. പാര്‍ട്ടി പി.ബിയിലെ വനിതാതീപ്പൊരിയെയും ഈ ചരിത്ര സമര വേദിയില്‍ കണ്ടില്ല.
കാത്തോലിക്കരുടെയും ക്രിസ്തീയ വിശ്വാസികളുടെയും നേരെ ആക്രോശിച്ചും ആക്രമിച്ചും നടന്നവര്‍ ഇപ്പോള്‍ ലൈംഗികാരോപിതന്റെ പേരില്‍ സഭയുടെ രക്ഷക്കും മാനത്തിനും വേണ്ടി വാദിക്കുന്നത് വിചിത്രമായിരിക്കുന്നു. ആയിരം അപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണ് നീതിന്യായ വ്യവസ്ഥ സംബന്ധിച്ചുള്ള ആഗോള സിദ്ധാന്തമെന്നിരിക്കെ, കോടതി സ്വീകരിക്കേണ്ട വിലയിരുത്തലും നടപടിയും എന്തിനാണ് സര്‍ക്കാരും പൊലീസും നടത്തിയതെന്ന് കോടിയേരി വെളുപ്പെടുത്തേണ്ടിയിരുന്നു. മുമ്പ് താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് പിണറായി വിജയന്‍ വിളിച്ചപ്പോഴും സ്വാശ്രയ കോളജ് വിഷയത്തില്‍ ‘രൂപതാ’ എന്നുവിളിച്ച് മുന്‍മുഖ്യമന്ത്രി അച്യുതാനനന്ദന്‍ അവരെ അവഹേളിച്ചപ്പോഴുമൊന്നും കാണാത്ത സഭാഅവഹേളനത്തെക്കുറിച്ച് എവിടുന്നാണ് കോടിയേരിക്ക് ഇപ്പോള്‍ ബോധോദയമുണ്ടായത്? മതവിശ്വാസികളെയെല്ലാം അന്ധവിശ്വാസികളെന്ന് അധിക്ഷേപിച്ചും അവരുടെ വിശ്വാസാവകാശത്തെ ചോദ്യം ചെയ്തും ആരാധനാലയങ്ങള്‍ തകര്‍ത്തും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ സോവിയറ്റ് യൂണിയനിലും മറ്റും നടത്തിയ ഭരണകൂടവിഡ്ഢിത്തരങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ലോകത്ത് ക്രിസ്തീയവിശ്വാസത്തിന്റെ മുഖ്യശത്രുവാണ് കമ്യൂണിസം. സോവിയറ്റ് യൂണിയന്റെ ചാരത്തിനെത്രയോമേലെ ഉയര്‍ന്നുനില്‍ക്കുകകയാണ് ക്രിസ്തീയപള്ളിഗോപുരങ്ങള്‍. വിശ്വാസത്തെ വര്‍ഗീയതയായും അന്ധവിശ്വാസമായും വിശേഷിപ്പിച്ച് പള്ളിക്കും പാട്ടക്കാര്‍ക്കുമെതിരെ വിമോചന സമരത്തെ അപസിച്ചവര്‍ നാലുവോട്ടിനായി ഇന്ന് ഒഴുക്കുന്ന മുതലക്കണ്ണീരില്‍ ആരും അലിയാന്‍ പോകുന്നില്ല. അത്രക്ക് വളര്‍ന്നുകഴിഞ്ഞു, മനുഷ്യാവകാശത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും രംഗത്ത് പുരോഗമനേച്ഛുക്കളുടെ കേരളം. സ്ത്രീസുരക്ഷയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും പ്രകടനപത്രികയില്‍ അതെഴുതിവെക്കുകയും ചെയ്തവര്‍ ലൈംഗിക പീഡകര്‍ക്കുവേണ്ടി വക്കാലത്തെടുക്കുന്ന കാഴ്ച അപമാനമാണ്. ഇനിയെത്രതന്നെ കഴുകിത്തുടച്ചാലും കാലം രേഖപ്പെടുത്തിവെച്ച ഒരു വീരേതിഹാസസമരത്തെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകള്‍ക്ക് ചരിത്രം മാപ്പുനല്‍കാന്‍ പോകുന്നില്ല, തീര്‍ച്ച.

chandrika: