X

നിര്‍ബന്ധിതമാകരുത് സംഭാവനകള്‍

മൂന്നുമാസമായിട്ടും ഗതാഗതം പുനസ്ഥാപിക്കാത്ത കരിഞ്ചോല-പൂവന്‍മല-എട്ടേക്കര്‍ റോഡ്‌

സംസ്ഥാനത്തുണ്ടായ പ്രളയത്തിന് പരിഹാരമായി നടത്തേണ്ട ദുരിതാശ്വാസത്തിനും നിര്‍മാണ ്രപവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങളില്‍നിന്ന് അഹമിഹമികയാ ലഭിക്കുന്ന സംഭാവനകള്‍ക്ക് അവര്‍ക്ക് നന്ദി പറയുന്നതിന് പകരം ഈ സത്പ്രവൃത്തിയെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലുള്ള നെറികെട്ട ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടിലെ പേമാരിയും പ്രളയവും നേരിടുന്നതിന് ലോകത്തെ മലയാളികളും അല്ലാത്തവരുമായി ഇതിനകം 1200 കോടിയിലധികം രൂപയാണ് സംസ്ഥാനഖജനാവിലേക്ക് നല്‍കിയിട്ടുള്ളത്. ഏതാണ്ട് ഇതിന് സമാനമായ അളവില്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റും അവര്‍ കേരളത്തിലെത്തിക്കുകയുണ്ടായി. ഈ മഹാമനസ്‌കരില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പെടും. ഇതിനിടെയാണ് സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിരമിച്ചവരുമായ പത്തു ലക്ഷത്തോളം പേരില്‍ നിന്നായി ഇനിയും തുക പിരിച്ചെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഏതാണ്ട് അഞ്ചു ലക്ഷം പേരാണ് സര്‍ക്കാര്‍ ജീവനക്കാരായി കേരളത്തിലുള്ളത്. അത്രയും തന്നെ വരും പെന്‍ഷന്‍കാരും. 1800 കോടി രൂപയാണത്രെ ഇതുവഴി സര്‍ക്കാരിന് ലഭിക്കുക.
നാല്‍പതിനായിരം കോടിയുടെ നഷ്ടമാണ് കേരളത്തിന് പ്രളയം മൂലമുണ്ടായിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക ഇതിന്റെ രണ്ടിലൊരംശമേ ആകുന്നുള്ളൂ. കണക്കനുസരിച്ച്ാണ് 1210 കോടി രൂപ. ഇതിന്റെ നാലിലൊന്ന് 420 കോടി രൂപ ആദ്യ ഗഡുവായി ദുരിതാശ്വാസത്തിനായി നല്‍കിക്കഴിഞ്ഞു. പുനര്‍നിര്‍മാണത്തിനായി 816 കോടിയും. സര്‍ക്കാര്‍ ആദ്യഗഡുവായി പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെയും പൂര്‍ണമായും കൊടുത്തുതീര്‍ത്തിട്ടുമില്ല. പൊളിഞ്ഞ പാതകളുടെ നവീകരണത്തിന് മാത്രം വേണ്ടത് നാലായിരം കോടി രൂപയാണത്രെ. ഇതും കയ്യിലുള്ള തുകയും കൂടി കണക്കാക്കുമ്പോള്‍ ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല. ഈ സമയത്താണ് കിട്ടിയ തക്കത്തിന് സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ പിഴിയാന്‍ നോക്കുന്നത്.
ദുരന്തത്തിന് ഇരയായവര്‍ക്ക് പ്രഖ്യാപിച്ച ആദ്യ ഗഡു പതിനായിരം രൂപ തന്നെ കൃത്യമായി വിതരണം ചെയ്യാത്ത സര്‍ക്കാറാണ് ജീവനക്കാരില്‍ നിന്ന് പണം പിടിച്ചുവാങ്ങാന്‍ വെമ്പല്‍കൊള്ളുന്നത്. സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെയുള്ള മലയാളികളെല്ലാം തങ്ങള്‍ക്കാകുന്നവിധത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരാണ്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുതല്‍ നാട്ടിലെ വിവിധ സന്നദ്ധ സംഘടനകള്‍ക്കു വരെ വിവിധ ഘട്ടങ്ങളില്‍ സംഭാവന നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളായിട്ടുണ്ട്.
പ്രളയത്തിന് ഇരയായവരുടെ ഇടയില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടെന്നിരിക്കട്ടെ, എളുപ്പം കയ്യിട്ടുവാരാന്‍ കിട്ടുന്ന നിധി എന്ന നിലക്കാണ് സ്വന്തം ജീവനക്കാരുടെ നേര്‍ക്കുള്ള സര്‍ക്കാരിന്റെ ഈ നിര്‍ബന്ധിത സംഭാവനാപിരിവ്. ഒരു മാസത്തെ ശമ്പളമാണ് സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നത്. സെപ്തംബര്‍ മാസത്തെ ശമ്പളമാണിത്. ഈ തുക പൂര്‍ണമായി കൈപ്പറ്റുന്ന ജീവനക്കാര്‍ തുലോം തുച്ഛമാണ്. പലര്‍ക്കും വായ്പവകയിലും മറ്റും പലവിധ പിടുത്തവും കഴിഞ്ഞ് ശമ്പളത്തിലെ പകുതിയോളം തുകയേ വീട്ടിലേക്കെത്തിക്കാനാകൂ എന്നിരിക്കെ അറിഞ്ഞുകൊണ്ട് ഇത്തരമൊരു നിര്‍ബന്ധിതാവസ്ഥ ജീനക്കാരിലും പെന്‍ഷന്‍കാരിലും അടിച്ചേല്‍പിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ തലപ്പത്തുള്ളവരുടെ മനുഷ്യത്വരാഹിത്യത്തെയാണ് പ്രകടമാക്കുന്നത്. പല സര്‍വീസ് സംഘടനകളും ഇതിനകംതന്നെ ഒരുമാസത്തെ ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നതിന് നിര്‍ബന്ധിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ സംഘടനകള്‍ ഇക്കാര്യം സര്‍ക്കാരുമായുള്ള ചര്‍ച്ചയിലും പുറത്ത് പരസ്യമായും ഉന്നയിക്കുകയുണ്ടായി. പെട്രോള്‍, ഡീസല്‍ നിരക്ക് വര്‍ധനയും വിലക്കയറ്റവും മറ്റുംകൊണ്ട് പൊറുതിമുട്ടുന്ന ജീവനക്കാരോടും അവരുടെ കുടുംബങ്ങളോടുമുള്ള ഭീഷണിയായേ ഇതിനെ കാണാന്‍ കഴിയൂ. ജീവനക്കാരില്‍തന്നെ ഉന്നതരായ ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരും പോലും തങ്ങളുടെ ശമ്പളത്തിന്റെ ചെറിയൊരു പങ്ക് നല്‍കാമെന്നാണ് പരോക്ഷമായി പറയുന്നത്. കേരള കേഡറിലുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നല്‍കിയതാകട്ടെ വെറും 500 രൂപ മാത്രവും. ഇനി പത്തു മാസമായി തുല്യതവണകളായി തുക നല്‍കാമെന്നും അല്ലാത്തവര്‍ വിസമ്മതപത്രം എഴുതി നല്‍കണമെന്നും പറഞ്ഞിട്ട്, അതു ചെയ്യാത്തവരെ ജോലിയില്‍ ശിക്ഷാനടപടി സ്വീകരിക്കാനാണോ ഇടതു സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിലെ ഒരുദ്യോഗസ്ഥന്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റത്തിന് വിധേയമായി എന്നത് സംസ്ഥാനം ഭരിക്കുന്നവരുടെ വൈരനിര്യാതനബുദ്ധിയെയാണ് വെളിച്ചത്താക്കിയിരിക്കുന്നത്. ശതകോടികളാണ് പലവിധയിനത്തിലായി സമ്പന്നരും വ്യവസായികളും സര്‍ക്കാരിലേക്ക് കുടിശികയായി നല്‍കാനുള്ളത്. ഇത് പിടിച്ചെടുക്കുന്നതിന് ഈ സര്‍ക്കാരിന് അനക്കവുമില്ല. ഒരു മാസമായിട്ടും ഒന്നും ചെയ്യാനാകാത്ത സര്‍ക്കാരിന് ജനങ്ങളുടെയും ജീവനക്കാരുടെയും പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാനല്ലാതെ കേന്ദ്രത്തില്‍നിന്നും വിദേശത്തുനിന്നും ലഭിക്കേണ്ടതും ഉറപ്പു ലഭിച്ചതുമായ സംഭാവനകള്‍പോലും വാങ്ങിയെടുക്കാനായിട്ടില്ല.
സംസ്ഥാന സര്‍ക്കാറിനെ സാലറി ചലഞ്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ദുരിതാശ്വാസത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയെന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. സ്വകാര്യ ബാങ്കുകള്‍ റവന്യൂ റിക്കവറി നടത്തുന്നതുപോലെ ശമ്പളം പിടിച്ചെടുക്കരുതെന്നാണ് കോടതി പറഞ്ഞത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസത്തിന് വേണമെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവിനെതിരായ ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരു മാസത്തില്‍ കുറഞ്ഞതുക സ്വീകരിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. സംഭാവന നല്‍കാന്‍ തയ്യാറാണെന്നല്ലാതെ, അത് തരാന്‍ സമ്മതമല്ലാത്തവര്‍ അതെഴുതി നല്‍കണമെന്ന സര്‍ക്കാരിന്റെ വിചിത്രവാദം കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. ചെറിയ തുക ശമ്പളമായും പെന്‍ഷനായും കൈപ്പറ്റുന്ന രോഗികളടക്കമുള്ളവരെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ ഈ തീട്ടൂരം പേടിസ്വപ്‌നമാണ്. മന്ത്രിമാരുടെ പ്രതിമാസ വേതനവും ചെറുതുക ശമ്പളംകൈപ്പറ്റുന്ന ജീവനക്കാരുടെ വരുമാനവും തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകളിലുള്ളവര്‍പോലും പൂര്‍ണ മനസ്സോടെയല്ല ഒരുമാസത്തെ ശമ്പളം നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. ഇനി നല്‍കിയവരാകട്ടെ സ്വന്തം സംഘടനയുടെയും പാര്‍ട്ടിയുടെയും സര്‍ക്കാര്‍ എന്ന നിലക്കുമാണ്. ഇതിനുപകരം യു.ഡി.എഫാണ് ഇപ്പോള്‍ ഭരിക്കുന്നതെങ്കില്‍ എത്ര ഇടതു സംഘടനാംഗങ്ങള്‍ ഇത്തരമൊരു മഹാമനസ്‌കത കാട്ടുമായിരുന്നോ എന്നത് ആലോചനാമൃതമാണ്.

chandrika: