റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ ദീനരോദനം കേട്ടുണരുന്ന അസ്വസ്ഥതയുടെ ലോകത്ത് സമാധാനം ഇനിയും അകലെയാണെന്ന് അറിയിക്കുന്നതാണ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നുള്ള ആങ് സാങ് സൂകിയുടെ പിന്മാറ്റം. കണ്‍മുമ്പില്‍ നടക്കുന്ന ക്രൂരമായ മനുഷ്യവേട്ടക്കെതിരെ ഒരക്ഷരം ഉരിയാടാത്ത സൂകിയുടെ പിന്മാറ്റം തന്ത്രപ്രധാനമായ ഒളിച്ചോട്ടമായാണ് ലോകം കരുതുന്നത്. റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ആട്ടിയോടിക്കുകയും കൊന്നുതള്ളുകയും ചെയ്യുന്ന മ്യാന്മര്‍ സേനയെ തലോടുന്ന നിലപാടിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശം കടുത്തതോടെയാണ് 20ന് നടക്കുന്ന യു.എന്‍ പൊതുസഭയില്‍ നിന്ന് സൂകി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവ്വിഷയത്തില്‍ മ്യാന്‍മറില്‍ ഇനിയുമേറെ ചെയ്തുതീര്‍ക്കാനുണ്ടെന്ന ന്യായം നിരത്തിയാണ് ഭരണ കക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) തങ്ങളുടെ നേതാവിന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്. കൂരിരുട്ടു കൊണ്ട് കോട്ട കെട്ടി സ്വയം രാജാവ് ചമയുന്ന ഈ കൗശലം തിരിച്ചറിയാന്‍ മാത്രം മൗഢ്യമാണ് ലോക മന:സാക്ഷിയെന്നാണ് മ്യാന്‍മറിന്റെ വിചാരം. ഒരു ജനതയെ വേരോടെ പിഴുതെറിയുന്നതിന്റെ വേദന പേറുന്ന ലോകത്തിനു മുമ്പില്‍ ഈ ചെപ്പടി വിദ്യകൊണ്ട് അവര്‍ എത്ര കാലം പിടിച്ചുനില്‍ക്കുമെന്ന് കണ്ടറിയണം. നഗ്നമായ മനുഷ്യാവകാശ ലംഘനത്തിനെതിരെ ഐക്യരാഷ്ട്ര സഭ ഇടപെട്ടിട്ടു പോലും ധാര്‍ഷ്ട്യം തുടരുന്ന മ്യാന്‍മര്‍ ഭരണകൂടം പൊറുക്കാനാവാത്ത പാതകമാണ് ചെയ്തുകൂട്ടുന്നത്.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആങ് സാങ് സൂകിയുടെ നാട്ടില്‍ ഭരണകൂടം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളോട് ചെയ്യുന്ന ക്രൂരതകള്‍ കേട്ട് മനുഷ്യത്വമുള്ളവരുടെ മനസ് മരവിച്ചിരിക്കുകയാണ്. മുസ്‌ലിംകളെ തെരഞ്ഞുപിടിച്ചു നാടുകടത്തുകയും കുട്ടികളെപ്പോലും ചുട്ടുകൊല്ലുകയും സ്ത്രീകളെ മൃഗീയമായി പീഡിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് യാതൊരു ലജ്ജയുമില്ലാതെ ഇതെല്ലാം ജനാധിപത്യത്തിന്റെ പുന:ക്രമീകരണമായി വ്യാഖ്യാനിക്കുകയാണവര്‍. കൂട്ടക്കുരുതിയും അഭയാര്‍ഥി പ്രവാഹവും തടയാതെ ഭരണകൂടം സൈന്യത്തെ പാലും തേനും നല്‍കി പരിപാലിക്കുന്നു. എന്നാല്‍ പിറന്ന നാട്ടില്‍ പ്രാണനു വേണ്ടി പിടയുന്ന റോഹിന്‍ഗ്യന്‍ ജനതയെ പീഡനപര്‍വത്തില്‍ പിച്ചിച്ചീന്തുന്ന പട്ടാളത്തെ പിടിച്ചുകെട്ടാന്‍ ഐക്യരാഷ്ട്ര സഭ അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നുവെന്നു ലോകം ഉറക്കെ പറയാന്‍ തുടങ്ങിയിരിക്കുന്നു.
തന്റെ കണ്‍മുമ്പില്‍ വച്ച് അഞ്ചു മക്കളെയും സൈന്യം ചുട്ടുകൊന്നുവെന്നു വിലപിച്ചാണ് റോഹിന്‍ഗ്യന്‍ വനിത കഴിഞ്ഞ ദിവസം അഭയാര്‍ഥി ക്യാമ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വിതുമ്പിയത്. ഭര്‍ത്താവിനെ അടിച്ചുകൊല്ലുന്നതിനും രണ്ടു പെണ്‍മക്കളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നതിനും നൂര്‍ ആയിശ എന്ന നാല്‍പതുകാരി മൂകസാക്ഷിയാകേണ്ടി വന്നു. ദേഹമാസകലം തീകത്തിപ്പടര്‍ന്ന മക്കളുടെ ആര്‍ത്തനാദമുയരുന്ന വീട്ടുമുറ്റത്തിട്ട് ആയിശയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു പട്ടാള വേഷധാരികളായ ആ കാപാലികര്‍. കൃത്യമായ വംശഹത്യയാണ് സൈന്യം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തിയതു പോലെ മ്യാന്‍മര്‍ മുസ്‌ലിംകള്‍ക്കു നേരെ നടക്കുന്ന സംഘടിതമായ വംശീയ ഉന്മൂലനം.
കഴിഞ്ഞ ഒക്ടോബര്‍ 11,12 തീയതികളില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ക്യാരിപരങ്ങില്‍ 256 പേരെയാണ് കൊന്നൊടുക്കിയത്. ഈ രണ്ടുദിവസം മാത്രം നൂറിലേറെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി. നാല്‍പതിലേറെ പേരെയാണ് പട്ടാളം ചുട്ടുകൊന്നത്. ഈ നെറികെടുകള്‍ക്ക് കുടപിടിക്കുകയും സൈന്യത്തെ ന്യായീകരിക്കുകയും ചെയ്യുന്ന സൂകിയില്‍ നിന്ന് നൊബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന് ലോകം ഒന്നടങ്കം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
റാഖൈന്‍ സ്റ്റേറ്റില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ മ്യാന്മര്‍ സേന കൂട്ടക്കൊല ചെയ്യുകയും ആട്ടിയോടിക്കുകയും ചെയ്യുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം ഭരണാധികാരി എന്ന നിലയില്‍ ആങ് സാങ് സൂകിക്കു തന്നെയാണ്. കഴിഞ്ഞ ആഗസ്റ്റ് 25ന് തുടങ്ങിയ തീവ്രമായ അക്രമങ്ങളില്‍ ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ കൊലചെയ്യപ്പെടുകയും നാടു കടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. വിശ്വപ്രസിദ്ധ സമാധാന പുരസ്‌കാരം നേടിയ നേതാവിന്റെ നാട്ടിലാണ് ഈ നരനായാട്ട് നടക്കുന്നത്. ഒരു ഗ്രാമം പോലും ഒഴിയാത്ത വിധമാണ് മുസ്‌ലിംകളെ വേരോടെ പിഴുതെറിയുന്നത്. അന്തര്‍ദേശീയ സമൂഹങ്ങളെല്ലാം മ്യാന്മറിലെ പീഢിത സമൂഹത്തിന്റെ ജീവന്റെ കാര്യത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുമ്പോഴാണ് സൂകി ഒളിച്ചുകളി തുടരുന്നത്.
യൂറോപ്പിനും അമേരിക്കക്കും ഒരുപോലെ സ്വീകാര്യയായ സൂകിയുടെ അപകടകരമായ മൗനം തികഞ്ഞ വംശീയ വെറുപ്പാണെന്ന കാര്യം പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. 2013ല്‍ മ്യാന്മറിലെ മുസ്‌ലിം കൂട്ടക്കൊലകളെ കുറിച്ച് ബി.ബി.സി റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ‘ഞാന്‍ മുസ്‌ലിംകളാല്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഒരാളും എന്നോട് പറഞ്ഞിട്ടില്ല’ എന്ന നിസ്സംഗ ഭാവത്തോടെ ഒഴിഞ്ഞു മാറുകയായിരുന്നു സൂകി.
മ്യാന്‍മറിലെ തെക്കന്‍ പ്രവിശ്യയായ അറക്കാന മേഖലയില്‍ തനിക്ക് വിജയക്കൊടി പാറിപ്പിക്കാന്‍ വെമ്പല്‍കൊണ്ട ജനതയെ തന്നെയാണ് സൂകി ഇന്ന് കുറ്റകരമായ മൗനത്തിലൂടെ വേട്ടയാടുന്നത്. മ്യാന്മറിന്റെ മണ്ണിനും മനസിനും അവകാശപ്പെട്ട റോഹിന്‍ഗ്യന്‍ ജനതയെ കുടിയേറ്റക്കാരായി ചിത്രീകരിക്കുന്ന ഭരണകൂടത്തെ തിരുത്താന്‍ സൂകിക്ക് ധാര്‍മികമായ കടപ്പാടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികള്‍ എന്ന കാരണം നിരത്തിയാണ് അടിസ്ഥാന അവകാശങ്ങള്‍ പോലും അവര്‍ക്കു മേല്‍ നിഷേധിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ട ജനത റോഹിന്‍ഗ്യന്‍ ജനതയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അമ്പതു വര്‍ഷമായി പലതരത്തില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ മ്യാന്‍മര്‍ ഭരണകൂടത്തില്‍ നിന്നും തീവ്ര ബുദ്ധിസ്റ്റുകളില്‍ നിന്നും കഠിനമായ പീഢനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കണ്ടും കേട്ടും കഴിയുന്ന സമാധാനത്തിന്റെ വെള്ളരിപ്രാവിന് എങ്ങനെ നാവടക്കിപ്പിടിച്ച് കൂട്ടിലൊതുങ്ങാനാവും? നട്ടെല്ലു നിവര്‍ത്തി നീതിക്കു വേണ്ടി നിലകൊള്ളാനാവില്ലെങ്കില്‍ ഇതിലും ഭേദം വനവാസമാണ്.
- 7 years ago
chandrika
Categories:
Video Stories