‘കേന്ദ്ര ഏജന്‍സിയുടെ ചോദ്യംചെയ്യലിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ മന്ത്രി കെ.ടി ജലീലിന് മനസ്സില്ല. കേന്ദ്ര മന്ത്രിയും മാധ്യമങ്ങളും നുണ പറയുമ്പോള്‍ ചില ചെറിയ നുണയൊക്കെ മന്ത്രി പറഞ്ഞെന്നുവരും. നിങ്ങള്‍ വേണെങ്കില്‍പോയി കേസ് കൊടുത്തോളൂ. പറയാന്‍ മനസ്സില്ല!’ സ്വര്‍ണക്കടത്തുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദ്യംചെയ്ത കേരള ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി ജലീല്‍ എന്തുകൊണ്ട് മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല എന്ന ഏതൊരു പൗരന്റെയും മനസ്സിലുള്ള ചോദ്യമാണ് കഴിഞ്ഞരാത്രി ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി.പി.എമ്മിന്റെ പ്രതിനിധിയോട് ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്.
അതിന് മുന്‍എം.പിയും സി.പി.എം സംസ്ഥാന സമിതിയംഗവുമായ എന്‍. എന്‍ കൃഷ്ണദാസ് പറഞ്ഞ മറുപടിയാണ് മേലുദ്ധരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും ഒരു മന്ത്രിയും മറ്റൊരു മന്ത്രിയുടെ പുത്രനും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പുത്രനും ഉള്‍പ്പെട്ട സ്വര്‍ണക്കടത്തു കേസില്‍ തങ്ങളെ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളോടാണ് സി.പി.എമ്മിന്റെ ഉന്നതനായ ഒരു നേതാവിന്റെ ഈപ്രതികരണം. ജനാധിപത്യത്തില്‍ ജനങ്ങളോടാണ് സര്‍വ ഉത്തരവാദിത്തങ്ങളും എന്ന് പറയുകയും അതിനുവേണ്ടി വാദിക്കുകയും ചെയ്യുന്നൊരു പാര്‍ട്ടിയുടെ കള്ളം പിടിക്കപ്പെട്ടതിന്റെ ഗതികേടാണ് പ്രസ്താവനയില്‍ മുഴച്ചുനില്‍ക്കുന്നത്. അധികാരത്തിലെത്തിയാല്‍ അഴിമതി തുടച്ചുനീക്കുമെന്നും പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും തേനുംപാലും ഒഴുക്കുമെന്നും പറഞ്ഞവരുടെ തനി നിറമാണ് ഇവിടെ ചുരുളഴിഞ്ഞ് മലക്കെ കിടക്കുന്നത്. ഇനിയും അധികാര കുഞ്ചിക പദവികളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ശ്രമിക്കാതെ എത്രയും പെട്ടെന്ന് അധികാരക്കസേരകള്‍ വിട്ടൊഴിയുകയാണ് ജനങ്ങളോട് കൂറുള്ള ഒരു കക്ഷിയും മുന്നണിയും ചെയ്യേണ്ടതെങ്കില്‍ അത് ഈ മുന്നണിയില്‍നിന്നും സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്നത് മേല്‍പശ്ചാത്തലത്തില്‍ തീര്‍ത്തും അബദ്ധമാകും.
ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും അതാവര്‍ത്തിച്ച മന്ത്രി ജലീലും ഏതാനും ദിവസങ്ങളായി സ്വയം പ്രഖ്യാപിത മൗനക്വാറന്റീനിലാണ്. ജനങ്ങളോട് മറുപടി പറയേണ്ട സര്‍ക്കാരിലെ രണ്ട് ഉത്തരവാദിത്തപ്പെട്ടവരുടെ കാര്യമിതാണെങ്കില്‍പിന്നെ കേസിലുള്‍പ്പെട്ട മന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും മറ്റും നിലപാട് എന്തായിരിക്കുമെന്ന് ന്യായമായും ഊഹിക്കാവുന്നതേ ഉള്ളൂ. യു.എ.ഇ കോണ്‍സുലേറ്റ് മുഖേന നിരന്തരമായി തിരുവനന്തപുരം വിമാനത്താവളംവഴി സ്വര്‍ണം കടത്താറുണ്ടെന്ന വിവരമാണ് 15 കിലോ സ്വര്‍ണം പിടികൂടപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിനും എന്‍.ഐ.എക്കും ഇ.ഡിക്കുമൊക്കെ വ്യക്തമായിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്മുമ്പ് ക്ലീന്‍ചിറ്റ് നല്‍കിയ സര്‍ക്കാരും സി.പി.എമ്മും ഇപ്പോള്‍ പതുക്കെപ്പതുക്കെ സ്വരം മാറ്റുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പുപോലെ ജനങ്ങള്‍ പരിപാവനമായി കാണുന്നൊരു വകുപ്പിന്റെ തലപ്പത്തിരുന്നുകൊണ്ട് മന്ത്രി ജലീല്‍ കാട്ടിക്കൂട്ടിയ നിരവധി ക്രമക്കേടുകളുടെയും അഴിമതികളുടെയും മറ്റൊരു അധ്യായമാണ് കോണ്‍സല്‍ ജനറലിനുവേണ്ടിയെന്ന പേരില്‍ എംബസി ബാഗേജില്‍ യു.എ.ഇയില്‍നിന്ന് സാധനങ്ങളെത്തിച്ചത്.
അതില്‍ വിശുദ്ധ ഖുര്‍ആനായിരുന്നുവെന്ന് വാദങ്ങളെല്ലാം അടിമുടി സംശയത്തിനു നിഴലിലായിരിക്കവെയാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മന്ത്രിയെ ചോദ്യംചെയ്തത്. കേരളത്തിന്റെ ചരിത്രത്തിലിന്നുവരെ ഉണ്ടാകാത്ത രീതിയിലാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തതെന്നിരിക്കെ അക്കാര്യം വെളിപ്പെടുത്താന്‍ പോയിട്ട് സമ്മതിക്കാന്‍പോലും സര്‍ക്കാരോ മന്ത്രിയോ കൂട്ടാക്കിയില്ല. എന്തിനായിരുന്നു ജനങ്ങളോടുള്ള മന്ത്രിയുടെ ഈ ഒളിച്ചുകളി. മുഖ്യമന്ത്രി തന്നെ വിളിച്ചുവെന്നാണ് മന്ത്രി ജലീലിപ്പോള്‍ പറയുന്നത്. അതിനര്‍ഥം കേസില്‍ മുഖ്യമന്ത്രിക്കും എന്തെല്ലാമോ മറച്ചുവെക്കാനുണ്ടെന്നല്ലേ? അതെന്താണെന്ന് വെളിപ്പെടുത്താനുള്ള സാങ്കേതികവും ധാര്‍മികവുമായ ബാധ്യതയെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. വ്യവസ്ഥാപിത മാധ്യമങ്ങളോടൊന്നും ഇതുവരെയും സംസാരിക്കാനോ അവരെ കാണാനോ മന്ത്രിയോ മുഖ്യമന്ത്രിയോ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ജനത്തിന് ന്യായമായും ഊഹിക്കാവുന്നതേ ഉള്ളൂ. മടിയില്‍ കനമുണ്ടെന്നുതന്നെയാണതിന് കാരണം. സത്യം ജയിക്കുമെന്ന ഒഴുക്കന്‍ പ്രസ്താവന ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിവിട്ട് അനങ്ങാതിരിക്കുകയല്ല ജനാധിപത്യ വ്യവസ്ഥയില്‍ ഒരു ഭരണാധികാരി ചെയ്യേണ്ടത്. പ്രധാനമന്ത്രിയെക്കുറിച്ച് സി.പി.എം ഉന്നയിക്കുന്ന ആരോപണമാണ് അദ്ദേഹം മാധ്യമങ്ങളോട് കാര്യങ്ങള്‍ സംസാരിക്കുന്നില്ല എന്നത്. സ്വര്‍ണക്കടത്തുകേസ് വന്നതുമുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലിരുന്ന് ചെയ്യുന്നതും ഇതൊക്കതന്നെ.
കേസില്‍ വ്യവസായ വകുപ്പുമന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ പുത്രന്‍ സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌നസുരേഷുമായി പണമിടപാടുകള്‍ നടത്തിയെന്നും കൂടെനിന്ന് ഫോട്ടോയെടുത്തുവെന്നുമൊക്കെയാണ് കേന്ദ്ര ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെതന്നെയാണ് മന്ത്രിയുടെ ഭാര്യ ഇന്ദിര താന്‍ മുമ്പ് ജോലി ചെയ്തിരുന്ന കേരള ബാങ്കിന്റെ കണ്ണൂര്‍ ജില്ലാശാഖയില്‍ചെന്ന് ലോക്കറില്‍നിന്ന് എന്തൊക്കെയോ എടുത്തുകൊണ്ടുപോയെന്ന വാര്‍ത്തയും. മന്ത്രിക്കും മന്ത്രിയുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പ് ക്വാറന്റീന്‍ കാലത്താണ് മന്ത്രി പത്‌നി ബാങ്കിലെത്തിയതെന്നാണ് വിവരം. മുഖ്യമന്ത്രിക്കും മന്ത്രി ജലീലിനും പോലെ മന്ത്രിജയരാജനും ചിലത് ഒളിക്കാനുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്തിന്റെ കഴിഞ്ഞകാല നാള്‍വഴികള്‍ ഓരോന്നും ചികയുമ്പോള്‍ സി.പി.എമ്മും സര്‍ക്കാരും പറഞ്ഞതുപോലെ, മുസ്‌ലിംലീഗിലേക്കും യു.ഡി.എഫിലേക്കുമൊന്നുമല്ല, സി.പി. എം ആസ്ഥാനത്തേക്കും നേതാക്കളുടെ വീടുകളിലേക്കുമാണ് അഴിമതിയുടെ കറുത്ത പണക്കെട്ടുകള്‍ ചെന്നിട്ടുള്ളതെന്ന് തെളിയുന്നു.
പ്രതിപക്ഷവും യുവജന സംഘടനകളും നിരത്തുകളില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കെ ക്വാറന്റീന്റെപേരില്‍ അടച്ചിരിക്കുന്നതിനെ അവസരമായി കാണുകയാണ് മുഖ്യമന്ത്രിയെന്നുതോന്നുന്നു. സ്വര്‍ണക്കടത്തില്‍ മാത്രമല്ല, പാവങ്ങളുടെ ഭവന സ്വപ്‌നത്തെപോലും വിറ്റ് പോക്കറ്റിലിട്ട സര്‍ക്കാരിന് ഇനിയും ജനം മാപ്പുനല്‍കുമെന്ന് കരുതുന്നത് അവരുടെ വിവേകത്തെ കുറച്ചുകാണലാണ്. ഖുര്‍ആന്‍ എത്തിച്ചുവെന്നുപറഞ്ഞ് ജനങ്ങളെയും സര്‍ക്കാര്‍-ജനാധിപത്യ സംവിധാനങ്ങളെയും കൊച്ചാക്കുകയാണ് സര്‍ക്കാര്‍സ്ഥാപനത്തില്‍ അനധികൃതമായി പിതൃസഹോദര പുത്രനെ നിയമിച്ച് വിവാദമായപ്പോള്‍ രാജിവെപ്പിച്ച കൊച്ചാപ്പ. ടിയാനെ കയ്യോടെ പിടിച്ചുപുറത്താക്കാന്‍ മുഖ്യമന്ത്രിക്കും സി.പി. എമ്മിനുമുള്ള മടിക്ക് കാരണം അവിടംകൊണ്ട് രാജി അവസാനിക്കുന്നില്ലെന്നതിനാലാണ്. മതത്തെയും വിശുദ്ധഗ്രന്ഥത്തെയും തന്റെ സ്വാര്‍ത്ഥലാഭത്തിനായി ദുരുപയോഗം ചെയ്യുന്ന മന്ത്രി ജലീലും പിണറായി സര്‍ക്കാരും വിശ്വാസികളെ കൂടിയാണ് പരിഹസിക്കുന്നതെന്ന് മറക്കരുത്. പെരും കള്ളങ്ങളുടെ ഭണ്ഡാരക്കെട്ടിനുമുകളില്‍ ഇനി അധികകാലം ഇരിക്കാമെന്നു കരുതേണ്ട.