‘തിരസ്‌കൃതരും ഭവനരഹിതരും പ്രതീക്ഷയറ്റവരുമായ ജനതക്ക് താങ്ങാകുകയാണ് അന്തിമമായി നാം ലക്ഷ്യമിടുന്നത്. ലോകത്തെ ഏതു മുക്കിലുമുള്ള മനുഷ്യര്‍ക്കും അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും കഴിയാവുന്ന അവസ്ഥയുണ്ടാകണം.’ ഒരു നൊബേല്‍ സമാധാനസമ്മാന ജേതാവിന്റെ ഈ വാക്കുകളില്‍ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി ആര്‍ക്കും തോന്നുന്നുണ്ടാവില്ല. 2010ല്‍ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കപ്പെട്ട് വിമാനത്തിലെത്തിയശേഷം നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയില്‍ മ്യാന്മാര്‍ ജനാധിപത്യപോരാളി ഓങ് സാന്‍ സൂചിയാണ് എഴുതിത്തയ്യാറാക്കിയ മേല്‍പ്രസ്താവന വായിച്ചത്. കൃത്യം എട്ടു വര്‍ഷത്തിനുശേഷം ഇപ്പോള്‍ ഈ വാക്കുകള്‍ കൂടി കേള്‍ക്കാം. ‘പ്രത്യാശയുടെയും ധീരതയുടെയും മനുഷ്യാവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെയും പ്രതീകമായി സൂചിയെ കാണാനാകില്ലെ’ന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി സൂചിക്ക് നല്‍കിയ തങ്ങളുടെ പരമോന്നത ബഹുമതി പിന്‍വലിച്ചുകൊണ്ട് ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുന്നു. ലോകത്തെ ഉന്നത മനുഷ്യാവകാശ പോരാളിയെന്ന പദവി മ്യാന്മാര്‍ ഭരണാധികാരിയില്‍നിന്ന് എടുത്തുമാറ്റിയിരിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആശ്വാസമല്ലാതെ മറ്റൊരു വികാരവും തോന്നാത്തത് എന്തുകൊണ്ടാണ്? 2009ല്‍ സൂചിക്ക് നല്‍കിയ അംബാസഡര്‍ ഓഫ് കോണ്‍ഷ്യന്‍സ് പദവിയാണ് ആംനസ്റ്റി തിരിച്ചെടുത്തിരിക്കുന്നത്. ലോകത്ത് സ്വേച്ഛാധിപതികള്‍ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ അധികാരത്തിലേറിയ വ്യക്തിതന്നെ സ്വേച്ഛാധിപത്യത്തിന്റെ കിരീടം സ്വയം എടുത്തണിയുക എന്നത് അത്യപൂര്‍വതയാണ്. അതാണ് സൂചി എന്ന കപട നാട്യക്കാരിയിലൂടെ ലോകജനത കാണുന്നത്. ഈ കിരീടം പക്ഷേ എത്രകാലത്തേക്കെന്നേ ഇനി അറിയാനുള്ളൂ. ‘എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന പദവിയിലാണവരിപ്പോള്‍. മിണ്ടാതിരിക്കുന്നതിനേക്കാള്‍ സ്വയം രാജിവെച്ചുപോകുകയാണ് അവര്‍ക്ക് നല്ലത്.’-2018 ആഗസ്റ്റ് അവസാനവാരത്തില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് യു.എന്‍ മനുഷ്യാവകാശസമിതി തലവന്‍ സയ്യിദ് റാദ് അല്‍ഹുസൈന്‍ മ്യാന്‍മാര്‍ നേതാവും സൂചിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.
മനുഷ്യകുലത്തെ മുഴുവന്‍ ഭയപ്പെടുത്തുന്നതും ലജ്ജിപ്പിക്കുന്നതുമായ വംശീയക്രൂരതകളാണ് മ്യാന്‍മാറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അധികാരം ഇപ്പോഴും സൈന്യത്തിനാണെങ്കിലും ദരിദ്രരില്‍ ദരിദ്രരായ പത്തു ലക്ഷത്തോളം റോഹിംഗ്യന്‍ മുസ്‌ലിംകളെ ആട്ടിപ്പായിക്കുകയും അവരില്‍ നിരവധി പേരെ കുരുതികൊടുക്കുകയും ചെയ്ത സൈനിക കാട്ടാളത്തത്തിനെതിരെ ചെറുവിരലനക്കാന്‍ പോയിട്ട് അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഈ പഴയ മനുഷ്യാവകാശ-ജനാധിപത്യപോരാളി സ്വീകരിച്ചിരിക്കുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും രാജ്യത്തെ ജനാധിപത്യവിരുദ്ധ പട്ടാള ഭരണത്തിനെതിരെ സ്വജീവിതം ത്യജിച്ചും വീട്ടുതടങ്കലില്‍ കിടന്ന് രക്തരഹിതമായി പോരാടിയ നേതാവെന്ന നിലയിലാണ് ലോകത്തിന്റെ പ്രശംസയും അംഗീകാരവും സൂചി പിടിച്ചുപറ്റിയത്. സ്വാഭാവികമായും 1991ല്‍ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ നൊബേല്‍ സമ്മാനവും സമാധാനത്തിന്റെ പേരില്‍ ഇവരെ തേടിയെത്തി. ഇപ്പോള്‍ 73 വയസ്സുള്ള സൂചി പക്ഷേ സ്വന്തം രാജ്യത്തെ രാഖൈന്‍ പ്രവിശ്യയിലെ ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ നരകയാതന അനുഭവിക്കുമ്പോള്‍ ആ അമൂല്യമായ നൊബേല്‍ പട്ടവും കക്ഷത്ത് കെട്ടിപ്പിടിച്ച്് അധികാരാസനത്തില്‍ അമര്‍ന്നിരിക്കുകയാണ്; അഗ്നിഗോളങ്ങളും രക്തപ്പുഴകളും തുടച്ചുമാറ്റിയ പൗരത്വം നിഷേധിക്കപ്പെട്ട സ്വന്തം പൗരന്മാരുടെ വേദനകളില്‍ തരിമ്പുപോലും മനശ്ചാഞ്ചല്യമില്ലാതെ. കഴിഞ്ഞവര്‍ഷം നടന്ന കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ യു.എന്‍ സെക്രട്ടറി കോഫി അന്നന്‍ ആണ് മ്യാന്മാറിലെത്തിയത്. കൂട്ടക്കൊലയെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന യു.എന്‍ നിര്‍ദേശം പുച്ഛത്തോടെ തള്ളിക്കളയുകയായിരുന്നു സൂചി. സൂചിയുടെ നടപടികളിലൂടെ ഇപ്പോള്‍ തെളിയുന്ന ഒരുകാര്യം അവരുടെ പൂര്‍വ നിലപാടുകളെല്ലാം സ്വന്തം രാജ്യത്തിനുവേണ്ടിയായിരുന്നില്ലെന്നും സ്വന്തം സമുദായത്തിനും അധികാരത്തിനും മാത്രം വേണ്ടിയായിരുന്നുവെന്നാണ്. ബുദ്ധമത വിശ്വാസിയായ സൂചി ഗൗതമബുദ്ധന്റെ ആശയങ്ങളാണോ ഇപ്പോള്‍ പിന്തുടരുന്നതെന്ന് സംശയിക്കുന്നവരുണ്ട്. വംശീയ അതിക്രമങ്ങള്‍ക്ക് പേരു കേട്ടവരാണ് മ്യാന്‍മാര്‍ പട്ടാളം. അതിന് പിന്തുണ നല്‍കുന്നവരില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ബുദ്ധമതവിശ്വാസികളും സന്യാസിമാരുമുണ്ട്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികള്‍ക്ക് ഏതാണ്ട് സമാനമാണ് മ്യാന്മാറിലെ ഭൂരിപക്ഷം ബുദ്ധമതക്കാരും. പട്ടാളത്തില്‍നിന്ന് നാമമാത്രമായ അധികാരമേ സൂചിക്ക് നേടാനായിട്ടുള്ളൂവെന്നാണ് പറയപ്പെടുന്നതെങ്കിലും പരിമിതമായ ആ അധികാരംപോലും തന്റെ ജനതയിലെ പാര്‍ശ്വവല്‍കൃത വിഭാഗത്തിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് ആകാത്തതെന്തുകൊണ്ടാണെന്നാണ് സൂചിയെ പഴയകാലത്തെല്ലാം പിന്തുണച്ച മനുഷ്യാവകാശപ്രവര്‍ത്തകരും എഴുത്തുകാരുമൊക്കെ ചോദിക്കുന്നത്. ഇതിന് സൂചിയുടെ മറുപടി പലപ്പോഴും മൗനമാണെന്നതാണ് കൗതുകകരം.
2017 ആഗസ്റ്റ് 25ന് മ്യാന്മാര്‍ പട്ടാളം റോഹിംഗ്യര്‍ക്കുനേരെ നടത്തിയ സൈനിക വേട്ടയില്‍ തീയില്‍പെട്ട് നൂറുകണക്കിന്് ജീവനുകളാണ് കത്തിയമര്‍ന്നത്. കുഴിച്ചുമൂടപ്പെട്ട ജീവനുകള്‍ നിരവധി. പത്തുലക്ഷത്തോളം പേരാണ് നാടുവിട്ടത്. 7,20, 000 പേരെന്ന് യു.എന്നിന്റെ മാത്രം കണക്ക്. സമീപത്തെ ബംഗ്ലാദേശിലേക്കും ഓസ്‌ത്രേലിയയിലേക്കുമൊക്കെയായി കിട്ടിയ ബോട്ടുകളില്‍ രാപ്പകലില്ലാതെ പലായനം ചെയ്യുന്ന റോഹിംഗ്യന്‍ മുസ്്‌ലിംകളുടെ കദനകഥ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ സഹിതം ലോകത്തിന് മുമ്പാകെ മാധ്യമങ്ങള്‍ പകര്‍ത്തി നല്‍കിയിരുന്നു. നാലു ലക്ഷത്തോളം റോഹിംഗ്യന്‍ മുസ്്‌ലിംകളാണ് ബംഗ്ലാദേശില്‍ മാത്രമുള്ളത്. ഇന്ത്യയില്‍ ഏതാണ്ട് നാല്‍പതിനായിരവും. ഇവരില്‍ തീവ്രവാദികളുണ്ടെന്നും ഇവരെ തിരിച്ചയക്കുമെന്നും മോദി സര്‍ക്കാര്‍ പറയുമ്പോള്‍ അവരുമായി നല്ലബന്ധം സ്ഥാപിച്ചിരിക്കുകയാണ് സൂചി. അപ്പോള്‍ സൂചിയുടെ ഉള്ളിലിരിപ്പ് മനസ്സിലാകും. തികഞ്ഞ മുസ്്‌ലിം വിരുദ്ധമനസ്സാണ് മോദിയുടെയും സൂചിയുടെയും ഉള്ളിലെന്നതാണത്. ലോകം കണ്ടതില്‍വെച്ചേറ്റവും വലിയ വംശീയ കൂട്ടക്കുരുതിയാണ് മ്യാന്‍മാര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്നതെന്ന് യു.എന്‍ മനുഷ്യാവകാശസംഘടന വിലയിരുത്തിയിട്ടുണ്ട്. മോദിയുടെ നടപടികളെപോലും യു.എന്‍ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി.
മ്യാന്മാറിലേത് വംശീയകലാപമല്ലെന്നാണ് സൂചി ഇപ്പോള്‍ പറയുന്നത്. നൊബേല്‍ സമാധാനജേതാവ് എന്ന നിലയിലല്ല ഇപ്പോള്‍ അവര്‍ അറിയപ്പെടുന്നത്. തന്റെ രാജ്യത്തെ വംശീയ ഉന്മൂലനത്തിനെതിരെ ചെറുവിരലനക്കാത്ത അധികാരിയെന്ന നിലയിലാണ്. അതുകൊണ്ട് തനിക്ക് ചേരാത്ത ആ അലങ്കാര പദവി തിരിച്ചേല്‍പിക്കാന്‍ സൂചി സത്യസന്ധത കാട്ടണം. ആംനസ്റ്റിയോടും മദര്‍തെരേസയോടും മലാല യൂസഫ്‌സായിയോടും നാദിയമുറാദിനോടുമൊക്കെയുള്ള ആദരവാകുമത്.
- 6 years ago
chandrika
Categories:
Video Stories