താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്നത് ഏതെങ്കിലുമൊരു വ്യക്തിക്ക് സ്വീകരിക്കാന്‍ കഴിയുന്ന നിലപാടാണ്. ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നയിക്കുന്ന ഒരു ജനാധിപത്യ ഭരണകൂടത്തിന് അത്തരമൊരു നയം സ്വീകരിക്കാമോ എന്നതാണ് കേരളത്തിലിപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സുപ്രധാന ചോദ്യം. ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ സെപ്തംബര്‍ 28ലെ ഉത്തരവ് നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുകയോ അല്ല, മറിച്ച് വ്യാപകമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അവധാനതയോടെ വിധിയെ എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുന്നതിനുപകരം കോടതിവിധി എന്തുവന്നാലും നടപ്പാക്കുമെന്ന പിടിവാശിയാണ് ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. സമൂഹത്തെക്കുറിച്ചുള്ള അജ്ഞതയും ശുദ്ധ ധിക്കാരവുമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ.
സുപ്രീംകോടതിവിധി ചോദ്യം ചെയ്ത് 50 പുന:പരിശോധനാഹര്‍ജികളും നാല് റിട്ട് ഹര്‍ജികളും കോടതിക്ക് മുമ്പാകെ ഇതിനകം എത്തിയിട്ടുണ്ട്. അതിന്മേല്‍ വീണ്ടുമൊരു പരിശോധന ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുന്നതിലേക്കായി ജനുവരി 22ലേക്ക് അവ മാറ്റിവെച്ചിരിക്കുകയാണ്. സെപ്തംബര്‍ 28ലെ വിധി സ്റ്റേ ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. 12 വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ കോടതിയെടുത്തൊരു തീരുമാനം റിവ്യൂഹര്‍ജി കൊണ്ട് സ്റ്റേ ചെയ്യാന്‍ കോടതിക്കാവില്ലെന്നാണ് അത് വ്യക്തമാക്കുന്നത്. കോടതിവിധി നാട്ടുകാര്‍ക്കും നാടിനും എന്തു സംഭവിച്ചാലും നടപ്പാക്കണമെന്ന് അതിനര്‍ത്ഥമില്ല. അങ്ങനെയെങ്കില്‍ പുന:പരിശോധനാഹര്‍ജികളിന്മേല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ ഉന്നത ന്യായാധിപന്മാര്‍ തീരുമാനിക്കില്ലായിരുന്നു. ഈ സാഹചര്യവും കോടതിയുടെ മനസ്സും തിരിച്ചറിയാന്‍ കഴിയാത്തതാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പരാജയം. സര്‍ക്കാരില്‍ വിശ്വാസികള്‍ക്കും ജനങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല.
ഇടതുപക്ഷ കക്ഷികള്‍ പ്രത്യേകിച്ചും കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന സര്‍ക്കാരിന് വിശ്വാസികളുടെയും വിശിഷ്യാ ശബരിമലയുടെയും കാര്യത്തില്‍ ചില അജണ്ടകളുണ്ടെന്നും അതിനുള്ള അവസരമാണ് അവരിപ്പോള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതെന്നും വിശ്വാസികളും ജനങ്ങളാകെയും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. കേവലം ശുദ്ധാത്മാക്കളാണ് കോടതി വിധി നടപ്പാക്കുമെന്ന് പറയുന്നതെന്ന ്‌വിശ്വാസിക്കാനും പ്രയാസമുണ്ട്. കാരണം ഭരിക്കുന്ന ഒന്നാം കക്ഷിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് വിശ്വാസികള്‍ക്കെതിരാണെന്നതാണത്. വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ അനുകൂലമാണെന്ന് പറയുമ്പോള്‍ തന്നെയാണ് ശബരിമല ക്ഷേത്രത്തിലെ സുപ്രധാനമായ ഒരു ആചാരം പാടില്ലെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ പരസ്യമായ നിലപാടെടുത്തത്. ഈനയം തന്നെയാണ് അവര്‍ കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴത്തെ പിണറായി സര്‍ക്കാരിന്റെ കാലത്തും കോടതിയെ ബോധ്യപ്പെടുത്തിയതും. അപ്പോള്‍ കേവലം കോടതിവിധി നടപ്പാക്കുകയെന്ന ഭരണഘടനാബാധ്യത നിറവേറ്റുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം കേട്ട് ചിരിക്കാനേ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കഴിയൂ. സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഇതോടെ ശരിവെക്കപ്പെടുകയാണ്. സുപ്രീംകോടതി വിധിയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള യുവതികളെ കയറ്റണമെന്ന് എവിടെയും പറയുന്നില്ലെന്നത് സര്‍ക്കാരിലെ ആളുകളും സി.പി.എമ്മുകാരും പ്രത്യേകിച്ച് പരിശോധിക്കണം. ഈ പ്രായത്തിലുള്ള വനിതകള്‍ക്ക് കയറാന്‍ അവകാശമുണ്ടെന്നും അത് ഭരണഘടനയുടെ മൗലികാവകാശമാണെന്നുമാണ് കോടതി വിലയിരുത്തിയതും അതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചതും. ഇക്കാര്യം സാമാന്യേന തന്നെ ബോധ്യപ്പെടുന്നതാണ്. അവിടെ യുവതികളെ ഇന്ന തീയതിമുതല്‍ കയറ്റിവിടണമെന്ന് എവിടെയും പരാമര്‍ശമില്ല. ഈ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ സമയമെടുക്കുന്നതില്‍ ഒരുതെറ്റുമില്ല. എത്രയെത്ര കോടതി വിധികളാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കാതെ അട്ടത്തുവെച്ചിട്ടുള്ളത്. ആചാരമാറ്റവും നവോത്ഥാനവും ഒറ്റയടിക്കല്ലല്ലോ സംഭവിക്കുന്നത്.
കോടതിവിധി നടപ്പാക്കാമെന്ന് പറയാമെന്നല്ലാതെ അതിന് തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ആയത് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച പല അനുഭവങ്ങളും സര്‍ക്കാര്‍-കോടതി വ്യവഹാരങ്ങളില്‍ നാം കണ്ടിട്ടുണ്ട്. കോടതികള്‍ സര്‍ക്കാരിന്റെ അഭിഭാഷകരോട് വിവരങ്ങള്‍ ആരായുന്ന സന്ദര്‍ഭങ്ങള്‍ എത്രയെങ്കിലുമുണ്ട്. വിധികള്‍ പുറപ്പെടുവിക്കുമെന്നല്ലാതെ ജനങ്ങളുടെ വികാരങ്ങളും വിധി നടപ്പാക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകളുമൊന്നും കോടതികളിലെ ന്യായാധിപന്മാര്‍ക്ക് പരിചയമുള്ളതല്ലല്ലോ. അതിനാണ് ഇവിടെ എക്‌സിക്യൂട്ടീവ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടീവിന്റെയും പരിധികള്‍ രണ്ടും രണ്ടായിരിക്കുന്നതും അതുകൊണ്ടാണ്. ശബരിമലയിലേക്ക് ഇന്നുമുതല്‍ രണ്ടു മാസത്തിലധികം കാലം വിശ്വാസികള്‍ കയറിവരുമ്പോള്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നടപടികള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ ആരായുകയും പരിശോധിക്കുകയും ആയതിന് സര്‍വ പിന്തുണയും നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രശ്‌നത്തില്‍ അയവുണ്ടാകുമെന്ന പ്രതീക്ഷയാണ് യോഗത്തിലെ മുഖ്യന്ത്രിയുടെ നിലപാടിലൂടെ പൊടുന്നനെ ഇല്ലാതായത്. സ്വതന്ത്രാധികാരമുള്ള ദേവസ്വം ബോര്‍ഡിനും അതിന്റെ പ്രസിഡന്റിനും സ്വന്തമായി തീരുമെടുക്കാന്‍പോലും കഴിയാത്ത രീതിയില്‍ പ്രശ്്‌നത്തെ വഷളാക്കിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയില്‍ മാത്രം നിക്ഷിപ്തമാണ്. അല്ലെങ്കില്‍ ബോര്‍ഡിനെങ്കിലും കോടതിയെ സമീപിച്ച് വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെടാമായിരുന്നു. പിണറായി വിജയനിലെ പഴയ പാര്‍ട്ടി സെക്രട്ടറിയുടെ ധാര്‍ഷ്ട്യമാണ് പ്രശ്‌നത്തെ ഇത്രയും സങ്കീര്‍ണമാക്കിയത്. ഈ കാര്‍ക്കശ്യമൊന്നും പക്ഷേ ചിത്തിര ആട്ടവിളക്കുസമയത്ത് പൊലീസിനെ നോക്കുകുത്തിയാക്കി ആര്‍.എസ്.എസുകാര്‍ അയ്യപ്പ സന്നിധി കയ്യടക്കിയപ്പോള്‍ ഈ മുഖ്യനില്‍ കണ്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവല്ല ജനാധിപത്യ രാജ്യത്തെ മുഖ്യമന്ത്രിപദവിയെന്നെങ്കിലും പിണറായി വിജയന്‍ തിരിച്ചറിയണം. ലാത്തികൊണ്ടും തോക്കുകൊണ്ടും വിശ്വാസത്തെ ഹനിച്ചുകളയാമെന്ന ്‌വരുന്നത് കേരളത്തെ ചൈനയുടെ പാതയില്‍ സ്ഥാപിച്ചുകളയാമെന്ന മിഥ്യാബോധത്തില്‍നിന്ന് ഉയിര്‍കൊള്ളുന്നതാണ്. എത്രയുംപെട്ടെന്ന് ഈ സര്‍ക്കാരിന് സദ്ബുദ്ധി ഉദിക്കട്ടെ എന്നു മാത്രമേ ഇപ്പോള്‍ പ്രാര്‍ത്ഥിക്കാനുള്ളൂ. തീക്കൊള്ളികൊണ്ട് കളിക്കാനാണ് സര്‍ക്കാര്‍ തുനിയുന്നതെങ്കില്‍ വര്‍ഗീയവാദികള്‍ക്ക് കേരളത്തെ തീറെഴുതുന്നതിനുള്ള ഗൂഢനീക്കമായേ അതിനെ കാണാനാകൂ.
- 6 years ago
chandrika
Categories:
Video Stories
സദ്ബുദ്ധി ഉദിക്കേണ്ടത് സര്‍ക്കാരിനാണ്
Related Post