X
    Categories: Views

സഹായ പ്രവാഹത്തിന് തടയണ കെട്ടരുത്

ദുരന്തത്തിനുശേഷം കൈമുട്ടുകള്‍ മടക്കാന്‍ കഴിയാതെ വന്ന ഒരു കൂട്ടമാളുകള്‍ ഭക്ഷണം കഴിക്കുന്നതെങ്ങനെയെന്ന് ഏറെ ആലോചിച്ചിരുന്നശേഷം പിന്നീട് പരസ്പരം അവ അടുത്തുള്ളവരുടെ വായകളിലേക്ക് പകര്‍ന്നുനല്‍കി എന്നത് വെറും കഥയായിരിക്കാമെങ്കിലും, ജീവല്‍ ഘട്ടങ്ങളില്‍ ഉണ്ടാകേണ്ട മനുഷ്യപാരസ്പര്യത്തിന്റെ അനിവാര്യതയാണ് ഇക്കഥ വര്‍ണിച്ചുതരുന്ന പാഠം. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന നൂറ്റാണ്ടിലെ കൊടിയ പ്രളയ ദുരന്തത്തില്‍പെട്ടവരെയും നാടിനെയാകെയും കരകയറ്റാനായി ലോകത്തിന്റെ മുക്കുമൂലകളില്‍നിന്ന് മലവെള്ളപ്പാച്ചിലിന് സമാനമായ സഹായമാണ് ഇപ്പോള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യര്‍ തമ്മില്‍തമ്മില്‍ എങ്ങനെയാണ് കൈകോര്‍ക്കുന്നതെന്നതിന് തെളിവുതന്നെയാണ് നിലക്കാത്ത ഈ കാരുണ്യപ്രവാഹവും. ജാതിമത, കക്ഷിഭേദങ്ങളുടെ പേരില്‍ പരസ്പരം കടിച്ചുകീറാന്‍ മടികാണിക്കാത്ത സാമൂഹികമാധ്യമ കാലത്തെ മലയാളിയുടെ നവീന മുഖമാണ് ഇവിടെ കരുണാവര്‍ഷമായി അത്യുന്നതം ഉദ്‌ഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വിദേശ-ദേശീയ മാധ്യമങ്ങളടക്കം ഈ അത്യപൂര്‍വ ഒത്തുചേരലിനെ വാനോളം പ്രകീര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയെ വിളിച്ച് രാഷ്ട്രപതി വിവരങ്ങളാരായുന്നു. പ്രധാനമന്ത്രി നേരിട്ടെത്തി സഹായം പ്രഖ്യാപിക്കുന്നു. ഉപരാഷ്ട്രപതിയും ലോക്‌സഭാസ്പീക്കറും സഭാഉദ്യോഗസ്ഥരും പ്രത്യേകമായി യോഗം ചേര്‍ന്ന് തങ്ങളുടെയും എം.പിമാരുടെയും ഓരോ മാസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തരാമെന്ന് പ്രഖ്യാപിക്കുന്നു. ഇതിനിടയിലാണ് നമ്മുടെ അടുത്തേക്ക് ലോകൈക സംഘടനയായ ഐക്യരാഷ്ട്രസഭയും സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എന്നാല്‍ ഈ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത് വാസ്തവമെങ്കില്‍ ഭരണഘടനാപരമായ കടുത്ത നിരുത്തരവാദിത്വമാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചിരിക്കുന്നതെന്ന് പറയേണ്ടിവരും.—
മെയ് 28 മുതല്‍ ആഗസ്റ്റ് 18 വരെയായി മൂന്നു മാസത്തോളം വീശിയടിച്ച 164 ശതമാനം അധിക മഴയാണ് കേരളത്തെ അഭൂതപൂര്‍വമായ കെടുതികളിലേക്ക് തള്ളിവിട്ടത്. നാനൂറിലധികം പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും മനുഷ്യകബന്ധങ്ങള്‍ പലയിടത്തുനിന്നും ഒഴുകിയെത്തുന്നു. നിനച്ചിരിക്കാതെ വന്ന പേമാരിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന് ആശയക്കുഴപ്പം നേരിട്ടു. മൂന്ന് അണക്കെട്ടുകള്‍ പൊടുന്നനെ തുറന്നുവിടേണ്ടിവന്നതു കാരണമാണ് മരണസംഖ്യ കുതിച്ചുയര്‍ന്നത്. കുട്ടനാട്, പറവൂര്‍, മലബാര്‍ മേഖലകള്‍ ജലംകൊണ്ട് തീതിന്നുന്ന അവസ്ഥയുണ്ടായി. ഇപ്പോഴും കെടുതികളുടെ ഒഴിയാക്കഥകളാണ് ദുരന്ത മുഖത്തുനിന്ന് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് നടേ പരാമര്‍ശിച്ച ദുരന്തത്തിന്റെ വ്യാപ്തിയും ആഴവും തിരിച്ചറിഞ്ഞുകൊണ്ടുള്ള മനുഷ്യപ്പറ്റുള്ളവരുടെ കാരുണ്യപ്രവാഹം. രണ്ടര മാസത്തിനിടെ പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കാനെത്തിയത് ആഗസ്റ്റ് 14ന് മാത്രമായിരുന്നു. അതും കേരളവും രാജ്യവും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിനെതുടര്‍ന്ന്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞു. പ്രധാനമന്ത്രിയും നേരത്തെവന്ന കേന്ദ്ര ആഭ്യന്തരമന്ത്രിമാരും കൂടി ആകെ അനുവദിച്ച തുക 680 കോടി മാത്രമാണ്. ഇതിന് എത്രയോ മടങ്ങാണ് യഥാര്‍ത്ഥ നാശത്തിന്റെ കണക്ക്. കേന്ദ്ര സര്‍ക്കാറിന് ഔദ്യോഗികമായി കേരള സര്‍ക്കാര്‍ 19,512 കോടിയുടെ നാശനഷ്ടമാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ 680 കോടി എന്നത് മൂന്നിലൊന്ന് മാത്രമേ ആകുന്നുള്ളൂ. എന്നാലിതിലും കൂടുതല്‍ തുകയാണ് കേരളീയര്‍ കൂടുതലായി ജോലിയെടുക്കുന്ന ഗള്‍ഫ് മേഖലയിലെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന രാജ്യത്തുനിന്നുമാത്രം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാമെന്ന് അറിയിച്ചത് പ്രവാസി വ്യവസായിയും മലയാളിയുമായ എം.എ യൂസഫലി മുഖേന മുഖ്യമന്ത്രിയാണ്. ഈ ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ യു.എന്‍ സഹായത്തിനുനേര്‍ക്ക് ചുവപ്പു കൊടി കാട്ടിയിരിക്കുന്നത്. യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് ആണ് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ പോലും ഗുരുതര ഗണത്തില്‍പെടുത്തിയ കേരളത്തിലെ ദുരന്തത്തെ നേരിടുന്നതില്‍ കേരളത്തിന് മാത്രമായി വലുതായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന ്തിരിച്ചറിയുന്നതിന് പകരം കേരളത്തിലേക്ക് ദുരിതാശ്വാസ സഹായം നല്‍കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചവരില്‍ ബി.ജെ.പി അനുകൂല വ്യക്തികളുണ്ട്. കേരളത്തിലുള്ളത് അധികവും മത ന്യൂനപക്ഷവിഭാഗത്തിലുള്ളവരാണെന്ന് എന്നതിനാല്‍ സഹായം ചെയ്യേണ്ടെന്നാണ് ഒരു റെയില്‍വെ ബോര്‍ഡംഗം പോലും ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം വിഷം വമിക്കുന്ന പോസ്റ്റുകള്‍ വരുന്നതിന് കാരണം കേരളത്തിന് ഇനിയും ബി.ജെ.പിയുടെയും വര്‍ഗീയ ശക്തികളുടെയും പിടിയിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ലെന്നതുകൊണ്ടായിരിക്കണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ അന്താരാഷ്ട്ര തലത്തിലെ സഹായം വേണ്ടെന്ന് പറയുന്നത് ശുദ്ധധിക്കാരവും മനുഷ്യത്വ ഹീനവുമാണ്. കേരളത്തിനും ഇന്ത്യക്കും സ്വന്തമായി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വാഗ്ദാനം നല്‍കിയ യു.എന്‍ അധികൃതരോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞദിവസം മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എം.പിയുമായ ശശിതരൂര്‍ യു.എന്‍ ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തോട് അനുകൂലമായാണ് യു.എന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതെന്നാണ് വിവരം. ശശി തരൂര്‍ നേരിട്ടുതന്നെ ജനീവയിലെ യു.എന്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ചെന്ന് അധികൃതരുമായി ചര്‍ച്ച നടത്താനിരിക്കുകയുമാണ്. റെഡ് ക്രോസ് പോലുള്ള സംഘടനകളും ഇത്തരം ഘട്ടങ്ങളില്‍ ദുരന്ത ബാധിതരെ സഹായിക്കാനെത്താറുണ്ട്. അതും വേണ്ടെന്ന് പറയാനാണ് മോദി സര്‍ക്കാര്‍ തിടുക്കം കാട്ടിയിരിക്കുന്നത്. ഇത്തരം സഹായം കേരളത്തിലേക്ക് വന്നാല്‍ രാജ്യത്തിന് നേട്ടമല്ലാതെ എന്ത് നഷ്ടമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അപ്പോള്‍ പുറത്താകുന്നത് ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും പോസ്റ്റുകളിലൂടെ തിളച്ചുവന്ന കേരള വിരുദ്ധ വര്‍ഗീയ രോഷം തന്നെയായിരിക്കണം. തീ തിന്നു കഴിയുന്ന രാജ്യത്തെ പൗരന്മാരുടെയും സഹോദരങ്ങളുടെയും മുഖത്തുനോക്കി കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് കേരളത്തിനു കിട്ടേണ്ട അന്താരാഷ്ട്ര സഹായം നിരസിപ്പിച്ചിരിക്കുക. 50,000 ടണ്‍ അരി നല്‍കാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കിലോക്ക് 25 രൂപ നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അരി സൗജന്യമായി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം മറന്നുള്ള പെരുമാറ്റം ഫെഡറല്‍ സംവിധാനത്തില്‍ ഒട്ടും ഭൂഷണമല്ല.

chandrika: