ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബാബാ രാഘവദാസ് മെഡിക്കല്‍ കോളജ് പരിസരത്ത് തളംകെട്ടി നില്‍ക്കുന്ന കാറ്റിന് മരണത്തിന്റെ ഗന്ധമാണ്. ശ്വാസ നിശ്വാസങ്ങളില്‍ നിറയുന്നത് മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ വിലാപങ്ങളാണ്. എത്ര കാതുപൊത്തിയിട്ടും ആ നിലവിളികള്‍ ഹൃദയഭിത്തിയില്‍ തന്നെ വന്ന് തറക്കുന്നു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തെളിഞ്ഞുവരുന്ന കണ്ണീര്‍ വാര്‍ന്നു വീര്‍ത്ത മുഖങ്ങള്‍ മനസ്സില്‍നിന്ന് മായുന്നേയില്ല. ഒന്നും രണ്ടുമല്ല, 71 കുരുന്നുകളാണ് കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ അവിടെ ശ്വാസംമുട്ടി മരിച്ചത്. നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയെപ്പോലുള്ളവര്‍ പറഞ്ഞതുപോലെ ഇതൊരു യാദൃച്ഛിക ദുരന്തമല്ല, ബോധപൂര്‍വ്വമായ കൂട്ടക്കൊലയാണ്. കാരണം ആ കുരുന്നുകള്‍ ഒന്നും ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നില്ല. പ്രാണയാവു നിഷേധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആതുരാലയങ്ങളെ ജനം കാണുന്നത് ജീവരക്ഷക്കുള്ള അഭയകേന്ദ്രമായാണ്. സര്‍ക്കാര്‍ ആസ്പത്രികള്‍ മാത്രമല്ല, ചികിത്സയുടെ പേരില്‍ ആളുകളെ കൊള്ളയടിക്കുന്ന സ്വകാര്യ ആസ്പത്രികളുടെ കാര്യംപോലും ഇതില്‍നിന്ന് ഭിന്നമല്ല. കാരണം ആസ്പത്രികളില്‍ ലഭിക്കുന്ന ചികിത്സക്കും മരുന്നിനും പരിചരണത്തിനുമെല്ലാം ജീവന്റെ വിലയുണ്ട്. അതില്‍ ഏതെങ്കിലുമൊന്ന് നിഷേധിക്കപ്പെട്ടാല്‍, അറിയാതെയെങ്കിലും ലഭ്യമാകാതെ പോയാല്‍ ജീവന്‍ അപഹരിക്കപ്പെട്ടേക്കാം എന്നതുകൊണ്ടാണത്. അത്തരമൊരു നിഷേധമാണ് ഗൊരഖ്പൂര്‍ ആസ്പത്രിയില്‍ നടന്നത്. അറിയാതെ സംഭവിക്കുമ്പോഴാണ് യാദൃച്ഛിക ദുരന്തമാകുന്നത്. ആയിരക്കണക്കിന് രോഗികള്‍ ദിനേന ചികിത്സ തേടുന്ന ഒരു മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയിലുള്ള രോഗികളെ കിടത്തുന്ന ഐ.സി.യുവിലേക്ക് അഞ്ചു ദിവസമാണ് ഓക്‌സിജന്‍ മുടങ്ങിയത്. ഇത് അറിയാതെ സംഭവിച്ചതല്ലെന്ന് അധികൃതരുടെ വാക്കുകളില്‍തന്നെ വ്യക്തമാണ്. 65 ലക്ഷം രൂപയിലധികം കുടിശ്ശിക നല്‍കാനുണ്ടെന്ന് പറഞ്ഞ് സ്വകാര്യ ഏജന്‍സി ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചതാണ് ദുരന്തത്തിലേക്ക് വഴിതെളിയിച്ചത്. ഇത്രയും പണം കുടിശ്ശിക ലഭിക്കാനുള്ളപ്പോള്‍ മുന്നറിയിപ്പില്ലാതെ ഒരു കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെക്കില്ലെന്ന് സാമാന്യയുക്തിയാണ്. വ്യാഴാഴ്ച വൈകീട്ടുവരെ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമേ നിലവില്‍ സ്‌റ്റോക്കുള്ളൂവെന്ന് കാണിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്തുനല്‍കുകയും ചെയ്തിരുന്നതാണ്. എല്ലാമറിഞ്ഞിട്ടും അധികൃതര്‍ പാലിച്ച നിസ്സംഗതയുടെ വിലയാണ് ഈ കൂട്ടമരണം. എല്ലാം അറിഞ്ഞുകൊണ്ടു തന്നെ സംഭവിച്ചതാണെന്ന് അധികൃതരുടെ പ്രതികരണങ്ങളില്‍നിന്നു തന്നെ വ്യക്തമാണ്. രക്ഷകരാകേണ്ട ഡോക്ടര്‍മാര്‍ക്കു മുന്നില്‍ കുരുന്നുകള്‍ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ചിട്ടും കണ്‍തുറക്കാത്ത ഭരണകൂടത്തിനുമുന്നില്‍ ലജ്ജാഭാരംകൊണ്ട് തല താഴ്ന്നുപോകുന്നു.
സാധാരണക്കാരന്റെയും ദരിദ്രരുടേയും ആശ്രയമായ സര്‍ക്കാര്‍ ആസ്പത്രികളോട് ഭരണകൂടം കാണിക്കുന്ന ചിറ്റമ്മ നയത്തിന്റെ തെളിവ് കൂടിയാണിത്. പശുവിന്റെ പേരു പറഞ്ഞ് മനുഷ്യരെ കശാപ്പ് ചെയ്യാന്‍ ഇറങ്ങുന്നവര്‍, ഓക്‌സിജന്‍ പുറത്തുവിടുന്ന ജീവിയെന്ന് പറഞ്ഞ് ഇല്ലാത്ത വിശുദ്ധത കല്‍പ്പിക്കുന്നവര്‍, ചാണകത്തിന്റേയും ഗോമൂത്രത്തിന്റെയും ഔഷധമൂല്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍, ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ ദളിതനെ തെരുവുപട്ടിയെപ്പോലെ തല്ലിച്ചതക്കുന്നവര്‍…, 71 കുരുന്നുകളുടെ മരണം അവരെ നൊമ്പരപ്പെടുത്തുന്നുണ്ടോ ആവോ. അത്ര വലിയ ആശങ്കയൊന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഇനിയുമില്ലെന്നു തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
കുട്ടികള്‍ മരിച്ചത് ശ്വാസം കിട്ടാതെയല്ലെന്ന് വരുത്തിതീര്‍ക്കാനുള്ള കഠിന ശ്രമത്തിലാണ് മുഖ്യമന്ത്രിയും യു.പി സര്‍ക്കാറുമിപ്പോള്‍. ജപ്പാന്‍ ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. മഴക്കാലത്ത് എല്ലാ വര്‍ഷവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കാറുള്ള അസുഖങ്ങളില്‍ ഒന്നാണ് ജപ്പാന്‍ ജ്വരം. മസ്തിഷ്‌കത്തെ ബാധിക്കുന്ന ഈ പനി മരണകാരണമാകാമെങ്കിലും അതൊരു ഭീതിതമായ അളവിലേക്ക് ഒരു കാലത്തും ഉയര്‍ന്നിട്ടില്ല. മാത്രമല്ല, ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് കൂട്ട മരണത്തിനു കാരണമെന്ന് ഡോക്ടര്‍മാരും ആസ്പത്രി ജീവനക്കാരും മരിച്ച കുട്ടികളുടെ ബന്ധുക്കളുമെല്ലാം ഒരുപോലെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ശ്വാസം കിട്ടാതെയല്ല കുട്ടികള്‍ മരിച്ചതെന്ന് പറയുന്നതുതന്നെ മഹാദുരന്തത്തെ നിസ്സാരവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമാണ്. വീഴ്ചകള്‍ പരിശോധിക്കുന്നതിലോ തിരുത്തുന്നതിലോ അല്ല, നാണക്കേടില്‍നിന്നുള്ള താല്‍ക്കാലിക തലയൂരലാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചുരുക്കം. ആസ്പത്രി സൂപ്രണ്ടിനെയും കുട്ടികളുടെ വിഭാഗം തലവനേയും സസ്‌പെന്റു ചെയ്തതും ഈ രക്ഷപ്പെടലിനു വേണ്ടിയാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ കിടത്തിച്ചികിത്സയുള്ള ഏക സര്‍ക്കാര്‍ ആസ്പത്രിയാണിത്. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി മാതൃകാ ആസ്പത്രിയായി പ്രഖ്യാപിച്ച ആതുരാലയം. അവിടെയുണ്ടായ വീഴ്ചകള്‍ക്ക് സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെല്ലാം പങ്കുണ്ട്. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് ഇത്രവലിയ തുക കുടിശ്ശിക ആയതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനു തന്നെയാണ്. എത്ര ശ്രമിച്ചാലും ആ ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരാനാവില്ല.
യു.പിയുടെ ദുരന്ത മുഖമാണ് താനെന്ന് ആവര്‍ത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ കുട്ടികളുടെ കൂട്ടമരണം നടന്ന ആസ്പത്രിയില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനം ഇതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ആസ്പത്രി പരിസരവും തീവ്രപരിചരണ വിഭാഗവും വെന്റിലേറ്ററുമെല്ലാം ജീവനക്കാരെ നിയോഗിച്ച് പതിവില്ലാത്ത വിധം ശുചീകരിക്കുന്നത് ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ദളിതര്‍ക്ക് സൗജന്യമായി സോപ്പ് വിതരണം ചെയ്ത് കുളിച്ചു വൃത്തിയാകാന്‍ നിര്‍ദേശിച്ചതും വീരമൃത്യുവരിച്ച ജാവന്റെ വീട്ടില്‍ ഇരിപ്പിടവും ഫാനും ഫിറ്റ് ചെയത ശേഷം തിരിച്ചെടുത്തതുമെല്ലാം യോഗിയുടെ പഴയ തമാശകളാണ്. 71 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ച ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തുമ്പോഴും ഇതേ പരിഹാസ മുറകള്‍ പിന്തുടരുന്നുവെന്നത് വേദനിപ്പിക്കുന്നതാണ്. സ്വകാര്യ ഏജന്‍സി വിതരണം നിര്‍ത്തിവെച്ചപ്പോള്‍ സ്വന്തം നിലയില്‍ ഓക്‌സിജന്‍ സിലിണ്ടറെത്തിച്ച് കുട്ടികള്‍ക്ക് പ്രാണവായു നല്‍കിയ ഡോക്ടറെ സ്ഥലംമാറ്റിയത് മറ്റൊരു പരിഹാസമാണ്. ഇത്ര ക്രൂരമായി ഒരു ഭരണകൂടവും സ്വന്തം ജനതയോട് പെരുമാറരുത്.