സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും സഞ്ചരിച്ച മാധ്യമ പ്രവര്‍ത്തനത്തിന്റെ മാര്‍ഗത്തില്‍ ചെറുതിരിയെങ്കിലും കൊളുത്താന്‍ ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ് നാവ് ഉള്ളിലേക്കിട്ടിട്ട് മണിക്കൂറുകളേ ആകുന്നുള്ളൂ. അപ്പോഴാണ് കേരളത്തിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെതിരെ പിണറായിയുടെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്. ജൂലൈ മൂന്നിന് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തുസംസാരിക്കവെയാണ് മുഖ്യമന്ത്രി മേല്‍പരാമര്‍ശം നടത്തിയത്. പത്രപ്രവര്‍ത്തനം പൊതുജീവിതത്തിലെയും ജനാധിപത്യത്തിലെയും സുപ്രധാന സംവിധാനമാണെന്ന് പറയാതെതന്നെ അത് നേരിട്ടനുഭവിക്കുന്ന ഏവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ഇതറിയാത്തയാളാവില്ല സ്വദേശാഭിമാനിയെയും കേസരിയെയും പേരെടുത്ത് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിറഞ്ഞ സാരോപദേശം നല്‍കിയത്. മാതൃഭൂമി വാര്‍ത്താചാനലിലെ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ 153 എ വകുപ്പുപ്രകാരം മതസ്പര്‍ദാകേസ് ചാര്‍ജ്‌ചെയ്യാന്‍ കേരള പൊലീസ് മുതിര്‍ന്നത് മുഖ്യമന്ത്രി അറിയാതെയാകില്ല. തീവ്രവാദത്തിനെതിരെ വായിട്ടടിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ തീവ്രമുഖമാണ് ഇതിലൂടെ അനാവൃതമായിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ ഏഴിന് വേണു തന്റെ ചാനലിലെ സൂപ്പര്‍പ്രൈംടൈം എന്ന ചര്‍ച്ചാപരിപാടിയിലാണ് കേസിനാസ്പദമായ പരാമര്‍ശം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആലുവയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ സിവില്‍ വസ്ത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ഇടിച്ചതും അതിനെതിരെ ഉസ്മാന്‍ എന്ന വ്യക്തി പ്രതികരിച്ചതുമാണ് അയാള്‍ക്കെതിരായ കേസിലേക്ക് വലിച്ചിഴക്കപ്പെട്ടതും മാധ്യമ ചര്‍ച്ചക്കാധാരമായതും. പൊലീസിന്റെ ക്രൂര മര്‍ദനത്തിനിരയായ പ്രവാസിയായ എടത്തല സ്വദേശി ഉസ്മാന്‍ പൊലീസിനെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ജയിലിലാക്കപ്പെട്ടത്. ഇതുസംബന്ധിച്ച് ജൂണ്‍ ഏഴിന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി പ്രകോപനപരമായിരുന്നു. പൊലീസിന്റെ മര്‍ദനമേല്‍ക്കുമ്പോള്‍ ഉസ്മാന് റമസാന്‍ നോമ്പുണ്ടായിരുന്നുവെന്ന് എം. എല്‍.എ പറഞ്ഞതിനെതുടര്‍ന്ന് ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്നോര്‍മ്മ വേണം എന്ന ദുസ്സൂചകമായ മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. വിഷയത്തെ സത്യത്തില്‍ വര്‍ഗീയതലത്തിലേക്ക് വലിച്ചിഴച്ചത് മുഖ്യമന്ത്രിയായിരുന്നു. വ്യാപകമായ എതിര്‍പ്പാണ് സമുദായത്തിനകത്തുനിന്നും പൊതുസമൂഹത്തില്‍നിന്നും അതിനെതിരെ ഉയര്‍ന്നത്. സ്വാഭാവികമായും മാധ്യമങ്ങള്‍ അത് ചര്‍ച്ചാവിധേയമാക്കുകയും ചെയ്തു. വേണുവിന്റെ ആമുഖത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വാചകങ്ങളുണ്ടായിരുന്നുവെന്നത് ശരിയാണ്. അത് ഏതൊരു പൗരനുമുള്ള സ്വാതന്ത്ര്യം പോലെ ഭരണകൂടത്തിനെതിരായ വിമര്‍ശനസ്വാതന്ത്ര്യത്തിലേ പെടുന്നുമുള്ളൂ. എന്നിട്ടും മതസ്പര്‍ദയുണ്ടാക്കുന്ന പരാമര്‍ശം വേണു നടത്തിയെന്നാണ് പരാതി. കരുതിക്കൂട്ടിയുള്ള കൂച്ചുവിലങ്ങിടലാണിത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐയുടെ കൊല്ലം ജില്ലാസെക്രട്ടറി ആയതിനാല്‍ അതിനു പിന്നിലെ കൈകള്‍ എവിടെക്കാണ് നീളുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു മുസ്‌ലിം സമുദായംഗത്തെക്കൊണ്ടും കേസ് നല്‍കിയിട്ടുണ്ട്. കേസ് തെളിയിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റം. കൊല്ലം വെസ്റ്റ് പൊലീസ് ആണ് കേസന്വേഷിക്കുന്നത്.
കേരളത്തിലെയെന്നല്ല ലോകത്തൊരിടത്തും സര്‍ക്കാരുകള്‍ക്കും ജനാധിപത്യമായാലും അല്ലെങ്കിലും, ഭരണാധികാരികള്‍ക്കുമെതിരെ പറയാനും എഴുതാനും പ്രസിദ്ധപ്പെടുത്താനുമുള്ള സ്വാതന്ത്ര്യം അനുവദിച്ചുകിട്ടിയത് നിരവധിയായ ചോരച്ചാലുകളുടെ പോരാട്ടങ്ങളിലൂടെയാണ്. ആധുനിക സമൂഹത്തിന്റെ അഭിമാനകരമായ നിലനില്‍പുതന്നെ ആവിഷ്‌കാര-മാധ്യമ സ്വാതന്ത്ര്യവുമായി കൂട്ടുപിണഞ്ഞുകിടക്കുന്നു. ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടരുതെന്ന് തന്നെയാണ് ഏവരും കാംക്ഷിക്കുന്നതെങ്കിലും ചില മാധ്യമ മുതലാളിമാരും സ്ഥാപിതതാല്‍പര്യക്കാരും അതിനെ കൂച്ചുവിലങ്ങണിയിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നതൊരു യാഥാര്‍ത്ഥ്യം മാത്രമാണ്. മാധ്യമ സ്വാതന്ത്ര്യത്തെ മുതലാളിമാര്‍ കവരുന്നുവെന്ന് വിലപിക്കുന്നവരില്‍ ഇന്ത്യയിലെ ഇടതുപക്ഷക്കാരുമുണ്ട് മുന്‍നിരയില്‍. അവിടെയാണ് കൊച്ചു കേരളത്തില്‍ ഇത്തരമൊരു ക്രൂരമായ മാധ്യമവിരുദ്ധ കിരാത നടപടിയുമായി ഇടതുപക്ഷമെന്ന് അഹങ്കരിക്കുന്നൊരു ഭരണകൂടം മുന്നോട്ടുവന്നിരിക്കുന്നത് എന്നതിനെ നിസ്സാരമായി കാണാന്‍ കഴിയില്ല. സ്വന്തമായി വലിയമാധ്യമ ശൃംഖല ഉള്ളവരാണിവരെന്നതാണ് കൗതുകകരം. വിവാദ ചര്‍ച്ചയില്‍ പറഞ്ഞ വാചകം കാരണം കേരളത്തിലെവിടെയും എന്തിന് സംഭവം നടന്ന ഇട്ടാവട്ടത്തുപോലും, എന്തെങ്കിലും തരത്തിലുള്ള മത സ്പര്‍ദയോ അസ്വാരസ്യമോ സംഘര്‍ഷാവസ്ഥയോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് പോലും സമ്മതിക്കും. എന്നിട്ടും എന്തുകൊണ്ട് ഇത്തരമൊരു കേസെടുത്തു എന്നിടത്താണ് ഭരണകക്ഷിക്കും സര്‍ക്കാരിലെ ഉന്നതര്‍ക്കും തങ്ങളുടെ വിമര്‍ശകരോടുള്ള അതിരുകടന്ന അസ്‌ക്യതയെക്കുറിച്ച് ഈ കേസ് ബോധ്യപ്പെടുത്തിത്തരുന്നത്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന വകുപ്പ് പ്രകാരം കേസെടുക്കാവുന്ന എത്രയെത്ര പ്രസ്താവനകളാണ് സംഘ്പരിവാര്‍ നേതാക്കള്‍ ദിവസവും നടത്തുന്നത്. എന്നാല്‍ ഇതിനെതിരെ യാതൊരു നീക്കവുണ്ടാകുന്നില്ല. ചാനലിലും പത്രങ്ങളിലും വരുന്ന ഓരോ വാര്‍ത്തയും സമൂഹവുമായും സര്‍ക്കാരുകളുമായും വളരെയധികം ബന്ധപ്പെട്ടതായിരിക്കും. അവയില്‍ ബഹുഭൂരിഭാഗവും ഒരു ഭരണകൂടവും വിളിച്ചുതരുന്നതല്ലെന്നോര്‍ക്കണം. ഭരണകൂടങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ കണ്ണിയായും ദൂതനായുമാണ് മാധ്യമ പ്രവര്‍ത്തനം. അധികാരമേറ്റെടുത്ത തൊട്ടടുത്തമാസം തന്നെ ‘നിങ്ങള്‍ക്ക് എന്തെഴുതാനും സ്വാതന്ത്ര്യമുണ്ടെന്നും പക്ഷേ ഞങ്ങള്‍ക്ക് പറയാനും പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും’ 2016 ജൂലൈ 21ന് ഒരു മാധ്യമ പുരസ്‌കാരദാന യോഗത്തില്‍ പറഞ്ഞയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അതായത്, മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍കൂട്ടിതന്നെ ചില ചിട്ടവട്ടങ്ങള്‍ മുഖ്യമന്ത്രി നിശ്ചയിച്ചിരുന്നു എന്നര്‍ത്ഥം. അതിന്റെ ഭാഗമായാണ് ക്യാബിനറ്റിനുശേഷമുള്ള പതിവു വാര്‍ത്താസമ്മേളനങ്ങള്‍ പോലും ഉപേക്ഷിക്കുകയും ചാനല്‍ ക്യാമറകള്‍ കാണുമ്പോള്‍ കൈ തട്ടിമാറ്റി പോകുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ കേരളത്തിന് കഴിഞ്ഞ രണ്ടുവര്‍ഷമായി കാണേണ്ടിവന്നത്. നിരവധി ചര്‍ച്ചകളിലൂടെ സര്‍ക്കാരിനെതിരെയും മറ്റും വാക്കുകളുടെ ചാട്ടുളികള്‍ അനര്‍ഗളം പ്രവഹിപ്പിക്കുന്നയാളാണ് വേണുവടക്കമുള്ള കേരളത്തിലെ പല മാധ്യമ പ്രവര്‍ത്തകരും. അതവരുടെ വ്യക്തിപരമായ ഏതെങ്കിലും നേട്ടത്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിചാരിക്കുന്നുണ്ടാകില്ല. മറ്റു പലരെയുംപോലെ കിടപ്പറമാധ്യമ പ്രവര്‍ത്തനമല്ല അത്. എന്നിട്ടും ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനുള്ള തീരുമാനം മാധ്യമങ്ങളെയും വിമര്‍ശകരെയും ഭയപ്പെടുത്തിയൊതുക്കുക എന്ന കുല്‍സിതതന്ത്രം മാത്രമാണ്. അത് വിജയിക്കപ്പെട്ടാല്‍ വായമൂടിക്കെട്ടിയ സമൂഹവും ഈനാടുതന്നെയും നാമാവശേഷകുമെന്ന് ദീര്‍ഘദര്‍ശിക്കാനുള്ള ബുദ്ധി നമ്മുടെ ഭരണാധികാരികളുടെ തലയിലുദിക്കട്ടെ.