രാഷ്ട്രീയത്തില്‍ ജയിച്ച ആദ്യത്തെ മലയാള സിനിമാക്കാരനാകാന്‍ കീഴൂട്ട് ബാലകൃഷ്ണപ്പിള്ള മകന്‍ ഗണേഷ്‌കുമാറിനെ തുണച്ചത് സിനിമയല്ല, അച്ഛന്റെ രാഷ്ട്രീയവും ജാതി പിന്‍ബലവും ആണ്. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിപ്പിക്കാനും മുന്നണി മാറിയപ്പോഴും ജയിച്ചുകയറാനും അച്ഛനേക്കാള്‍ മിടുക്കുണ്ടെന്ന് മകന്‍ തെളിയിക്കുക തന്നെ ചെയ്തു. അധികാരത്തിലിരിക്കെ നടത്തിയ അഴിമതിയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആദ്യത്തെ നേതാവെന്ന ഖ്യാതി അച്ഛന്‍ കൊണ്ടുനടക്കുമ്പോള്‍ രണ്ടു തവണ മന്ത്രിയാവാനൊത്തിട്ടും അഴിമതിയാരോപണം ഗണേഷനെതിരെ ഉയര്‍ന്നില്ല. ആര്‍ക്കും നേരെയാക്കാനാവാത്ത കെ.എസ്.ആര്‍.ടി.സിക്ക് തെല്ലെങ്കിലും ഒരു നല്ല കാലമുണ്ടായിരുന്നത് ഗണേഷിന്റെ കാലത്താണെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഗതാഗത വകുപ്പില്‍ കുടികിടപ്പവകാശം കിട്ടിയ എന്‍.സി.പിയിലെ രണ്ടു നിയമസഭാംഗങ്ങളും രണ്ടു കാരണങ്ങളാല്‍ രാജിവെക്കുകയും പരസ്പരം രാജിയാവാതിരിക്കുകയുംചെയ്ത വേളയില്‍ ഇതും പറഞ്ഞ് അച്ഛന്‍ എ.കെ.ജി സെന്ററോളം പോയിരുന്നുവെന്ന് വാര്‍ത്ത നല്‍കിയത് അഞ്ചലില്‍ ജനപ്രതിനിധിക്ക് വഴിമാറിക്കൊടുക്കാത്ത ഒരുത്തനെ നാലു പൂശിയതിനെ വലിയ അപരാധമായി കൊട്ടിപ്പാടിയ മാധ്യമങ്ങള്‍ തന്നെയാണ്. കടക്കൂ പുറത്തെന്ന് മാധ്യമങ്ങളോട് പറയുന്ന മുഖ്യമന്ത്രി പിണറായിയോട് ഗണേഷിന് വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോയി. ഇപ്പോള്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതിനും ഗണേഷ് പഴി കേള്‍ക്കുകയാണ്. പൊതു പ്രവര്‍ത്തനത്തിനിറങ്ങിയാല്‍ ഇതിലും വലുത് കേള്‍ക്കുമെന്ന് ഒട്ടേറെ കേട്ട ഗണേഷിന് നന്നായറിയാം.
ആനകളെ വാഴിക്കുന്ന തറവാട്ടുകാരനാണ് ബാലകൃഷ്ണപ്പിള്ള. പണ്ടാണെങ്കില്‍ മാടമ്പിയെന്നൊക്കെ കമ്യൂണിസ്റ്റുകാര്‍ വിളിക്കും. മാനേജ്‌മെന്റിന്റെ ചൊല്‍പടിക്ക് നില്‍ക്കാത്ത വാളകത്തെ മാസ്റ്ററുടെ മലദ്വാരത്തില്‍ പാര കയറ്റിയെന്ന് പറഞ്ഞായിരുന്നു കുറെ കാലം ആ കുടുംബത്തിന് നേരെ ആക്ഷേപം ചൊരിഞ്ഞത്. പിണറായിയുടെ ഭരണത്തില്‍ വാദിക്കും പ്രതിക്കും തുല്യ നീതിയാണ്. ബാലകൃഷ്ണപ്പിള്ളയെ കേസ് നടത്തി ജയിലിലടച്ച വി.എസ് അച്യുതാനന്ദനും ജയിലില്‍ ഗോതമ്പുണ്ട തിന്ന ബാലകൃഷ്ണപ്പിള്ളക്കും ക്യാബിനറ്റ് റാങ്കാണ്. മാടമ്പിക്ക് വഴിമാറിക്കൊടുക്കാത്തതിനായിരുന്നില്ല, ഗണേഷന്‍ ചെറുപ്പക്കാരനെയും അമ്മയെയും തെറിവിളിച്ചതും മര്‍ദിച്ചതും. ജനപ്രതിനിധിയെ മാനിക്കാത്തതിനാണ്. സ്ത്രീത്വത്തെ അപമാനിക്കുംവിധം ആക്ഷേപിച്ചുവെന്ന് അമ്മ പരാതി നല്‍കിയപ്പോള്‍ ആദ്യം പരാതിക്കാര്‍ക്കെതിരെ കേസെടുത്തു. ഇപ്പോള്‍ പൊലീസിന്റെ ശീലം അതാണല്ലോ.
ദിലീപിന്റെ സ്വന്തം ആളാണ് ഗണേഷ് എന്ന് കരുതണ്ട. സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ക്വട്ടേഷല്‍ നല്‍കിയ കേസില്‍ ദിലീപിനെ കൈവിടാന്‍ ഗണേഷിന് കഴിയില്ല. നാലു തെരഞ്ഞെടുപ്പിലും ഗണേഷിന്‌വേണ്ടി പ്രചാരണത്തിനെത്തിയ താരങ്ങളില്‍ പ്രമുഖന്‍ ദിലീപാണ്. എതിരെ ജഗദീഷായിട്ടു പോലും ഗണേഷന്റെ വേദിയിലെത്തിയ മോഹന്‍ലാലും കൂറുകാട്ടി. കോടതി ശിക്ഷ വിധിക്കും വരെ ദിലീപിനെ കുറ്റക്കാരനായി കാണാന്‍ ആവില്ലെന്ന് നിയമം തന്നെ പറയുന്നുണ്ട്. പക്ഷേ പരാതിക്കാരിയും ഇരയും സ്വന്തം സഹപ്രവര്‍ത്തകയാണെന്ന് മാത്രം അമ്മക്ക് പ്രശ്‌നമാകുന്നില്ല.
1964ല്‍ കേരള കോണ്‍ഗ്രസിന് ജന്മം നല്‍കിയവരില്‍ പ്രമുഖനാണ് ബാലകൃഷ്ണപ്പിള്ള. ഒടുവില്‍ ബി. എന്ന ഗ്രൂപ്പിന്റെ മാത്രം നേതാവായെങ്കിലും അരിയിട്ട് വാഴ്ചക്ക് ഒരു കുറവുമില്ല. പാര്‍ട്ടിക്ക് മുന്നണി ഏതായാലും അനുവദിക്കുന്ന രണ്ട് സീറ്റില്‍ ഒന്ന് മറ്റൊരാള്‍ക്ക് കൊടുക്കേണ്ടിവരുന്നല്ലോ എന്ന ഖിന്നത തീര്‍ക്കാനാണ് 2001ല്‍ പത്തനാപുരത്ത് മകന്‍ ഗണേഷനെ നിര്‍ത്തിയത്. നല്ല നിലയില്‍ ജയിച്ചെന്ന് മാത്രമല്ല അത് നിലനിര്‍ത്തുകയും ചെയ്തു. രണ്ടു തവണ മന്ത്രിയായി. അച്ഛന്‍ കൈകാര്യം ചെയ്ത ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ അച്ഛനേക്കാള്‍ കേമനായപ്പോള്‍ പെരുന്തച്ഛന്‍ കോംപ്ലക്‌സ് ഉണര്‍ന്നുവെന്നാണ് പറയുന്നത്, മകനെ രാജിവെപ്പിച്ച് അച്ഛന്‍ സ്ഥാനമേറ്റു. രണ്ടാമത് മന്ത്രിയായപ്പോഴും കാലാവധി തീര്‍ക്കാനായില്ല. രണ്ടാംതവണ സ്ഥാനം തെറിപ്പിച്ചത് ഭാര്യ യാമിനി തങ്കച്ചിയായിരുന്നു. അവര്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം പരാതി നല്‍കി. ആദ്യം മന്ത്രിയായപ്പോള്‍ താഴെയിറക്കാന്‍ ഓടി നടക്കുകയായിരുന്നല്ലോ അച്ഛന്‍. രണ്ടാമത്തെ സര്‍ക്കാറിന്റെ അവസാന കാലത്ത് മകനെ മന്ത്രിയാക്കാത്തതില്‍ കെറുവിച്ചാണ് പ്രമാണി ചെങ്കൊടിയേന്തിയത്.
സോളാര്‍ കേസിന്റെ സൂത്രധാരന്‍ ഗണേഷ് കുമാറാണെന്നാണ് സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ നല്‍കിയ മൊഴി. സരിതയുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണനും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. 21 താളുകളുള്ള സരിതയുടെ കത്തിന് അഞ്ചു പേജിന്റെ അനുബന്ധം എഴുതിച്ചേര്‍ത്തത് ഗണേഷാണെന്നായിരുന്നു ബിജുവിന്റെയും ഫെന്നിയുടെയും ആരോപണം. ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായ കത്തിനെ കുറിച്ച് ആരോപണത്തിന്റെ നിജസ്ഥിതി എളുപ്പം കണ്ടെത്താവുന്നതായിരുന്നിട്ടും ഇതുവരെ ആരും മുതിര്‍ന്നു കണ്ടില്ല. മന്ത്രി മന്ദിരത്തില്‍ ബിജു മന്ത്രിയെ അടിച്ചുവെന്ന് ഭാര്യ യാമിനി പറഞ്ഞിരുന്നു. സാമ്പത്തിക സംവരണം ഏര്‍പെടുത്തിയും മുന്നാക്കക്കാര്‍ക്ക് ഇന്ത്യയില്‍ ആദ്യമായി സംവരണാനുകൂല്യം നല്‍കിയും പിണറായി സര്‍ക്കാറിനെ നയിക്കുന്നത് ബാലകൃഷ്ണപ്പിള്ളയും മകനുമാണ്. അതു കൊണ്ടുതന്നെയാണ് പെരുന്ന സഖാവ് ഇടപെട്ട് തല്ലു കേസ് പഞ്ചായത്താക്കാന്‍ പൊലീസ്‌കൂടി മുന്‍കൈ എടുത്തത്. കോടിയേരിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മാധ്യസ്ഥം വഹിച്ച ഗണേഷിനെ കൈവിടാന്‍ സി.പി.എമ്മിന് കഴിയില്ല.
- 7 years ago
chandrika
Categories:
Video Stories
ആനത്തഴമ്പ്
Tags: editorial