X

കരുത്ത് കാട്ടുന്ന ഉര്‍ദുഗാന്‍

യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളുടെ നടുവെ കിടക്കുന്ന തുര്‍ക്കിയുടെ ജനാധിപത്യത്തിലേക്കുള്ള പുതിയ ചുവടുവെപ്പിന് ആക്കം വര്‍ധിപ്പിച്ചിരിക്കുകയാണ് ഞായറാഴ്ച നടന്ന നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പ്. പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിലേക്ക് മാറിക്കൊണ്ടുള്ള പാര്‍ലമെന്ററി തെരഞ്ഞെടുപ്പെന്ന ഇരട്ട വെല്ലുവിളിയെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അതിസമര്‍ത്ഥമായും മനോഹരമായും നേരിട്ട് വിജയിച്ചിരിക്കുന്നു. ആഭ്യന്തരമായി എട്ടു കോടിയോളം പൗരന്മാര്‍ക്ക് അതാശ്വാസമാകുമ്പോള്‍, അന്താരാഷ്ട്രീയമായി യൂറോപ്പിനും പശ്ചിമേഷ്യക്കും അമേരിക്കക്കും ഒരേസമയം ഈ വിജയം ചോദ്യചിഹ്നങ്ങളാണ് സമ്മാനിക്കുന്നത്. ഒരുവശത്ത് ഉരുക്കുമുഷ്ടിയോടെയുള്ള ഭരണം അനിവാര്യമാക്കുന്ന സാമൂഹിക സാഹചര്യമാണ് നേരിടേണ്ടതെങ്കില്‍ മറുവശത്ത് സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ട ഇരട്ട ഉത്തരവാദിത്തമാണ് അറുപത്തിനാലുകാരനായ ഉര്‍ദുഗാനുമേല്‍ വന്നുചേര്‍ന്നിരിക്കുന്നത്. 92 ശതമാനം പൗരന്മാര്‍ വോട്ടുചെയ്തതില്‍ 52.4 ശതമാനം വോട്ടുകള്‍ ഉര്‍ദുഗാന് ലഭിച്ചു. എതിരാളി മുഹറം ഐന്‍സിന് കിട്ടിയത് 30.6 ശതമാനം മാത്രം. 600 അംഗ പാര്‍ലമെന്റില്‍ 293 സീറ്റുകള്‍ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി നേടി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന ഭരണശൈലിക്കുള്ള ജനതയുടെ അംഗീകാരം തന്നെയാണിത്. 2003ല്‍ എ.കെ പാര്‍ട്ടിയടങ്ങുന്ന ദേശീയസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടതു മുതല്‍ പ്രധാനമന്ത്രി പദവിയില്‍ തുടരുന്ന ഉര്‍ദുഗാന്‍ നാലുകൊല്ലം മുമ്പ് ഹിതപരിശോധനയിലൂടെയാണ് പ്രസിഡണ്ടായി അവരോധിതനായത്. ഇതിനുള്ള ജനകീയ അംഗീകാരം കൂടിയാണ് ഞായറാഴ്ചത്തെ ഗംഭീര വിജയം. രണ്ടു വര്‍ഷം മുമ്പ് നടന്ന പട്ടാള അട്ടിമറിയെ തെരുവില്‍ ജനങ്ങളുടെ പിന്തുണകൊണ്ട് ചെറുത്തു തോല്‍പിച്ച നേതാവിന് ജനത ബാലറ്റിലൂടെ നല്‍കിയിരിക്കുന്ന സമ്മാനം കൂടിയാണിത്. അട്ടിമറി ശ്രമത്തിന് പിന്നില്‍ അമേരിക്കയാണെന്നാണ് ജനം വിശ്വസിക്കുന്നത്. തലസ്ഥാന നഗരമായ അങ്കാറയിലയടക്കം ഇന്നലെ നടന്ന പതിനായിരക്കണക്കിനാളുകളുടെ ആഹ്ലാദ പ്രകടനം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. ജനാധിപത്യത്തിന്റെ വിജയമെന്നാണ് വിജയറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉര്‍ദുഗാന്‍ പറഞ്ഞത്. വലിയ ഉത്തരവാദിത്തമാണ് ഇത് തന്നില്‍ ഭരമേല്‍പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ മാധ്യമങ്ങളുടെ നിരീക്ഷണങ്ങളെയാകെ തള്ളിക്കളയുന്ന വിജയമാണ് ഇത്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനു വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്ത ഈ നാറ്റോ രാഷ്ട്രത്തെ പരമാവധി വരിഞ്ഞുമുറുക്കുന്ന നയങ്ങളാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെന്ന് മേനി നടിക്കുന്ന പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ പിടിച്ചുനിര്‍ത്തുന്നതിന് അടിയന്തിരാവസ്ഥയുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ ഏര്‍പെടുത്താന്‍ ഭരണകൂടം നിര്‍ബന്ധിക്കപ്പെട്ടു. എം.എച്ച്.പിയുമായുള്ള സഖ്യം ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി തുടരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. കാരണം പ്രതിപക്ഷത്തെ എച്.ഡി.പിയും പി.കെ.കെയും യോജിച്ചുള്ള പോരാട്ടമാകും ഉര്‍ദുഗാനെതിരെ നടത്തുക എന്ന് തീര്‍ച്ചയാണ്. ഭരണ സഖ്യത്തിന്റെയും ഉര്‍ദുഗാന്റെയും മൃഗീയ ഭൂരിപക്ഷം മുമ്പത്തേക്കാള്‍ പ്രതിപക്ഷ ഐക്യം വര്‍ധിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. തീവ്രവാദ സ്വഭാവമുള്ളതാണ ്പി.കെ.കെ. എന്നാല്‍ എച്.ഡി.പിയുടെ മിതവാദവും ജനാധിപത്യ രീതിയും കാര്യങ്ങള്‍ സങ്കീര്‍ണമാക്കില്ലെന്ന് തന്നെയാണ് കരുതപ്പെടുന്നത്. കുര്‍ദുകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിലും അന്താരാഷ്ട്ര നാണയനിധിയിലെ കടം തിരിച്ചടക്കുന്നതിലും അദ്ദേഹം വിജയിച്ചു. പ്രതിവര്‍ഷം 7.2 ശതമാനം വളര്‍ച്ച നേടുന്നുണ്ട് രാജ്യമിപ്പോള്‍. യൂറോപ്പിന്റെ ദു:ഖമെന്ന് ദുഷ്‌പേര് കേട്ട തുര്‍ക്കിക്ക് ഇനി പിടിച്ചുനില്‍ക്കാന്‍ വിദേശ നിക്ഷേപം പരമാവധി ആകര്‍ഷിക്കേണ്ടിവരും. യൂറോപ്പുമായുള്ള സഖ്യം തുടരുന്നതിനും അമേരിക്കയുടെയും ഐ.എസ് അടക്കമുള്ളവയുടെയും വെല്ലുവിളികള്‍ നേരിടുന്നതിനും രാജ്യത്തിന് ഇതാവശ്യമാണ്. ലോകത്ത് ടൂറിസംരംഗത്ത് മൂന്നാം സ്ഥാനവും ആരോഗ്യ രംഗത്ത് രണ്ടാം സ്ഥാനവും കയറ്റുമതിയില്‍ അഞ്ചാം സ്ഥാനവുമുള്ള രാജ്യത്തിന് അറുപതു ശതമാനം വരുന്ന മുപ്പതില്‍ താഴെയുള്ള യുവാക്കളുടെ തൊഴിലവസരങ്ങള്‍ സാക്ഷാല്‍കരിക്കുകയും പ്രധാനമാണ്. അതിനുള്ള പിന്തുണ കൂടിയാണ് ജനത ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതേസമയം തുര്‍ക്കിയുടെ ആദ്യ എക്‌സിക്യൂട്ടീവ് പ്രസിഡണ്ടാകുന്ന ഉര്‍ദുഗാനുമേല്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെടുമെന്ന പരാതിയാണ് പ്രതിപക്ഷ നേതാവ് മുഹറം ഐന്‍സ് മുന്നോട്ടുവെക്കുന്നത്. രാജ്യം കെട്ടുറപ്പ് നഷ്ടപ്പെടുമ്പോള്‍ ഭരണതലത്തില്‍ ചില കര്‍ശന നടപടികള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാരിനെ പിന്തുണക്കുന്നവരുടെ മറുപടി. 2018 ആഗസ്റ്റ് 26നാണ് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതെങ്കിലും ധൃതിപിടിച്ച് അത് നടത്തിയതുതന്നെ രാജ്യത്തെ രക്ഷിക്കാനാണെന്ന് അവര്‍ പറയുന്നു. തുര്‍ക്കിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിതെന്നത് അവരുടെ നിലപാടുകളെ സാധൂകരിക്കുന്നതാണ്.
സംസ്‌കാരങ്ങളുടെ കേളീകേന്ദ്രമാണ് തുര്‍ക്കി. പുരാതന ഗ്രീക്ക്, റോമന്‍, ബൈസന്റൈന്‍, ഒട്ടോമന്‍ സാമ്രാജ്യങ്ങളുടെ കീഴിലായിരുന്ന നാട് ഇസ്‌ലാമിന്റെ ആശ്ലേഷത്തോടെയാണ് സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- സാമ്പത്തിക രംഗങ്ങളില്‍ പുരോഗതി പ്രാപിച്ചത്. 2023ലാണ് അടുത്ത തെരഞ്ഞെടുപ്പ്. അതിലും വിജയിച്ചാല്‍ ഉര്‍ദുഗാന്‍ അഞ്ചു വര്‍ഷം വീണ്ടുംതുടരും. യൂറോപ്യന്‍ മേഖലയില്‍ തുര്‍ക്കി കരുത്ത് വര്‍ധിപ്പിക്കുന്നത് പശ്ചിമേഷ്യന്‍-ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്‌ലാമിക ലോകത്തിനും കൂടുതല്‍ ഗുണം ചെയ്‌തേക്കും. 38 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച തുര്‍ക്കിയാണ് കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലേക്ക് കുടിയേറിയ മ്യാന്മാറിലെ ലക്ഷക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ചെലവ് ഏറ്റത്. രാജ്യത്തെ ബഹുഭൂരിപക്ഷ മതം ഇസ്‌ലാമാണെന്നതാണ് ശത്രുക്കളെ ഭയപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന്. മതേതര രാഷ്ട്രമായിട്ടും എന്തുകൊണ്ട് ഉര്‍ദുഗാന്‍ വിദ്യാലയങ്ങളില്‍ ഇസ്‌ലാം പഠിപ്പിക്കുന്നുവെന്ന വരട്ടുവാദമാണ് ചിലരുന്നയിക്കുന്നത്. മതം രാഷ്ട്രീയത്തിലിടപെടുന്നില്ലെന്നും ഇസ്‌ലാം മതേതരത്വത്തിനെതിരല്ലെന്നുമാണ് ഉര്‍ദുഗാന്റെ ചുട്ട മറുപടി. എട്ടു കൊല്ലമായി ആഭ്യന്തര യുദ്ധം തുടരുന്ന അയല്‍ രാജ്യമായ സിറിയയില്‍ അമേരിക്കന്‍, ഐ.എസ് വിരുദ്ധ പക്ഷത്താണ് തുര്‍ക്കി. സ്വാഭാവികമായും റഷ്യയുടെ പക്ഷത്താണ് രാജ്യം. ഇതും പാശ്ചാത്യ ശക്തികളെ പ്രകോപിപ്പിക്കുന്നു. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ ഉര്‍ദുഗാനെ അഭിനന്ദിച്ചെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ പ്രതികരണം വ്യക്തമല്ല.

chandrika: