ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ പത്താംതരം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കപ്പെട്ടിട്ട് ഒന്നരമാസം പിന്നിടുമ്പോഴും തുടര്‍ പഠനത്തിന് വലിയക്ലേശം അനുഭവിക്കുകയാണ് സംസ്ഥാനത്തെ വലിയൊരുവിഭാഗം വിദ്യാര്‍ത്ഥികള്‍. പരീക്ഷയെഴുതിയവരില്‍ 97.84 ശതമാനം പേരാണ് ഇത്തവണ വിജയത്തിന്റെ കടമ്പ കടന്നത്. 4,31,762 കുട്ടികളാണ് ഉയര്‍ന്നപഠനത്തിന് യോഗ്യതനേടിയത്. ഇതില്‍ 2.16 ലക്ഷം പെണ്‍കുട്ടികളാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറു ശതമാനം കുട്ടികള്‍ അധികമായി വിജയിച്ചു. 34313 കുട്ടികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി. എന്നാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയില്‍ ആകെയുള്ള സീറ്റുകളുടെ എണ്ണം 422910 മാത്രമാണ്. ഈകണക്ക് നോക്കിയാല്‍ വെറും 8852 സീറ്റുകളുടെ കുറവേ സംസ്ഥാനത്താകെയുള്ളൂവെന്ന് തോന്നാം. എന്നാലിത് കണക്കിലെകളി മാത്രമാണ്. പാലക്കാട് മുതലുള്ള മലബാര്‍ മേഖലയില്‍ പ്ലസ്ടു സീറ്റുകളില്ലാതെ കുട്ടികള്‍ വലയുമ്പോള്‍ തൃശൂര്‍ മുതലുള്ള മധ്യ-തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ യഥേഷ്ടം ഒഴിഞ്ഞുകിടക്കുന്നുവെന്ന വസ്തുത അക്ഷരസ്‌നേഹികളെ ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ രണ്ടു മേഖലകളില്‍ രണ്ടു പന്തിയില്‍ വിളമ്പുന്ന അധികാരികളുടെ തലതിരിഞ്ഞ ഏര്‍പ്പാടാണിതെന്ന് പറയാതെവയ്യ.
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങളിലെ കുട്ടികളും രക്ഷിതാക്കളും പ്ലസ്ടു സീറ്റുകള്‍ക്കായി നെട്ടോട്ടമോടുമ്പോള്‍ ഇനിയും പ്രശ്‌നത്തിന് പരിപൂര്‍ണപരിഹാരം ഉണ്ടായിട്ടില്ല എന്നത് കേരള രൂപീകരണത്തിനുശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പഴയ മലബാര്‍ മേഖല നേരിടുന്ന അവഗണനയുടെ ഭാഗമായിവേണം കാണാന്‍. ഓരോവര്‍ഷവും വിജയികളുടെ സംഖ്യ വര്‍ധിച്ചുവരുന്നത് രക്ഷിതാക്കളെയും നാടിനെയും സംബന്ധിച്ച് ശുഭകരമാണെങ്കിലും അവരുടെ നെഞ്ചില്‍ തീയേറ്റുന്നതാണ് ആവശ്യത്തിന് തുടര്‍പഠന സൗകര്യങ്ങളില്ലെന്ന യാഥാര്‍ത്ഥ്യം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്ലസ്ടുവിന് ആവശ്യക്കാരേക്കാള്‍ അധികം സീറ്റുള്ളപ്പോള്‍ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇത് തുലോം കുറവാണ്. മലപ്പുറം ജില്ലയില്‍ ആകെ വിജയിച്ചത് 77922 പേരാണെങ്കില്‍ പ്ലസ്ടു സീറ്റുകള്‍ 60646 മാത്രം. കൂടുതല്‍ വിജയിച്ച കുട്ടികളുള്ള ഈ ജില്ലയില്‍ മാത്രം 17216 വിദ്യാര്‍ത്ഥികളാണ് മുഖ്യധാരാസംവിധാനത്തിന് പുറത്തുനില്‍ക്കേണ്ടി വരുന്നത്. വയനാടാണ് ഏറ്റവും കുറവ ്‌സീറ്റുകള്‍- 10188. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 3,79,583 പേര്‍ പ്ലസ്ടു പ്രവേശനം നേടിയപ്പോള്‍ തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടന്നത് 43,327 സീറ്റുകളായിരുന്നുവെന്ന് അറിയുമ്പോള്‍ ഭാവിതലമുറയുടെ ഭാഗധേയത്തില്‍ നാം കാട്ടുന്ന അലംഭാവത്തിന് എന്തു വിശേഷണമാണ് ചേരുക. തലസ്ഥാന ജില്ലയില്‍ മാത്രം 417 സീറ്റുകളാണ് അധികമായി അവശേഷിക്കുന്നത്. പത്തനംതിട്ടയില്‍ ഇത് 6545 ആണ്. വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയായ തൃശൂരില്‍ ഒഴിഞ്ഞുകിടക്കുന്നത് 2331 പ്ലസ്ടു സീറ്റുകള്‍. പത്താംതരത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതും ആദിവാസി മേഖലയുമായ ജില്ലകളിലൊന്നായ പാലക്കാട്‌പോലും പഠിക്കാന്‍ ആവശ്യത്തിന് സൗകര്യമില്ല എന്നുവരുന്നത് നാടിനാകെ നാണക്കേടാണ്. ജില്ലയില്‍ ഈവര്‍ഷം അധികമായി വേണ്ടത് 7101 സീറ്റുകള്‍. മലപ്പുറം ജില്ലയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 54118 കുട്ടികളാണ് പ്ലസ്ടു പഠനത്തിന് അപേക്ഷിച്ചത്. ഇതില്‍ 21000 കുട്ടികള്‍ സീറ്റുകള്‍ കിട്ടാത്തതുകാരണം ‘ഓപ്പണ്‍സ്‌കൂള്‍’ സംവിധാനത്തില്‍ പഠനം തുടരാന്‍ നിര്‍ബന്ധിതരായി. ഭരണകൂടം ഏതാനും പേരുടെ മാത്രമായി ചുരുങ്ങുന്നതാണ് ഇവിടെ ദൃശ്യമാകുന്നത്.
ജൂണ്‍ 12ന് നിയമസഭയില്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ പ്രശ്‌നം അടിയന്തിര പ്രമേയത്തിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി നല്‍കിയ മറുപടി സര്‍ക്കാരിന്റെ അലംഭാവം തുറന്നുകാട്ടുന്നതായി. സംസ്‌കൃതവും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ ഉപചാര മറുപടിയാണ് മന്ത്രി സി. രവീന്ദ്രനാഥനില്‍ നിന്നുണ്ടായത്. മലബാര്‍ മേഖലയില്‍ 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും അനുവദിക്കപ്പെട്ട സീറ്റുകളില്‍ കുട്ടികളെ ഉള്‍ക്കൊള്ളാനാവാത്ത പ്രശ്‌നവും ചില സ്‌കൂളുകളെയെങ്കിലും അലട്ടുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വേണ്ടത്ര ക്ലാസ് മുറികളില്ലാത്തതാണ് കാരണം. ഇതിന് പരിഹാരമായി കൂടുതല്‍ ഹൈസ്‌കൂളുകളില്‍ ഹയര്‍സെക്കണ്ടറി കോഴ്‌സുകള്‍ അനുവദിക്കാന്‍ തയ്യാറാകണം. മാത്രമല്ല, അഭിരുചിയും ജോലി സാധ്യതയും കണക്കിലെടുത്ത് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത് ശാസ്ത്ര വിഷയങ്ങളാണ്. രണ്ടാമത് കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകളും മൂന്നാമത് കൊമേഴ്‌സും. നാലാമതാണ് സാമൂഹികവിഷയങ്ങള്‍ ഇച്ഛിക്കപ്പെടാറ്. ഇതുകൊണ്ടുതന്നെ ഏതെങ്കിലും വിഷയത്തില്‍ കുട്ടികള്‍ പ്രവേശനം നേടിയെന്ന് പറഞ്ഞ് സര്‍ക്കാരിന് കൈകഴുകാനാകില്ല. ഇഷ്ടപ്പെട്ട വിഷയം ലഭിച്ചില്ലെങ്കിലത് കുട്ടിയുടെ പഠനത്തിലെ താല്‍പര്യത്തെയും ഭാവി ജീവിതത്തെയും സാരമായി ബാധിക്കും. നിര്‍ഭാഗ്യവശാല്‍ ഇതുകണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങളല്ല വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ അനുവദിച്ചത്. ഓരോ നിയമസഭാമണ്ഡലങ്ങളിലും കോളജ് എന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉറപ്പുവരുത്തി. എല്ലാ പഞ്ചായത്തിലും ഒരു ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നതും യു.ഡി.എഫിന്റെ നയമായിരുന്നു. എന്നാല്‍ അന്ന് അധ്യാപികമാരുടെ യൂണിഫോമിലെയും ബോര്‍ഡിലെയും പച്ച നിറത്തെ മഞ്ഞക്കണ്ണാടികൊണ്ട് നോക്കി പരിഹസിച്ചവരാണ് ഇന്ന് നാട് ഭരിക്കുന്നതും പുതുതലമുറയെ അഗ്നിപരീക്ഷക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നതും .
കഴിഞ്ഞവര്‍ഷം കേരളത്തില്‍ ഇദംപ്രഥമമായാണ് പത്താംക്ലാസിലെ കണക്കുപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം മാറ്റിവെക്കേണ്ടിവന്നത്. വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കപ്പെട്ട നമ്മുടെ രാജ്യത്ത് ഉന്നതപഠനം മരീചികയായി ശേഷിക്കുന്ന അവസ്ഥ സംഭവിക്കാന്‍ പാടില്ല. സ്വകാര്യമേഖലയിലെ കഴുത്തറുപ്പന്‍ഫീസ് കാരണം പൊതുവിദ്യാഭ്യാസമേഖല ശക്തിപ്പെട്ടുവരുന്ന കാലമാണിത്. ഈവര്‍ഷം ഒന്നേമുക്കാല്‍ ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ വര്‍ധിച്ചുവെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ഹയര്‍സെക്കണ്ടറിതലം മുതലുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് പിറകോട്ട് നടക്കുന്നുവെന്ന് അധികൃതര്‍ ആലോചിക്കണം. പ്ലസ്ടു പൂര്‍ത്തിയായ കുട്ടികള്‍ക്കും ഉന്നത-പ്രൊഫഷണല്‍ പഠനാവസരങ്ങള്‍ പരിമിതമായി തുടരുകയാണ്. എം.ബി.ബി.എസിനും മറ്റും ലക്ഷങ്ങള്‍ ചെലവഴിച്ച് വിദേശത്തേക്കുവരെ കുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളെ അതിന് നിര്‍ബന്ധിപ്പിക്കുന്നത് സ്വാശ്രയ മേഖലയിലെ സര്‍ക്കാര്‍ ഒത്താശയോടെയുള്ള വന്‍ ഫീസാണ്. കേരളത്തിന്റെ പകുതിയിലധികം ജനങ്ങള്‍ അധിവസിക്കുന്ന മലബാര്‍ മേഖലയോടുള്ള ഇടതുസര്‍ക്കാരിന്റെ അവഗണനാഭാവം സന്തുലിത വികസനമെന്ന ആധുനിക ക്ഷേമരാഷ്ട്ര സങ്കല്‍പത്തിന് എതിരാണ്. അതിന് വേണ്ടത് വെറും സീറ്റുകളല്ല; ഭരണക്കാരുടെ സന്മനസ്സാണ്.
- 7 years ago
chandrika
Categories:
Video Stories
മലബാറിലെ മക്കളോട് എന്തിനീ ക്രൂരത
Tags: editorial