X

ആശങ്കപ്പെടേണ്ട ഭാവി

മാറ്റത്തിന് മാറ്റമില്ലെന്നും എല്ലാ ചരാചരങ്ങളെയുംപോലെ പ്രപഞ്ചവും നാശോന്മുഖമാണെന്നും ശാസ്ത്രവും മതങ്ങളും ഏതാണ്ടൊരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്. അത് ശരിവെക്കുംവണ്ണം അടുത്തകാലത്തായി ഭൗമാന്തരീക്ഷ താപനിലയില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നതായി ശാസ്ത്രവും അനുഭവവും മനുഷ്യരെ ഇതിനകം ഓര്‍മപ്പെടുത്തിക്കഴിഞ്ഞു. ഭൂഖണ്ഡാന്തര ഭേദമില്ലാതെ ഇന്ത്യയിലും അമേരിക്കയിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ആസ്‌ത്രേലിയയിലും കാലാവസ്ഥാവ്യതിയാനം മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയവും കൊടും വരള്‍ച്ചയും മനുഷ്യകുലത്തെയാകെ ആത്മാര്‍ത്ഥമായ തിരിച്ചറിവുകള്‍ക്കും കൂലങ്കഷമായ പുനരാലോചനകള്‍ക്കും നിര്‍ബന്ധിതമാക്കുന്നുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനകം താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുമെന്ന പാരിസ് ഉച്ചകോടിയുടെ വിലയിരുത്തല്‍ മറികടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആഗോളതാപനം വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്ന് രാജ്യങ്ങളെല്ലാം ഏകസ്വരത്തില്‍ സമ്മതിക്കുമ്പോള്‍ തന്നെയാണ് അതിന് കാരണമാകുന്ന പരിസ്ഥിതിവിരുദ്ധവും വ്യാവസായികവുമായ ഹരിത ഗൃഹവാതകങ്ങളുടെയും കാര്‍ബണ്‍ അവശിഷ്ടങ്ങളുടെയും വ്യാപനത്തിനെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ നമുക്കാവുന്നില്ലെന്ന നഗ്ന യാഥാര്‍ഥ്യം.
കേരളത്തില്‍ ഇക്കഴിഞ്ഞ ജൂലൈയിലും ആഗസ്റ്റിലുമായി ആഞ്ഞടിച്ച പ്രളയത്തിന്റെ കെടുതികള്‍ വിവരണാതീതമാണ്. 2000 മില്ലിമീറ്ററിന്റെ സ്ഥാനത്ത് അതിന്റെ ഇരട്ടിയോളമാണ് മഴ പെയ്തത്. അതുപോലെതന്നെ ഭയപ്പെടുത്തുന്നതാണ് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ വരള്‍ച്ചയുടെ ഘട്ടവും. പ്രളയത്തിന്‌ശേഷം വെറും പത്തു ദിവസത്തിനകം കേരളത്തിലെ പുഴകളില്‍ പതിനഞ്ചടിയോളം വെള്ളം താഴ്ന്നിരിക്കുന്നുവെന്നും ഭാരതപ്പുഴ പോലുള്ളവയില്‍ ചെറുനീര്‍ചാലുപോലും പൊടുന്നനെ അപ്രത്യക്ഷമാകുന്നു എന്നൊക്കെയുള്ള വിവരങ്ങള്‍ ഭാവിയുടെ നേര്‍ക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്. പാലക്കാട് ജില്ലയില്‍ ഇന്നലെ വേനല്‍ കാലത്തിന് സമാനമായ 35 ഡിഗ്രിസെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കടുത്ത കുടിവെള്ളക്ഷാമവും കൃഷിനാശവുമാണ് ഇതുമൂലം വരുംനാളുകളില്‍ നേരിടേണ്ടിവരിക. കഴിഞ്ഞ പത്തു കൊല്ലത്തിനകം ആഗോളതാപ നിലയില്‍ ഒരുഡിഗ്രി ചൂട് വര്‍ധിച്ചതായാണ് പഠനങ്ങള്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് വരള്‍ച്ചമൂലം കൊടിയ ദാരിദ്ര്യം വരാനിരിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി സംസാരിക്കുമ്പോള്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് കഴിഞ്ഞദിവസം കേരളത്തെ പരാമര്‍ശിച്ചതും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.
ലോക ഭക്ഷ്യ സംഘടനയായ ഡബ്ലിയു.എഫ്.പിയുടെ റിപ്പോര്‍ട്ടില്‍ വരള്‍ച്ചകാരണം ദരിദ്രരുടെ സംഖ്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചതായി വെളിപ്പെടുത്തുന്നു. 2016ല്‍ 80.4 കോടിയായിരുന്ന ദരിദ്രരുടെ എണ്ണം 2017 ആയപ്പോഴേക്ക് 81.7 കോടിയായതായാണ് ഐക്യരാഷ്ട്ര ഏജന്‍സികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒറ്റവര്‍ഷം കൊണ്ട് 1.30 കോടി ആളുകള്‍ കൂടുതലായി ദരിദ്രരുടെ പട്ടികയിലേക്ക് മാറ്റപ്പെട്ടുവെന്നര്‍ത്ഥം. വരള്‍ച്ചയും പ്രളയവുംമൂലം ഉണ്ടാകുന്ന കൃഷിനാശവും തന്മൂലമുണ്ടാകുന്ന ഭക്ഷ്യക്ഷാമവുമാണ് ദരിദ്രരുടെ തോത് വര്‍ധിക്കാന്‍ കാരണമായത്. പ്രധാനമായും തെക്കേ അമേരിക്കയിലും ആഫ്രിക്കയിലുമാണ് ദരിദ്രരുടെ സംഖ്യവര്‍ധിക്കുന്നതെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും കൃഷിനാശവും പോഷകാഹാരക്കുറവും മൂലമുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണത്രെ. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ടാണ് വരള്‍ച്ചയുടെ തോത് കൂടിയതും കൃഷിനാശം വ്യാപകമായതുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടുത്ത മുപ്പതു വര്‍ഷംകൊണ്ട് ലോക ജനസംഖ്യ 750 കോടിയില്‍നിന്ന് ആയിരം കോടിയിലെത്തുമെന്നും അത് വലിയ ദുരന്തത്തിലേക്ക് ഭൂമിയെ വലിച്ചിഴക്കുമെന്നുമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അപ്പോഴേക്ക് ലണ്ടനിലെയും പാരിസിലെയും വാഷിംഗ്ടണിലെയും ജനങ്ങള്‍ക്കുകൂടി ആവശ്യത്തിന് ഭക്ഷണം കിട്ടാതാകുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഐക്യരാഷ്ട്രസഭ പുറത്തുവിട്ട മറ്റൊരു കണക്കില്‍ പതിറ്റാണ്ടിലാദ്യമായി ദരിദ്രരുടെ സംഖ്യ വര്‍ധിച്ചതായി വെളിപ്പെടുത്തിയിരുന്നു. 2015ല്‍ 77.7 കോടി ആളുകളാണ് മതിയായ പോഷകാഹാരം കിട്ടാത്ത ദരിദ്രരുടെ ഗണത്തില്‍പെട്ടതെങ്കില്‍ അതില്‍നിന്ന് എത്രയോ കൂടുതലാണ് ഇപ്പോഴത്തെ അവസ്ഥ.
കാലാവസ്ഥാവ്യതിയാനം മാത്രമല്ല ഭക്ഷണത്തിനായി ഉണ്ടാകുന്ന കലാപങ്ങളും ദരിദ്രരുടെ സംഖ്യ വര്‍ധിക്കാനിടയാക്കുന്നതായാണ് യു.എന്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ ദരിദ്രരുടെ സംഖ്യ സ്വാതന്ത്ര്യാനന്തരം കുറച്ചുകൊണ്ടുവന്നെങ്കിലും കൂടുതല്‍ പേര്‍ ദാരിദ്ര്യരേഖക്ക് കീഴിലേക്ക് മാറ്റപ്പെടുന്നതായാണ് അടുത്ത കാലത്തായി കണ്ടുവരുന്ന പ്രവണത. വ്യവസായികള്‍ക്കും സമ്പന്നര്‍ക്കും അധികാരികള്‍ വാരിക്കോരി പണവും സൗകര്യവും ചൊരിയുമ്പോള്‍ ദരിദ്രര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് വഴുതിവീഴുന്നുവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പക്ഷേ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യം വളര്‍ച്ച നേടുന്നതായി കാണാന്‍ കഴിയുന്ന ഗ്രാഫിക് വിദ്യകളാകും ഭരണകൂടം പൊതുജനത്തിന്റെ മുമ്പില്‍ വെക്കുക. ഉദാഹരണത്തിന് നോട്ടു നിരോധനവും ചരക്കുസേവനനികുതിയും മൂലം കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് ലക്ഷക്കണക്കിന് ചെറുകിട കര്‍ഷകരുടെയും സാധാരണക്കാരുടെയും പാവങ്ങളുടെയും തൊഴിലും വരുമാനവും നിഷേധിക്കപ്പെട്ടപ്പോള്‍ രാജ്യം എട്ടു ശതമാനം വളര്‍ച്ച നേടിയതായാണ് കഴിഞ്ഞയാഴ്ച ഇന്ത്യാസര്‍ക്കാര്‍ പുറത്തുവിട്ടകണക്ക് പറയുന്നത്. ഇതിന് കാരണം സമ്പന്നരുടെയും പാവപ്പെട്ടവരുടെയും വരുമാനത്തിലെ ശരാശരി എടുത്താണ് ദേശീയ ശരാശരി വളര്‍ച്ച കണക്കാക്കുന്നത് എന്നതിനാലാണ്. പാവപ്പെട്ടവര്‍ വീണ്ടും പാവപ്പെട്ടവരായിക്കൊണ്ടിരിക്കുകയും സമ്പന്നര്‍ അതിസമ്പന്നരായിക്കൊണ്ടിരിക്കുകയുമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെതന്നെ കണക്കുകള്‍ തെളിവുതരുന്നുണ്ട്.
അതോടൊപ്പം തന്നെ ദരിദ്രര്‍ക്ക് നിഷേധിക്കപ്പെടുന്നത് വെറും സമ്പത്തുമാത്രല്ല എന്നിടത്താണ് വിഷയത്തിന്റെ ഗൗരവം കുടിയിരിക്കുന്നത്. സാര്‍വത്രികമായ പോഷകാഹാരം, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, തൊഴില്‍, ജനാധിപത്യാവകാശങ്ങള്‍ തുടങ്ങിയവയൊക്കെ ദാരിദ്ര്യം കാരണം ഇക്കൂട്ടര്‍ക്ക് നിഷേധിക്കപ്പെടുന്നു. ഇവിടെയാണ് സര്‍ക്കാരുകളുടെയും ജനാധിപത്യ സംവിധാനങ്ങളുടെയും കൈത്താങ്ങ് ഈ ജനവിഭാഗങ്ങളിലേക്ക്കൂടി എത്തേണ്ട ആവശ്യകത ബോധ്യപ്പെടുന്നത്. ആഗോളതാപനം കുറച്ചുകൊണ്ടുവരുന്നതിനും ദാരിദ്ര്യം ലഘൂകരിക്കുന്നതിനും 1990 മുതല്‍ ലോക രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനം എടുത്തിട്ടുണ്ടെങ്കിലും അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ വികസ്വര രാജ്യങ്ങളുടെമേല്‍ കുതിരകയറുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിനു പരിഹാരം പൊതുജനാവബോധം കൂട്ടുകയും ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ അവികസിത രാജ്യങ്ങളുടെ സഹകരണത്തോടെ ശക്തമായ പാരിസ്ഥിതിക ഇടപെടലുകള്‍ നടത്തുകയുമാണ്.

chandrika: