ആലുവ എടത്തലക്കടുത്ത് കുഞ്ചാട്ടുകരയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ പൊലീസ് സംഘം സഞ്ചരിച്ച സ്വകാര്യകാര്‍ ബൈക്കിലിടിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന മുഖ്യമന്ത്രിയുടെ വാദമുഖങ്ങള്‍ ഇടതുമുന്നണിസര്‍ക്കാരിന്റെ മതനിരപേക്ഷ മുഖംമൂടി പിച്ചിച്ചീന്തുന്നതായിരിക്കുന്നു. രണ്ടുമാസത്തേക്ക് നാട്ടിലേക്ക് അവധിക്കുവന്ന പ്രവാസിയായ മുപ്പത്തൊമ്പതുകാരന്‍ ഉസ്മാനെയാണ് പൊലീസ് സംഘം അതിക്രൂരമായി മര്‍ദിച്ച് ആസ്പത്രിയിലാക്കിയിരിക്കുന്നത്. അടുത്തിടെയായി സംസ്ഥാനത്തെ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന കസ്റ്റഡി കൊലപാതകം അടക്കമുള്ള കിരാതപരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ചവരെയാകെ തീവ്രവാദികളാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം കേരളത്തിന്റെ മഹിതമായ രാഷ്ട്രീയ സംസ്‌കാരത്തിന് അനുയോജ്യമല്ലാത്ത അത്യന്തം ലജ്ജാകരമായ ഒന്നാണ്.
റമസാന്‍ വ്രതമെടുത്ത ഉസ്മാന്‍ മാതാപിതാക്കള്‍ക്ക് മരുന്ന ്എത്തിച്ചുകൊടുത്തശേഷം വീടിനടുത്തുള്ള കവലയിലേക്ക് നോമ്പുതുറയ്ക്കുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങാനായി ചെന്നതായിരുന്നു. അപ്പോഴാണ് മഫ്തിയില്‍ എസ്.ഐയുടെ സ്വകാര്യകാറില്‍ എ.എസ്.ഐ അടങ്ങുന്ന പൊലീസ്‌സംഘം ഉസ്മാന്റെ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ഉരസിയത്. അമിതവേഗതയില്‍ വന്ന കാര്‍ തെറ്റായി നിര്‍ത്തിയിട്ട മറ്റൊരു ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നിതിനിടെ ഉസ്മാന്റെ ബൈക്കിലിടിക്കുകയായിരുന്നുവത്രെ. ഇതുകണ്ട ഉസ്മാന്‍ കാറിലുണ്ടായിരുന്നവരോട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് പൊലീസും ഉസ്മാനുമായി അടിപിടിയായി. പൊലീസുകാരാണെന്ന് മനസ്സിലാകാതെയായിരുന്നു ഇതെല്ലാം. തുടര്‍ന്ന് പൊലീസ്‌സംഘം ഉസ്മാനെ കാറില്‍ പിടിച്ചിട്ട് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. വാരിയെല്ലും മുഖവും പൊട്ടി ചോരയൊലിച്ചു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും പൊലീസ്‌സ്റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴാണ് പൊലീസുകാരാണ് തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലാകുന്നത്. തുടര്‍ന്നാണ് ഉസ്മാനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് തയ്യാറായത്. ആസ്പത്രിയില്‍നിന്ന് പക്ഷേ പരിക്കില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു.
ഇതുസംബന്ധിച്ച് വ്യാഴാഴ്ച നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചു. ആലുവ അംഗം കോണ്‍ഗ്രസിലെ അന്‍വര്‍സാദത്താണ് പ്രശ്‌നം ഉന്നയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഇതിനു നല്‍കിയ മറുപടി പൊലീസിനെ പരോക്ഷമായി ന്യായീകരിക്കുന്നത് മാത്രമല്ല, പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കാനെത്തിയവര്‍ തീവ്രവാദികളാണെന്നും പ്രതിപക്ഷം അവരെ പ്രോല്‍സാഹിപ്പിക്കുന്നവരാണെന്നുമായിരുന്നു. പരിക്കേറ്റ ഉസ്മാന് റമസാന്‍ നോമ്പുണ്ടായിരുന്നുവെന്ന് സാദത്ത് പറഞ്ഞതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ആലുവ സ്വതന്ത്രറിപ്പബ്ലിക്കല്ലെന്നും പൊലീസിനെ ആദ്യം അടിച്ചത് ഉസ്മാനാണെന്നും പ്രതിഷേധിക്കാനെത്തിയവരില്‍ ഒരാള്‍ കളമശ്ശേരി ബസ് കത്തിക്കല്‍ അടക്കമുള്ള കേസുകളിലെ പ്രതിയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ യു.എ.പി.എ കേസിലെ പ്രതി ഇസ്മയില്‍ ഉസ്മാന്റെ പിതൃസഹോദരന്റെ മകനാണ്. അതുകൊണ്ടാണ് താന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം നിന്നതെന്ന് ഇസ്മയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്മയില്‍ മാത്രമല്ല, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളുടെയൊക്കെ പ്രവര്‍ത്തകരും സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. എന്നിട്ടും ഇസ്മയിലിനെ ചൂണ്ടി പ്രതിഷേധക്കാരും ആലുവയിലെ ജനങ്ങളും പ്രതിപക്ഷവും തീവ്രവാദികളാണെന്ന രീതിയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചതിനെ എങ്ങനെയാണ് ന്യായീകിരക്കാനാകുക? പരിക്കേറ്റ വ്യക്തി, പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞിരിക്കുന്ന നോമ്പുകാരനെന്ന് പറഞ്ഞതിനെ എന്തിനായിരുന്നു മതത്തിന്റെയും തീവ്രവാദത്തിന്റെയും പരിവേഷം നല്‍കാന്‍ പിണറായി വിജയന്‍ മുന്നോട്ടുവന്നത്? ഇതിനുപിന്നില്‍ മൃദുഹിന്ദുത്വത്തിന്റെ പേരില്‍ നാലുവോട്ട് തന്റെ പെട്ടിയില്‍ വീഴട്ടെ എന്ന ഗൂഢലക്ഷ്യമായിരുന്നില്ലേ? ഇനി സമരക്കാരൊക്കെ തീവ്രവാദികളാണെന്ന് വെച്ചാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദികളുള്ളത് സി.പി.എമ്മിലാണെന്ന് പറയേണ്ടിവരും. പൊതുമുതല്‍ നശിപ്പിക്കല്‍ മുതല്‍ ആശയഎതിരാളികളെ ഇത്രയെണ്ണം കൊലപ്പെടുത്തിയ കൂട്ടര്‍ കേരളത്തില്‍ സി.പി.എമ്മകാരും ആര്‍.എസ്.എസ്സുകാരുമല്ലേ. തൊട്ടടുത്ത പറവൂരില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍.എസ്.എസ്സുകാര്‍ ആക്രമിച്ച ഇസ്‌ലാം മതപ്രബോധകരെ ജയിലിലിടച്ചപ്പോഴും സിലബസിലെ പിശകിന് പീസ്ഫൗണ്ടേഷന്‍ സ്ഥാപകന്‍ എം.എം.അക്ബറിനെ അറസ്റ്റുചെയ്ത് സ്‌കൂളുകള്‍ക്ക് താഴിട്ടപ്പോഴും പ്രയോഗിച്ച തന്ത്രത്തിന് താടിവെച്ചവന്‍ മുസ്‌ലിമാകുമ്പോള്‍ കൂടുതല്‍ സൗകര്യപ്രദം! ഇനി ഉസ്മാന്റെ ബന്ധു ഇസ്മയില്‍ ബസ് കത്തിക്കല്‍ കേസില്‍ പ്രതിയാണെങ്കില്‍ അതെന്തിന് വേണ്ടിയായിരുന്നു? ഇതേ പിണറായിവിജയന്‍ 2009ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിനെതിരെ പൊന്നാനിയില്‍ പി.ഡി.പി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനിക്കൊപ്പം പരസ്യമായി വേദി പങ്കിട്ട് വോട്ട് പിടിച്ചതോ? മറ്റുള്ളവര്‍ തൊട്ടാല്‍ വിഷവും താന്‍ തൊട്ടാലത് അമൃതും എന്ന പിണറായിയുടെ നയം പഴയ പാര്‍ട്ടി സെക്രട്ടറിയുടെ പ്രേതം ഇപ്പോഴും മുഖ്യമന്ത്രിയില്‍ കുടികിടക്കുന്നുണ്ടെന്നതിനുള്ള ഒന്നാംതരം തെളിവാണ്. പരിക്കേറ്റയാളെയും അയാളുടെ കുടുംബത്തെയും പ്രതിപക്ഷത്തെയും താറടിക്കാന്‍ തന്റെ പൊലീസ് എഴുതിത്തന്ന കുറിപ്പ് അതേപടി നിയമസഭയില്‍ വായിച്ച മുഖ്യമന്ത്രിക്ക് അടിയന്തരാവസ്ഥാക്കാലത്ത് തന്നെ മര്‍ദിച്ചെന്നുപറയുന്ന പൊലീസിനെ സ്‌നേഹിക്കുന്ന തരത്തില്‍ ‘സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം’ ബാധിച്ചുവോ?
പിണറായി ‘സ്വതന്ത്ര റിപ്പബ്ലിക്കില്‍’ രണ്ടുവര്‍ഷത്തിനിടെ നടന്നത് ഇരുപതിലധികം രാഷ്ട്രീയക്കൊലപാതകങ്ങള്‍. പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യം രേഖപ്പെടുത്തിയ വര്‍ഷം പിണറായി അധികാരമേറ്റ 2016 ആയിരുന്നു -7,07,870 കേസുകള്‍. 2017ല്‍ കേസുകളുടെ എണ്ണം 6,52,904. ഈവര്‍ഷം മാര്‍ച്ചുവരെ മാത്രം 1,53,031. പൊലീസിന്റെ മനോവീര്യം കെടുത്തരുതെന്ന് പറയുന്ന പിണറായിവിജയന്‍ തന്റെ കീഴില്‍ രണ്ടുവര്‍ഷം കൊണ്ട് പൊലീസ് നടത്തിയ അക്രമങ്ങളും അഴിമതിയും കണ്ടില്ലെന്ന് നടിച്ചാല്‍ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ മലയാളിസമൂഹം. ജോസഫ്സ്റ്റാലിന്റെ റിപ്പബ്ലിക്കല്ല കേരളം. ചെങ്ങന്നൂരിലെ വോട്ടാണ് പിണറായിയുടെ ധാര്‍ഷ്ട്യത്തിന് പിന്നിലെങ്കില്‍ ആ ദിവാസ്വപ്‌നത്തിന് ഏതാനുംമാസത്തിന്റെ ആയുസ്സേ ഉള്ളൂ.
- 7 years ago
chandrika
Categories:
Video Stories