X

ഈ പൊലീസ് ഭരണം ഇനിയുമെത്ര നാള്‍?

ഏപ്രില്‍ 18ന് എടപ്പാളിലെ സ്വകാര്യസിനിമാതീയേറ്ററില്‍ പത്തുവയസ്സുകാരി മാനഭംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റം വെളിച്ചത്തുകൊണ്ടുവന്ന തീയേറ്റര്‍ഉടമ ഇ.സി സതീഷിനെ പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിച്ചിരിക്കുന്നു. കഴിഞ്ഞദിവസമാണ് സ്റ്റേഷനിലേക്ക് മൊഴിയെടുക്കാനെന്ന പേരില്‍ വിളിപ്പിച്ച ശേഷം സതീഷിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റുചെയ്തത്. ഇതിനെതിരെ പൊതുജനങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അറസ്റ്റ്ഒഴിവാക്കി തടിതപ്പിയിരിക്കുകയാണ്. ഇതില്‍പരം നാണക്കേട് നമ്മുടെ പൊലീസിന് വരാനുണ്ടോ എന്ന് ചോദിക്കുന്നതിനുമുമ്പ് ആലോചിക്കേണ്ട മറ്റൊന്നാണ്, ഇഷ്ടപ്പെട്ട പെണ്ണിനെ സ്‌നേഹിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ഏതാനും ദിവസംമുമ്പ് ഇരുപത്തിമൂന്നുകാരനെ തല്ലിക്കൊന്ന് തോട്ടിലെറിഞ്ഞ ഗുണ്ടാസംഘത്തില്‍നിന്ന് കോട്ടയം പൊലീസ് പണം വാങ്ങിയെന്ന വാര്‍ത്ത.
കേരളത്തെയും രാജ്യത്തെയും നടുക്കിയ എടപ്പാള്‍ പീഡനകഥ പുറത്തുകൊണ്ടുവന്നത് ശാരദാതീയേറ്റര്‍ ഉടമയുടെയും സന്നദ്ധപ്രവര്‍ത്തകയുടെയും മറ്റും ജാഗ്രത കൊണ്ടായിരുന്നു. ചാരമാക്കപ്പെടുമായിരുന്നൊരു തിക്തസംഭവമാണ് നന്മയുള്ള ചില മനസ്സുകളുടെ മാത്രം ആര്‍ജവത്താല്‍ പുറത്തായത്. ജനുവരിയില്‍ ജമ്മുവിലെ കത്വയില്‍ എട്ടുവയസ്സുകാരി പീഡനത്താല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു അഭിഭാഷക കാണിച്ച ധൈര്യത്തിന് സമാനമായിരുന്നു എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ മനുഷ്യസ്‌നേഹം. ഏപ്രില്‍ 25ന് വിവരം തീയേറ്ററിലെ ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ്‌ലൈനിന് വിവരം കൈമാറിയ സതീഷിനെയാണ് പൊലീസ് യഥാസമയം വിവരം കൈമാറിയില്ലെന്ന വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തത്. ബാലലൈംഗിക പീഡനനിയമമായ പോക്‌സോയിലെ 19(എ) വകുപ്പ് ചാര്‍ത്തിയാണ് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തെക്കുറിച്ച് രണ്ടാഴ്ചയോളം മിണ്ടാതിരുന്ന ശേഷം ഒരു ടി.വി ചാനലില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസ് ഒന്നുണരാന്‍ തയ്യാറായത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരവെയാണ് സ്വന്തംവീഴ്ച മറയ്ക്കാനായി പൊലീസ് വാദിയെ പ്രതിയാക്കുന്ന നാണംകെട്ട പണിക്കിറങ്ങിത്തിരിച്ചത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചയിലല്ല, അത് പുറത്തായതിലാണ് നമ്മുടെ പൊലീസിന് മാനഹാനിയുണ്ടായിരിക്കുന്നത്. മാവോയിസ്റ്റുകളെ കണ്ടുവെന്നുകാട്ടി രാത്രിക്ക്‌രാത്രി രണ്ടുപേരെ നിലമ്പൂര്‍ വനത്തിനകത്ത് കയറി വെടിവെച്ച് കൊന്ന ഇടതുപക്ഷത്തിന്റെ പൊലീസിന് മനോവീര്യം കൂടുതലായെന്നാണോ ഇതിലൂടെ ധരിക്കേണ്ടത്. അന്ന് പൊലീസിനെതിരെ പൊതുസമൂഹം രംഗത്തുവന്നപ്പോള്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പറയാനുണ്ടായിരുന്നത്, പൊലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്നായിരുന്നു. രണ്ടു കൊല്ലത്തിനകം എത്രപേരെയാണ് പിണറായിയുടെ പൊലീസ് തല്ലിച്ചതച്ചതും ലോക്കപ്പിലിട്ട് തല്ലിക്കൊന്നതും അരുംകൊലകള്‍ക്ക് ചൂട്ടുപിടിച്ചതും.
എടപ്പാള്‍ സംഭവത്തിലെ സതീഷിന്റെ അറസ്റ്റ് ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലെന്ന് നിയമസഭയില്‍ കയറിനിന്ന് പറയാന്‍ മുഖ്യമന്ത്രി കാട്ടിയ ധൈര്യത്തെ ലജ്ജാകരമെന്നല്ലാതെന്താണ് വിശേഷിപ്പിക്കുക? ഡിവൈ.എസ്.പി പറയുന്നത് മറിച്ചും. ഇന്നലെ പ്രതിപക്ഷം വിഷയം ഉന്നയിച്ചില്ലായിരുന്നെങ്കില്‍ പ്രശ്‌നം കെട്ടടങ്ങിപ്പോവുകയും നിരപരാധിയും നന്മ നിലനിന്നുകാണാന്‍ ആഗ്രഹിച്ചയാളുമായ വ്യക്തി ക്രൂശിക്കപ്പെടുകയും ചെയ്യുമായിരുന്നു. പൊലീസിന്റെ ഇത്തരം തീട്ടൂരങ്ങളെ ന്യായീകരിച്ച് കൈയടി നേടാമെന്നാണ് സര്‍ക്കാര്‍ വിചാരിക്കുന്നതെങ്കില്‍ അത് അവരുടെ അവസാനമെന്നേ പറയാനാകൂ. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തൃശൂര്‍ റെയ്ഞ്ച്‌ഐ.ജിയെയും മലപ്പുറം എസ്.പിയെയും ശാസിച്ചുവെന്നാണ് വാര്‍ത്തകള്‍. ഇതിനുകാരണം മുഖ്യമന്ത്രിയുടെ അദ്ദേഹത്തിനുള്ള ശാസനയാണോ. ഇങ്ങനെയെങ്കില്‍ ഈ ശാസനാപൊലീസ് സേനയെ നിലക്കുനിര്‍ത്താന്‍ ജനം പരസ്യശാസനയുമായി ഇറങ്ങേണ്ടിവരില്ലേ. സംസ്ഥാന വനിതാകമ്മീഷന്‍ പോലും പൊലീസിനെതിരെ രംഗത്തുവന്നിരിക്കുന്നുവെന്നത് അതിലെ അംഗങ്ങളെ നിയമിച്ച സര്‍ക്കാരിനും മുന്നണിക്കും ലജ്ജ ഉളവാക്കുന്നില്ലേ ?
പ്രശ്‌നം തീര്‍ത്തും വഷളായനിലക്ക് പൊലീസ് ആഴ്ചകള്‍ക്കുമുമ്പ് ചാര്‍ജ്‌ചെയ്ത കേസില്‍ ഇന്നലെ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിയെ അറസ്റ്റുചെയ്ത് സ്‌റ്റേഷന്‍ജാമ്യത്തില്‍ വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പീഡനക്കേസ് പ്രതി മൊയ്തീന്‍കുട്ടിയും ഇരയുടെ മാതാവും റിമാന്‍ഡിലുള്ളപ്പോഴാണ് പോക്‌സോ പ്രകാരം സമാനമായ ഗൗരവമുള്ള കുറ്റം ചെയ്ത എസ്.ഐക്കും മറ്റും പുറത്തിറങ്ങി നടക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. കെവിന്റെ മരണത്തില്‍ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് മേധാവികള്‍ ചെയ്ത കുറ്റത്തിന് ഇനിയും അവര്‍ക്കെതിരെ പുറത്താക്കല്‍ നടപടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഇതുതന്നെയാണ് പൊലീസിലെ അരാജകത്വത്തിനും താന്തോയ്മക്കും വളം നല്‍കുന്നത്. നല്ല സേവമനസ്‌കതയുള്ള പൊലീസ് സേനയാണ് കേരളത്തിനുള്ളതെന്ന് അനുഭവത്തിലൂടെ പഠിച്ച ജനതയാണ് നമ്മുടേത്. കണ്ണൂര്‍ ചക്കരക്കല്‍ സ്റ്റേഷനില്‍ പ്രതികള്‍ക്ക് പുസ്തകം വായിക്കാന്‍ നല്‍കുന്നവരെ പോലുള്ള പൊലീസ് ശിക്ഷണ നടപടികളുടെ കാലത്താണ് കിങ്കരന്‍ വേഷമണിയുന്ന പോലീസുകാര്‍ സേനയിലിപ്പോള്‍ അരങ്ങുവാഴുന്നത്. എന്തിനും ഏതിനും ഉപദേശകരുള്ള പൊലീസിനും ഭരണത്തിനും ചെലവാക്കുന്ന പണത്തേക്കാള്‍ വേണ്ടത് ആര്‍ജവവും ആത്മാര്‍ത്ഥതയുമുള്ള ഭരണ നേതൃത്വമാണ്. അതിന്റെ അഭാവമാണ് പഴയ കമ്യൂണിസ്റ്റ് നേതാവായ പിണറായിയില്‍ കാണുന്നത്. ഭരിക്കാന്‍ കഴിവില്ലെങ്കില്‍ അത് തുറന്നുപറഞ്ഞ് കസേര മറ്റുള്ളവര്‍ക്ക് ഒഴിഞ്ഞുകൊടുക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. പക്ഷേ അതിനദ്ദേഹത്തെ തിരുത്താന്‍ പാര്‍ട്ടിയിലും മുന്നണിയിലും നട്ടെല്ലുള്ള ആളുണ്ടായിട്ടുവേണ്ടേ !
രണ്ടാം വാര്‍ഷികത്തിന്റെ മദോന്മത്തതയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും പെണ്‍കുട്ടികളുടെ മാനത്തിനും മേലെ കുതിരകയറുന്ന കേരള പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന തുറന്നുപറച്ചിലാണിപ്പോള്‍ പിണറായിവിജയന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ സുരക്ഷയിലുമൊക്കെ ശരാശരിക്കുമേലെ എന്നഭിമാനിക്കുന്ന നമ്മുടെ ഭൗതിക നിലവാരത്തെ ഇതുപോലെ തച്ചുതുലച്ച ഭരണകൂടം ഇതിനുമുമ്പുണ്ടായിട്ടില്ല. മുമ്പൊക്കെ അപൂര്‍വമായി ഇത്തരം സംഭവങ്ങളുണ്ടായപ്പോള്‍ അതിനെതിരെ കാടിളക്കി പൊതുമുതല്‍ നശിപ്പിച്ച് സമരംചെയ്ത കക്ഷികളാണ് ഇന്ന് ഭരണാസനത്തിന്റെ അഹങ്കാര ആലസ്യത്തില്‍ അന്തിയുറങ്ങുന്നത്. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ തരാതരംപോലെ വര്‍ഗീയത ഇളക്കിവിട്ടാല്‍ ജനം മറ്റെല്ലാം മറന്ന് അധികാരം തുടരാമെന്നായിരിക്കാം ഇവരുടെ ഉള്ളിലിരിപ്പ്.

chandrika: