X

കുതിക്കുന്ന ഇന്ധനവില പിടിച്ചുകെട്ടാനാളില്ലേ

 

നിത്യേന വാണംപോലെ കുതിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലയെ പിടിച്ചുകെട്ടാന്‍ ഇന്ത്യയില്‍ ഭരണകൂടങ്ങളില്ലേ എന്ന സംശയത്തിലാണിപ്പോള്‍ ജനം. ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന രാജ്യമാണ് നമ്മുടേത്. തിരുവനന്തപുരത്ത് പെട്രോളിന് ഇന്നലെ 82.04 ഉം ഡീസലിന് 74.64 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭ വിഷയം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുതന്നിട്ടും അതുണ്ടായില്ലെന്ന് മാത്രമല്ല, ജനത്തെ ആകെ പരിഹസിക്കുമാറ് അസംസ്‌കൃത എണ്ണയുടെ വില കുറക്കാന്‍ സഊദി ഭരണകൂടത്തോട് ആവശ്യപ്പെടുമെന്നാണ് പെട്രോളിയം മന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞത്. എണ്ണ വിലയുടെ ഏറ്റക്കുറച്ചില്‍ നിയന്ത്രിക്കാന്‍ കമ്പനികളോട് ആവശ്യപ്പെടുമെന്നും മന്ത്രി ഒഴുക്കന്‍മട്ടില്‍ പറയുകയുണ്ടായി. ഇതിനര്‍ത്ഥം വില കുറക്കാന്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നാണ്. ഇനി പരിദേവനവുമായി കേരള സര്‍ക്കാരിനെ സമീപിച്ചവരോട് ധനമന്ത്രി തോമസ്‌ഐസക് പറഞ്ഞിരിക്കുന്നതാകട്ടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം വിഷയം പരിശോധിക്കാമെന്നും. വിലയുടെ പകുതിയിലധികം നികുതിയായി ഈടാക്കുകവഴി പുര കത്തുമ്പോള്‍ വാഴവെട്ടുകയാണ് ഇരു സര്‍ക്കാരുകളുമെന്ന് മനസ്സിലാകാതിരിക്കാന്‍ മാത്രം മന്ദബുദ്ധികളാണ് ജനങ്ങളെന്ന് ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നവരല്ലേ സത്യത്തില്‍ മന്ദബുദ്ധികള്‍?
കേന്ദ്രമന്ത്രി പറയുന്ന ‘ഏറ്റക്കുറച്ചിലാ’ണോ യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? കഴിഞ്ഞ പന്ത്രണ്ടുദിനം കൊണ്ട് പെട്രോളിനും ഡീസലിനുമായി കൂടിയത് മൂന്നു രൂപയിലധികം. പെട്രോളിന് 3.47 രൂപ കൂടിയപ്പോള്‍ ഡീസലിന് വര്‍ധിച്ചത് 3.15 രൂപയാണ്. ഈ കാലയളവില്‍ ഒറ്റ ദിവസംപോലും വില കുറഞ്ഞില്ല. സഊദി അറേബ്യയില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പെട്രോളിയം ഉത്പന്നങ്ങള്‍ എത്തുന്നത്. അവിടെ ബാരലൊന്നിന് (159 ലിറ്റര്‍) കഴിഞ്ഞവര്‍ഷം ജൂണ്‍ 25ന് 55 ഡോളറായിരുന്നത് കുതിച്ചുകയറി ഇന്നലെ 78 ഡോളറിലെത്തി. അതായത് ഡോളറിന് 68 രൂപവെച്ച് ഇന്നലെ ലിറ്റര്‍ വില 33 രൂപ. ഇന്ത്യയിലെത്തിക്കാനും കമ്പനികള്‍ ഇതിനെ സംസ്‌കരിച്ച് ഉപയോഗയോഗ്യമാക്കുന്നതിനുമായി വരുന്ന ചെലവ് ലിറ്ററൊന്നിന് പത്തുരൂപ കൂട്ടിയാലും ആകെ വരുന്നത് ഇന്ത്യയിലെ ലിറ്റര്‍ വില നാല്‍പത്തി രണ്ടുരൂപയില്‍ താഴെ മാത്രം. ഇവിടെയാണ് കേരളത്തില്‍ പെട്രോള്‍ വില 82 രൂപ കടന്നിരിക്കുന്നത്. മുംബൈയിലിത് 86 ലെത്തുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നാല്‍പതു രൂപയിലധികം ജനങ്ങളുടെ അധ്വാനത്തില്‍നിന്ന് കവരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഇവിടെയാണ് മറ്റൊരു പകല്‍കൊള്ളയുടെ മുഖംമൂടികൂടി അഴിഞ്ഞുവീഴുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 2018 ആദ്യ പാദത്തിലെ സഞ്ചിതലാഭം 5218 കോടിരൂപ. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 40 ശതമാനത്തിന്റെ ഞെട്ടിക്കുന്ന ലാഭ വര്‍ധനയാണിത്. ജനം പണംമുടക്കി മുടിയുമ്പോള്‍ എവിടേക്കാണ് ഇത്രയും കോടികള്‍ പോകുന്നതെന്നതിന് തെളിവാണീ കണക്ക്. മോദി ഭരണത്തിനിടെ രാജ്യത്തിന്റെ എഴുപതു ശതമാനം സമ്പത്ത് ഒരു ശതമാനം പേരിലേക്ക് മാത്രമായി പോയെന്ന കണക്ക് ഇവിടെയാണ് പ്രസക്തമാകുന്നത്. എണ്ണക്കമ്പനികളുടെ വില നിശ്ചയിക്കുന്നതിലെ തോന്ന്യാസം തന്നെയാണിതിന് കാരണം. പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ എസ്സാര്‍ ഓയിലിന്റെ ഉടമ ബി.ആനന്ദ് ഇന്നലെ പറഞ്ഞിരിക്കുന്നത് സര്‍ക്കാരുകള്‍ നികുതി കുറക്കുകയാണ് തങ്ങളെ പിടികൂടുന്നതിനേക്കാള്‍ നല്ല വഴിയെന്നാണ്. ഇത് സര്‍ക്കാരുകളോട് മാത്രമല്ല ജനങ്ങളോടുതന്നെയുള്ള വെല്ലുവിളിയാണ്.
2011ലാണ് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് തോന്നിയപോലെ വില നിശ്ചയിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ കൊടുത്തത്. കമ്പനികള്‍ നേരിട്ട് വില നിശ്ചയിക്കുമ്പോള്‍ സ്വര്‍ണത്തെയും മറ്റും പോലെ വില കൂടിയും കുറഞ്ഞുമിരിക്കുമെന്നും വിപണിയാണ് ഇതിനെ സ്വാധീനിക്കുകയെന്നുമായിരുന്നു പൊതുധാരണയും സര്‍ക്കാരിലെ ആളുകള്‍ അവകാശപ്പെട്ടതും. എന്നിട്ടും പക്ഷേ കൂടിക്കൂടി 65ല്‍ നിന്ന് 83 ലേക്ക് എത്തുകയാണ് ഇപ്പോള്‍ പെട്രോള്‍ വില. അസംസ്‌കൃത എണ്ണയുടെ വില കൂടുന്നതാണ് ഇവിടെ വിലകൂട്ടാന്‍ കാരണമാകുന്നതെന്ന് പറയുന്ന കമ്പനികള്‍ക്ക് ഉത്തരംമുട്ടുന്ന ചോദ്യമുണ്ട് നമ്മുടെ മുന്നില്‍. മെയ് 12ലെ കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് 19 ദിവസവും തുടര്‍ച്ചയായി എണ്ണവില ഉയര്‍ന്നില്ല എന്നിടത്താണ് കേന്ദ്രസര്‍ക്കാരും കുത്തക എണ്ണക്കമ്പനി ഉടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് നാം ചിന്തിക്കുന്നത്. സാധാരണക്കാരാണ് ഇതിന്റെ ഏറ്റവും വലിയ ഇരകളെന്ന് അറിയാതെയാവില്ല കമ്പനികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഈ പകല്‍കൊള്ളക്ക് ഓശാന പാടുന്നത്. സമ്പന്നര്‍ ഉപയോഗിക്കുന്ന കാറുകളല്ല, ലോറിയിലും മറ്റുമായി ചരക്കുകളെത്തിക്കുന്നതുമൂലമുണ്ടാകുന്ന വിലക്കയറ്റമാണ് ഡീസല്‍ വിലയുടെ പ്രത്യാഘാതം. ദിനംപ്രതിയെന്നോണം വര്‍ധിക്കുന്ന നിത്യോപയോഗ വസ്തുക്കളുടെ വില സാധാരണക്കാരെ മാത്രമല്ല, പാവപ്പെട്ടവരെപോലും ഇതുമൂലം ദരിദ്രരില്‍ ദരിദ്രരാക്കുകയാണ്. ലിറ്ററൊന്നിന് ഇരുപത് രൂപയോളം വാറ്റ് നികുതി ഈടാക്കുന്ന കേരള സര്‍ക്കാരിന് അതില്‍നിന്ന് ഒരുരൂപപോലും വേണ്ടെന്നുവെക്കാന്‍ മനസ്സില്ലെന്ന് മാത്രമല്ല, പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന പിണറായി സര്‍ക്കാരിന് മന്ത്രിമാരുടെ അനാവശ്യ ചെലവുകള്‍ക്ക് ഒരു നിയന്ത്രണവും മുന്നോട്ടുവെക്കാന്‍ കഴിയുന്നില്ല. എല്ലാം സഹിക്കേണ്ടത് പാവം ജനവും. പെട്രോളിയം ഉത്പന്നങ്ങളുടെമേല്‍ ചരക്കുസേവനനികുതി ചുമത്തിയാല്‍ വില കുറയുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ഇതിന് മുന്‍കയ്യെടുക്കേണ്ടത് ആരെന്ന തര്‍ക്കമാണ് ബാക്കി. അമിത്ഷാ ഉറപ്പുനല്‍കിയതുപോലെ കേന്ദ്രസര്‍ക്കാരിന് വില കുറക്കാന്‍ കഴിയാത്തത് അതിനുമപ്പുറമുള്ള കുത്തക വ്യാവസായിക ബന്ധങ്ങളാണ് ആ പാര്‍ട്ടിയെ നയിക്കുന്നതെന്നത് കൊണ്ടാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത് രാജ്യത്തെ ഇന്ധനവില കുറയ്ക്കാന്‍ മോദിക്ക് കഴിയുമോ എന്ന് പോസ്റ്റിട്ടുകൊണ്ടാണ്. ‘ഫ്യുവല്‍ ചലഞ്ച്’ എന്നു പേരിട്ട ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ പക്ഷേ മോദിക്കും കൂട്ടര്‍ക്കും ഇതുവരെയും വീര്യമുണ്ടായിട്ടില്ല. ഇന്തോനേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമുള്ള അടുത്ത ഘട്ടയാത്രയുടെ തിരക്കിലാണത്രെ പ്രധാനമന്ത്രി. ജനങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ഭരണാധികാരികള്‍ക്ക് തെരഞ്ഞെടുപ്പ് വരുമ്പോഴെങ്കിലും ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നത് മാത്രമാണ് ഏക ആശ്വാസം. ചെങ്ങന്നൂരിലെയും വരാനിരിക്കുന്ന ലോക്‌സഭയിലെയും വോട്ടുകള്‍ ഈ ജനദ്രോഹത്തിനുള്ള ചുട്ട മറുപടിയാകണം.

chandrika: