ഹെനിപ്പാ വൈറസ് ജീനസിലെ ‘നിപ്പാ വൈറസ്’ പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. അപകടകാരിയാണെങ്കിലും നശീകരണം എളുപ്പം സാധ്യമാകുന്ന സെല്‍ വാള്‍ ഉള്ളആര്‍.എന്‍.എ വൈറസ് ആണ്. അതുകൊണ്ടുതന്നെ വൈറസിനെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വ്യക്തമായ ബോധവത്കരണ പരിപാടികളും നിതാന്തമായ ജാഗ്രതയിലൂടെയും ശക്തമായ മുന്‍കരുതലുകളിലൂടെയും ഈ അപകടകരമായ അവസ്ഥ വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയും. ആരോഗ്യ മേഖലയും വിദഗ്ധരും നല്‍കുന്ന ബോധവത്കരണ അറിയിപ്പുകള്‍ വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കേണ്ടതുണ്ട്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമായാണ് നിപ്പാ വൈറസ് ഇതുവരെ കണ്ടിട്ടുള്ളത്. പൊതുവേ വൈറസ് ബാധയുള്ളതായി കൂടുതല്‍ കണ്ടിട്ടുള്ളത് വവ്വാലുകളിലാണെങ്കിലും പന്നി, വളര്‍ത്തു നായ, പൂച്ച എന്നിവകളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരാം. അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗ ബാധ ഉണ്ടായാലും രോഗലക്ഷണങ്ങള്‍ കാണാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. രോഗ ലക്ഷണങ്ങളില്‍ അദ്യം കാണുന്ന പനി വന്നാല്‍ ഉടനെ ഡോക്ടറെ കാണുക. സ്വയം ചികിത്സക്ക് തയ്യാറായി സമയം കളയാതിരിക്കുക. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. പ്രതിരോധമാണ് ഏറ്റവും പ്രധാനം. നിപ്പ വൈറസ് വായുവിലൂടെ പരക്കില്ല. രോഗ ബാധിതരുടെ സ്രവങ്ങളിലൂടെയാണ് പകരുക. വായുവിലൂടെയോ, ജലത്തിലൂടെയോ, കൊതുകിലൂടെയോ വൈറസ് പകരുകയില്ല എന്നതിനാല്‍ മുന്‍കരുതലുകള്‍ എടുത്താല്‍ തടയാവുന്ന രോഗമാണ്. വൈറസ് ബാധ കൂടുതല്‍ ഉണ്ടാകുന്നത് വവ്വാലുകളില്‍ നിന്നായതുകൊണ്ട് രോഗം പകരാതിരിക്കാന്‍ ശക്തമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങള്‍ ഒഴിവാക്കുക. വവ്വാലുകളുടെ കാഷ്ഠം, മൂത്രം എന്നിവ മനുഷ്യ ശരീരത്തിന് ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. വാഴ ഇല കൊണ്ട് അപ്പം ചുരുട്ടുന്നതും ഇലയട പോലുള്ള ഭക്ഷണം ഉണ്ടാക്കുന്ന തടക്കമുള്ള സാഹചര്യങ്ങളും ഒഴിവാക്കുക. പനി ബാധിച്ച ആളോടുള്ള സമ്പര്‍ക്കം മൂലമാണ് പനി പകരുന്ന മറ്റൊരു മാര്‍ഗം. സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനു ശേഷം മാത്രമേ രോഗിയെ പരിചരിക്കാവൂ. കൈയുറകള്‍, ഗൗണുകള്‍ എന്നിവ ഉപയോഗിച്ച ശേഷം മാത്രമേ രോഗിയെ പരിചരിക്കാവൂ. കൈകള്‍ സോപ്പുപയോഗിച്ച് ഇടക്കിടക്ക് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക. അണു നശീകരണ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചീകരണ ദ്രാവകങ്ങള്‍കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്. രോഗികള്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. രോഗ ബാധ തടയുന്നതിനുള്ള ബോധവത്കരണ നടപടികളും രോഗികളെ പരിചരിക്കുന്നവര്‍ ശക്തമായ ജാഗ്രതയും പാലിക്കണം. രോഗം വന്നു മരണമടഞ്ഞ ആളില്‍ നിന്നും രോഗം പകരുന്നതാണ്. മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരീരിക സ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക. ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചീകരണ ദ്രാവകങ്ങള്‍ ഉപയോഗിക്കുക. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക. മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ അണുനശീകരണ സോപ്പ് ഉപയോഗിച്ച് കുളിക്കുക. മരണമടഞ്ഞ വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ അണുനശീകരണ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകേണ്ടതാണ്.
പനി, തലവേദന, ഛര്‍ദി, തലകറക്കം, ബോധക്ഷയം (ചിലര്‍ അപസ്മാര രോഗ ലക്ഷണങ്ങളും കാണിക്കും)എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പൊതുവേ ഈ ലക്ഷണങ്ങള്‍ 10-12 ദിവസം നീണ്ടുനില്‍ക്കും. തുടര്‍ന്ന് അബോധാവസ്ഥയും. മൂര്‍ധന്യാവസ്ഥയില്‍ രോഗം മസ്തിഷ്‌കജ്വരത്തിലേക്കു നീളുന്നതോടെ മരണം സംഭവിക്കാം.
പക്ഷിമൃഗാദികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്. പഴങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം മാത്രമേ കഴിക്കാവൂ.വവ്വാലുകള്‍ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന ഇലകള്‍, പാനീയങ്ങള്‍ ഉപയോഗിക്കരുത്, രോഗിയുമായി സമ്പര്‍ക്കം ഉണ്ടായാല്‍ കൈകള്‍ വൃത്തിയായി കഴുകണം, രോഗിയെ പരിചരിക്കുമ്പോള്‍ മാസ്‌കും കയ്യുറയും ധരിക്കണം. രോഗി, രോഗ ചികില്‍സക്കു പയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക, രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും കത്തിച്ചുകളയുക തുടങ്ങിയവയാണ് നിഷ്‌കര്‍ഷ പുലര്‍ത്തേണ്ട മറ്റു സുരക്ഷാ രീതികള്‍.
(മൈക്രോബയോളജിസ്റ്റാണ് ലേഖകന്‍)