X

രാഷ്ട്രീയ ധാര്‍മികത ഉണര്‍ത്തുന്ന വിധി

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ടീം സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും കേരള ഹൈക്കോടതിയുടെ കനത്ത പ്രഹരമേറ്റുവാങ്ങിയിരിക്കുകയാണ്. ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ ലൈംഗികാരോപണങ്ങളടങ്ങുന്ന കത്ത് കോടതി നിഷ്‌കരുണം തള്ളിക്കളഞ്ഞിരിക്കുന്നു. രാഷ്ട്രീയവും വ്യക്തി കേന്ദ്രീകൃതവുമായ ഒരുപാട് വാദപ്രതിവാദങ്ങള്‍ക്കും സമൂഹത്തെ ലജ്ജിപ്പിക്കുന്ന അപവാദങ്ങള്‍ക്കുംശേഷം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന മേല്‍വിധി പ്രസ്താവം സംസ്ഥാനത്തെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ മൂല്യവും നൈതികതയും ധാര്‍മികതയും തിരിച്ചുവരാന്‍ ഇടയാക്കുമെങ്കില്‍ അത് മലയാളികളായ നമുക്കെല്ലാവര്‍ക്കും ആശ്വാസകരമാകും. ഉമ്മന്‍ചാണ്ടിയടക്കം യു.ഡി.എഫിലെ ഏതാനും ഉന്നത നേതാക്കളെ കരിവാരിത്തേക്കുന്ന സരിതയുടെ കത്തിന്റെ മൗലികതയും നിജസ്ഥിതിയും നിയമപരമായി സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന കോടതിയുടെ വാക്കുകള്‍ സി.പി.എം നേതാക്കളുടെയും അവരുടെ സര്‍ക്കാരിന്റെയും കുറിക്കുകൊള്ളുന്നതാണ്. ഒരാളുടെ സദ്കീര്‍ത്തി വ്യക്തിയുടെ സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്ന കോടതിവിധി നെറികെട്ട രാഷ്ട്രീയം കളിച്ചവര്‍ക്കുള്ള ഇരട്ട താക്കീതാണ്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തന്നെപ്പറ്റി മോശമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന സരിതനായരുടെ കത്ത് റദ്ദാക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. ഇത് അപ്പടി അംഗീകരിച്ച കോടതി ജുഡീഷ്യല്‍കമ്മീഷന്‍ നിയമത്തിന്റെ പരിധിവിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് സൂചിപ്പിച്ചിരിക്കുന്നു. പ്രത്യേകമായി നോട്ടീസ് അയക്കാതെ സരിതയുടേതെന്ന് പറയുന്ന കത്ത് അപ്പടി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിനെയാണ് സംസ്ഥാനത്തെ ഉന്നത നീതിപീഠം അറുപത്തഞ്ച് പേജുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. ഇതില്‍ ഉമ്മന്‍ചാണ്ടിക്ക് വലിയ തോതില്‍ ആശ്വസിക്കാമെന്നതിനപ്പുറം കേരളത്തിലെ സാധാരണക്കാരുടെ ഒട്ടേറെ സംശയങ്ങള്‍ക്കുള്ള ശക്തവും വ്യക്തവുമായ മറുപടി കൂടിയാണ് കോടതി അനാവൃതമാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ ധാര്‍മികതയും മൂല്യങ്ങളും ഇനിയെങ്കിലും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സി.പി.എമ്മിനെപോലുള്ള കക്ഷികള്‍ ശ്രമിക്കണമെന്ന പാഠമാണിതിനകത്ത്. ജുഡീഷ്യല്‍ കമ്മീഷന്‍ സരിതയുടെ കത്ത് വിശ്വാസത്തിലെടുക്കുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടിയുടെ സദ്കീര്‍ത്തിയെ ബാധിക്കുന്ന വിഷയമായതിനാല്‍ അന്വേഷണ കമ്മീഷന്‍ നിയമത്തിലെ എട്ട് ബി അനുസരിച്ച് അദ്ദേഹത്തിന് പ്രത്യേകമായി നോട്ടീസ് അയക്കണമായിരുന്നുവെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തനിക്കെതിരെ ഇത്തരമൊരു ലൈംഗികാരോപണം വന്നപ്പോള്‍ മുതല്‍ സത്യം തെളിയിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു കോണ്‍ഗ്രസിന്റെ കറകളഞ്ഞ നേതാക്കളിലൊരാളായ ഉമ്മന്‍ചാണ്ടി. പ്രസ്തുത അഴിമതിയില്‍ തന്റെ ഓഫീസിന് പങ്കുണ്ടെന്ന് വന്നപ്പോള്‍തന്നെ അദ്ദേഹം ആരോപണവിധേയരായവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ഖജനാവിന് അഞ്ചു പൈസയുടെപോലും നഷ്ടം വരാതിരുന്നിട്ടും പ്രതിപക്ഷം രാഷ്ട്രീയലാഭം പരമാവധി കൊയ്യാനുള്ള തറവേലയാണ് നടത്തിയത്. സെക്രട്ടറിയേറ്റ് അനിശ്ചിത കാലത്തേക്ക് ഉപരോധിക്കാനെത്തിയവര്‍ രായ്ക്കുരാമാനം പ്രാഥമിക കൃത്യങ്ങള്‍ക്ക് സൗകര്യമില്ലെന്ന് പറഞ്ഞ് സ്ഥലംവിട്ടു. എന്നിട്ടും തന്റെ അര പതിറ്റാണ്ടിലധികമുള്ള രാഷ്ട്രീയസപര്യയുടെമേല്‍ കരിനിഴല്‍ വീഴരുതെന്ന ഉറച്ച ബോധ്യത്തോടെ ഉമ്മന്‍ചാണ്ടിയിലെ തേജസ്സുറ്റ വ്യക്തിത്വം മന്ത്രിസഭാനുമതിയോടെ ജുഡീഷ്യല്‍ കമ്മീഷന് രൂപം നല്‍കാന്‍ സന്നദ്ധമായി. മാത്രമല്ല, ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്റെ മൊഴിയെടുക്കലിന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പോലും പ്രതിഭാഗത്തിന്റെ നിലവാരമില്ലാത്ത ചോദ്യങ്ങള്‍ക്കും വിസ്താരങ്ങള്‍ക്കും സവിസ്തരം അദ്ദേഹം മണിക്കൂറുകളോളം ഇരുന്നുകൊടുത്തു; ശാന്തമായി മറുപടി കൊടുത്തു. കേരളം അതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധമുള്ള രാഷ്ട്രീയ മാന്യതയാണ് ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു കഴഞ്ചുപോലും ധാര്‍മികത ഇല്ലാതിരുന്നിട്ടും സരിതയുടെ കത്തിനും തോന്നുമ്പോള്‍ മാറുന്ന ‘വെളിപ്പെടുത്തലു’കള്‍ക്കും പിന്നാലെ സി.പി.എം പാഞ്ഞു. എത്ര തവണയാണ് കത്തിന്റെ പേജുകളുടെ എണ്ണം മാറിമറിഞ്ഞത്. യു.ഡി.എഫിനെതിരെ കത്ത് രാഷ്ട്രീയായുധമാക്കിയവരെ അധികാര സിംഹാസനങ്ങള്‍ കൊടുത്ത് സി.പി.എം സ്വീകരിച്ചിരുത്തി. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ അവരത് ശരിക്കും തുറുപ്പൂചീട്ടാക്കിമാറ്റി. അതിലൂടെ നേടിയ വിജയമാണ് ഇന്ന് കേരളം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സര്‍ക്കാരെന്ന പേരിന് പിണറായിഭരണകൂടത്തെ പ്രാപ്തമാക്കിയിരിക്കുന്നത്.
ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ ചെലവിട്ട് നാലു വര്‍ഷങ്ങളെടുത്ത് തയ്യാറാക്കിയ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കേരളത്തെയാകെ കൊഞ്ഞനംകുത്തുന്ന രീതിയില്‍ സങ്കുചിത രാഷ്ട്രീയ ലാഭത്തിനാണ് ഇടതുപക്ഷം വിനിയോഗിച്ചത്. 1072 പേജുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ദിവസം നിര്‍ണായകമായ വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായിരുന്നുവെന്നതു മതിയായിരുന്നു അവരുടെ കുബുദ്ധിക്ക് ഒന്നാംതരം തെളിവ്. അതിനെ തൃണവല്‍ഗണിച്ചാണ് വന്‍ ഭൂരിപക്ഷത്തിന് മുസ്്‌ലിംലീഗിന്റെ കോട്ടയില്‍ യു.ഡി.എഫ് വെന്നിക്കൊടി നാട്ടിയത്. നിയമസഭ വിളിച്ചൂകൂട്ടി തങ്ങള്‍ യു.ഡി.എഫിനെതിരായ ബോംബ് പൊട്ടിക്കുമെന്ന് സി.പി.എം നേതാക്കള്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ നിയമസഭയില്‍ ഒരു ഗീര്‍വാണം പോലും വിടാനായതുമില്ല. എങ്കിലും റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. ഇതിനായി വാര്‍ത്താകുറിപ്പിറക്കി. ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവും രൂപീകരിച്ചു. ഇത് ശരിയല്ലെന്ന് സുപ്രീംകോടതിയുടെ മുതിര്‍ന്ന അഭിഭാഷകര്‍ക്കുവരെ സംസ്ഥാന സര്‍ക്കാരിനെ ഉപദേശിക്കേണ്ടിവന്നു. ഇന്നല്ലെങ്കില്‍ നാളെ നെല്ലും പതിരും തെളിയുമെന്നതിന് തെളിവാണ് കോടതിവിധി.
നീതിയിലും ധാര്‍മികതയിലും തരിമ്പെങ്കിലും വിശ്വാസമുണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികളുമായി ഇനിയും മുന്നോട്ടുപോകാതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സരിതയുടെ കത്തിന്റെ കാര്യത്തില്‍ മാധ്യമങ്ങളുടെ ജാഗ്രതക്കുറവിനെതിരെയുള്ള കോടതിയുടെ ഉപദേശവും ഗൗരവമായി കാണേണ്ടതുണ്ട്. ആര്‍ക്കും എന്തും വിളിച്ചുപറയാവുന്ന വേദിയായി മാധ്യമങ്ങള്‍ മാറിക്കൂടാ എന്ന പൊതുബോധമാണ് കേരളത്തിനുള്ളത്. കേരളീയ പൊതുസമൂഹത്തിന്റെ നീതിബോധത്തെക്കുറിച്ചുള്ള കൂലങ്കുഷമായ വിചിന്തനങ്ങള്‍ക്കുള്ള അവസരമാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തുറന്നിട്ടിരിക്കുന്നത്. നിജസ്ഥിതി എല്ലാവര്‍ക്കും ബോധ്യമായിക്കാണുമെന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ അഞ്ചു വര്‍ഷക്കാലം വ്യാജ ആരോപണങ്ങളുടെ പേരില്‍ തീ തിന്നേണ്ടി വന്ന ഒരു പൊതുപ്രവര്‍ത്തകന്റെ ഹൃദയനഭസ്സില്‍നിന്നുള്ള വാക്കുകളായി കരുതാം. അത് കേരള ജനത സ്വമനസ്സാലേ ഏറ്റെടുക്കുകതന്നെ ചെയ്യും.

chandrika: