ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള വനിതകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സെപ്തംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പലയിടത്തും ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന അനിഷ്ടകരമായ സംഭവങ്ങള്‍ സ്വാഭാവികമായി ഉണ്ടായവയാണെന്ന് കരുതാന്‍ വയ്യാത്ത തരത്തിലാണ് പ്രശ്‌നത്തിലിടപെട്ട ചിലരുടെ ഭാഗത്തുനിന്നുള്ള രാഷ്ട്രീയലാക്കുകള്‍. ഭരണകക്ഷികളായ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ദുഷ്ടലാക്കാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി നടന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് പിറകിലുള്ളതെന്നാണ് അവരുടെ പരസ്പര വിരുദ്ധമായ പ്രതികരണങ്ങളില്‍നിന്നും നിലപാടുകളില്‍നിന്നും ബോധ്യമാകുന്നത്. പ്രശ്‌നം വൈകാരികമായ മതവിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നതിനാല്‍, വളരെയേറെ സമചിത്തതയോടെയും അവധാനതയോടെയും കൈകാര്യംചെയ്യേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് ബന്ധപ്പെട്ടവര്‍ക്കുള്ളതെങ്കില്‍ വോട്ടുകള്‍ മുന്നില്‍കണ്ടുകൊണ്ടുള്ള ഹീന തന്ത്രങ്ങളാണ് ഇവിടെ പയറ്റപ്പെടുന്നതെന്നതാണ് നേര്.
പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതി പ്രവേശനാനുമതി നല്‍കിയ സ്ത്രീകളടക്കമുള്ള വലിയ വിശ്വാസി സമൂഹം നിരത്തിലിറങ്ങി. ബുധനാഴ്ച പന്തളത്തുനിന്ന് ആരംഭിച്ച എന്‍.ഡി.എയുടെ ലോംഗ്മാര്‍ച്ച് 15ന് തലസ്ഥാനത്ത്് പ്രവേശിക്കാനിരിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് ദേവസ്വംവകുപ്പു മന്ത്രിയുടെ രാജിയാവശ്യമുന്നയിച്ച് അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ചാപ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പന്തളത്തും സംസ്ഥാനത്തിന്റെ ഇതരയിടങ്ങളിലും ശരണമന്ത്ര ധ്വനികളോടെ പാതകള്‍ ഉപരോധിച്ചും കല്ലെറിഞ്ഞും മറ്റും വിശ്വാസികളെന്ന പേരില്‍ ചിലര്‍ പൊതുജന ജീവിതത്തെ തടസ്സപ്പെടുത്തുന്ന സമരമുറകള്‍ നടത്തി. ഇതിനെതിരെ മറു സമര കാഹളം മുഴക്കിയിരിക്കുകയാണ് ഇടതുപക്ഷ മുന്നണി. പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുമെന്നും കേള്‍ക്കുന്നു. ജാതി മതത്തിന്റെ തുലാസൊപ്പിക്കാന്‍, അവരിലൊരാള്‍ പോലും ആവശ്യപ്പെടാതിരുന്നിട്ടും മുസ്്‌ലിം പള്ളികളിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് നോണ്ടിവിടാനും സി.പി.എം മടിക്കുന്നില്ല. ഭരിക്കുന്നൊരു സര്‍ക്കാരിനും അതിന്റെ പൊലീസിനും നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോകുകയാണോ എന്ന ആശങ്ക ഒരുവശത്തെങ്കില്‍, അവര്‍ തന്നെയാണ് നിയമം കയ്യിലെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതെന്നത് വലിയ ഭയപ്പാടാണ് പൊതുസമൂഹത്തിലുണ്ടാക്കിയിട്ടുള്ളത്. സുപ്രീംകോടതി വിധി ഭരണഘടനയുടെ തുല്യതക്കുള്ള പൗരന്റെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചതാകുമ്പോള്‍തന്നെ അതേ ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം നിവര്‍ത്തിക്കപ്പെടാതെ പോയോ എന്ന ആശങ്കയുമാണ് പ്രശ്‌നത്തിലുടലെടുത്തിട്ടുള്ളത്. വിധിക്കെതിരെ എന്‍.എസ്.എസും മറ്റും പുന:പരിശോധനാഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. അതിനര്‍ത്ഥം വരുന്ന 17ന് തുലാമാസ പൂജക്കായി നടതുറക്കുമ്പോള്‍ യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍ അത് ആചാര ലംഘനമാകുമെന്നാണ് വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നത്. അവരെ തടയുമെന്ന് ഒരു വിഭാഗം പറയുകയും ചെയ്യുന്നു. ഇവിടെ സര്‍ക്കാരുകള്‍ക്ക് ചെയ്യാനുള്ളത്, സംസ്ഥാനമായാലും കേന്ദ്രമായാലും, വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുക എന്നതാണ്. പകരം തെരുവില്‍ തമ്മില്‍ തല്ലിച്ച് രക്തമൂറ്റിക്കുടിച്ച് തീര്‍ക്കാനുള്ളതല്ല കോടതി വിധിയും വിശ്വാസങ്ങളും. ഇക്കാര്യത്തില്‍ കൊടിപിടിച്ച് തെരുവിലേക്കില്ലെന്ന പന്തളം കൊട്ടാരം നിര്‍വാഹകസമിതി പ്രസിഡന്റ് പി.ജി ശശികുമാര്‍ വര്‍മ മുന്നോട്ടുവെച്ച ശാന്തിയുടെ മാര്‍ഗമാണ് കേരളം മാതൃകയാക്കേണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് തയ്യാറല്ലെന്നാണ് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കിയിട്ടുള്ളത്. വനിതാപൊലീസിനെയടക്കം സന്നിധാനത്തില്‍ വിന്യസിച്ച് കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ പിന്നീട് അതു ചെയ്യില്ലെന്നും വനിതകള്‍ക്കുവേണ്ട സൗകര്യം ചെയ്യാനാവില്ലെന്നുമാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി വിധി നടപ്പാക്കുമെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്, ആചാരം സംരക്ഷിക്കുമെന്നാണ്. സി.പി.എം രണ്ടു തോണിയില്‍ കാലുവെച്ചിരിക്കുന്നുവെന്നര്‍ത്ഥം. ഇനി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് കേന്ദ്ര നിയമവകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദിന് പറയാനൊന്നുമില്ല. ദേശീയ വനിതാകമ്മീഷനാകട്ടെ മറ്റു മതങ്ങളിലും വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുതലെടുപ്പിന് കളമൊരുക്കുന്നു. ജനങ്ങളുടെ വോട്ടുവാങ്ങി അവരുടെ ജീവനും ജീവിത സൗകര്യവും ഉറപ്പുവരുത്തേണ്ട ഭരണകൂടങ്ങളുടെ സ്ഥിതിയാണിതെങ്കില്‍ പിന്നെ വര്‍ഗീയ-ജാതി സംഘടനകള്‍ ജനങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അതിനാരാണ് സമാധാനം പറയേണ്ടത്. ഇരുവരും തെരുവിലല്ല ഭരണഘടനാപരമായ ഭരണം നടത്തേണ്ടത്. വിവാഹ മോചിതയായ മുസ്്‌ലിം വനിതക്ക് മുന്‍ ഭര്‍ത്താവ് മാസാമാസം ജീവനാംശം നല്‍കണമെന്ന് നിര്‍ദേശിച്ചും (1986ല്‍ ഷാബാനുബീഗം കേസ്), 2016ല്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചും സുപ്രീംകോടതി വിധികളുണ്ടായപ്പോള്‍ അതിനെതിരെ വിശ്വാസ-ആചാര സ്വാതന്ത്ര്യത്തിനുവേണ്ടി കോണ്‍ഗ്രസ്, എ.ഐ.ഡി.എം.കെ സര്‍ക്കാരുകള്‍ യഥാക്രമം നിയമം നിര്‍മിക്കുകയും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും ചെയ്ത കീഴ്‌വഴക്കങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
വര്‍ഗീയ ശക്തിയായ ബി.ജെ.പിക്കും സംഘ്പരിവാറിനും കേരളത്തിന്റെ മതേതര മണ്ണില്‍ വളംവെച്ചുകൊടുക്കുന്ന ജോലിയാണ് ഇതിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. എന്തുവന്നാലും വിശ്വാസികളുടെ കൂടെയാണെന്നാണ് യു.ഡി.എഫിന്റെ സുചിന്തിത നിലപാട്. പക്ഷേ അത് നേടിയെടുക്കേണ്ടത് തെരുവിലല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മതേതര ശക്തികള്‍ നശിച്ചാലും തങ്ങളുടെ ഭാവി സുഗമമാകുമല്ലോ എന്ന അതിസങ്കുചിതവും അതീവനികൃഷ്ടവുമായ സി.പി.എമ്മിന്റെ രാഷ്ട്രീയ ചിന്തയാണ് വെളിച്ചത്തായിരിക്കുന്നത്. മത നിരപേക്ഷതയുടെ അപ്പോസ്തലന്മാരാണ് വര്‍ഗീയതക്ക് നിലമൊരുക്കുന്ന നെറികെട്ട ഈ പണി ചെയ്യുന്നതെന്നത് കേരളീയരെ സംബന്ധിച്ചിടത്തോളം ലജ്ജാകരംതന്നെ. വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കിയതും 12 കൊല്ലം കേസ് നടത്തിയതും ആര്‍.എസ്.എസിന്റെ വനിതാവിഭാഗമാണെന്ന് വ്യക്തമായിരിക്കെ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും ഇനിയും വിശ്വാസികളുടെ കണ്ണില്‍പൊടിയിട്ട് രക്ഷപ്പെടാനാകില്ല. ഗുരുദേവനും അയ്യങ്കാളിയും കേളപ്പനും തുടങ്ങി ഗാന്ധിജിയുടെ സഹകരണത്തോടെ എണ്ണമറ്റ മഹാരഥന്മാര്‍ ഉണ്ടാക്കിയെടുത്ത നവോത്ഥാനത്തിന്റെ മണ്ണാണ് ഒരു കാലത്ത് സ്വാമി വിവേകാന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം എന്ന് എല്ലാവരും ഓര്‍ക്കുന്നത് ഇപ്പോള്‍ ഉചിതമായിരിക്കും.
- 6 years ago
chandrika
Categories:
Video Stories