X

പൊതുജനാരോഗ്യത്തിന് പ്രാമുഖ്യം നല്‍കണം

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് പൊതുജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിരിക്കുകയാണ്. മഴക്കാലമെത്തും മുമ്പെ പകര്‍ച്ചപ്പനിയും മറ്റു മാറാരോഗങ്ങളുമായി ആയിരങ്ങള്‍ ആസ്പത്രികളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ആപത്കരമായ അവസ്ഥയാണുള്ളത്. മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചതാണ് കേരളത്തെ ഇത്ര ഭീതിതമാംവിധം ആതുരാലയങ്ങളുടെ കോലായിലേക്ക് തള്ളിവിടാന്‍ കാരണമായത്. സര്‍ക്കാര്‍ ആസ്പത്രികളിലെ അനാസ്ഥയും അസൗകര്യങ്ങളും രോഗികള്‍ക്ക് കൂനിന്മേല്‍ കുരുവാണെന്ന കാര്യം ഇതോടൊപ്പം ചേരുത്തുപറയേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇന്നലെ ഇറങ്ങിപ്പോയത് ഇക്കാര്യത്തിലെ ഗൗരവം ബോധ്യപ്പെടുത്താനാണ്. പകര്‍ച്ചപ്പനിയും മാറാ രോഗങ്ങളിലൂടെയുള്ള മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാതെ സര്‍ക്കാര്‍ അലംഭാവം തുടരുന്നത് അംഗീകരിക്കാനാവില്ല. അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് ഏഴു ലക്ഷം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 32 എച്ച് വണ്‍ എന്‍ വണ്‍ ബാധിതരടക്കം 62 പേര്‍ മരിച്ചതായും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തീരദേശ മേഖലയില്‍ മുമ്പെങ്ങും കാണാത്ത വിധമാണ് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത്. മലയോര മേഖലയില്‍ ഡങ്കിപ്പനി വ്യാപകമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിനുമാത്രമാണ്. മാലിന്യ സംസ്‌കരണത്തിലെ വീഴ്ചയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയും കാരണം നിരവധി ജീവനുകള്‍ മരണത്തെ അഭിമുഖീകരിച്ചു കഴിയുന്നത് ഇനിയും കാണാതിരിക്കരുത്.
സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനിടയുണ്ടെന്ന് ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ആരോഗ്യ ഡയറക്ടറേറ്റ് തയാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം വകുപ്പു മന്ത്രി മാസങ്ങള്‍ക്കു മുമ്പ് തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വകുപ്പ് പിറകോട്ടു പോവുകയാണുണ്ടായത്. കൊടും ചൂടും ശുദ്ധജലത്തിന്റെ കുറവും പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിന്റെ പ്രധാന ഘടകങ്ങളാണ്. ഇത്തരം സാഹചര്യത്തില്‍ രോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി എന്നിവയുടെ വ്യാപനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാകുമെന്ന മുന്നറിയിപ്പും ഗൗരവമായെടുത്തില്ല. അതിനാല്‍ കഴിഞ്ഞ തവണ ഡെങ്കിപ്പനിയും ഡിഫ്തീരയയും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ ഇത്തവണയും രോഗലക്ഷണം കണ്ടുതുടങ്ങിയവരുടെയും സ്ഥിരീകരിച്ചവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മഴക്കാല രോഗങ്ങളെക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നത് വേനല്‍ക്കാല രോഗങ്ങളാണെന്ന തിരിച്ചറിവോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരുന്നത്. പ്രത്യേകിച്ച്, നൂറ്റാണ്ടിനിടെ ശക്തമായ വരള്‍ച്ചയില്‍ കേരളം വരണ്ടുണങ്ങുന്ന സാഹചര്യത്തില്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചത് കേരളത്തിലായിരുന്നുവെന്നത് ഓര്‍ക്കേണ്ടതുണ്ട്. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകുന്നതു മരണകാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ ഇത്തവണ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഒരു പ്രതിരോധ പ്രവര്‍ത്തനവും നടന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മരണ നിരക്കു കൂടിയിട്ടും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാറിനു കഴിയുന്നില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
കൊതുകു നിയന്ത്രണമാണ് മുഖ്യ പ്രതിരോധ മാര്‍ഗം. എന്നാല്‍ മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ മാര്‍ഗം സ്വീകരിക്കാത്ത സര്‍ക്കാര്‍ പൊതുയിടങ്ങളെല്ലാം കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളാക്കി മാറ്റയിരിക്കുകയാണ്. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ കൊതുകിന്റെ കൂത്താടികളാണെങ്ങും. പകലാണ് ഇത്തരം കൊതുകുകള്‍ രോഗം പടര്‍ത്തുന്നത്. എന്നിട്ടും ഇവയെ നശിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സംവിധാനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം തുടരുകയാണ്. മലിനജലം കെട്ടിക്കിടക്കുന്നതും പരിസരശുചിത്വത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും കുറവും മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇവക്കെതിരെ പ്രാഥമികമായി സ്വീകരിക്കേണ്ട പ്രതിരോധ നടപടികളില്‍ പോലും സര്‍ക്കാര്‍ പിറകോട്ടുപോയതാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളം ഇന്ന് പകര്‍ച്ചവ്യാധികളുടെ നാടായി മാറിക്കഴിഞ്ഞു. കഴിഞ്ഞ മാസം തുടക്കത്തിലാണ് സംസ്ഥാന ആരോഗ്യ മന്ത്രി പകര്‍ച്ചപ്പനിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചികിത്സ തേടിയത്. വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഡെങ്കിപ്പനി ബാധിതരെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് മന്ത്രിക്കും പനി ബാധിച്ചതെന്നായിരുന്നു നിഗമനം. എന്നിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ പാളിച്ചയും പൊതുജനാരോഗ്യത്തിനു പ്രാധാന്യം നല്‍കേണ്ടതിന്റെ ഗൗരവവും തരിച്ചറിഞ്ഞില്ല എന്നത് ഖേദകരമാണ്. ആരോഗ്യ വകുപ്പ് സടകുടഞ്ഞെഴുന്നേല്‍ക്കേണ്ട സമയമാണിത്. ഇനിയും അലംഭാവം തുടര്‍ന്നാല്‍ ആതുരാലയങ്ങള്‍ക്കു മുമ്പില്‍ കേരളം ഒന്നടങ്കം വരിനില്‍ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. മാലിന്യ സംസ്‌കരണത്തിന് ശാശ്വത നടപടികള്‍ സ്വീകരിക്കുകയും സര്‍ക്കാര്‍ ആസ്പത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്താന്‍ മാത്രമേ പൊതുജനങ്ങളുടെ ആരോഗ്യ ഭീഷണിക്ക് അല്‍പ്പമെങ്കിലും പരിഹാരമാകൂ.

chandrika: