X

ഗവ. ജീവനക്കാര്‍ക്ക് പറഞ്ഞതോ ഇത് ?

ഇക്കഴിഞ്ഞ ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടന്ന സംയുക്ത ട്രേഡ്‌യൂണിയന്‍ പൊതുപണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരത്ത് സി.ഐ.ടി.യുവിന്റെയും എന്‍.ജി.ഒ യൂണിയന്റെയും അനുയായികള്‍ ചെയ്തുകൂട്ടിയ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അക്രമവും മലയാളികളെയാകെ ലജ്ജിപ്പിക്കുന്നു. പണിമുടക്കിന്റെ ഒന്നാം ദിനംതന്നെ സെക്രട്ടറിയേറ്റിന് മുന്നിലെ റോഡിനുകുറുകെ പന്തല്‍കെട്ടി ഗതാഗതം തടസ്സപ്പെടുത്തിയവരുടെ ആളുകള്‍ തന്നെയാണ് തൊട്ടുസമീപത്ത് പ്രധാന ട്രഷറി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കെട്ടിടത്തിനുള്ളില്‍കയറി അക്രമപ്പേക്കൂത്ത് നടത്തിയത്. ഇടതുപക്ഷ അനുകൂലസംഘടനയായ എന്‍.ജി.ഒ യൂണിയനില്‍പെട്ട ഉത്തരവാദിത്തപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമാണ് രണ്ടിനും നേതൃത്വം നല്‍കിയത്. രണ്ടുപേര്‍ കീഴടങ്ങിയെങ്കിലും മറ്റുള്ളവരെ രാഷ്ട്രീയ വിധേയത്വത്തിന്റെ പേരില്‍ കേസില്‍നിന്ന് തലയൂരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് വിവരം.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വ്യവസായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയുടെ പോഷക സംഘടനയായ ബി.എം.എസ് ഒഴികെയുള്ള രാജ്യത്തെ പത്ത് ട്രേഡ് യൂണിയന്‍ സംഘടനകള്‍ 48 മണിക്കൂര്‍ ദേശീയ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. 12 ഇന ആവശ്യങ്ങളുന്നയിച്ച് രണ്ടു മാസത്തോളം പൊതുസമൂഹത്തിനിടയില്‍ വ്യാപകമായ പ്രചാരണം നടത്തിയ ശേഷമായിരുന്നു പണിമുടക്ക്. പൊതുസമൂഹത്തെ മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകളെക്കുറിച്ച് ബോധവത്കരിക്കാനാണ് ഇത്തരമൊരു സമരമുറ പ്രഖ്യാപിച്ചിരുന്നതെങ്കിലും നടേപറഞ്ഞ അക്രമ സംഭവങ്ങള്‍ എങ്ങനെയാണ് അവരെ സ്വാധീനിച്ചിരിക്കുക. പണിമുടക്കിന്റെ പേരില്‍ ഒരാളെയും സ്ഥാപനത്തെയും ആക്രമിക്കില്ലെന്ന് പറഞ്ഞ നേതാക്കളുടെ അനുയായികളാണ് ഈ നെറികെട്ട രാഷ്ട്രീയം കളിച്ചത്. സി.ഐ.ടി.യുവിനുപുറമെ ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ഐ.എന്‍.ടി.യു.സി, എച്ച്.എം.എസ ്,യു.ടി.യു.സി തുടങ്ങിയ സംഘടനകള്‍ സമരത്തില്‍ പങ്കാളികളായിരുന്നെങ്കിലും അക്രമം നടത്തിയവരെല്ലാം സി.ഐ.ടി.യുക്കാരായത് എന്തുകൊണ്ടായിരുന്നു. ഇവരുടെ രാഷ്ട്രീയ നിലപാടുതറയുടെ പൊള്ളത്തരം കാരണം മറ്റ് ട്രേഡ്‌യൂണിയന്‍ സംഘടനകളുടെ നേരെയും ചെളിതെറിക്കപ്പെടുകയല്ലേ അതുമൂലം സംഭവിച്ചത് ?
പട്ടാപ്പകല്‍ തിരുവനന്തപുരത്തെ എസ്.ബി.ഐ ശാഖയില്‍കയറിച്ചെന്ന് മാനേജര്‍ സന്തോഷിനെ ഭീഷണിപ്പെടുത്തി കമ്പ്യൂട്ടര്‍, മേശ, ഫോണ്‍, ഓഫീസ് ഫര്‍ണിഷിങ് സാധനങ്ങള്‍, ചില്ലുകള്‍ തുടങ്ങി കണ്ണില്‍കണ്ടതെല്ലാം തല്ലിത്തകര്‍ത്തത് ഏതെങ്കിലും സാമൂഹിക വിരുദ്ധരോ അധോലോക സംഘമോ അല്ല. പൊതുജനത്തിന്റെ നികുതിപ്പണംകൊണ്ട് മാസാമാസം ആയിരങ്ങള്‍ എണ്ണിവാങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജീവനക്കാരാണ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. മെയിന്‍ ട്രഷറിയിലെ ക്ലര്‍ക്ക് അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഓഫീസ് അസിസ്റ്റന്റും ജില്ലാസെക്രട്ടറിയേറ്റംഗവുമായ ഹരിലാല്‍ എന്നിവര്‍ റിമാന്‍ഡിലാണ്. സമൂഹത്തിന്റെ നികുതിപ്പണമുപയോഗിച്ചാണ് ആ സംവിധാനങ്ങളെല്ലാം ഉണ്ടാക്കിവെച്ചിരിക്കുന്നതെന്നും അല്ലാതെ ഏതെങ്കിലും സ്വകാര്യസ്വത്തുപയോഗിച്ചല്ലെന്നും അറിയാത്തവരാകില്ല ഇടതുപക്ഷ എന്‍.ജി.ഒ യൂണിയന്റെ നേതാക്കളും പ്രവര്‍ത്തകരും. ജില്ലാതല നേതാക്കളും പ്രവര്‍ത്തകരുമാണ് എന്‍.ജി.ഒ യൂണിയന്റേതായി പ്രതിപ്പട്ടികയിലുള്ളത്. ഇവരിലെ ഉന്നതരെ തൊടാന്‍ ഇപ്പോഴും പൊലീസ് തയ്യാറായിട്ടില്ല. ഇത് അതിലും നാണക്കേടാണ്. അറസ്റ്റ് ചെയ്തതാകട്ടെ പത്രവാര്‍ത്തകള്‍ വന്നതിനെതുടര്‍ന്ന് കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ സ്റ്റേഷനില്‍ കീഴടങ്ങിയവരെ മാത്രവും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരെ മുന്നിലാണ് പണിമുടക്കിന്റെ പേരില്‍ ഇതെല്ലാം നടന്നതെന്ന് നോക്കുമ്പോള്‍ ആരാണ് ഇക്കൂട്ടര്‍ക്ക് അതിന് ധൈര്യം പകര്‍ന്നതെന്നതിനെക്കുറിച്ച് അധികമൊന്നും ആലോചിച്ച് തലപുണ്ണാക്കേണ്ട.
രാഷ്ട്രീയ പ്രവര്‍ത്തനവും ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനവുമൊക്കെ പൊതുസമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടിയാണെന്ന് പ്രത്യേകിച്ച് ഓര്‍മപ്പെടുത്തേണ്ടതില്ല. അതനുസരിച്ചല്ല അടുത്തകാലത്തായി പലതും നടന്നുവരുന്നത്. മഹാത്മാഗാന്ധി കാണിച്ചുതന്ന സമരമുറയാണ് പണിമുടക്കും ഹര്‍ത്താലും പോലുള്ള പ്രതിഷേധം. ഇഷ്ടമുള്ളവര്‍ക്ക് അതില്‍ പങ്കെടുക്കാമെന്നല്ലാതെ നിര്‍ബന്ധിച്ച് മറ്റുള്ളവരെ പങ്കാളികളാക്കണമെന്ന് വാദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പ്രതിഷേധത്തിന്റെ തന്നെ മുനയൊടിക്കുന്നു. എങ്കില്‍ പ്രതിഷേധിക്കപ്പെടുന്ന പാര്‍ട്ടിക്കും അധികാരികള്‍ക്കും ഇത്തരം സമരങ്ങളെയും സമരക്കാരെയും അടിച്ചമര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണമല്ലോ. താനും തന്റെസംഘടനയും പാര്‍ട്ടിയും പറയുന്നതും ചെയ്യുന്നതുമെല്ലാം ശരിയെന്ന കമ്യൂണിസ്റ്റ് വരട്ടുവാദമാണ് ഇതിനൊക്കെ കാരണം. ഇവരുടെ ഇത:പര്യന്തമായ സമരമുറകളെല്ലാം അക്രമോല്‍സുകവും അന്യരെയും പൊതുസമ്പത്തിനെയും കയ്യേറുന്നതുമാണ്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ നൂറോളം ബസ്സുകളാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. അത് നടത്തിയത് ബി.ജെ.പിക്കാരും ആര്‍.എസ്.എസ്സുകാരുമാണെന്ന് പറഞ്ഞ് അവരെ കണക്കിന് വിമര്‍ശിച്ചവരാണ് തിരുവനന്തപുരത്തെ അക്രമത്തിന്റെ ഉത്തരവാദികളെന്നുവരുമ്പോള്‍ ഇരുകൂട്ടരും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണെന്നല്ലാതെ മറ്റെന്താണ് പൊതുജനം ധരിക്കേണ്ടത്.
പൊതുനിരത്തില്‍ പന്തല്‍കെട്ടാനും ഗതാഗതം തടസ്സപ്പെടുത്താനും തയ്യാറായതുമാത്രമല്ല, അതുസംബന്ധിച്ച്ചിത്രസഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടും രണ്ടാം ദിവസവും പന്തല്‍ അതേപോലെതന്നെ നിലനിന്നുവെന്നത് ആരുടെ കുറ്റമാണ്. പൊലീസ് ഗതാഗതം മുടക്കിയതിന് കേസെടുത്തെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്നോര്‍ക്കണം. മുമ്പ് പൊതുനിരത്തുകളില്‍ ഗതാഗതം തടഞ്ഞ് പ്രകടനം നടത്തരുതെന്നും പാതയോരത്ത് പൊതുയോഗം നടത്തരുതെന്നും വിധിച്ചപ്പോഴും ഹൈക്കോടതിക്കെതിരെ ശുംഭന്‍ പ്രയോഗവും കോലം കത്തിച്ചും നാടുകടത്തലുമായി രംഗത്തുവന്നവരുടെ അണികളും നേതാക്കളും പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണെന്ന് പറയാന്‍കൂടി കഴിയാതെ വന്നിരിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയും പണിമുടക്കിനുമുമ്പ് പൊതുജനത്തിന ്‌നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാതിരുന്നതിന്റെ കാരണം കുറ്റവാളികള്‍ക്ക് നേതൃത്വത്തിന്റെ സംരക്ഷണം കിട്ടുമെന്ന ബോധ്യംകൊണ്ടുതന്നെയാണ്. വ്യാപാരികളെയും ബാങ്ക് ജീവനക്കാരെയും ആസ്പത്രിയിലേക്ക് പോകുന്നവരെപോലും കയ്യേറ്റം ചെയ്തും പരിക്കേല്‍പിച്ചും നടത്തുന്ന പണിമുടക്കുകള്‍ക്ക് കടുത്തശിക്ഷ കിട്ടുമെന്ന വ്യവസ്ഥ ഉറപ്പാക്കുകയാണ് ഇതിനുപോംവഴി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നഷ്ടം ഈടാക്കുന്നതിനും ജയില്‍ വാസത്തിനും ഓര്‍ഡിനന്‍സ് ഇറക്കിയ സര്‍ക്കാരിന് അതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യേണ്ടത് ഇപ്പോള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് സ്വന്തം അണികളെ രായ്ക്കുരാമാനം പിടിച്ച് അഴിക്കകത്തിടുകയാണ്. ഇനിയൊരിക്കലും അവര്‍ ‘പൊതുസേവക’ന്റെ കസേരയില്‍ ഇരുന്നു പോകരുത്.

chandrika: