രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിപ്പാടെന്ന് ഇന്ത്യയുടെ ചരിത്രത്തില്‍ കുറിക്കപ്പെട്ട വേദനാജനകമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നൂറു വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും ശക്തമായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്്. കൂട്ടക്കൊലയുടെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ച സംഭവം ലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കയാണെങ്കിലും ബ്രിട്ടീഷ് പ്രതിപക്ഷത്തോടൊപ്പം ഇന്ത്യയും ആവശ്യപ്പെട്ടതുപോലെ പൂര്‍ണാര്‍ത്ഥത്തിലുള്ള മാപ്പു പറച്ചിലിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തയ്യാറാകാതിരുന്നത് ഇന്ത്യാചരിത്രത്തിലെ ഏറ്റവും രക്തരൂഷിത സംഭവം കടുത്ത വേദനയായിതന്നെ തുടരുമെന്ന് ഉറപ്പായിരിക്കയാണ്. ബ്രിട്ടീഷ് പ്രതിപക്ഷം അതിശക്തമായി ആവശ്യപ്പെട്ടതുപോലെ സ്പഷ്ടവും പൂര്‍ണാര്‍ത്ഥത്തിലുമുള്ള മാപ്പുപറച്ചിലായിരുന്നെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ അത് മറ്റൊരു തിലകക്കുറിയാകുമായിരുന്നു എന്നതില്‍ സംശയമില്ല. കൊളോണിയല്‍ കാലത്തെ പ്രേതം ബ്രിട്ടീഷ് സര്‍ക്കാരിനെ ചെറിയ തോതിലെങ്കിലും പിന്തുടരുന്നുണ്ടെന്നാണ് മാപ്പുപറച്ചിലിനു പകരം ഖേദപ്രകടനത്തിലൊതുക്കിയ നടപടി സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി ഭരണകാലത്ത്‌നടന്ന മുഴുവന്‍ ക്രൂരതകള്‍ക്കും ബ്രിട്ടന്‍ പ്രായശ്ചിത്തം ചെയ്യണമെന്നും മാപ്പ് പറയണമെന്നും രാജ്യം ശക്തമായി ആവശ്യപ്പെടുന്നതിനിടയിലാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ വാര്‍ഷികം ആചരിക്കുന്നത്.
നൂറു വര്‍ഷം മുമ്പ് ചെയ്ത പാതകത്തിന് 2014-ല്‍ കാനഡ പാര്‍ലമെന്റ് ഇന്ത്യയോട് മാപ്പ് പറഞ്ഞതിന് സമാനമായ രീതിയില്‍ ബ്രിട്ടനും ജാലിയന്‍ വാലാബാഗിന് നൂറു വര്‍ഷം തികയുന്ന വേളയില്‍ മാപ്പ് പറയണമെന്നാണ് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നത്. 1914-ല്‍ ഇന്ത്യയില്‍നിന്ന് നൂറുകണക്കിന് അഭയാര്‍ത്ഥികളുമായി പോയ കോമഗാതമാറ എന്ന കപ്പല്‍ കാനഡ തിരിച്ചയക്കുകയും വാന്‍കോവര്‍ ഉള്‍ക്കടലില്‍ വെച്ച് കപ്പലിലുണ്ടായ നൂറുകണക്കിന് പേര്‍ മരണപ്പെടുകയും ചെയ്ത സംഭവത്തിലാണ് കാനഡ പാര്‍ലമെന്റ് ഇന്ത്യയോട് മാപ്പ് പറഞ്ഞത്.
പൂര്‍ണാര്‍ത്ഥത്തിലുള്ള മാപ്പുപറച്ചിലിന് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ നടത്തിയ ഖേദപ്രകടനത്തെ കാണുന്നവരുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ചത് സ്വാഗതാര്‍ഹമായ ആദ്യ ചുവടുവെപ്പാണെന്നാണ് മുന്‍ യു.എന്‍ പ്രതിനിധി കൂടിയായ ശശി തരൂര്‍ എം.പിയുടെ അഭിപ്രായം. 1919 ഏപ്രില്‍ 13 നാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിത സ്വാതന്ത്ര്യസരമ സംഭവമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നത്. പഞ്ചാബിലെ അമൃത്‌സറില്‍ ജാലിയന്‍വാലാബാഗ് മൈതാനത്ത് ഒത്തുകൂടിയ നിരായുധരായ ജനങ്ങള്‍ക്ക്‌നേരെ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെപ്പില്‍ ആയിരത്തോളം ഇന്ത്യക്കാരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്.
ജാലിയന്‍വാലാബാഗ് മൈതാനത്ത് വൈശാഖി ആഘോഷത്തിനായി ഒത്തുകൂടിയ പഞ്ചാബി ജനതക്ക് നേരെയാണ് ബ്രിട്ടീഷ് സൈന്യം അതിക്രൂരമായി നിറയുതിര്‍ത്തത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ സ്വാതന്ത്ര്യസമരത്തിനനുകൂലമായി കാര്യങ്ങള്‍ നീങ്ങുന്ന സമയത്താണ് ഈ നീക്കങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇത്തരത്തില്‍ ഒരു കൂട്ടക്കൊല നടത്തിയത്. 1919 ഏപ്രില്‍ ഒമ്പതിന് ഇതിന് മുന്നോടിയായുള്ള ചില വെടിവെപ്പുകള്‍ നടന്നിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അമൃത്‌സറില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് നടത്തിയ രാംനവമി ഘോഷയാത്ര സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ നീക്കത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. ഹിന്ദുക്കളേയും മുസ്‌ലിംകളേയും വിഭജിച്ച് ഭരിച്ച് ശീലിച്ച ബ്രിട്ടീഷ് ഭരണാധികാരികള്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് ജലപാനം നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തതു കണ്ടതോടെകൂടി വിറളിപിടിക്കുകയായിരുന്നു. 1919 ഏപ്രില്‍ 10 ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന പ്രതിഷേധ റാലിക്ക് നേരെയും വെടിവെപ്പുണ്ടായി. ഇതില്‍ 22 പേരോളം കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയെക്കുറിച്ച് അറിയാതെയാണ് ഏപ്രില്‍ 13 ന് ആയിരക്കണക്കിന് ഗ്രാമവാസികള്‍ വൈശാഖി ആഘോഷത്തിനായി ജാലിയന്‍വാലാബാഗ് മൈതാനത്ത് ഒത്തുകൂടിയത്.
ഉത്സവദിവസം നിരോധനാജ്ഞക്ക് ഇളവ് നല്‍കിയതുകൊണ്ടാകാം ഗ്രാമവാസികള്‍ മൈതാനത്ത് എത്തിയതെന്ന കണക്കുകൂട്ടലില്‍ പട്ടണവാസികളും മൈതാനത്ത് എത്തിയിരുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചും വിചാരണ കൂടാതെ പൗരനെ തടവിലിടാന്‍ വ്യവസ്ഥ ചെയ്യുന്ന റൗലറ്റ് നിയമത്തെക്കുറിച്ചുമായിരുന്നു ജനക്കൂട്ടത്തിന്റെ ചര്‍ച്ച. നഗരവാസികളായ ചില സ്വാതന്ത്ര്യസമര നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കാനും തുടങ്ങി. ഈ ജനക്കൂട്ടത്തിനു നേരെയാണ് നൂറോളം പടയാളികളുമായി എത്തിയ ജനറല്‍ റെജിനോള്‍ഡ് ഡെയര്‍ തുരുതുരെ വെടിവെച്ചത്. മൈതാനത്ത്‌നിന്ന് പുറത്തുകടക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചതിനുശേഷമായിരുന്നു വെടിവെപ്പ്. 379 പേര്‍ മരിച്ചെന്നാണ് ബ്രിട്ടീഷ് ഔദ്യോഗികമായി പറയുന്നതെങ്കിലും ആയിരത്തിലധികംപേര്‍ മരിച്ചുവെന്നാണ് ഇന്ത്യയുടെ കണക്ക്. വെടിവെപ്പില്‍ പരിക്കേറ്റവരെ ആസ്പത്രിയിലെത്തിക്കാനോ ജഡം മറവ് ചെയ്യാനോ രണ്ടു ദിവസത്തേക്ക് ബ്രിട്ടീഷ് സൈന്യം അനുവദിച്ചില്ലെന്നത് ക്രൂരത പതിന്മടങ്ങാക്കുകയായിരുന്നു.
സംഭവം ഇന്ത്യയിലെ ബ്രിട്ടീഷ് ചരിത്രത്തിലെ ലജ്ജാകരമായ കളങ്കമാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ കോളനി ഭീകരതയുടെ നൂറാം വാര്‍ഷികത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ നടത്തിയ ഖേദപ്രകടനത്തില്‍ വ്യക്തമാക്കിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ബന്ധത്തിനിടെ ഉണ്ടായ ഏറ്റവും വേദനാജനകവും അസ്വസ്ഥപ്പെടുത്തുന്നതുമായ സംഭവമാണത്. അങ്ങനെ സംഭവിച്ചതിലും അതുണ്ടാക്കിയ വേദനയിലും ബ്രിട്ടന്‍ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നതായും തെരേസ മെയ് പറഞ്ഞു. എന്നാല്‍ വെറും ഖേദപ്രകടനത്തിലൊതുക്കാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി പൂര്‍ണവും സ്പഷ്ടവും വ്യക്തവുമായ മാപ്പു പറച്ചിലിന് തയ്യാറാകണമെന്നാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജറിമി കോര്‍ട്ടന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണകക്ഷി എം.പിമാരടക്കം എണ്‍പത് എം.പിമാര്‍ ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരിക്കയാണ്. അന്ന് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്കുത്തരവിട്ട ജനറല്‍ ഡയറിനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പിന്നീട് ന്യായീകരിച്ചെന്ന് ഭരണകക്ഷി എം.പികൂടിയായ ബ്ലാക്ക് മാനാണ് ചൂണ്ടിക്കാട്ടിയത്. ജാലിയന്‍വാലാബാഗിന്റെ പേരില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ഇന്ത്യന്‍ ജനതക്ക് ആഗ്രഹിക്കാമെങ്കിലും ഇക്കാര്യം ആവശ്യപ്പെടാനുള്ള ധാര്‍മികാവകാശം ഉണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു. ബാബരി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് കൂട്ടക്കൊലയും അടക്കമുള്ളവക്ക് ഖേദം പ്രകടിപ്പിക്കലെങ്കിലും ഉണ്ടാകാത്ത സാഹചര്യത്തില്‍, വിഭജിച്ച് ഭരിക്കാന്‍ ഇപ്പോഴും കൊണ്ടുപിടിച്ച നീക്കങ്ങള്‍ നടത്തുന്ന അവസരത്തില്‍ ജാലിയന്‍വാലാബാഗിലെ ബ്രിട്ടന്റെ ഖേദപ്രകടനം പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനേ നമുക്ക് കഴിയൂ.