ഹ്രസ്വകാലത്തെ ഇടവേളക്കുശേഷം ജമ്മുകശ്മീര്‍ വീണ്ടും അശാന്തിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അമ്പതോളം പേരാണ് സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. ഏപ്രില്‍ ഒന്നിന് സൈനിക നടപടിയില്‍ ഇരുപതോളം പേര്‍ കൊല ചെയ്യപ്പെട്ടു. പൊലീസിന്റെയും സേനാവിഭാഗങ്ങളുടെയും ഉരുക്കുമുഷ്ടിയില്‍ അക്ഷരാര്‍ത്ഥത്തില്‍ കിടന്നുപിടയുകയാണ് അതിര്‍ത്തി സംസ്ഥാനമായ ലോകത്തെ ഈ സുന്ദര താഴ്‌വര. നിരവധിതല സ്പര്‍ശിയായ പ്രശ്‌നങ്ങള്‍ പ്രതിസന്ധികളായി പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ഏതു വിധേനയും ക്രമസമാധാനം നടന്നു കാണണമെന്നാണ് മനുഷ്യ സ്‌നേഹികളുടെ പ്രാര്‍ത്ഥനയെങ്കില്‍ മറുവശത്ത് ഇരുട്ടിന്റെ ശക്തികള്‍ പൂര്‍വാധികം ശക്തിയോടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള യത്‌നത്തിലാണ്. ഇന്ത്യന്‍ സൈന്യത്തിന്റെയും സംസ്ഥാന പൊലീസിന്റെയും വിരട്ടലും കടന്ന് തുറന്ന ആക്രമണമാണ് പലയിടങ്ങളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വേണ്ടിവന്നാല്‍ സൈനിക നടപടി ശക്തമാക്കുമെന്ന മുന്നറിയിപ്പ് പട്ടാളമേധാവി ജനറല്‍ ബിപിന്റാവത്ത് നല്‍കിക്കഴിഞ്ഞു. ജനാധിപത്യത്തില്‍ സ്വന്തം പൗരന്മാരോട് അന്യരാജ്യങ്ങളിലേതുപോലുള്ള ഇത്തരം യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തേണ്ട കാര്യം പട്ടാളത്തിനുണ്ടോ. അവിടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരും ഭരണ സംവിധാനവുമുണ്ടായിരിക്കവെ സൈന്യത്തിന് എന്തുകാര്യം? യഥാര്‍ത്ഥത്തില്‍ സര്‍ക്കാരുകളുടെ, സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വീഴ്ചതന്നെയാണിത്.
കഴിഞ്ഞ തിങ്കളാഴ്ച തമിഴ്‌നാട് സ്വദേശി ഇരുപത്തിരണ്ടുകാരനായ തിരുമണി ശ്രീനഗറിന്റെ പ്രാന്തത്തിലൂടെ മാതാപിതാക്കളുമൊത്ത് കാറില്‍ സഞ്ചരിക്കവെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ മരണപ്പെടാനിടയായത് കാര്യങ്ങളുടെ നിജസ്ഥിതിയിലേക്ക് എളുപ്പം വെളിച്ചം വീശുന്ന സംഭവമാണ്. ഒരു നിരപരാധിയെ കൊല്ലാന്‍ മാത്രം എന്ത് പ്രകോപനമാണ് കശ്മീരിലെ ജനതക്കുമുന്നിലുള്ളത് എന്ന് ചിന്തിക്കുമ്പോള്‍, ഇന്നത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയുടെയും വൈരനിര്യാതന ബുദ്ധിയുടെയും കറകളഞ്ഞ വംശീയ വിരോധത്തിന്റെയുമൊക്കെ അറയ്ക്കുന്ന കഥകള്‍ പുറത്തുവരും. 2016 ജൂലൈയില്‍ കശ്മീര്‍ വിഘടനവാദി നേതാവ് ബുര്‍ഹാന്‍വാനി സൈനികരുടെ ഓപറേഷനില്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്നത്തെ അക്രമ രീതിയിലേക്ക് സംസ്ഥാനം എത്തിപ്പെട്ടത്. പെട്ടെന്നൊരുനാള്‍ സംഭവിച്ചൊരു കൈപ്പിഴയായിരുന്നില്ല അത്. കുറെക്കാലമായി ഒരു വിഭാഗം കശ്മീരികളുടെ സ്വാതന്ത്ര്യ സമര നേതാവായി പോരാടി വരുന്ന ചെറുപ്പക്കാരനായിരുന്നു ഹിസ്ബുല്‍ മുജാഹിദീന്‍ തലവനായ വാനി. ഇയാളെപ്പോലൊരു നേതാവിനെ കൊലപ്പെടുത്തുമ്പോള്‍ അത് അയാളുടെ ആരാധകരിലും പിന്തുണക്കാരിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് എന്തുകൊണ്ട് സൈന്യവും അധികാരികളും ശ്രദ്ധിച്ചില്ല. ശരിക്കുമൊരു ആസൂത്രിത ആക്രമണത്തിലൂടെയാണ് വാനി കൊല്ലപ്പെടുന്നത്. നേതാവിനെ കൊല്ലുന്നതിലൂടെ അണികളുടെ വിശ്വാസം വീണ്ടെടുക്കാമെന്ന് ധരിച്ചവരെ എന്തുവാക്കുകൊണ്ടാണ് വിശേഷിപ്പിക്കുക. സത്യത്തില്‍ വലിയൊരു വിശാല ആസൂത്രണവും ബുദ്ധികേന്ദ്രവും ഇവിടെ പ്രവര്‍ത്തിച്ചിട്ടില്ലേ. പ്രത്യേകിച്ചും അതിദേശീയത പറയുന്ന മുസ്‌ലിം -ന്യൂനപക്ഷ വിരുദ്ധ ശക്തിയായ സംഘ്പരിവാര്‍ നേതൃത്വം വഹിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നാട് ഭരിക്കുമ്പോള്‍. സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് രംഗത്തുവന്ന സര്‍വകലാശാലാ പ്രൊഫസര്‍ റാഫി ഭട്ടിനെ പോലുള്ളവരുടെ കഴിഞ്ഞ ദിവസത്തെ കൊലപാതകം പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതല്ല. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മരിച്ചുവീഴുന്ന തീവ്രവാദികളുടെ സര്‍ക്കാര്‍ കണക്കുകളുടെ സത്യാവസ്ഥയും പുറത്തുവരണം,
കശ്മീരിന്റെയും കശ്മീരിയത്ത് പ്രസ്ഥാനത്തിന്റെയും വികാരത്തിന്റെയുമൊക്കെ വേരുകള്‍ക്ക് അതിന്റേതായ സവിശേഷ പ്രാധാന്യമുണ്ടെന്നത് ഇന്ത്യ സ്വാതന്ത്ര്യ കാലഘട്ടം മുതല്‍ അംഗീകരിക്കപ്പെട്ടതാണ്. കശ്മീരിനെ ഇന്ത്യയില്‍ പിടിച്ചുനിര്‍ത്തുന്നതിന് ജവഹര്‍ലാല്‍ നെഹ്‌റുവിനെപോലുള്ള സമുന്നതരായ രാഷ്ട്ര നേതാക്കളും ഇന്നത്തെ ഫാറൂഖ് അബ്ദുല്ലയുടെ വന്ദ്യപിതാവ് ഷെയ്ഖ്അബ്ദുല്ലയെ പോലുള്ളവരും വഹിച്ച പങ്ക് ചരിത്രത്തില്‍നിന്ന് ഒരിക്കലും തുടച്ചുമായ്ക്കാനാകില്ല. രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ മടിച്ചുനിന്ന കശ്മീരി ഹിന്ദു രാജാവിനെ വശത്താക്കിയതും നമ്മുടെ ചരിത്രത്തിലുണ്ട്. അന്നുമുതല്‍ ഇക്കഴിഞ്ഞകാലം വരെയും കാര്യമായ പ്രശ്‌നങ്ങളില്ലാതിരുന്ന സംസ്ഥാനം എങ്ങനെയാണ് ഇന്നത്തെ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചിഴക്കപ്പെട്ടത്. കേന്ദ്രത്തിലും കശ്മീരിലും വെവ്വേറെ കക്ഷികള്‍ ഭരിച്ചപ്പോള്‍ പോലുമില്ലാത്തത്ര കൊടിയ പീഡനമുറകളാണ് കശ്മീരിലെ പകുതിയോളം ജനതക്ക് ഇപ്പോള്‍ ഏല്‍ക്കേണ്ടിവരുന്നത്. ജമ്മുഭാഗത്തൊഴികെ കശ്മീരിന്റെ ശ്രീനഗര്‍, അനന്തനാഗ്, പുല്‍വാമ, ഷോപ്പിയാന്‍ മേഖലകളില്‍ ജനം കല്ലുകളുമായി സൈന്യത്തിനും പൊലീസിനും നേര്‍ക്ക് ആഞ്ഞടുക്കുമ്പോള്‍ അതിനെ ആസൂത്രിതമായ ആക്രമണമായി വിലയിരുത്തുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. എ.കെ 47 തോക്കുകള്‍ക്കുമുന്നില്‍ കല്ലുകള്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. എന്നിട്ടും എന്തിനാണ് അവര്‍ ഈ പ്രതിരോധം തീര്‍ക്കുന്നത് എന്ന് കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിന്റെ അപ്പക്കഷണം ചവയ്ക്കുന്ന ബി.ജെ.പി ക്കാര്‍ ചിന്തിക്കുന്നുണ്ടോ. രാജ്യത്ത് മുഴുവന്‍ കാപാലിക രാഷ്ട്രീയം കൊണ്ടാടുന്ന ആ പാര്‍ട്ടിയുടെ ചാരെ നിന്നുകൊണ്ട് സംസ്ഥാനത്ത് അധികാരം കയ്യാളുന്ന പി.ഡി.പിയും ഇതിനൊക്കെ കണക്കുപറയേണ്ടിവരും.
ദിവസങ്ങള്‍ക്കുള്ളില്‍ മുസ്‌ലിംകളുടെ വിശുദ്ധ മാസമായ റമസാന്റെ വെള്ളിവെളിച്ചം കശ്മീരിന്റെയും മാനത്ത് പ്രത്യക്ഷപ്പെടും. അതിനുമുമ്പ് സംസ്ഥാനത്തെ വ്രണിതഹൃദയരുടെ മനസ്സുകളിലും ആ വെളിച്ചം പകരാന്‍ കഴിയുന്നത് സര്‍ക്കാരുകള്‍ക്കും സേനകള്‍ക്കുമാണ്. ബി.ജെ.പിയില്‍ നിന്നു കഴിഞ്ഞദിവസം രാജിവെച്ച മുന്‍ കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുടെ റിപ്പോര്‍ട്ട് മാത്രം എടുത്തുവായിച്ച് അതൊന്ന് നടപ്പാക്കിയാല്‍ മതി ജമ്മുകശ്മീരിന്റെ നടപ്പുവികാരം തിരിച്ചറിയാനും സംസ്ഥാനത്ത് ശാന്തത കളിയാടാനും. എന്നാല്‍ ഉറക്കം നടിക്കുന്നയാളെ വിളിച്ചുണര്‍ത്താന്‍ കഴിയില്ലല്ലോ. സൈനികപരമായി തന്ത്രപ്രധാന മേഖലയായ, പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുകശ്മീരിന്റെ എരിതീയില്‍ എണ്ണയൊഴിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തെ സമാധാനകാംക്ഷികളും ജനാധിപത്യവാദികളും ചെറുത്തേതീരൂ. സൈന്യത്തിന് അവിടെ നല്‍കുന്ന അമിതാധികാരം പൗരന്മാരുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സായി മോദി പ്രേമികള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടുകതന്നെ വേണം. കഴിഞ്ഞ ദിവസത്തെ സര്‍വകക്ഷിയോഗം നിര്‍ദേശിച്ചതുപോലെ, എത്രയും വേഗം സംസ്ഥാനത്ത് സൈന്യവും പൊലീസും ലാത്തിയും തോക്കും താഴെവെക്കുകയും യുവാക്കളടക്കമുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും വേണം. രണ്ടു വര്‍ഷത്തിനുള്ളില്‍ മരിച്ചുവീണ അഞ്ഞൂറോളം പേരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും തിക്ത സ്മരണകള്‍ പെട്ടെന്നൊന്നും പ്രതിഷേധക്കാരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകുമെന്ന് തോന്നുന്നില്ല, പരിപക്വവും ബുദ്ധിപൂര്‍വകവുമായ സമാധാന പുനസ്ഥാപന നടപടികളാണ് വേണ്ടത്.