X

തെല്‍അവീവിലെ പെരുംനുണയന്‍

‘ഇറാന്‍ ലൈഡ്’ (നുണപറഞ്ഞു) എന്ന പടുകൂറ്റന്‍ ഡിജിബോര്‍ഡിന് അരികെനിന്നുകൊണ്ട് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍നെതന്യാഹു മെയ്മൂന്നിന് നടത്തിയ ‘വെളിപ്പെടുത്തലി’ന്റെ ദുര്‍ഗന്ധത്തിലാണ് ആഗോളരാഷ്ട്രീയാന്തരീക്ഷമിപ്പോള്‍. മാനവരാശിക്ക് മാരകഹേതുവായ ആണവായുധം ഇറാന്‍ നിര്‍മിച്ച് ശേഖരിച്ചുവെച്ചിരിക്കുന്നുവെന്നും അത് തന്റെ ചാരപ്പട്ടാളക്കാര്‍ കണ്ടെത്തിയെന്നുമായിരുന്നു ബെഞ്ചമിന്റെ ‘വിഖ്യാതകണ്ടുപിടിത്തം’. ഇസ്രാഈല്‍ ചാരസംഘടനയായ ‘മൊസാദി’ ന്റെ ഉദ്യോഗസ്ഥരാണ് ഇറാനില്‍നിന്ന് രേഖകള്‍ മോഷ്ടിച്ചുകടത്തിയതെന്നും ലോകത്തെ ഏറ്റവും വെറുക്കപ്പെട്ടരാഷ്ട്രത്തിന്റെ തലവന്‍ വിളിച്ചുപറഞ്ഞത് ഇറാനെതിരായ ലോകവികാരം കത്തിച്ചുവിടുന്നതിനായിരുന്നു. ഇറാനുമായി അമേരിക്ക തുടങ്ങിവെച്ച ആണവക്കരാര്‍ പുനരാരംഭിക്കണമോ എന്നതുസംബന്ധിച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മെയ്പന്ത്രണ്ടിന് നിര്‍ണായക തീരുമാനമെടുക്കാനിരിക്കവെയാണ് അതിനെ അട്ടിമറിക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള ഇസ്രാഈലിന്റെ നാടകീയമായ വെളിപ്പെടുത്തല്‍. പതിറ്റാണ്ടുകളായി പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നതിന് മുഖ്യതടസ്സമായി നിലകൊള്ളുന്ന ജൂതരാഷ്ട്രീയലോബിയുടെ കുബുദ്ധിയിലുദിച്ചതാണ് ഇറാന്‍ ആണവായുധശേഖരം. രാസായുധങ്ങളുണ്ടെന്ന പച്ചക്കള്ളം അഴിച്ചുവിട്ടുകൊണ്ട് മറ്റൊരു പശ്ചിമേഷ്യന്‍-അറബ്‌രാഷ്ട്രമായ ഇറാഖിനെയും അതിന്റെ തലവനെയും നശിപ്പിച്ച സയണിസ്റ്റ് കുബുദ്ധിതന്നെയാണ് ഇവിടെയും പ്രവര്‍ത്തിച്ചിട്ടുള്ളത്.
നെതന്യാഹുവിന്റെ വെളിപ്പെടുത്തലിന് മണിക്കൂറുകള്‍ക്കകം തന്നെ ആ വീരവാദത്തെ പൊളിച്ചടുക്കിക്കൊണ്ട് അമേരിക്കയുടെ മുന്‍ ചാരമേധാവിയെ ഉദ്ധരിച്ച് പുതിയവാര്‍ത്ത പുറത്തുവന്നിരിക്കുന്നു. 2003ല്‍ തന്നെ ഇറാന്‍ ആണവായുധനിര്‍മാണം നിര്‍ത്തിയതായി സി.ഐ.എയുടെ മുന്‍തലവന്‍ മൈക്കിള്‍ ഹെയ്ഡന്‍ തന്നെയാണ് ട്രംപിനും നെതന്യാഹുവിനും പ്രഹരമേല്‍പിച്ചുകൊണ്ടുള്ള പുതിയ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. സി.ഐ.എയുടെ കൈവശം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന രേഖകള്‍ തന്നെയാണ് നെതന്യാഹു പുതിയതെന്ന രീതിയില്‍ പുറത്തുവിട്ടിരിക്കുന്നതെന്നാണ് ഹെയ്ഡന്റെ പ്രസ്താവന. അപ്പോള്‍ കള്ളന്‍ കപ്പലില്‍ തന്നെയാണെന്നതിന് തെളിവുമായി. അതേസമയം കരാറുമായി മുന്നോട്ടുപോകുമെന്ന ബ്രിട്ടന്റെ തുറന്നടിക്കല്‍ ഈയവസരത്തില്‍ വലിയ ശുഭസൂചകമാണ്. അന്താരാഷ്ട്ര ആണവഏജന്‍സിയും നെതന്യാഹുവിന്റെ വാദങ്ങളെ പുച്ഛിച്ചുതള്ളിയിരിക്കുന്നു. നെതന്യാഹു വ്യാഴാഴ്ച പുറത്തുവിട്ട വെളിപ്പെടുത്തല്‍ വെറുംപൊള്ളയാണെന്നാണ് ലോകസമൂഹത്തിന് മുമ്പാകെ മാധ്യമങ്ങള്‍ തുറന്നുവെച്ചിരിക്കുന്നത്. അമ്പതിനായിരത്തിലധികം രഹസ്യരേഖകളും ചിത്രങ്ങളടങ്ങിയ 180 സിഡികളും തന്റെ കൈവശമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ വാദം. 2015ല്‍ അമേരിക്കയെയും മറ്റും തെറ്റിദ്ധരിപ്പിച്ചാണ് ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഇറാന്‍ പറഞ്ഞതെന്നായിരുന്നു ഇസ്രാഈലി നേതാവിന്റെ വീരവാദം. ഇതെല്ലാം പച്ചക്കള്ളമാണെന്ന് സ്വയം തെളിഞ്ഞിരിക്കുകയാണിപ്പോള്‍. കള്ളം പറഞ്ഞുവെന്ന് പറഞ്ഞതുതന്നെ സ്വയം കള്ളമായി മാറുന്നത് അന്താരാഷ്ട്രവേദികളില്‍ അപൂര്‍വമാണ്. ഇത് നടത്തിയത് ഇസ്രാഈല്‍ ആണ് എന്നതിനാല്‍ ലോകത്തെ അവരെക്കുറിച്ചറിയുന്ന ആരിലും പ്രത്യേകിച്ചൊരു ഞെട്ടലുണ്ടാകേണ്ട കാര്യമില്ല.സി.ഐ.എയുടെ രേഖകള്‍ ട്രംപിന്റെ അറിവോടുകൂടിത്തന്നെയാണോ നെതന്യാഹുവിന് ലഭിച്ചതെന്നാണ് ഇനി കണ്ടെത്താനുള്ളത്.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളുമായി മുന്‍ യു.എസ്പ്രസിഡണ്ട് ബറാക്ഹുസൈന്‍ ഒബാമയുടെ കാലയളവിലാണ് ഇറാന്‍ ആണവനിരോധന കരാറുണ്ടാക്കുന്നത്. ഓരോവര്‍ഷവും കരാര്‍ പുതുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും കടുത്ത മുസ്്‌ലിംവിരോധിയും പാശ്ചാത്യ-സയണിസ്റ്റ് പക്ഷപാതിയുമായ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ കരാര്‍ പുതുക്കുന്നില്ലെന്ന് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. ട്രംപിന്റെ മരുമകന്‍ തന്നെ സയണിസ്റ്റ് ജൂതനാണെന്നത് ട്രംപിന്റെ നയത്തിന്റെ കാരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ നീക്കി. എങ്കിലും മറ്റു കരാര്‍ രാഷ്ട്രങ്ങള്‍ കരാറിലുറച്ചുനിന്നതോടെയാണ് മെയ് 12ന് തീരുമാനമെടുക്കാമെന്ന് ട്രംപ് ഭരണകൂടം ലോകസമൂഹത്തെയാകെ അറിയിച്ചത്.
പശ്ചിമേഷ്യന്‍മേഖലയില്‍ അമേരിക്കയെ വിറപ്പിക്കുന്ന ഒന്നാമത്തെ വന്‍ശക്തിരാഷ്ട്രമാണ് ഷിയാകള്‍ക്ക് ഭൂരിപക്ഷമുള്ള ഇറാന്‍. ലോകപൊലീസായി വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കക്ക് മുന്നില്‍ ഇറാഖിന്റെ മുന്‍തലവന്‍ സദ്ദാംഹുസൈനെ പോലെ കാരിരുമ്പുപോലെ എതിരിട്ടു നില്‍ക്കുന്ന ഹസന്‍ റൂഹാനിയുടെ ഇറാന്‍ നേതൃത്വം യു.എസ് യാങ്കിനേതൃത്വത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. സൈനികവും എണ്ണയുമടക്കമുള്ള മേഖലയിലെ അമേരിക്കയുടെ പല താല്‍പര്യങ്ങള്‍ക്കും ഇറാന്‍ ഭരണകൂടം ഇടംതടിച്ചുനില്‍ക്കുന്നുണ്ടെന്നുള്ളത് ട്രംപിന്റെ സമനില തെറ്റിക്കുന്നുവെന്നാണ് കരാറില്‍നിന്നുള്ള പിന്മാറ്റത്തെ കാണേണ്ടത്. കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയാല്‍ തങ്ങള്‍ക്കും വേറെവഴിയില്ലെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ അമേരിക്കയുടെയും ഇസ്രാഈലിന്റെയും തീട്ടൂരത്തിനുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കാന്‍ തങ്ങളെ കിട്ടില്ലെന്ന പരസ്യമായ വെല്ലുവിളി. മേഖലയില്‍ സമാധാനം പുലരാനും ഇറാനുള്‍പ്പെടെയുള്ള മുസ്്‌ലിം-അറബ് സമൂഹത്തെ പാഠം പഠിപ്പിക്കാനും കിട്ടിയ അവസരമായാണ് നെതന്യാഹു എന്ന യുദ്ധക്കൊതിയന്‍ കള്ളരേഖകളുമായി ലോകത്തിനുമുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ട്രംപാകട്ടെ താനുംകൂടി ചേര്‍ന്നൊരുക്കിയ വെളിപ്പെടുത്തല്‍-മോഷണ നാടകത്തെ ശരിവെച്ചുകൊണ്ട് നെതന്യാഹുവിനെ ന്യായീകരിക്കാന്‍ ഒട്ടും സമയംപാഴാക്കിയതുമില്ല. കള്ളം ആയിരംവട്ടം പറയുകയും അങ്ങനെയത് സത്യമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന ഹിറ്റ്‌ലറുടെ ഉപദേശകന്‍ ഗീബല്‍സിന്റെ തന്ത്രമാണ് ഇവിടെ ഇരുവരും പയറ്റിയിരിക്കുന്നത്.
ട്രംപിന് കിട്ടിയ വോട്ടില്‍ 24ശതമാനവും ജൂതരുടേതായിരുന്നുവെന്നതാണ് ഈ വിധേയത്വത്തിന് ഹേതു. ജൂതരായ മരുമകന്‍ ജാറെദ് കുഷ്‌നര്‍, ഉദേശകരായ ഡേവിഡ് ഫ്രീഡ്മാന്‍, സ്റ്റീഫന്‍ മില്ലര്‍ ,ഗ്രീന്‍ബാള്‍ട്ട്, സാമ്പത്തികവിദഗ്ധന്‍ നൂച്ചിന്‍, പ്രത്യേകഉപദേശകന്‍ കാള്‍ ഐക്കാന്‍ തുടങ്ങി നിരവധി പേരാണ് അമേരിക്കന്‍ ഭരണത്തെ നിലവില്‍ നിയന്ത്രിക്കുന്നത്. ഇസ്രാഈല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രാഈലിന് അനുകൂലമായ നിലപാടാണ് ട്രംപ് ഭരണകൂടം നാളുകളായി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രാഈലിന്റെ യുദ്ധവെറിക്കും ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടത്തുന്ന നിര്‍മാണങ്ങള്‍ക്കുമെതിരെ പ്രമേയം വന്നപ്പോള്‍ പാശ്ചാത്യരാജ്യങ്ങളെപോലും അവഗണിച്ചുകൊണ്ടാണ് ട്രംപ് ഭരണകൂടം ഇസ്രാഈലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഇസ്രാഈലിന്റെ ചോരക്കൊതിയുടെ കാവല്‍നായ്ക്കളായി വര്‍ത്തിക്കുന്ന അമേരിക്കക്ക് അവരുടെ കക്ഷത്തില്‍നിന്ന് ഒരിക്കലും തലയൂരാനാവില്ലെന്നതാണ് ഇതിനൊക്കെ കാരണം. വിവേകമതികളായ ഇതരലോകരാഷ്ട്രങ്ങള്‍ ഈ യുദ്ധക്കൊതിക്കെതിരെ അണിനിരക്കുക മാത്രമാണ് പോംവഴി.

chandrika: