രാജ്യത്ത് ഇരുപതു സംസ്ഥാനങ്ങളിലെ അധികാരം കരഗതമായെന്ന് വീമ്പടിച്ചു നടക്കുന്ന ബി.ജെ.പിക്കുമേല്‍ ഉത്തരം മുട്ടുന്ന ചോദ്യങ്ങളാണ് ജനകീയപ്രക്ഷോഭാഗ്നിയുടെ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരണഘടനാദത്തവും നിയമപരവുമായ അവകാശ സംസ്ഥാപനത്തിനുവേണ്ടി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദലിതുകളുടെ വന്‍പ്രക്ഷോഭമാണ് നടന്നുകൊണ്ടിരിക്കുന്നത്. മിനിഞ്ഞാന്നും ഇന്നലെയുമായി ഒരു ഡസന്‍ പേര്‍ പൊലീസിന്റെ തോക്കിനും മര്‍ദനത്തിനും ഇരയായി നടുറോഡില്‍ മരിച്ചുവീണിരിക്കുന്നു. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി തുടരുന്ന ദലിത്പ്രക്ഷോഭം അതിരുവിടുന്ന കാഴ്ചയാണ് കാണാനാകുന്നത്. സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭത്തെ സമാനമായി നേരിടുന്നതിനുപകരം പൊലീസിനെ വിട്ട് സമരക്കാരെ വെടിവെച്ചു കൊല്ലുകയായിരുന്നു.
മാര്‍ച്ച് ഇരുപതിന് സുപ്രീംകോടതിയുടേതായി പുറത്തുവന്ന ഇടക്കാല വിധിയാണ് പ്രശ്‌നങ്ങളുടെയെല്ലാം ഹേതു. രാജ്യത്ത് പട്ടിക വിഭാഗ പീഡനക്കേസുകള്‍ പലതും വ്യക്തിവിരോധം തീര്‍ക്കുന്നതിന് ദുരുപയോഗിക്കുന്നുവെന്നാണ് കോടതിവിധിക്കടിസ്ഥാനം. 1989ലെ പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധനനിയമത്തിലെ ചില വ്യവസ്ഥകള്‍ ഈ കേസില്‍പെടുന്ന പ്രതികളുടെ മൗലികാവകാശത്തെ ഹനിക്കുന്നുവെന്ന് കാട്ടി ഉന്നത നീതിപീഠം അതിലെ ചില വ്യവസ്ഥകള്‍ മയപ്പെടുത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിലെ ഉന്നതരായ അഭിഭാഷകര്‍ ഹാജരായി കോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയില്ലെന്ന് മാത്രമല്ല, വിധി വന്നപ്പോള്‍ മുതല്‍ കമാന്നിരിക്കുകയായിരുന്നു ഉത്തരവാദിത്തപ്പെട്ട മോദി ഭരണകൂടം. വ്യക്തമായ തെളിവില്ലാത്തതും പ്രഥമദൃഷ്ട്യാ നിലനില്‍ക്കാത്തതുമായ പട്ടിക വിഭാഗ പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം. പ്രതികളായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ നിയമന അതോറിറ്റിയുടെ പ്രത്യേകാനുമതി വാങ്ങിയിരിക്കണം. മറ്റുള്ളവരുടെ കാര്യത്തില്‍ ജില്ലാ പൊലീസ് അധികാരിയുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാവൂ. കസ്റ്റഡിയില്‍ വെക്കുന്നതിനുമുമ്പ് മജിസ്‌ട്രേറ്റിന്റെ രേഖകള്‍ പരിശോധിക്കണം എന്നിവയാണ് വിധിയിലെ നിര്‍ദേശങ്ങള്‍. കേസ് പരിഗണനക്ക് വന്നപ്പോള്‍ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചത് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കാമെന്ന നിലപാടായിരുന്നു.
2016ല്‍ രാജ്യത്ത് രജിസ്റ്റര്‍ചെയ്ത പട്ടികജാതി-വര്‍ഗപീഡനക്കേസുകളില്‍ 83 ശതമാനവും ഇന്നും ഇഴയുകയാണെന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞകൊല്ലം മാത്രം പട്ടിക ജാതിക്കാര്‍ക്കെതിരായ പീഡനക്കേസുകള്‍ പത്തു ശതമാനവും പട്ടിക വിഭാഗക്കാര്‍ക്കെതിരെ ആറു ശതമാനവും വര്‍ധിച്ചു. ഏഴു വര്‍ഷത്തിനിടെ തീര്‍പ്പാകാത്ത ഇത്തരം കേസുകളുടെ എണ്ണം 90 ശതമാനമാണ്. നിയമത്തിലെ പോരായ്മ തിരിച്ചറിഞ്ഞ് 2015ല്‍ ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായി പാസാക്കിയ നിയമത്തിലെ ഭേദഗതിയുടെ സത്തയെ ചോദ്യം ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ തന്നെ സ്വീകരിച്ചത്. സ്വാഭാവികമായും കോടതിക്ക് അതനുസരിക്കുകയല്ലാതെ വഴിയില്ലായിരുന്നു. വിധിയുടെ ദൂരവ്യാപകമായ പ്രത്യാഘാതം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷം രാഷ്ട്രപതിയെ നേരില്‍കണ്ട് പുതിയ നിയമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിക്കുകയും ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ ഭേദഗതി പാസാക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. രാജ്യത്തെ ഇരുപത്തഞ്ചു ശതമാനത്തോളം വരുന്ന ദലിതുകള്‍ക്കിടയില്‍ വിഷയം വലിയ ജീവല്‍പ്രശ്‌നമായി ഉയര്‍ന്നുവരികയുമായിരുന്നു. ഗുജറാത്തിലെ ജിഗ്നേഷ്‌മേവാനിയെപോലുള്ള ദലിത് നേതാക്കളും സംഘടനകളും തിങ്കളാഴ്ച ഭാരത്ബന്ദിന് ആഹ്വാനം ചെയ്തതിനെതുടര്‍ന്ന് സമരവും പ്രകടനവും എരിതീയില്‍ എണ്ണയൊഴിച്ച മട്ടായി. ചില സാമൂഹിക വിരുദ്ധര്‍ തീവെപ്പും വഴിമുടക്കലും കല്ലേറുമായി രംഗത്തിറങ്ങി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നേരത്തെതന്നെ പശ്ചിമബംഗാളിലും ബീഹാറിലും മറ്റും മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ സംഘ്പരിവാരം തുടങ്ങിവെച്ചിരുന്നു. ബീഹാറില്‍ കേന്ദ്രമന്ത്രിയുടെ പുത്രനെയാണ് കലാപം ആസൂത്രണം ചെയ്തതിന് ജനതാദള്‍ (യു) സര്‍ക്കാരിന് അറസ്റ്റ്‌ചെയ്യേണ്ടിവന്നത്. ദലിതുകള്‍ക്കെതിരായ അക്രമവും കൂടിയായതോടെ ഇത് സ്വാതന്ത്ര്യത്തിന് ശേഷവും ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷവും കാണാത്ത രീതിയിലുള്ള കലാപത്തിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന തോന്നലുളവാക്കി. അതിനിടെ തിങ്കളാഴ്ച ദലിത ്പ്രക്ഷോഭം പരിധിവിട്ടപ്പോള്‍ നേരത്തെയുള്ള നിലപാടില്‍ അയവുവരുത്തി കോടതിവിധിക്കെതിരെ പുതിയ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവന്നെങ്കിലും ഇന്നലെ ഇത് പരിഗണിച്ച കോടതി വിധി സ്‌റ്റേ ചെയ്യുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തങ്ങള്‍ നിയമത്തിനെതിരല്ലെന്നും സമരം സ്ഥാപിത താല്‍പര്യക്കാരുടേതാണെന്നും പറയാന്‍ കോടതി തയ്യാറായി. വിഷയത്തിലെ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പിനുള്ള കനത്ത പ്രഹരമാണിത്. വിധി വന്ന് രണ്ടാഴ്ചയോളം അനങ്ങാതിരുന്നശേഷം കേന്ദ്രം കൊണ്ടുവന്ന അപ്പീലില്‍ നിയമത്തിലെ വ്യവസ്ഥകള്‍ അതേപടി നിലനിര്‍ത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്. കോടതി ഇതംഗീകരിക്കാത്ത നിലക്ക് ഇനി നിയമഭേദഗതിയേ മാര്‍ഗമുള്ളൂ. കക്ഷിഭേദം മറന്ന് എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് എല്ലാവരും ചേര്‍ന്ന് ശ്രമിക്കേണ്ടത്.
സത്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുനടക്കുന്നവരുടെ മനസ്സിലിരിപ്പ് ദലിത്-മുസ്‌ലിം വിരുദ്ധതയാണെന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. അയ്യായിരം കൊല്ലത്തെ അസാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിക്കാട്ടി ജാതീയതയെയും പശു സംരക്ഷണത്തെക്കുറിച്ചും പറയുന്നവര്‍ ഇന്ത്യയുടെ മണ്ണിനുടമകളായ ദലിത്-ആദിവാസി വിഭാഗങ്ങളുടെ സ്വത്വത്തെതന്നെയാണ് ചോദ്യം ചെയ്യുന്നത്. ജാതിയും അയിത്തവും ജന്മസിദ്ധമാണെന്ന് ഇന്നും ഓതിപ്പഠിപ്പിക്കുന്നു. മോദിയുടെ സ്വന്തം ഗുജറാത്തില്‍ കുതിരപ്പുറത്തേറിയെന്നതിന് കഴിഞ്ഞ ദിവസമാണ് ഇരുപത്തൊന്നുകാരനെ അടിച്ചുകൊന്നത്. പ്രേമിച്ച് വിവാഹം കഴിച്ചതിന് കൊല്ലപ്പെടുന്ന ദലിത് യുവാക്കള്‍ നിരവധി. ഉനയില്‍ കുലത്തൊഴില്‍ ചെയ്തതിന് യുവാക്കളെ പൊതിരെ തല്ലിയതും ഇതേ ബ്രാഹ്മണ്യത്തിന്റെ വക്താക്കള്‍ തന്നെ. ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദികളും മറ്റാരുമല്ല. ദലിതുകള്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സര്‍ക്കാര്‍ സര്‍വീസിലെ തൊഴില്‍ സംവരണവും മറ്റ് ആനുകൂല്യങ്ങളും അവസാനിപ്പിക്കേണ്ട സമയമായെന്ന് ഉറക്കത്തിലും നൂറ്റൊന്നാവര്‍ത്തിക്കുന്നവരാണ് സംഘ്പരിവാരവും അതിന്റെ മാതൃരൂപമായ ആര്‍.എസ്.എസ്സും. അപ്പോള്‍ ഇവര്‍ ഒഴുക്കുന്ന കണ്ണീരിന് മുതലക്കണ്ണീരിന്റെ വിലയേ ഉള്ളൂവെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് ! സഹസ്രാബ്ദങ്ങളുടെ പീഡനഭാരം ഒന്നിറക്കിവെക്കാന്‍ വിവരസാങ്കേതികയുടെ ഇക്കാലത്തെങ്കിലും കഴിയുമെന്ന്് ഭരണഘടനാശില്‍പിയും ദലിതുകളുടെ കാണപ്പെട്ട ദൈവവുമായ ഡോ. ഭീമറാവു അംബേദ്കറുടെ സമുദായം തിരിച്ചറിയാന്‍ തുടങ്ങിയതെന്നതിന്റെ തെളിവാണ് വിവിധ ഭീംസേനാ പ്രസ്ഥാനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പും ഇപ്പോഴത്തെ പ്രക്ഷോഭവും രക്തസാക്ഷിത്വങ്ങളുമെല്ലാം. കാലത്തിന്റെ വിളി കേള്‍ക്കാന്‍ കഴിയാത്തവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്ന് മാത്രം ഓര്‍മിപ്പിക്കട്ടെ.