ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ വിദ്യാഭ്യാസ മേഖലയില്‍ അപരിഹാര്യമായി തുടരുന്ന അരാജകത്വം സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിലെത്തിച്ചിരിക്കുകയാണ്. പ്രൈമറി തലം തൊട്ട് ഉന്നത വിദ്യാഭ്യാസ രംഗം വരെ വിവാദങ്ങളൊഴിയാതെ കുത്തഴിഞ്ഞു കിടക്കുന്നത് സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് തെളിയിക്കുന്നത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താനാവാത്ത വകുപ്പ് മന്ത്രി മാനേജ്‌മെന്റുകളുടെ താത്പര്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിങ് പ്രവേശത്തെ സങ്കീര്‍ണമാക്കിയതിലും ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥി പീഢനങ്ങള്‍ അവസാനിപ്പിക്കുന്നതിലും വിദ്യാഭ്യാസ മന്ത്രിയുടെ ഇരട്ടത്താപ്പ് പ്രകടമായിരുന്നു. കോര്‍പറേറ്റ് താത്പര്യങ്ങളുടെ സംരക്ഷനായി വകുപ്പ് മന്ത്രി മാറുന്നുവെന്ന ആക്ഷേപം ഇക്കാരണങ്ങളാല്‍ കൊണ്ട് പ്രസക്തമാവുകയാണ്.
സ്വാശ്രയ പ്രവേശം, പൂട്ടിപ്പോകുന്ന എയ്ഡഡ് സ്‌കൂളുകള്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ മാനദണ്ഡങ്ങള്‍, പാഠ പുസ്തകം, സര്‍വകലാശാലകളുടെ പ്രവര്‍ത്തന ക്ഷമതയും നിലവാരവും അധ്യാപകരുടെ സുരക്ഷിതത്വവും അവകാശങ്ങളും തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നിലപാടില്ലാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വിദ്യാഭ്യാസ മേഖലയില്‍ മുച്ചൂടും മാറ്റമുണ്ടാകുമെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുമെന്നും വീമ്പ് പറഞ്ഞാണ് ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇതിന് പ്രാപ്തനായ സാമാജികന്റെ കൈകളിലായിരിക്കും വിദ്യാഭ്യാസ വകുപ്പെന്നും ഇടതുപക്ഷം മേനി പറഞ്ഞു. എന്നാല്‍ അക്കാദമിക യോഗ്യത മാത്രമല്ല, ഭരണപാടവവും വിദ്യാഭ്യാസ വകുപ്പിനെ സക്രിയമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് അനിവാര്യമാണെന്ന് പ്രഫ. സി. രവീന്ദ്രനാഥിന്റെ നിസ്സഹായത വെളിവാക്കുന്നു. സംസ്ഥാനത്തെ സമരാഭാസങ്ങളുടെ കൂത്തരങ്ങാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പിനെ വിടാതെ പിന്തുടരുന്ന ഇടതു യുവജന പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി സംഘടനകളും സ്വന്തം സര്‍ക്കാറിന്റെയും മന്ത്രിയുടെയും നിസംഗതക്കു മുന്നില്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്നത് എത്ര നാണക്കേടാണ്? ലോ അക്കാദമിയിലെ തീക്ഷ്ണമായ സമരച്ചൂളയില്‍ നിന്നു എസ്.എഫ്.ഐക്ക് വാലുമടക്കി ഒളിച്ചോടേണ്ടി വന്നതിന്റെ ഗതികേടും എത്ര അപമാനകരമാണ്?
നല്ല വില കിട്ടിയാല്‍ ആധാര ശില പോലും വില്‍ക്കുന്ന കമ്പോളമായി വിദ്യാഭ്യാസ മേഖല മാറിയെന്ന കവി പി. കുഞ്ഞിരാമന്‍ നായരുടെ വിലാപം ഏറ്റുപറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പരിതപിച്ചത്. ഇക്കൊല്ലത്തെ സ്വാശ്രയ കരാറിന്റെ രേഖകള്‍ മറിച്ചുനോക്കിയാല്‍ ഇത് എത്രമാത്രം ശരിയായിരുന്നുവെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമാകും. സര്‍ക്കാറിനും വിദ്യാര്‍ഥികള്‍ക്കും ഭീമമായ നഷ്ടവും സ്വാശ്രയ മാനേജ്‌മെന്റ് മാഫിയക്ക് കൊള്ളലാഭവും നേടിക്കൊടുക്കുന്നതായിരുന്നില്ലേ ഇടതു സര്‍ക്കാറിന്റെ കരാറ്? വൈകിയുദിച്ച വിവേകമാണ് പിണറായിയുടെ പരിഭവത്തിന്റെ നിദാനമെന്നേ പറയാനൊക്കൂ. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയുടെയോ അദ്ദേഹമുള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന്റെയൊ മാത്രം പ്രശ്നമായി വ്യവഹരിക്കപ്പെട്ടവരെ തിരിഞ്ഞുകുത്തുകയാണ് ഇവയെല്ലാം. ഭരണ വൈഭവത്തിന്റെ അഭാവം പേറുന്ന ഒരു സര്‍ക്കാറില്‍ നിന്നോ പ്രസ്താവനകളില്‍ മാത്രം ഇരട്ടച്ചങ്കിന്റെ ആര്‍ജവം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്നോ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. മൂന്നു കാരണളാണ് വിദ്യാഭ്യാസ മേഖലയെ അരക്ഷിതാവസ്ഥിയിലേക്ക് നയിച്ചിട്ടുള്ളത്. വകുപ്പിന്റെ വിശാലതയും ഇടപെടലിന്റെ മേഖലയും കൃത്യമായി മനസ്സിലാക്കുന്നതില്‍ വിദ്യാഭ്യാസ മന്ത്രി തികഞ്ഞ പരാജയമായതാണ് പ്രധാനം. കൃത്യമായ വീക്ഷണവും ആസൂത്രണവുമില്ലാതെയാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നതാണ് രണ്ടാമത്തെ കാരണം. സര്‍ക്കാറിന്റെ പ്രഖ്യാപിത താത്പര്യങ്ങളേക്കാള്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വേണ്ടി വകുപ്പ് വഴിമാറുന്നു എന്നതാണ് മറ്റൊരു കാരണം. ഏതു സര്‍ക്കാറിനെയും ഇക്കാര്യങ്ങള്‍ അലട്ടുമെങ്കിലും ക്രിയാശേഷിയും ഭരണ മികവുമുള്ളവരെ സര്‍ക്കാറിന്റെയും വകുപ്പിന്റെയും തലപ്പത്ത് പ്രതിഷ്ഠിച്ചാണ് കഴിഞ്ഞ കാലങ്ങളില്‍ ഇതു മറികടന്നിരുന്നത്. വിദ്യാഭ്യാസം എന്നത് കേവലം വിവര സിദ്ധിയല്ല, വിവേകവും ധാര്‍മിക- മാനുഷിക-മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നുള്ള തിരിച്ചറിവ് കൂടിയാണ്. ഇത് തിരിച്ചറിഞ്ഞ് ശ്രദ്ധാപൂര്‍വമായ കാല്‍വെപ്പുകളാണ് വിദ്യാഭ്യാസ മേഖലയില്‍ വേണ്ടത്. വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണമായും അന്താരാഷ്ട്രവത്കരിക്കുമെന്ന് വേദികളിലെല്ലാം മന്ത്രി വാതോരാതെ പ്രസംഗിച്ചിട്ടെന്തു ഫലം? പ്രായോഗിക തലത്തില്‍ പുതുമായര്‍ന്ന പദ്ധതികള്‍ നടപ്പാക്കിയാണ് ഇത് പ്രകടമാക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിവച്ച അന്താരാഷ്ട്രവത്കരണ പദ്ധതികള്‍ക്കപ്പുറം ഇടതു സര്‍ക്കാറിന് സ്വന്തമായി അവകാശപ്പെടാനുള്ള യാതൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പാഠപുസ്തക വിതരണത്തില്‍ മാപ്പര്‍ഹിക്കാനാവാത്ത വീഴചയാണ് ഇടതു സര്‍ക്കാറില്‍ നിന്നുണ്ടായത്. മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകം കിട്ടിയില്ലെന്ന വിവരം വിദ്യാര്‍ഥി സംഘടനകള്‍ വിവാദമാക്കിയതിനു ശേഷമാണ് വകുപ്പ് മന്ത്രി അറിയുന്നത്. അധ്യാപക-വിദ്യാര്‍ഥി സംഘടനകള്‍ ഇക്കാര്യം സര്‍ക്കാറിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും ഗുരുതരമായ അലംഭാവം തുടര്‍ന്നതായിരുന്നു വിദ്യാര്‍ഥികളെ വലച്ചത്. താന്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കില്‍ നാലുദിനം കൊണ്ട് പ്രശ്‌നം പരിഹരിക്കുമായിരുന്നുവെന്ന് പറഞ്ഞ മന്ത്രി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണുണ്ടായത്. ഇതോടുകൂടി വകുപ്പ് മന്ത്രിയിലുള്ള വിശ്വാസ്യത പോലും പൊതുസമൂഹത്തിനു നഷ്ടപ്പെട്ടുവെന്നതാണ് സത്യം. പിന്നീടിങ്ങോട്ട് വിദ്യാഭ്യാസ മേഖലയില്‍ നൂറുകൂട്ടം പ്രശ്‌നങ്ങളാണ് പരിഹാരം കാണാതെ കിടക്കുന്നത്. വിദ്യാഭ്യാസ നയത്തിന് പ്രാഥമിക ചര്‍ച്ച പോലും നടത്താത്ത സര്‍ക്കാറിന് ഇതില്‍ കൂടുതല്‍ ഈ മേഖലയെ സമ്പന്നമാക്കാമെന്ന് കരുതുന്നതാണ് തെറ്റ്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനെന്ന പേരില്‍ സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് നിര്‍വൃതിയടയുകയാണ് മന്ത്രി. വിദ്യാഭ്യാസ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ആറാം പ്രവൃത്തി ദിവസം നടത്തിയ അധ്യാപക ക്ലസ്റ്റര്‍ പരിശീലനം ഇടതു അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിലാണ് ബഹിഷ്‌കരിച്ചത്. മുവ്വായിരത്തോളം അധ്യാപര്‍ക്ക് ശമ്പളവും സ്ഥിര തസ്തികയും നിഷേധിച്ച സര്‍ക്കാറിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ തുടക്കമായിരുന്നു അത്. പുനര്‍വിന്യാസം, അധ്യാപകരുടെ തസ്തിക നിര്‍ണയം നടത്തി നിയമനാംഗീകാരം തുടങ്ങിയ കാര്യത്തിലും അധ്യാപക സമൂഹം പ്രതിഷേധത്തിലാണ്. അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നു മാത്രമല്ല, ഏകാധ്യാപക സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഇതുവരെ വേതനം നല്‍കിയിട്ടില്ല. വിദ്യാര്‍ഥികളും അധ്യാപകരും നീറിപ്പുകഞ്ഞ് കഴിയുന്ന സാഹചര്യത്തില്‍ വിടുവായത്തങ്ങള്‍ക്ക് പകരം പരിഹാരക്രിയകളാണ് ഇനി വേണ്ടത്. എന്നാല്‍ മാത്രമേ വിദ്യാഭ്യാസ മേഖലയിലെ അരാജകത്വവും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കാനാവുകയൂള്ളൂ.
- 8 years ago
chandrika
Categories:
Video Stories