X

ഒടുവില്‍ ബംഗാളില്‍ ഭായി ഭായി

ഒടുവില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാന്‍ സി.പി.എം ബംഗാള്‍ ഘടകം ധാരണയിലെത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും സി.പി.എം പോളിറ്റ് ബ്യൂറോയും സംസ്ഥാന ഘടകങ്ങള്‍ക്ക് അനുമതി നല്‍കി. ധാരണയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇടതുമുന്നണി യോഗത്തിന് ശേഷം വ്യക്തമാക്കുമെന്നാണ് പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചത്. ഇക്കാലമത്രയും കോണ്‍ഗ്രസ് വിരുദ്ധതയുടെ പേരില്‍ അതിജീവനശ്രമത്തിന് ശ്രമം നടത്തിയ അതേ സി.പി.എം ഇപ്പോള്‍ നിലനില്‍പ്പിനുവേണ്ടി കോണ്‍ഗ്രസില്‍ അഭയം പ്രാപിക്കുന്നത് ഏറെ കൗതുകകരവും ചിന്തോദ്ധീപകവുമാണ്.

അതിനിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെയാണ് രാജ്യം ഏതാനും മാസങ്ങള്‍ക്കകം അഭിമുഖീകരിക്കാനിരിക്കുന്നത്. നിര്‍ണായകം എന്ന പദ പ്രയോഗം മുമ്പു പലപ്പോഴായി പല രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പുമുഖങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തേത് അങ്ങനെയല്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. അഞ്ചു വര്‍ഷക്കാലത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ കെടുതികള്‍ രാജ്യം നേരിട്ടനുഭവിച്ച് കഴിഞ്ഞതാണ്. അത് ഏതെങ്കിലും മത വിഭാഗത്തെ മാത്രം ബാധിക്കുന്നതായിരുന്നില്ല. കാര്‍ഷിക മേഖലയുടെ തകര്‍ച്ച, നോട്ടു നിരോധനം വഴിയുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥ, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത വഴിയുണ്ടായ ചെറുകിട ഇടത്തരം വ്യാപാര മേഖലകളുടെ തകര്‍ച്ച, രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍, നഗ്‌നമായ ഭരണഘടനാ ലംഘനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങളുടെ രാഷ്ട്രീയ വല്‍ക്കരണം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളും പ്രയാസങ്ങളുമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യ അനുഭവിച്ച് തീര്‍ത്തത്. ഈ അന്തരീക്ഷത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഓരോ ഇന്ത്യക്കാരന്റെയും മുന്നില്‍ വെക്കുന്ന ഒരേ ഒരു ചോദ്യം ഇന്ത്യ ഇന്ത്യയായി നില നില്‍ക്കണോ വേണ്ടയോ എന്നതാണ്. ഇനി ഒരിക്കല്‍ കൂടി അധികാരം വര്‍ഗീയ ഫാസിസ്റ്റുകളുടെ കരങ്ങളിലമര്‍ന്നാല്‍ മറ്റൊരു ജനവിധിയെ രാജ്യം അഭിമുഖീകരിക്കേണ്ടി വരില്ലെന്ന് ആണയിട്ട് പറയുന്നത് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളല്ല, മറിച്ച് ഈ രാജ്യത്തെ ഇരുത്തം വന്ന രാഷ്ട്രീയ നിരീക്ഷകന്‍മാരാണ്.
ഈ സന്നിഗ്ധ ഘട്ടത്തിലാണ് ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്ന നിലപാടുകള്‍ പ്രസക്തമാകുന്നത്. ആര്‍.എസ്.എസിനാല്‍ സംഘടനാ സംവിധാനം നിയന്ത്രിക്കപ്പെടുന്ന ബി.ജെ. പി.യെ ഒറ്റക്ക് നേരിടാനുള്ള കെല്‍പ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ലെന്നത് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മതേതര ശക്തികളുടെ കൂട്ടായ്മയിലൂടെ അത് നിഷ്പ്രയാസം സാധ്യമാകുമെന്നതും രാജ്യത്ത് തെളിയിക്കപ്പെട്ടതാണ്. രാജസ്ഥാനും മധ്യപ്രദേശുമെല്ലാം ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ രാജ്യത്തെമ്പാടും വേരുകളുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വതിലുള്ള മതേതര ശക്തികളുടെ കൂട്ടായ്മയാണ് മതേതരഭാരതം ഇന്ന് ആവശ്യപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലപാടിലെ നീതികേട് രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയുന്നത്. ബി.ജെ.പി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയുമെല്ലാം തലക്കുമുകളില്‍ ഡമോക്ലസിന്റെ വാള്‍പോലെ നിലയുറപ്പിച്ചിട്ടും അവര്‍ക്കെതിരായി ഒരേ സ്വരത്തില്‍ ഒരു നിലപാടെടുക്കാന്‍ സി.പി.എമ്മിന് ഇന്നുവരെ സാധിച്ചിട്ടില്ല. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക സമീപനം ഒരേ രീതിയിലുള്ളതാണെന്നും അതിനാല്‍ ഇരുപാര്‍ട്ടികളെയും തുല്ല്യരീതിയില്‍ അകറ്റി നിര്‍ത്തണമെന്നുമായിരുന്നു ഈ അടുത്തകാലം വരെ ആപാര്‍ട്ടി സ്വീകരിച്ച നിലപാട്. പോളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗവും പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടാവട്ടെ ഒരുപടികൂടി കടന്ന് ബി.ജെ.പിയെ വര്‍ഗീയ കക്ഷിയെന്ന് വിളിക്കാറായിട്ടില്ലെന്ന് വരെപ്രഖ്യാപിക്കുകയുണ്ടായി. നിര്‍ഭാഗ്യ വശാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളടക്കം പ്രകാശ് കാരാട്ടിന്റെ ഈ നയത്തിനൊപ്പം നില്‍ക്കുകയും പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നതും രാജ്യത്തിന് ദര്‍ശിക്കാനായി.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും മതേതര കൂട്ടായ്മകള്‍ക്ക് ശക്തിപകരാനുള്ള അവസരങ്ങളെല്ലാം നശിപ്പിച്ചുകൊണ്ട് 1996ലെ ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇന്ത്യന്‍ ചക്രവാളത്തിലെ ചുവന്ന സൂര്യന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിനെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാണിക്കപ്പെട്ടപ്പോള്‍ അന്ന് പ്രത്യയശാസ്ത്രപരമായി ശാഠ്യത്തിന്റെ പേരില്‍ സി.പി.എം ആ അവസരം നിരസിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പുറമെനിന്നുള്ള പിന്തുണയുടെ പിന്‍ബലത്തോടെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരിക്കാന്‍ ആദ്യമായും ഒരു പക്ഷേ അവസാനമായും ഒരു കമ്മ്യൂണിസ്റ്റുകാരന് ലഭിച്ച കനകാവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് പിന്നീട് ജ്യോതി ബസു തന്നെ നടത്തിയ വിലയിരുത്തലാണ് ചരിത്ര പരമായ മണ്ടത്തരം. സമാനമായ രീതിയില്‍ അവരുടെ ഭാഗത്തുനിന്നുണ്ടായ മറ്റൊരു പിടിപ്പുകേടാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യസഭാ എം.പി സ്ഥാനത്ത് തുടരാനുള്ള അവസരം നിഷേധിച്ചത്.
ബംഗാളില്‍ നിന്ന് ഒഴിവ് വന്ന രാജ്യസാഭാ സീറ്റിലേക്ക് യെച്ചൂരി മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും കോണ്‍ഗ്രസിന്റെ പിന്തുണ വഴി ജയം ഉറപ്പാവുകയും ചെയ്തിട്ടും യെച്ചൂരിയെ മത്സരിപ്പിക്കാതെ രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമുള്ളപ്പോഴാണ് അമ്പരപ്പിക്കുന്ന നീക്കം സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രധാനമന്ത്രി പദം നിരസിച്ചതിന് പ്രത്യയ ശാസ്ത്രപരമായ ന്യായീകരണമുണ്ടായിരുന്നെങ്കില്‍ യെച്ചൂരിയുടെ കാര്യത്തില്‍ സംഭവിച്ചത് അധികാരത്തര്‍ക്കം മാത്രമാണുണ്ടായത്. യെച്ചൂരിക്ക് പിന്തുണ അറിയിച്ചതിലൂടെ കോണ്‍ഗ്രസ് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ ആത്മാര്‍ത്ഥത പ്രകടമാക്കിയപ്പോള്‍ ആ അവസരം നഷ്ടപ്പെടുത്തിയതിലൂടെ സി.പി.എം തങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധതയുടെ പൊള്ളത്തരം സ്വയം തുറന്നുകാട്ടുകയായിരുന്നു. ബി.ജെ.പിക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി വര്‍ഗീയ വിരുദ്ധ ശക്തികളെല്ലാം ചേര്‍ന്ന് മമതാ ബാനര്‍ജിയുടെ ആതിഥ്യത്തില്‍ പശ്ചിമ ബംഗാളില്‍ മഹാറാലി സംഘടിപ്പിച്ചപ്പോള്‍ മമതയോടുള്ള വിദ്വേശമൊന്നുകൊണ്ട് മാത്രം അതിനോട് മുഖം തിരിഞ്ഞ് നിന്നതിലൂടെയും സി.പി.എം തങ്ങളുടെ നിലപാട് പുറംലോകത്തെ അറിയിക്കുകയായിരുന്നു. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ അന്തമായ കോണ്‍ഗ്രസ് വിരോധം മുഖമുദ്രയാക്കിയത് വഴിയാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ നിന്ന് ഉപ്പുവെച്ചകലം പോലെ അകറ്റി നിര്‍ത്തപ്പെട്ടത്.

chandrika: