X
    Categories: MoreViews

നന്മയുടെ വെട്ടത്തേക്ക് അവര്‍ വരുമ്പോള്‍

അത്യാധുനികമായ യുദ്ധ സാമഗ്രികളുടെയും പരസ്പര കൊലവിളികളുടെയും ആസുരലോകത്ത് നീതിയുടെയും നന്മയുടെയും ഇത്തിരിവെട്ടം ഇപ്പോഴും പരിപൂര്‍ണമായും അസ്തമിച്ചിട്ടില്ല എന്ന വിളംബരമാണ്് കഴിഞ്ഞ മൂന്നു ദിവസമായി തായ്‌ലാന്‍ഡില്‍നിന്ന് പുറത്തുവന്ന ശുഭവാര്‍ത്തകള്‍. കാട്ടുപോത്ത് എന്നര്‍ത്ഥം വരുന്ന ‘മൂ പാ’ ഫുട്‌ബോള്‍ അക്കാദമിയിലെ പതിനൊന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള പന്ത്രണ്ട് കുട്ടികളും ഇരുപത്തഞ്ചുകാരനായ പരിശീലകനും അകപ്പെട്ട താം ലുവാങ് ഗുഹയില്‍നിന്ന് സംഘത്തെ അതിസാഹസികമായി രക്ഷപ്പെടുത്തിയ വാര്‍ത്ത മനുഷ്യസ്‌നേഹികളെ ഒരേസമയം ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. പതിനെട്ടു ദിവസം സ്വജീവന്‍ പണയംവെച്ച് കൂരിരുട്ടത്ത് കഴിച്ചുകൂട്ടിയ കുരുന്നുകളുടെ സൂര്യവെട്ടത്തിലേക്കുള്ള അതിസാഹസികമായ കടന്നുവരവും അവരെ ജീവിതതീരത്തേക്ക് തിരികെയെത്തിച്ച രക്ഷാസംഘവും തെളിയിക്കുന്നത് മറ്റൊന്നല്ല. ലോകം ദര്‍ശിച്ച അത്യപൂര്‍വമായ രക്ഷാപ്രവര്‍ത്തനത്തിന്, അതില്‍ പങ്കെടുത്തവരെയും നേതൃത്വം നല്‍കിയവരെയും എത്ര പ്രശംസിച്ചാലും അധികമാകില്ല. അതേസമയം ഒരു മുങ്ങല്‍ വിദഗ്ധന് -തായ് നാവികസേനയിലെ സമാന്‍കുനന്‍- ജീവന്‍ വെടിയേണ്ടിവന്നുവെന്നത് ദൗത്യത്തിന്റെ കാഠിന്യം വ്യക്തമാക്കിത്തരുന്നു. സാഹസികതയോടൊപ്പം ആ ധീരന്റെ സേവന മനസ്സുകൂടിയാണ് ശ്രദ്ധേയമായത്. സ്വാര്‍ത്ഥതകള്‍ വെടിഞ്ഞ് അപരനുവേണ്ടി ജീവിക്കാനുള്ള ശുഭാപ്തിവിശ്വാസം ആ കുരുന്നുകളില്‍ മാത്രമല്ല ലോകത്തെ ഓരോ മനുഷ്യജീവിയിലും തൊട്ടുണര്‍ത്തുന്നതാണ് തായ്‌ലാന്‍ഡ് നല്‍കുന്ന അനുഭവ പാഠം.

ജൂണ്‍ 23നാണ് കുട്ടികളും യുവാവും പത്ത് കിലോമീറ്ററോളം നീളമുള്ള ഗുഹയിലേക്ക് കയറിപ്പോകുന്നത്. ജീവന്‍ ഇല്ലാതായിപ്പോകുമെന്ന ഘട്ടത്തില്‍ പതിനൊന്നാം ദിവസമാണ് ജൂലൈ രണ്ടിന്, സംഘമൊന്നടങ്കം ഒരു തിട്ടയില്‍ അഭയം പ്രാപിക്കുന്നത്. മകനെ കാണാനില്ലെന്ന ഒരു മാതാവിന്റെ പരാതിയാണ് ആശങ്കക്ക് തുടക്കമിട്ടത്. വൈകാതെതന്നെ വാര്‍ത്ത ലോകമാകെ കാട്ടുതീ പോലെ പ്രവഹിച്ചു. കളി പരിശീലനം കഴിഞ്ഞ് മടങ്ങിയ സംഘം ഗുഹയിലേക്ക് കയറിപ്പോയിട്ടുണ്ടെന്ന് വ്യക്തമായത് ഗുഹക്ക് പുറത്ത് സൈക്കിളുകളും ഫുട്‌ബോള്‍ കിറ്റും കണ്ടതിനെതുടര്‍ന്നാണ്. കൗമാരത്തിലെ സാഹസിക ത്വരയായിരിക്കണം കുട്ടികളെ ഗുഹക്കുള്ളിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. അകത്തുകയറി കിലോമീറ്ററുകള്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോഴേക്കും കനത്തമഴയില്‍ ഗുഹയില്‍ ഏതാണ്ടെല്ലാം ഭാഗവും ചെളിവെള്ളം ഇരച്ചുകയറി നിറഞ്ഞിരുന്നു. അവിടെ ജീവനുവേണ്ടി മല്ലിട്ട് കഴിയുകയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികളും യുവാവും. ആടിയും ഓടിയും പാടിയും ഉല്ലസിക്കേണ്ട പ്രായത്തില്‍ ദിവസങ്ങളോളം ഉറ്റവരാരും തുണയില്ലാതെ കഴിയേണ്ടിവരിക എന്നത് കുരുന്നുകളെ വല്ലാതെ ഉലച്ചിരിക്കണം. അതിജീവനത്തിന്റെ തിരുദൂതുമായി ഏതെങ്കിലുമൊരു സഹജീവി തങ്ങളുടെ അടുത്തേക്കെത്തുമെന്ന ചിന്തയായിരുന്നിരിക്കണം അവരെയൊന്നടങ്കം കടുത്ത വിശപ്പിനിടയിലും പിടിച്ചുനിര്‍ത്തിയത്. നീന്തിയും സ്വയം തുഴഞ്ഞും അവശരായവര്‍ രക്ഷപ്പെടുമോ എന്ന ആകാംക്ഷക്കിടയിലാണ് ലോകം സഹായഹസ്തങ്ങളുടെ ആവേശവുമായി സടകുടഞ്ഞെണീറ്റത്. ഞായറാഴ്ച രാവിലെ തുടങ്ങി ചൊവ്വ അഞ്ചു മണിവരെ തുടര്‍ന്ന 70 മണിക്കൂറിലധികം നീണ്ട അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം വ്യക്തമാക്കുന്നത് മനുഷ്യന്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ നടക്കാത്തതൊന്നുമില്ലെന്നാണ്.

നാലുവീതം കുട്ടികളെ കഴിഞ്ഞ മൂന്നു ദിവസമായി പുറത്തെത്തിക്കാനായത് ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടെയും മാത്രമല്ല, ധീരസാഹസികരായ നൂറോളം വ്യക്തികളുടെ സന്മനസ്സും സേവന തല്‍പരതയും കൊണ്ടായിരുന്നു. അതികഠിനമായായിരുന്നു കുട്ടികളുടെ പുറത്തുകടക്കല്‍. ശ്വാസംപോലും കിട്ടാതെ പ്രാണനുവേണ്ടി കേണുകൊണ്ടിരുന്ന കുരുന്നുകളുടെ മുന്നിലേക്ക് പത്താം ദിവസമായപ്പോഴാണ് പ്രാണവായുവുമായി രക്ഷാപ്രവര്‍ത്തകരെത്തുന്നത്. ഇതിനായി തുരങ്കത്തിനുള്ളിലേക്ക് ഓക്‌സിജന്‍ കുഴലുകള്‍ സ്ഥാപിച്ചു. ചെളിയിലും വെള്ളത്തിലുമായി മുങ്ങിയും നീന്തിയുമാണ് രക്ഷാപ്രവര്‍ത്തകരുടെ സംഘം കുട്ടികളുടെ മുന്നിലേക്ക് ദൈവദൂതരെപോലെ എത്തിച്ചേര്‍ന്നത്. മനമുരുകിയുള്ള രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും തായ് ജനതയുടെയും പ്രാര്‍ത്ഥനകള്‍ക്കുപരി ഭൂലോകം മുഴുവന്‍ ഈ കുരുന്നുകളുടെ പ്രാണന്‍ തിരിച്ചുലഭിക്കണേ എന്ന് കേണപേക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ലോകത്തെ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ കയ്യിലുള്ള സാമഗ്രികളും രക്ഷാപ്രവര്‍ത്തകരെയും അയച്ചുകൊടുത്തു. വിദേശത്തുനിന്ന് അമ്പതും തായ്‌ലാന്‍ഡിലെ നാല്‍പതോളവും മുങ്ങല്‍ വിദഗ്ധരാണ് ദൗത്യത്തില്‍ ജീവന്‍ തൃണവല്‍ണിച്ചുകൊണ്ട് പങ്കുചേര്‍ന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ചിയാങ് റായ് പ്രവിശ്യയുടെ മുന്‍ ഗവര്‍ണര്‍ ഒസട്ടനാകോണ്‍ വലിയ പ്രശംസ അര്‍ഹിക്കുന്നു. എട്ടു മണിക്കൂറെടുത്താണ് ജൂലൈ എട്ടിന് നാല് കുട്ടികളെ പുറത്തെത്തിച്ചത്. കുട്ടികളെ ഗുഹയിലേക്ക് കൂട്ടിക്കൊണ്ടുപോയ പരിശീലകന്‍ നല്‍കിയ ആരോഗ്യ-വ്യായാമ നിര്‍ദേശങ്ങളാണ് ഗുഹക്കുള്ളില്‍ ഇത്രനാളും ജീവന്‍ നഷ്ടപ്പെടാതെ കഴിയാന്‍ കുരുന്നുകള്‍ക്ക് തുണയായത്. പ്രായം വെച്ച് നോക്കുമ്പോള്‍ വൈകാതെ തളര്‍ന്നു പോകാവുന്ന ബാലന്മാരെ മനസ്സുതകരാതെ പിടിച്ചുനിര്‍ത്തിയതില്‍ പരിശീലകന്‍ എക്‌ഫോള്‍ ചന്താവോങിന്റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമാണ് തുണയായത്. തീര്‍ച്ചയായും അതി സങ്കീര്‍ണമായ ഒരു ഘട്ടത്തില്‍ മാതൃകാപരമാണ് എക്‌ഫോളിന്റെ മനോദാര്‍ഢ്യം.

തായ്‌ലാന്‍ഡിലെ ഡോയ് നാങ് നോണ്‍ മലനിരയിലാണ് രാജ്യത്തെ പ്രശസ്തമായ ഗുഹ സ്ഥിതിചെയ്യുന്നത്. 1275 മീറ്റര്‍ ഉയരത്തിലുള്ള മലയാണിത്. മണ്ണിടിഞ്ഞ് വീണ് രൂപപ്പെട്ട ഗുഹയില്‍ പതിറ്റാണ്ടുകളായി സന്ദര്‍ശക ബാഹുല്യമാണ് അനുഭവപ്പെടാറുള്ളത്. വായുനിറച്ച ചെറു സിലിണ്ടറുകള്‍, സ്‌കൂബ മാസ്‌ക്, കയര്‍ ഉള്‍പ്പെടെയുള്ളവക്കുപുറമെ ഒരു കുട്ടിക്ക് രണ്ട് മുങ്ങല്‍വിദഗ്ധര്‍ എന്ന തോതിലാണ് കുട്ടികളെ പുറത്തെത്തിക്കുന്നതിന് സജ്ജമാക്കിയിരുന്നത്. കോടിക്കണക്കിന് ലിറ്റര്‍ വെള്ളം പമ്പുചെയ്ത് പുറത്തേക്ക് കളഞ്ഞു. പുറത്ത് ഹെലികോപ്റ്ററുകള്‍, ആംബുലന്‍സുകള്‍, ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘം എന്നിവര്‍ തമ്പടിച്ചു. കുട്ടികളെ ഇതിനകം സുരക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ച് ആവശ്യമായ ചികില്‍സ നടത്തിവരുന്നുണ്ട്. മാതാപിതാക്കളെ കാണാനും അനുവദിച്ചിട്ടുണ്ട്.
കുട്ടികള്‍ പുറത്തുവന്നനിലക്ക് ഇനി അവരുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്രയും ദിവസം ഭക്ഷണമോ കുടിവെള്ളമോ കിട്ടാതെ ഉണ്ടായ അവശത മാറ്റിയെടുക്കേണ്ടതുണ്ട്. മാനസികമായ ഉല്ലാസത്തിനുള്ള കളികളും മറ്റും നല്‍കപ്പെടണം. കുട്ടികള്‍ക്കും പരിശീലകനും റഷ്യയിലെ ലോകകപ്പ് ഫൈനല്‍മല്‍സരം കാണാന്‍ അവസരം നല്‍കുമെന്ന് ഫിഫ അധികൃതര്‍ വെച്ചുനീട്ടിയ വാഗ്ദാനം എന്തുകൊണ്ടും ശ്ലാഘനീയം തന്നെ. എന്നാല്‍ കുട്ടികളുടെ ശാരീരികാരോഗ്യം മെച്ചപ്പെട്ടെന്ന് ഉറപ്പുവരുത്തിയശേഷമാകണം അത്. അതെന്തായാലും അത്യാഹ്ലാദത്തിന്റെ നിറതിരിവെട്ടത്തേക്കാണ് തായ്‌ലാന്‍ഡ് കുരുന്നുകളുടെ തിരിച്ചുവരവ്. അതില്‍ തീര്‍ച്ചയായും അഭിമാനിക്കാം, നമുക്കോരോരുത്തര്‍ക്കും.
നന്മയുടെ വെട്ടത്തേക്ക് അവര്‍ വരുമ്പോള്‍

അത്യാധുനികമായ യുദ്ധ സാമഗ്രികളുടെയും പരസ്പര കൊലവിളികളുടെയും ആസുരലോകത്ത് നീതിയുടെയും നന്മയുടെയും ഇത്തിരിവെട്ടം ഇപ്പോഴും പരിപൂര്‍ണമായും അസ്തമിച്ചിട്ടില്ല എന്ന വിളംബരമാണ്് കഴിഞ്ഞ മൂന്നു ദിവസമായി തായ്‌ലാന്‍ഡില്‍നിന്ന് പുറത്തുവന്ന ശുഭവാര്‍ത്തകള്‍. കാട്ടുപോത്ത് എന്നര്‍ത്ഥം വരുന്ന ‘മൂ പാ’ ഫുട്‌ബോള്‍ അക്കാദമിയിലെ പതിനൊന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള പന്ത്രണ്ട് കുട്ടികളും ഇരുപത്തഞ്ചുകാരനായ പരിശീലകനും അകപ്പെട്ട താം ലുവാങ് ഗുഹയില്‍നിന്ന് സംഘത്തെ അതിസാഹസികമായി രക്ഷപ്പെടുത്തിയ വാര്‍ത്ത മനുഷ്യസ്‌നേഹികളെ ഒരേസമയം ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. പതിനെട്ടു ദിവസം സ്വജീവന്‍ പണയംവെച്ച് കൂരിരുട്ടത്ത് കഴിച്ചുകൂട്ടിയ കുരുന്നുകളുടെ സൂര്യവെട്ടത്തിലേക്കുള്ള അതിസാഹസികമായ കടന്നുവരവും അവരെ ജീവിതതീരത്തേക്ക് തിരികെയെത്തിച്ച രക്ഷാസംഘവും തെളിയിക്കുന്നത് മറ്റൊന്നല്ല. ലോകം ദര്‍ശിച്ച അത്യപൂര്‍വമായ രക്ഷാപ്രവര്‍ത്തനത്തിന്, അതില്‍ പങ്കെടുത്തവരെയും നേതൃത്വം നല്‍കിയവരെയും എത്ര പ്രശംസിച്ചാലും അധികമാകില്ല. അതേസമയം ഒരു മുങ്ങല്‍ വിദഗ്ധന് തായ് നാവികസേനയിലെ സമാന്‍കുനന്‍ ജീവന്‍ വെടിയേണ്ടിവന്നുവെന്നത് ദൗത്യത്തിന്റെ കാഠിന്യം വ്യക്തമാക്കിത്തരുന്നു. സാഹസികതയോടൊപ്പം ആ ധീരന്റെ സേവന മനസ്സുകൂടിയാണ് ശ്രദ്ധേയമായത്. സ്വാര്‍ത്ഥതകള്‍ വെടിഞ്ഞ് അപരനുവേണ്ടി ജീവിക്കാനുള്ള ശുഭാപ്തിവിശ്വാസം ആ കുരുന്നുകളില്‍ മാത്രമല്ല ലോകത്തെ ഓരോ മനുഷ്യജീവിയിലും തൊട്ടുണര്‍ത്തുന്നതാണ് തായ്‌ലാന്‍ഡ് നല്‍കുന്ന അനുഭവ പാഠം.

ജൂണ്‍ 23നാണ് കുട്ടികളും യുവാവും പത്ത് കിലോമീറ്ററോളം നീളമുള്ള ഗുഹയിലേക്ക് കയറിപ്പോകുന്നത്. ജീവന്‍ ഇല്ലാതായിപ്പോകുമെന്ന ഘട്ടത്തില്‍ പതിനൊന്നാം ദിവസമാണ് ജൂലൈ രണ്ടിന്, സംഘമൊന്നടങ്കം ഒരു തിട്ടയില്‍ അഭയം പ്രാപിക്കുന്നത്. മകനെ കാണാനില്ലെന്ന ഒരു മാതാവിന്റെ പരാതിയാണ് ആശങ്കക്ക് തുടക്കമിട്ടത്. വൈകാതെതന്നെ വാര്‍ത്ത ലോകമാകെ കാട്ടുതീ പോലെ പ്രവഹിച്ചു. കളി പരിശീലനം കഴിഞ്ഞ് മടങ്ങിയ സംഘം ഗുഹയിലേക്ക് കയറിപ്പോയിട്ടുണ്ടെന്ന് വ്യക്തമായത് ഗുഹക്ക് പുറത്ത് സൈക്കിളുകളും ഫുട്‌ബോള്‍ കിറ്റും കണ്ടതിനെതുടര്‍ന്നാണ്. കൗമാരത്തിലെ സാഹസിക ത്വരയായിരിക്കണം കുട്ടികളെ ഗുഹക്കുള്ളിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. അകത്തുകയറി കിലോമീറ്ററുകള്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോഴേക്കും കനത്തമഴയില്‍ ഗുഹയില്‍ ഏതാണ്ടെല്ലാം ഭാഗവും ചെളിവെള്ളം ഇരച്ചുകയറി നിറഞ്ഞിരുന്നു. അവിടെ ജീവനുവേണ്ടി മല്ലിട്ട് കഴിയുകയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികളും യുവാവും. ആടിയും ഓടിയും പാടിയും ഉല്ലസിക്കേണ്ട പ്രായത്തില്‍ ദിവസങ്ങളോളം ഉറ്റവരാരും തുണയില്ലാതെ കഴിയേണ്ടിവരിക എന്നത് കുരുന്നുകളെ വല്ലാതെ ഉലച്ചിരിക്കണം. അതിജീവനത്തിന്റെ തിരുദൂതുമായി ഏതെങ്കിലുമൊരു സഹജീവി തങ്ങളുടെ അടുത്തേക്കെത്തുമെന്ന ചിന്തയായിരുന്നിരിക്കണം അവരെയൊന്നടങ്കം കടുത്ത വിശപ്പിനിടയിലും പിടിച്ചുനിര്‍ത്തിയത്. നീന്തിയും സ്വയം തുഴഞ്ഞും അവശരായവര്‍ രക്ഷപ്പെടുമോ എന്ന ആകാംക്ഷക്കിടയിലാണ് ലോകം സഹായഹസ്തങ്ങളുടെ ആവേശവുമായി സടകുടഞ്ഞെണീറ്റത്. ഞായറാഴ്ച രാവിലെ തുടങ്ങി ചൊവ്വ അഞ്ചു മണിവരെ തുടര്‍ന്ന 70 മണിക്കൂറിലധികം നീണ്ട അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം വ്യക്തമാക്കുന്നത് മനുഷ്യന്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ നടക്കാത്തതൊന്നുമില്ലെന്നാണ്.

നാലുവീതം കുട്ടികളെ കഴിഞ്ഞ മൂന്നു ദിവസമായി പുറത്തെത്തിക്കാനായത് ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടെയും മാത്രമല്ല, ധീരസാഹസികരായ നൂറോളം വ്യക്തികളുടെ സന്മനസ്സും സേവന തല്‍പരതയും കൊണ്ടായിരുന്നു. അതികഠിനമായായിരുന്നു കുട്ടികളുടെ പുറത്തുകടക്കല്‍. ശ്വാസംപോലും കിട്ടാതെ പ്രാണനുവേണ്ടി കേണുകൊണ്ടിരുന്ന കുരുന്നുകളുടെ മുന്നിലേക്ക് പത്താം ദിവസമായപ്പോഴാണ് പ്രാണവായുവുമായി രക്ഷാപ്രവര്‍ത്തകരെത്തുന്നത്. ഇതിനായി തുരങ്കത്തിനുള്ളിലേക്ക് ഓക്‌സിജന്‍ കുഴലുകള്‍ സ്ഥാപിച്ചു. ചെളിയിലും വെള്ളത്തിലുമായി മുങ്ങിയും നീന്തിയുമാണ് രക്ഷാപ്രവര്‍ത്തകരുടെ സംഘം കുട്ടികളുടെ മുന്നിലേക്ക് ദൈവദൂതരെപോലെ എത്തിച്ചേര്‍ന്നത്. മനമുരുകിയുള്ള രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും തായ് ജനതയുടെയും പ്രാര്‍ത്ഥനകള്‍ക്കുപരി ഭൂലോകം മുഴുവന്‍ ഈ കുരുന്നുകളുടെ പ്രാണന്‍ തിരിച്ചുലഭിക്കണേ എന്ന് കേണപേക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ലോകത്തെ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ കയ്യിലുള്ള സാമഗ്രികളും രക്ഷാപ്രവര്‍ത്തകരെയും അയച്ചുകൊടുത്തു. വിദേശത്തുനിന്ന് അമ്പതും തായ്‌ലാന്‍ഡിലെ നാല്‍പതോളവും മുങ്ങല്‍ വിദഗ്ധരാണ് ദൗത്യത്തില്‍ ജീവന്‍ തൃണവല്‍ണിച്ചുകൊണ്ട് പങ്കുചേര്‍ന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ചിയാങ് റായ് പ്രവിശ്യയുടെ മുന്‍ ഗവര്‍ണര്‍ ഒസട്ടനാകോണ്‍ വലിയ പ്രശംസ അര്‍ഹിക്കുന്നു. എട്ടു മണിക്കൂറെടുത്താണ് ജൂലൈ എട്ടിന് നാല് കുട്ടികളെ പുറത്തെത്തിച്ചത്. കുട്ടികളെ ഗുഹയിലേക്ക് കൂട്ടിക്കൊണ്ടുപോയ പരിശീലകന്‍ നല്‍കിയ ആരോഗ്യവ്യായാമ നിര്‍ദേശങ്ങളാണ് ഗുഹക്കുള്ളില്‍ ഇത്രനാളും ജീവന്‍ നഷ്ടപ്പെടാതെ കഴിയാന്‍ കുരുന്നുകള്‍ക്ക് തുണയായത്. പ്രായം വെച്ച് നോക്കുമ്പോള്‍ വൈകാതെ തളര്‍ന്നു പോകാവുന്ന ബാലന്മാരെ മനസ്സുതകരാതെ പിടിച്ചുനിര്‍ത്തിയതില്‍ പരിശീലകന്‍ എക്‌ഫോള്‍ ചന്താവോങിന്റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമാണ് തുണയായത്. തീര്‍ച്ചയായും അതി സങ്കീര്‍ണമായ ഒരു ഘട്ടത്തില്‍ മാതൃകാപരമാണ് എക്‌ഫോളിന്റെ മനോദാര്‍ഢ്യം.

chandrika: