X
    Categories: Views

ഭരണകൂടത്തിന് ഹൃദയം നഷ്ടപ്പെടുമ്പോള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്ര ഒരു സംശയം ഉയര്‍ത്തുന്നു-ആരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാര്‍ എന്നാല്‍ ആരൊക്കെയാണ്. ഹെലികോപ്ടര്‍ യാത്രാ വിവാദവുമായി ബന്ധപ്പെട്ട് ആരാണ് സര്‍ക്കാര്‍ എന്ന ചോദ്യം ഇന്നലെ റവന്യൂമന്ത്രിക്ക് നേരെയാണ് ഉയര്‍ന്നത്. റവന്യൂമന്ത്രി ഉള്‍പ്പെടാത്തതാണ് സര്‍ക്കാരെന്ന നിലയിലാണ് അദ്ദേഹം മറുപടി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രാ വിവാദത്തോടെ കേരളം ഉന്നയിക്കുന്ന ചോദ്യവും അതാണ്. ആരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഓഖി ഫണ്ട് വകമാറ്റി ചെലവഴിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ല. റവന്യൂ മന്ത്രി അറിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഭാഷ്യത്തില്‍ അറിഞ്ഞത് അഡീഷണല്‍ ചീഫ് സെക്രട്ടറി മാത്രം. ഓഖി ഫണ്ട് ഉപയോഗിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മാത്രം തീരുമാനിച്ചാല്‍ മതിയോ എന്ന ചോദ്യം ഉയരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണോ സര്‍ക്കാര്‍.

സി.പി.എം സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തുന്നതിനാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. അതേ ഹെലികോപ്ടറില്‍ തന്നെ അടിയന്തരമായി പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തൃശൂരിലേക്ക് മടങ്ങുകയും ചെയ്തു. തിരുവനന്തപുരത്ത് തങ്ങിയത് മണിക്കൂറുകള്‍ മാത്രം. പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും അധിക സമയം വിട്ടുനില്‍ക്കാതെ തിരികെയെത്തുന്നതിനാണ് ഹെലികോപ്റ്റര്‍ യാത്ര നടത്തിയതെന്ന് വ്യക്തം. ഇങ്ങനെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ഉപയോഗിച്ച ഹെലികോപ്ടറിന് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക വകമാറ്റി എട്ട് ലക്ഷം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറിക്കിയതാണ് വിവാദമായത്.

ഹെലികോപ്ടറിന് തുക അനുവദിച്ചത് വിവാദമായപ്പോള്‍ ഉത്തരവ് മരവിപ്പിച്ചിട്ടുണ്ട്. കള്ളം കയ്യോടെ പിടിച്ചപ്പോഴുള്ള കുമ്പസാരം എന്ന നിലക്കേ സര്‍ക്കാരിന്റെ നടപടിയെ കാണാന്‍ കഴിയൂ. മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം അറിഞ്ഞില്ലെന്ന വാദവും തെറ്റാണെന്ന് തെളിവുകള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പാര്‍ട്ടി സംഭവത്തെ നിസ്സാരമാക്കി ചുരുക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കഴിയാത്ത വിധം ഭീമാകാരം പൂണ്ടിരിക്കുകയാണ് വിവാദം. റവന്യൂ മന്ത്രി അറിയാതെയാണ് ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതെന്നത് വിവാദത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയും പറയുന്നു. മാത്രമല്ല ഹെലികോപ്ടര്‍ വാടകക്കെടുത്തത് താനല്ലെന്ന് ഡി.ജി. പി ലോക്‌നാഥ് ബഹ്‌റ നിഷേധിച്ചെങ്കിലും രേഖകളില്‍ കോപ്ടര്‍ വാടകക്കെടുത്തതും വിലപേശിയതും ഡി.ജി.പിയാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കോപ്ടര്‍ കമ്പനി 13 ലക്ഷം ചോദിച്ചപ്പോള്‍ അത് എട്ട് ലക്ഷമാക്കിയത് ഡി.ജി.പിയാണെന്ന് വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാന ഭരണത്തിന്റെ തല്‍സ്ഥിതി വ്യക്തമാക്കുന്നതാണ് കോപ്ടര്‍ വിവാദത്തിലൂടെ പുറത്തുവന്നിട്ടുള്ള വസ്തുതകള്‍. മന്ത്രിമാരെ വിശ്വാസത്തിലെടുക്കാത്ത മുഖ്യമന്ത്രി ചില ഉദ്യോഗസ്ഥരെ മാത്രം ആശ്രയിച്ച് ഭരണം മുന്നോട്ടുകൊണ്ടുപോകുകയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയും ഒപ്പം വിജിലന്‍സിന്റെ ചുമതലയും വഹിക്കുന്ന ഡി.ജി.പി മുഖ്യമന്ത്രിക്ക് യാത്രാ സൗകര്യമൊരുക്കാന്‍ സമയം ചെലവിടുന്നു. വകുപ്പ് മന്ത്രി അറിയാതെ ദുരിതാശ്വാസ നിധിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി തുക വകമാറ്റി നല്‍കുന്നു.
സി.പി.എം നേതാവായ പിണറായി വിജയന് വേണ്ടി സമൂഹ മാധ്യമങ്ങളില്‍ ചാവേറുകളായ പാര്‍ട്ടിക്കാരെ പോലെ മുഖ്യമന്ത്രി പിണറായി വിജയന് കാര്യസ്ഥ പണി ചെയ്യുന്ന ചാവേറുകളായി ഉദ്യോഗസ്ഥവൃന്ദം മാറിയതിന് തെളിവുകളാണ് കോപ്ടര്‍ വിവാദം ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ജനങ്ങളില്‍ നിന്ന് സ്വരൂപിച്ചതാണ് ഓഖി ഫണ്ട്. കേരളത്തെ കണ്ണീരിലാഴ്ത്തിയ ഓഖി ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് താങ്ങാകാന്‍ മലയാളികളെല്ലാം സ്വമേധയാ മുന്നോട്ടുവന്നതിന്റെ ഫലം കൂടിയായാണ് ഓഖി ഫണ്ട് സ്വരൂപിക്കപ്പെട്ടത്. ഭരണകക്ഷി മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹ്യ സംഘടനകളും സര്‍വീസ് സംഘടനകളും മതസംഘടനകളുമെല്ലാം നിര്‍ലോഭം ഓഖി ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനായി മുന്നിട്ടിറങ്ങി. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒന്നും രണ്ടും ദിവസത്തെ ശമ്പളം നല്‍കി. എന്നാല്‍ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതുവരെ എത്രരൂപ പിരിഞ്ഞുകിട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. എന്തെല്ലാമോ സര്‍ക്കാര്‍ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയം ശക്തമാകുകയാണ്.

ഓഖി ദുരന്ത സമയത്ത് നിസ്സംഗമായി നിന്ന സര്‍ക്കാര്‍, പിന്നീട് ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ കാട്ടിയ മിടുക്ക് അത് വിതരണം ചെയ്യാനും ആശ്വാസ നടപടികള്‍ സ്വീകരിക്കാനും ഇതുവരെ പുറത്തെടുത്തിട്ടില്ല. ഇപ്പോഴുണ്ടായ വിവാദത്തോടെ സര്‍ക്കാറിന് ഒളിച്ചുകളി അവസാനിപ്പിക്കേണ്ടി വരുമെന്നാണ് എല്ലാവരും കരുതുന്നത്. ഭരണകൂടത്തിന് ഹൃദയം നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്നതിന് തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്ര. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക വകമാറ്റി ചെലവാക്കിയ സംഭവം ഹൃദയശൂന്യത മാത്രമല്ല, കഠോര കഠിനവുമായി എന്നാണ് പറയേണ്ടത്.

എന്നാല്‍ വിവാദത്തെ നിസാരമാക്കാന്‍ പാര്‍ട്ടി ഹെലികോപ്ടര്‍ വാടക നല്‍കുമെന്ന രീതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും സെക്രട്ടറിയേറ്റ് അംഗമായ ഒരു മന്ത്രിയും പ്രസ്താവന നടത്തിയിട്ടുണ്ട്. കോപ്ടര്‍ വാടക നല്‍കാനുള്ള കഴിവ് പാര്‍ട്ടിക്കുണ്ടെന്ന വെല്ലുവിളിയാണ് മന്ത്രി നടത്തിയത്. പാര്‍ട്ടിക്ക് വേണ്ടി യാത്ര നടത്തിയ ചെലവ് സര്‍ക്കാര്‍ കണക്കില്‍പെടുത്താതെ, ആദ്യം തന്നെ സി.പി.എം ഏറ്റെടുത്തിരുന്നെങ്കില്‍ ഈ വെല്ലുവിളിയുടെ ആവശ്യമുണ്ടാകുമായിരുന്നില്ല. 2015-16 സാമ്പത്തിക വര്‍ഷം ആദായനികുതി വകുപ്പിന് സി.പി.എം കൊടുത്ത കണക്കനുസരിച്ച് 437.78 കോടിയാണ് അവരുടെ ആസ്തി. പത്ത് വര്‍ഷം മുമ്പ് 100 കോടിയില്‍ താഴെയായിരുന്നു ആസ്തി. പത്ത് വര്‍ഷം കൊണ്ട് ആസ്തി അഞ്ചിരട്ടിയാക്കിയ പാര്‍ട്ടിക്ക് കോപ്ടര്‍ വാടക നല്‍കാന്‍ കഴിയുമെന്ന് ആര്‍ക്കാണ് അറിയാത്തത്. ഹൃദയ ശൂന്യതയാല്‍ നിറംകെട്ട സര്‍ക്കാരിലെ ഒരു മന്ത്രിയില്‍ നിന്നും ഇതിലും കഠോരമായ പ്രസ്താവന തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്.

chandrika: