X

ജനമൈത്രി പൊലീസോ ജനമര്‍ദക പൊലീസോ

നിയമപാലകരാണെന്നാണ് പൊലീസിനെ പൊതുവെ വിശേഷിപ്പിക്കാറ്. പൊതുജനങ്ങളുടെ നിയമപാലനം ഉറപ്പുവരുത്തുകയാണ് പൊലീസ് സേനയുടെ നിയമപരമായ കടമ. എന്നാല്‍ ഇവര്‍ തന്നെ ജനങ്ങളുടെമേല്‍ നിയമലംഘനം നടത്തുകയും നിരപരാധികളെ അടിച്ചും വണ്ടിയിടിച്ചും കൊല്ലുന്നതിനെ ഏത് നിയമംവെച്ചാണ് ന്യായീകരിക്കുക. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് പല സംഭവങ്ങളിലായി പൊലീസ് നടത്തിക്കൊണ്ടിരിക്കുന്ന നിയമ ലംഘനങ്ങളും ആളുകളുടെ മേക്കിട്ടുകേറലും ചില്ലറ പ്രശ്‌നങ്ങളായി കാണാനാവില്ല. രണ്ടു പേരുടെ മരണത്തിനും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ആലപ്പുഴയിലേതടക്കമുള്ള ഡസനോളം സംഭവങ്ങള്‍ കേരള പൊലീസിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായക്ക് തീരാകളങ്കം ചാര്‍ത്തുന്നതാണ്. ആളുകളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അനാവശ്യമായി പിന്തുടര്‍ന്നും മൂന്നാംമുറ പ്രയോഗിച്ചുമൊക്കെയാണ് കേരള പൊലീസ് സേനാംഗങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ കൃത്യനിര്‍വഹണം നിറവേറ്റുന്നത്. ആലപ്പുഴ സംഭവത്തില്‍ ബൈക്കിനെ പിന്തുടര്‍ന്ന പൊലീസ് വാഹനം റോഡിന് കുറുകെ ഇട്ടതിനെതുടര്‍ന്ന് ബൈക്കില്‍ മറ്റൊരു ബൈക്ക് ചെന്നിടിച്ച്് രണ്ടു പേരാണ് മരിച്ചത്. മാര്‍ച്ച് പതിനൊന്നിനായിരുന്നു ഈ ദാരുണ സംഭവം. ബൈക്ക് ഓടിച്ച ഇരുപത്തിരണ്ടുകാരനായ ബിച്ചു തല്‍ക്ഷണവും മുപ്പത്തഞ്ചുകാരിയായ വീട്ടമ്മ ശനിയാഴ്ചയുമാണ് മരിച്ചത്. ഇതിനിടെതന്നെയാണ് തിരുവനന്തപുരത്തും കോട്ടക്കലിലും മലപ്പുറത്തും ഇടുക്കിയിലുമൊക്കെയായി കാക്കിയുടെ പരാക്രമത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കാനിടയായിരിക്കുന്നത്.
മലപ്പുറത്ത് കോട്ടക്കലില്‍ ഗവര്‍ണറുടെ വാഹനവ്യൂഹം പോകുന്നതിനിടെ കാര്‍ നിര്‍ത്തി അതിനുള്ളില്‍ ഇരിക്കുകയായിരുന്ന വയോധികനെ എസ്.ഐ ബെന്നി കാറിനുള്ളില്‍ വെച്ചുതന്നെ മൂക്കിടിച്ച് തകര്‍ത്തുകളഞ്ഞു. മാര്‍ച്ച് 24ന് രാവിലെ പത്തിനായിരുന്നു ഈ സംഭവം. പ്രകോപനം കൂടാതെയാണ് എസ്.ഐ മൂക്കത്ത് ഇടിച്ചതെന്നാണ് അറുപത്തൊമ്പതുകാരനായ കുളത്തൂപറമ്പ് സ്വദേശി ജനാര്‍ദനന്റെ പരാതി. നാട്ടുകാര്‍ ഓടിക്കൂടിയതിനെതുടര്‍ന്ന് പരിക്കേറ്റയാളെ സ്വകാര്യ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ സ്റ്റേഷനില്‍ പരാതിയുമായി ചെന്ന യുവാക്കളെ തെറിയഭിഷേകം നടത്തിയതും പിണറായിയുടെ പൊലീസാണ്. മുമ്പ് തൃശൂര്‍ തിരുവില്വാമല നെഹ്‌റു എഞ്ചിനീയറിങ് കോളജിലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച എസ്.എഫ്.ഐക്കാരനായ വിദ്യാര്‍ത്ഥി ജിഷ്ണുപ്രണോയിയുടെ മാതാവ് പൊലീസ് ആസ്ഥാനത്ത് പരാതി പറയാനെത്തിയപ്പോള്‍ സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ നടുറോഡിലൂടെ വലിച്ചിഴച്ചതും ഇടതുസര്‍ക്കാരിന്റെ ഇതേ പൊലീസ്‌സേന തന്നെയായിരുന്നു. മാവോയിസ്റ്റുകളെ നിലമ്പൂര്‍ കാട്ടില്‍ കയറി വെടിവെച്ച് രണ്ടുപേരെ കൊന്നപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ന്യായീകരിച്ചത്, വിമര്‍ശിച്ചാല്‍ പൊലീസിന്റെ മനോവീര്യം ചോരുമെന്ന പരിഹാസ്യമായ മറുപടിയാലായിരുന്നു. മലപ്പുറത്ത് കഴിഞ്ഞദിവസം ഒരു പത്രലേഖകനെ ചിത്രമെടുത്തുവെന്ന് കാട്ടി പൊലീസ് പിടിച്ചുകൊണ്ടുപോയി പൊതിരെ മര്‍ദിച്ചതും സ്‌തോഭജനകമായ സംഭവമാണ്. കൊച്ചി മറൈന്‍ ഡ്രൈവില്‍ കാറ്റുകൊള്ളാനെത്തിയ യുവമിഥുനങ്ങളെ കപട സദാചാരവാദികളുടെ കാവിക്കൂട്ടം അടിച്ചോടിക്കുന്നത് നിര്‍നിമേഷരായി നിന്നാസ്വദിച്ച പൊലീസും തിരുവനന്തപുരത്ത് പാര്‍ക്കിനുള്ളില്‍ കമിതാക്കളെ അനാവശ്യ ചോദ്യങ്ങള്‍ കൊണ്ട് ഭേദ്യം ചെയ്തതും ലോകോത്തരമെന്നഭിമാനിക്കപ്പെടുന്ന കേരള പൊലീസിന് ഭൂഷണമാണോ. ഇതിനെല്ലാം പൊലീസ് സേനയെ മാത്രം ഒറ്റക്കിട്ട് ആക്രമിക്കുന്നതിനേക്കാള്‍ സേനയെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ മേലാളന്മാരുടെ നയചെയ്തികളാണ് വിമര്‍ശിക്കപ്പെടേണ്ടത്.
പൊലീസും പട്ടാളവും മര്‍ദനോപാധികളെന്നാണ് കമ്യൂണിസ്റ്റുകാര്‍ പഠിച്ചുവെച്ചിട്ടുള്ളതും ഇടക്കിടെ ആണയിടുന്നതും. എന്നാല്‍ തങ്ങള്‍ക്ക് അധികാരം കിട്ടുമ്പോഴൊക്കെ ഈ മര്‍ദനോപാധിയെ ഫലപ്രദമായി തങ്ങളുടെ ഇടുങ്ങിയ ഇംഗിതങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് കമ്യൂണിസ്റ്റ്- ഇടത് ഭരണകൂടങ്ങള്‍ ചെയ്തിട്ടുള്ളതെന്ന് കാണാം. പൊലീസിന്റെ കൃത്യനിര്‍വഹണം കുറ്റമറ്റതാകണമെന്നുതന്നെയാണ് എല്ലാവരും പുറത്ത് പറയാറ്. എന്നാല്‍ അത്യന്തം പക്വതയോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യേണ്ട നിയമപരിപാലനം ഏതാനും ചില പൊലീസ് സേനാംഗങ്ങളുടെ ചോരത്തിളപ്പിനും തന്നിഷ്ടത്തിനും വശംവദമാക്കുന്നത് ജനാധിപത്യത്തിന്റെ യശസ്സിനുതന്നെ അവഹേളനമാകും. തക്കസമയത്ത് ഇത്തരക്കാര്‍ക്കെതിരെ പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഭാഗത്തുനിന്ന് കര്‍ക്കശനടപടികള്‍ ഉണ്ടാകേണ്ടത് മൊത്തം സേനയുടെ കാര്യക്ഷമതക്കും സല്‍പേരിനും അത്യന്താപേക്ഷിതമാണ്.
അമ്പത്തിനാലായിരത്തോളം വരുന്ന കേരളപൊലീസില്‍ ആയിരത്തോളം ക്രിമിനലുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത് അടുത്തിടെയാണ്. ഭാരിച്ച ജോലികള്‍ സേനയിലേക്കുള്ള വിദ്യാസമ്പന്നരായ യുവാക്കളുടെ കടന്നുവരവിന് തടസ്സമാണെന്നത് ശരിയാണ്. 2011 മുതല്‍ മൂന്നു വര്‍ഷം മാത്രംകൊണ്ട് സേനയിലെ ക്രിമിനലുകളുടെ സംഖ്യ 533ല്‍ നിന്ന് 950 ആയി. രാഷ്ട്രീയ-ഭരണമേധാവികളുടെ ഇംഗിതത്തിന് തുള്ളുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നും ഉണ്ടായിട്ടുണ്ട്. ഉയര്‍ന്ന തലത്തില്‍വരെ അഴിമതിക്കും മറ്റും വഴങ്ങുന്നവരുണ്ടെന്ന് വെളിപ്പെടുത്തിയത് മറ്റാരുമല്ല; ഇടതു സര്‍ക്കാര്‍ പിരിച്ചുവിട്ട്, സുപ്രീംകോടതി സംസ്ഥാന പൊലീസ് മേധാവി പദവി തിരിച്ചുനല്‍കിയ ടി.പി സെന്‍കുമാറാണ്. സി.പി.എമ്മുകാരായ പ്രതികളും കുറ്റവാളികളും അവരുടെ ഭരണകാലത്ത് പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലും കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളും യഥേഷ്ടം പുറത്തിറങ്ങി വിലസുന്നതും വാര്‍ത്തയല്ലാതായിട്ടുണ്ട്. ഇതിനെതിരെ പരാതി പറയുന്നവരെ പിടിച്ചകത്തിടുന്ന രീതിയാണ് കഴിഞ്ഞമാസം പാലക്കാട് യൂത്ത്‌ലീഗ് കോങ്ങാട് മണ്ഡലംപ്രസിഡന്റിന്റെ അറസ്റ്റിലൂടെ ഉണ്ടായത്. കല്ലടിക്കോട് സ്റ്റേഷനില്‍ പൊലീസിനോട് തട്ടിക്കയറിയെന്ന് കുറ്റംചാര്‍ത്തിയാണ് റിയാസിനെ റിമാന്‍ഡ്‌ചെയ്ത് ജയിലിലടച്ചത്. ഇതില്‍ സി.പി.എം അനുഭാവിയായ പൊലീസുകാരനെ വെറുതെവിടുകയും ചെയ്തു.
ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ജസ്റ്റിസ് കെ.ടിതോമസ് കമ്മീഷന്റെ ശിപാര്‍ശപ്രകാരം ജനമൈത്രി പൊലീസ് എന്ന ആശയം നടപ്പാക്കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അസൂയാവഹമായാണ് പൊലീസിനെ പുതിയ നിലവാരത്തിലേക്ക് മാറ്റിയെടുത്തത്. പരാതികള്‍ വലിയതോതില്‍ കുറയ്ക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞു. എന്നാലിന്ന് ജനമൈത്രി വീണ്ടും ജനമര്‍ദക പൊലീസ് ആയി മാറുന്ന കാഴ്ചയാണെങ്ങും. തസ്‌കരന്മാരെ പോലെ റോഡില്‍ പതുങ്ങിയിരുന്ന് അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞിടുന്നതും രേഖകള്‍ തല്‍സമയം ആവശ്യപ്പെടുന്നതുമൊക്കെ വിലക്കിയിട്ടുണ്ടെങ്കിലും ഇന്നും വളവുകളില്‍ പൊടുന്നനെ ചാടിവീഴുന്ന പൊലീസ് പതിവു കാഴ്ചയാണ്. ഹെല്‍മറ്റിന്റെപേരില്‍ തുടങ്ങി ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന് അപകടങ്ങള്‍ സംഭവിക്കുന്നതും പതിവായിരിക്കുന്നു. മനുഷ്യരായ അവരിലും അവരുടേതായ വികാരവിചാരങ്ങളുണ്ടെന്ന് സമ്മതിച്ചുകൊണ്ടുതന്നെ സേനാംഗങ്ങളുടെ പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്തം മാന്യമായി നടപ്പില്‍വരുത്തേണ്ട ബാധ്യത സേനയുടെ തലപ്പത്തുള്ളവര്‍ക്കും സര്‍ക്കാരിലെ ഉന്നതര്‍ക്കുമുണ്ടെന്നാണ്് ഓര്‍മിപ്പിക്കുന്നത്. അതോ കേരളത്തെ പൊലീസ്‌രാജിന് വിട്ടുകൊടുക്കുകയോ?

chandrika: