X

ജനാധിപത്യം അട്ടിമറിക്കുന്ന സാമൂഹിക മാധ്യമങ്ങള്‍

വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളില്‍ വലിയ പ്രത്യാശ സൃഷ്ടിച്ചിരിക്കവെയാണ്, കഴിഞ്ഞതും വരാനിരിക്കുന്നതുമായ തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാന്‍ കേന്ദ്രത്തിലെ ബി.ജെ. പി ഭരണകൂടം വിവരസങ്കേതികവിദ്യയെ ദുരുപയോഗപ്പെടുത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ലോകത്തെ പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനമായ ഫെയ്‌സ്ബുക്കിലെ കോടിക്കണക്കിന് വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് കഴിഞ്ഞലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം നേടിയതെന്നാണ് വിവരം. ഫെയ്‌സ്ബുക്കിലെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് സൂത്രവിദ്യകളിലൂടെ കടന്നുകൂടി വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗിച്ചാണ് കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതത്രെ. അദ്ദേഹത്തിനുവേണ്ടി ബ്രിട്ടണ്‍ ആസ്ഥാനമായ കേംബ്രിഡ്ജ് അനലറ്റിക്കയാണ് തദ്കൃത്യം നിര്‍വഹിച്ചത്. ഇതിന്റെ ഉടമ അലക്‌സാണ്ടര്‍ നിക്‌സ് കഴിഞ്ഞയാഴ്ച ഒരു ബ്രിട്ടീഷ് മാധ്യമ സ്ഥാപനത്തിന്റെ ഒളിക്യാമറയില്‍ വെളിപ്പെടുത്തിയതാണ് മേല്‍വിവരങ്ങള്‍.
തദനുസരണം ഇന്ത്യയിലെ വോട്ടര്‍മാരെയും വ്യാജ വിവരങ്ങള്‍ വഴി സ്വാധീനിച്ച് കേംബ്രിഡ്ജ് അനലറ്റിക്ക ബി.ജെ.പിയുടെ വിജയത്തെ സഹായിച്ചതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. യു.പി, ബീഹാര്‍ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷിയായ ജനതാദളിനും (യു) വേണ്ടി കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യയിലെ സഹോദര സ്ഥാപനമായ ഒവ്‌ലേനോ ബിസിനസ് ഇന്റലിജന്‍സ് ആണ് ഇങ്ങനെ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഹിമാന്‍സു ശര്‍മ വെളിപ്പെടുത്തിയ ബി.ജെ.പിക്കെതിരായ വിവരങ്ങള്‍ പിന്നീട് പൊടുന്നനെ അപ്രത്യക്ഷമായത് ഭരണകക്ഷിയുടെ കള്ളക്കളികളിലേക്ക് വെളിച്ചംവീശുന്നതാണ്. കമ്പനിതന്നെ പരസ്യമായി സാക്ഷ്യപ്പെടുത്തിയിരിക്കവെയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ജാള്യത മറയ്ക്കാനായി കോണ്‍ഗ്രസിനെതിരെ സമാനമായ ആരോപണവുമായി രംഗത്തുവന്നത്. ജനതാദള്‍ (യു) നേതാവ് കെ.സി ത്യാഗിയുടെ മകന്‍ അമരീഷ് ത്യാഗി കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യയിലെ പ്രധാന പങ്കാളിയാണെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇയാള്‍തന്നെ ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന് വെളിപ്പെടുത്തിയെങ്കിലും അത് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും മടിക്കുകയാണ്. അതീവ രഹസ്യമായി നടന്ന വിവരചോരണമാണ് ഇതോടെ പുറത്തായിരിക്കുന്നതും ബി.ജെ.പി പ്രതിരോധത്തിലകപ്പെട്ടിരിക്കുന്നതും. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍പോലും ഒരക്ഷരം ഉരിയാടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞദിവസം രാജ്യസഭയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് 39 ഇന്ത്യക്കാര്‍ ഇറാഖില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അറിയിച്ചത്. 2014ല്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പഞ്ചാബ് സ്വദേശികളായ ഇവരുടെ ജീവന്‍ രക്ഷിക്കണമെന്ന് കാണിച്ച് നിരവധി കത്തുകളും ആവലാതികളും കേന്ദ്രസര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിക്കപ്പെടുകയും രാജ്യത്താകെ, വിശേഷിച്ച് പഞ്ചാബിലും മറ്റും വലിയ രോഷവും ആശങ്കയും കേന്ദ്രത്തിനെതിരെ ഉയര്‍ന്നുവരികയായിരുന്നു. അതിനിടെയാണ് നാലു കൊല്ലത്തിനുശേഷം മന്ത്രി സുഷമസ്വരാജ് നമ്മുടെ പൗരന്മാര്‍ കൊല ചെയ്യപ്പെട്ടതായി ശാസ്ത്രീയമായ വിവരം ലഭിച്ചുവെന്ന് വ്യക്തമാക്കിയത്. നാലു കൊല്ലത്തിലധികം ഇക്കാര്യത്തില്‍ അനങ്ങാതിരുന്ന കേന്ദ്ര സര്‍ക്കാരിനേറ്റ കനത്ത പേരുദോഷവും കെടുകാര്യസ്ഥതാ ആരോപണവും കത്തിനില്‍ക്കവെയാണ് വിവരചോരണത്തില്‍ തൂങ്ങി ജനശ്രദ്ധ തിരിച്ചുവിടാന്‍ കേന്ദ്രം വൃഥാശ്രമം നടത്തിയത്. 39 ഇന്ത്യക്കാരുടെ പ്രാണനും അവരുടെ കുടുംബങ്ങളുടെ വേദനയും കണക്കിലെടുക്കാതെ ഭീകരരുടെ മതത്തെക്കുറിച്ചും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും. കോണ്‍ഗ്രസാണ് ഫെയ്്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ആക്ഷേപം. എന്നാല്‍ ഇത് സമര്‍ത്ഥിക്കുന്നതിന് തക്ക ഒന്നും ജനങ്ങളുടെ മുമ്പില്‍ വെക്കാന്‍ അദ്ദേഹത്തിനോ മോദി സര്‍ക്കാരിലെ മറ്റാര്‍ക്കെങ്കിലുമോ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഫെയ്‌സ്ബുക്കില്‍ വിവിധ ആപ്ലിക്കേഷനുകളിലായി വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങളെ പ്രചോദിപ്പിച്ചും മറുപടി ആവശ്യപ്പെട്ടുമാണ് കേംബ്രിഡ്ജ് അനലറ്റിക്ക പോലുള്ള സ്ഥാപനങ്ങള്‍ വിവരമോഷണം നടത്തുന്നത്. ഇത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഫെയ്‌സ്ബുക്ക് സ്ഥാപകര്‍ക്കാണ്. പിന്നെ രാജ്യത്തെ ഭരണകൂടത്തിനും. ഇക്കാര്യത്തില്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് മാത്രമല്ല, കള്ളന് കഞ്ഞിവെക്കുന്ന പണിയാണ് കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നത്. പ്രശ്‌നത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്, ബ്രിട്ടീഷ് പാര്‍ലമെന്റ് തുടങ്ങിയവയും ഫെയ്‌സ്ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കക്കും നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
വിവരങ്ങള്‍ മുന്‍കാലങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നത് കടലാസുകളിലായിരുന്നതിനാല്‍ അന്നൊന്നും അവ അത്രവേഗം നഷ്ടപ്പെട്ടുവെന്നോ ചോര്‍ത്തപ്പെട്ടുവെന്നോ വലിയ പരാതികളുയര്‍ന്നുവന്നിരുന്നില്ല. എന്നാല്‍ ലോകം ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് തിരിയുകയും സമൂഹമാധ്യമങ്ങളില്‍ യഥേഷ്ടം വിവരങ്ങള്‍ അനുനിമിഷം ചേര്‍ക്കപ്പെടുകയും ചെയ്തതോടെ ആര്‍ക്കും ഇവ എപ്പോള്‍ വേണമെങ്കിലും കൈക്കലാക്കാമെന്നായിരിക്കുന്നു. അലമാര പൂട്ടി താക്കോല്‍ കള്ളനെ ഏല്‍പിക്കുന്നതുപോലെയാണിത്. സ്ഥാപിത താല്‍പര്യക്കാരും കച്ചവട ലോബികളും രാഷ്ട്രീയക്കാരുമൊക്കെ ഇതിനെ ദുരുപയോഗപ്പെടുത്തുന്ന അപകടകരമായ സ്ഥിതിയാണിന്ന് സംജാതമായിരിക്കുന്നത്. ഇന്ത്യാസര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് ശേഖരിച്ച നൂറുകോടിയിലധികം പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ അതിലെ ബയോമെട്രിക് ഡാറ്റകളോടൊപ്പം ചോര്‍ത്താനുള്ള സാധ്യത ഇന്നും നിലനില്‍ക്കുന്നുണ്ട്. യന്ത്രവോട്ടിങ് സംവിധാനം ദുരുപയോഗിച്ച് ഫലം തങ്ങള്‍ക്കനുകൂലമാക്കുന്നുവെന്ന പരാതിക്കിടെയാണ് ബി.ജെ.പിക്കെതിരായ പുതിയ ആരോപണം.
ഒരുവശത്ത് ഒരുപാട് ഉപകാരങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെയാണ് വിവരസാങ്കേതികവിദ്യയുടെയും സമൂഹമാധ്യമങ്ങളുടെയും ദോഷങ്ങള്‍ ഓരോ മനുഷ്യനും നേര്‍ക്കുനേര്‍ അനുഭവിക്കേണ്ടിവരുന്നത്. എ.ടി.എം തട്ടിപ്പുകളില്‍ നാമിത് അനുഭവിച്ചുവരികയാണ്. ഇതിന്റെ ഭാഗമാണ് നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കുക എന്ന കുടിലതന്ത്രം. മുന്‍കാലങ്ങളില്‍ കൊടികെട്ടി ചീറിപ്പായുന്ന വാഹനങ്ങളിലായിരുന്നു തിരഞ്ഞെടുപ്പുപ്രചാരണങ്ങളെങ്കില്‍ ഇന്ന് ഉള്ളംകയ്യിലെ മൊബൈലിലൂടെ മനുഷ്യമനസ്സുകളെ സ്വാധീനിക്കാന്‍ പലവിധ കുതന്ത്രങ്ങള്‍ പയറ്റുകയാണ് വ്യക്തികളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും. അടുത്തവര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിനെയും ഇവ്വിധം ദുരുപയോഗം ചെയ്‌തേക്കുമെന്ന ഭയമാണ് നമ്മെ അലട്ടുന്നത്. ജനവികാരത്തെ മതപരമായും ജാതീയമായും ഇളക്കിവിട്ടാണ് വീണ്ടും അതേ സിംഹാസനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ നോക്കുന്നത്. ആടിനെ പട്ടിയാക്കുകയും പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയും ചെയ്യുന്ന വിദ്യയുടെ തനിയാവര്‍ത്തനമാണ് വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫലവത്താക്കാന്‍ ഇക്കൂട്ടര്‍ പരിശ്രമിക്കുന്നത്. സാമൂഹിക ബോധമില്ലാത്ത സമൂഹത്തിന് ജനാധിപത്യം അപകടകരമാകുമെന്ന തിരിച്ചറിവും ചിന്തയും ബുദ്ധിയും പണയപ്പെടുത്താതിരിക്കുകയുമാണ് കുബുദ്ധികളുടെ കുടിലതകളെ നേരിടാനുള്ള പോംവഴി.

chandrika: