കഴിഞ്ഞ നാലു വര്‍ഷത്തെ തേരോട്ടത്തിനൊടുവില്‍ മുഖം നഷ്ടപ്പെട്ട് മൂക്കുംകുത്തി വീണുകിടക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്ന് ഒളിച്ചോടാനുള്ള തത്രപ്പാടിലാണിപ്പോള്‍. കഴിഞ്ഞ ദിവസം ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യം വിട്ട് പുറത്തുവന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാന്‍ അനുവദിക്കാതെ സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകുന്ന കാഴ്ചയാണ് കാണാനാവുന്നത്. ടി.ഡി.പിക്ക് പുറമെ ആന്ധ്രയിലെതന്നെ ഇവരുടെ എതിരാളി വൈ.എസ്.ആര്‍ കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച മാറ്റിവെച്ച പ്രമേയചര്‍ച്ച ഇന്നലെയും സ്പീക്കര്‍ സുമിത്ര മഹാജന്‍ സര്‍ക്കാരിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നു. സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തവും അവസരവുമാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ജനാധിപത്യത്തിന്റെ പേരില്‍ അധികാരത്തിലേറിയ ഒരു ഭരണകൂടത്തിന് ഇത് ഭൂഷണമാണോ?
കോടികള്‍ ചര്‍ച്ച കൂടാതെ പാസാക്കിയെടുത്ത (ഗില്ലറ്റിന്‍) ബജറ്റ് സമ്മേളനത്തില്‍ ബഹളമയമായിരുന്നു ഇന്നലെയും ലോക്‌സഭയും രാജ്യസഭയും. രാവിലെ ഒന്‍പതിന് സഭകള്‍ സമ്മേളിച്ചപ്പോള്‍തന്നെ നേരത്തെ സ്പീക്കര്‍ നല്‍കിയ ഉറപ്പ് ഓര്‍മിപ്പിച്ചുകൊണ്ട് ടി.ഡി.പി അംഗങ്ങള്‍ അവിശ്വാസപ്രമേയ നോട്ടീസിന്മേല്‍ ചര്‍ച്ചാആവശ്യം ഉന്നയിക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ ഭരണ പക്ഷത്തെ ബി.ജെ.പി അംഗങ്ങള്‍ സ്വന്തം നില മറന്ന് രംഗത്തിറങ്ങുകയായിരുന്നു. ഈ അവിശ്വാസ പ്രമേയം പ്രതിപക്ഷം കാലേക്കൂട്ടി ആലോചിച്ചുറപ്പിച്ചതൊന്നുമായിരുന്നില്ലെന്നതാണ് വാസ്തവം. ആന്ധ്രപ്രദേശിന് പ്രത്യേക ഭരണഘടനാപദവി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഏറെക്കാലമായി തുടരുന്ന സംസ്ഥാനത്തെ കക്ഷികളുടെ രോദനമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെക്കൊണ്ടുചെന്നെത്തിച്ചത്. സംസ്ഥാനത്തെ പ്രമുഖ കക്ഷിയായ മുന്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ് രാജശേഖരറെഡ്ഡിയുടെ പേരിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആണ് ഈ ആവശ്യം തുടരെത്തുടരെ കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിച്ചുവന്നത്. എന്നാല്‍ ഇത് അനുവദിച്ചുകൊടുക്കാന്‍ മോദി സര്‍ക്കാര്‍ ഇതുവരെയും തയ്യാറായില്ലെന്നുമാത്രമല്ല, കേന്ദ്രത്തിനും അതിനെ പിന്താങ്ങുന്ന ടി.ഡി.പിക്കും വലിയ രാഷ്ട്രീയ നഷ്ടം ഇതുണ്ടാക്കിയേക്കുമെന്ന സ്ഥിതി സംജാതമാകുകയുമായിരുന്നു. ഇവിടെയാണ് ടി.ഡി.പിയുടെ കളംമാറ്റിച്ചവിട്ടല്‍ ഉണ്ടാകുന്നത്. കഴിഞ്ഞ നാലു വര്‍ഷം മോദി സര്‍ക്കാരില്‍ അധികാരത്തിന്റെ അപ്പക്കഷണം ഭുജിച്ച് ബി.ജെ.പിയുടെ താന്തോന്നിത്തരങ്ങളെയെല്ലാം പിന്താങ്ങി നടന്ന ചന്ദ്രബാബുനായിഡുവിന് തെരഞ്ഞെടുപ്പ് അടുക്കവെ ഉണ്ടായ ബോധോദയം ശരാശരി ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുമായിരുന്നു. പ്രത്യേക പദവിക്കുപുറമെ അമരാവതിയെ ലോകത്തെ മികച്ച തലസ്ഥാന നഗരിയായി വികസിപ്പിച്ചെടുപ്പിച്ചെടുക്കാന്‍ 3000 കോടി രൂപയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അതില്‍ അയ്യായിരം കോടി മാത്രം അനുവദിച്ചതും ആന്ധ്രയിലെ ജനങ്ങളെ വല്ലാതെ നിരാശപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം എന്ന നിലപാടിലേക്ക് വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ എത്തിച്ചത്.
പ്രമേയത്തെ കോണ്‍ഗ്രസ്, ഇടതുപക്ഷം, തൃണമൂല്‍കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, മുസ്‌ലിംലീഗ് തുടങ്ങിയ കക്ഷികള്‍ പിന്തുണച്ചതോടെ സര്‍ക്കാരിനെതിരായ ജനവികാരം കൂടുതല്‍ മൂര്‍ച്ചയോടെ പ്രതിഫലിക്കപ്പെട്ടിരിക്കുകയാണ്. ശിവസേന ഇതിനകംതന്നെ ബി.ജെ.പിയുമായി അകന്നു നില്‍ക്കുകയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റ തുടര്‍ പരാജയങ്ങളും കൂടിയാകുമ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ നില അമ്പേ പരുങ്ങലിലാണ്. മൊത്തമുള്ള 543 അംഗങ്ങളില്‍ നിലവില്‍ 275 അംഗങ്ങളുടെ പിന്തുണ മാത്രമേ ഇനി സര്‍ക്കാരിനുള്ളൂ; കേവല ഭൂരിപക്ഷത്തില്‍നിന്ന് മൂന്നു പേര്‍ മാത്രം അധികം. അവിശ്വാസം വോട്ടിനിട്ടാലും സര്‍ക്കാരിന് അധികാരത്തില്‍ തുടരാനാകും. എങ്കിലും മോദി സര്‍ക്കാരിന്റെ കഴിഞ്ഞകാല ദുര്‍ഭരണത്തിനെതിരെ ആഞ്ഞടിക്കാനുള്ള സുവര്‍ണാവസരമാണ് പ്രതിപക്ഷത്തിന് ഇതിലൂടെ ലഭ്യമാകുക. മിക്കവാറുമെല്ലാ പ്രതിപക്ഷ കക്ഷികളും പ്രമേയത്തില്‍ ഒപ്പുവെക്കുകയും അണ്ണാ ഡി.എം.കെ, ശിവസേന പോലുള്ളവ സര്‍ക്കാരിനെതിരെ എന്തു നിലപാടെടുക്കുമെന്ന് വ്യക്തമാകാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിന് വഴങ്ങുകയേ നിവൃത്തിയുള്ളൂ.
അതേസമയം പ്രതിപക്ഷ ഐക്യം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യാശക്ക് വക നല്‍കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിവിധ കക്ഷികള്‍ ഒറ്റക്കും തെറ്റക്കും നടത്തിവരുന്ന ഐക്യ-സഖ്യശ്രമങ്ങള്‍ ജനങ്ങളില്‍ വലിയ പ്രതീക്ഷയാണ് ഉളവാക്കിയിരിക്കുന്നത്. പ്രതിപക്ഷ അനൈക്യം കാരണം കേവലം മൂന്നിലൊന്ന് വോട്ടര്‍മാരുടെ പിന്തുണകൊണ്ട് അധികാരത്തിലേറിയ മോദി സര്‍ക്കാരിനെ എത്രയും വേഗം കെട്ടുകെട്ടിക്കണമെന്ന ജനതയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനാണ് രാജ്യം തയ്യാറായിരിക്കുന്നത്. പഞ്ചാബിലെ ഗുരുദാസ്പൂര്‍, രാജസ്ഥാനിലെ ആള്‍വാര്‍, അജ്മീര്‍, യു.പിയിലെ ഖോരഖ്പൂര്‍, ഫൂല്‍പൂര്‍, കേരളത്തിലെ മലപ്പുറം, ബീഹാറിലെ അറാറിയ, മധ്യപ്രദേശിലെയും ബീഹാറിലെയും ഒഡീഷയിലെയും നിയമസഭാസീറ്റുകള്‍ തുടങ്ങിയ വിവിധ മണ്ഡലങ്ങളില്‍ പ്രതിപക്ഷ ഐക്യംമൂലം ഉണ്ടായിരിക്കുന്ന കോണ്‍ഗ്രസ്- ബി.ജെ.പി ഇതര കക്ഷികളുടെ വന്‍ വിജയ പമ്പരകള്‍ അതേപടി അധികാരത്തില്‍ പ്രതിഫലിപ്പിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സമാപിച്ച കോണ്‍ഗ്രസിന്റെ ത്രിദിന പ്ലീനറി സമ്മേളനം പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് ബി.ജെ.പി ഇതരകക്ഷികളുടെ ഐക്യത്തിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനത്തെ അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഗ്നിജ്വലിക്കുന്ന വാക്കുകള്‍ ബി.ജെ.പി ഇതര കക്ഷി പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ത്തിയിരിക്കുന്നു; ബി.ജെ.പിയുടെ ചങ്കിലേക്കാണ് അവ തറച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം പാവപ്പെട്ടവരെയും മുതലാളിമാരെയും ഒരുമിച്ചാണ് പുരോഗമിപ്പിച്ചതെങ്കില്‍ കുത്തകകള്‍ക്ക് വാനോളം സമ്പത്ത് കുന്നുകൂട്ടാനുള്ള അവസരമാണ് മോദി ഭരണത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന സാമ്പത്തിക പ്രമേയത്തിലെ വരികള്‍ സി.പി.എം പോലുള്ള കക്ഷികളുടെ കണ്ണ് തുറപ്പിക്കേണ്ടതുമാണ്.