”ഈ സര്‍ക്കാരിന് ഭരണം എങ്ങനെ വേഗത്തിലും കാര്യക്ഷമവും പുരോഗമനപരവുമാക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇതിന് ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണ്. പതിവായി ഔദ്യോഗികാര്യങ്ങളില്‍ ഇടപെടുന്നതുകൊണ്ട് ചില ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളുടെ കാര്യങ്ങളില്‍ അനുകമ്പ ഉണ്ടാകുന്നില്ല. ഇത് മാറണം. നിങ്ങള്‍ ഫയലുകളില്‍ കുറിക്കുന്ന ഓരോകുറിപ്പും ഓരോ പൗരന്റെയും ജീവിതമാണെന്ന ഓര്‍മ വേണം.” ഇടതുമുന്നണിസര്‍ക്കാര്‍ അധികാരത്തിലേറി പതിമൂന്നാംദിനം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ മേല്‍വാക്കുകള്‍ ഇന്നും ജനമനസ്സുകളില്‍ മായാതെ, മറക്കപ്പെടാതെ കിടക്കുന്നുണ്ട്.
ഇനി, മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി ബുധനാഴ്ച നിയമസഭയില്‍ വെച്ച കണക്ക് നോക്കുക. അദ്ദേഹത്തിന്റെ സര്‍ക്കാരിലെ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ഫയലുകളുടെ സംഖ്യ 84,258. ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്ന വകുപ്പുകളില്‍ മുന്‍നിരയിലുള്ളത് മുഖ്യമന്ത്രി നേരിട്ടുഭരിക്കുന്ന പൊതുഭരണവകുപ്പിലാണത്രെ. അദ്ദേഹത്തിന്റെതന്നെ ആഭ്യന്തരവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം 11,734. റവന്യൂവകുപ്പിലാണ് ഏറ്റവുമധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നത്-24516. മറ്റു വകുപ്പുകളുടെ നില ഇങ്ങനെ: പൊതുവിദ്യാഭ്യാസം-6071, വ്യവസായം-4980, പൊതുമരാമത്ത് -4958, വനം,വന്യജീവി-3746, നികുതി-2826, സഹകരണം-2120. അതേസമയം വിവരാവകാശപ്രവര്‍ത്തകന്‍ ഡി.ബി ബിനു ശേഖരിച്ച കണക്കുപ്രകാരം സര്‍ക്കാരില്‍ നിലവില്‍ കെട്ടിക്കിടക്കുന്നത് 94,932 ഫയലുകളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയില്‍ പഴക്കമുള്ള ഫയലുകളുടെ കാര്യത്തിലും റവന്യൂ,ആഭ്യന്തര വകുപ്പുകളാണ് മുന്നില്‍. അയ്യായിരത്തിലധികം ഫയലുകളാണ് ഇത്തരത്തിലുള്ളത്. നിയമസഭയില്‍ മുഖ്യമന്ത്രി മേശപ്പുറത്തുവെച്ച പട്ടികയും ഉദ്യോഗസ്ഥഭരണ പരിഷ്‌കാരവകുപ്പ് അണ്ടര്‍ സെക്രട്ടറി ലിസിമോള്‍ നല്‍കിയ മറുപടിയും തമ്മില്‍ പതിനായിരത്തോളം ഫയലുകളുടെ അന്തരമുണ്ട്. സര്‍ക്കാരിലെ ഒരുഉത്തരവ് കാത്ത് ഇത്രയുംപേരും അതിനോടനുബന്ധമായി മറ്റനേകം പേരും സന്നിഗ്ധാവസ്ഥയില്‍ നില്‍ക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം.
ഇതാണ് നമ്മുടെ ‘ജനപ്രിയ’നായ മുഖ്യമന്ത്രിയും പാര്‍ട്ടിയും മുന്നണിയും ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ അവര്‍ വാദ്ഗാനംചെയ്ത ‘എല്ലാം ശരിയാക്കി’- യതിന്റെ ഇപ്പോഴത്തെ അവസ്ഥ. ഒരു വര്‍ഷത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി എന്തുചെയ്തുവെന്ന് ചോദിച്ചാല്‍ അതിനുള്ള സുവ്യക്തമായ മറുപടിയാണ് ഭരണത്തലവന്‍ തന്നെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും മുമ്പാകെ തുറന്നുവെച്ചിരിക്കുന്നത്. സര്‍ക്കാരുദ്യോഗസ്ഥര്‍ സഹകരിക്കാഞ്ഞതാണോ ഇനി ഈ നിലയിലേക്ക് സംസ്ഥാനഭരണം എത്തിപ്പെടാന്‍ കാരണമെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും പറഞ്ഞേക്കുമോ. അങ്ങനെ പറഞ്ഞതായി അറിവില്ലാത്തതുകൊണ്ട് കുറ്റവാളികള്‍ സത്യത്തില്‍ ഈ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെയെന്നത് നിസ്സംശയം. ഇനി ഉദ്യോഗസ്ഥരുടെ വീഴ്ചയാണെങ്കില്‍ അവരില്‍ ഭൂരിപക്ഷത്തെയും നിയന്ത്രിക്കുന്നൊരു സംഘടനയുടെയും പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ളതും ഈ മുഖ്യമന്ത്രി തന്നെയല്ലേ. സ്വന്തം കഴിവുകേട് തന്നെയാണ് ഇതില്‍ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് തുറന്നുസമ്മതിക്കേണ്ടിവരും.
സംസ്ഥാനത്ത് കഴിഞ്ഞ ഒരുകൊല്ലത്തിനിടെ കൊലക്കത്തിയേറ്റ് മരിച്ചുവീണവരുടെ കണക്കുകളും ഇതുപോലെ തന്നെ ഞെട്ടിപ്പിക്കുന്നതാണ് എന്നതാണ് ഈ സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും സംബന്ധിച്ചുള്ള ജനധാരണകള്‍ സമര്‍ത്ഥിക്കപ്പെടുന്ന മറ്റൊന്ന്്്. മുഖ്യന്റെ സ്വന്തം കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയകൊലപാതകങ്ങളില്‍ എട്ടുമാസത്തിനിടെ പത്ത്‌പേര്‍ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാനത്താകെ നൂറോളം പേര്‍ക്കാണ് സംഘട്ടനങ്ങളില്‍ ജീവഹാനി സംഭവിച്ചത്. ഇതേസമയംതന്നെയാണ് വിവിധകേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ ശിക്ഷ അനുഭവിച്ചുവരുന്നവരിലെ സി.പി.എമ്മുകാരെ ശിക്ഷാഇളവ് നല്‍കി പുറത്തുവിടാന്‍ സര്‍ക്കാര്‍ രഹസ്യനീക്കം നടത്തിയത്. ഈ നീക്കം പൊളിച്ചത് ഗവര്‍ണറുടെ സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു. ആര്‍.എം.പി നേതാവ് വടകരയിലെ ടി.പി ചന്ദ്രശേഖരനെ വെട്ടിനുറുക്കിക്കൊന്ന സംഭവത്തില്‍ പ്രതികളായ സി.പി.എമ്മുകാര്‍ക്ക് ജയിലുകളില്‍നിന്ന് ഇഷ്ടാനുസരണം പരോള്‍ അനുവദിച്ചതും കുറ്റവാളികളിലൊരാളായ സി.പി.എം ഏരിയാസെക്രട്ടറി കുഞ്ഞനന്തന് പത്തുവര്‍ഷം ബാക്കിയിരിക്കെ ശിക്ഷാഇളവിന് സര്‍ക്കാര്‍ തീവ്രനീക്കം നടത്തുന്നതുമൊക്കെ പുറത്തുവന്ന വസ്തുതകളാണ്. സി.പി.എമ്മുകാരായ പ്രതികളാണ് കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലംപ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്നതെന്നതും ഈ സര്‍ക്കാരിന്റെയും മുന്നണിയുടെയും കക്ഷിയുടെയും കീഴില്‍ കേരളം എങ്ങോട്ടാണ് ചരിക്കുന്നതെന്നതിന് ഉത്തമദൃഷ്ടാന്തം.
നശീകരണ സമരം നടത്താനല്ലാതെ ഭരിക്കാന്‍ കഴിയാത്തവരാണ് കമ്യൂണിസ്റ്റുകളെന്നത് പഴയ അറിവാണ്. അവരുടെകീഴില്‍ സംസ്ഥാനമിന്ന് വികസനകാര്യത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. കുറെ മിഷനുകള്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും മുന്നോട്ടുപോകുന്നില്ലെന്നുപറഞ്ഞ് കഴിഞ്ഞമാസമാണ് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ തന്നെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. പാവപ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതിയായ ലൈഫ്മിഷന്റെ പരാജയം കാരണം പാര്‍ട്ടി നേരിട്ട് രണ്ടായിരം വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചിരിക്കുകയാണത്രെ. സാമ്പത്തികരംഗത്താകട്ടെ, ആന കയറിയ തോട്ടം പോലെയാണ് കേരളത്തിന്റെ അവസ്ഥ. ശമ്പളംകൊടുക്കാന്‍ പോലും പണമില്ലാതെ കടത്തിന്മേല്‍ കടമെടുത്തും പലിശ തീര്‍ക്കാന്‍ കടമെടുത്തും നാളുകള്‍ തള്ളിനീക്കുകയാണ് ഭരണകൂടം. കേന്ദ്രത്തിന്റെ ഭാവനാവിലാസം മാത്രമായ ചരക്കുസേവന നികുതിയെ അഹമഹമികയാ പിന്തുണച്ച സംസ്ഥാന ധനമന്ത്രി ചായക്കട ഉദ്ഘാടിച്ചും ഞഞ്ഞാപിഞ്ഞാ പറഞ്ഞും ഒളിച്ചോടുന്നു. അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പറഞ്ഞവരുടെ കീഴില്‍ നിത്യോപയോഗസാധനങ്ങളുടെ വില വാണംപോലെ കുതിക്കുമ്പോള്‍ പൊതുവിതരണസമ്പ്രദായവും ഭക്ഷ്യവകുപ്പും അനങ്ങാപ്പാറകള്‍. പിണറായി സ്തുതി മാത്രമാണ് മന്ത്രിമാരില്‍ പലര്‍ക്കും പിടിച്ചുനില്‍ക്കാനുള്ള വള്ളി. പാര്‍ട്ടി സമ്മേളനങ്ങളില്‍ മതിമറന്നിരിക്കുന്നവര്‍ക്ക് മന്ത്രിസഭാ യോഗങ്ങള്‍ പോലും ആളുതികയാതെ മാറ്റിവെക്കേണ്ട അവസ്ഥ. അഴിമതി വേരോടെ പിഴുതെറിയുമെന്ന ്ആണയിട്ടുവന്നവര്‍ക്ക് സ്വജനപക്ഷപാതത്തിനും അഴിമതിക്കും മറ്റുമായി മൂന്നു മന്ത്രിമാരെ പുറത്താക്കേണ്ടിവന്നു. ഇല്ലാത്തചികില്‍സാചെലവിനും മന്ത്രിമന്ദിരങ്ങള്‍ മോടിയാക്കാനും ആഢംബര കാറുകള്‍ക്കും പൊടിച്ചത് കോടികള്‍. പുറമെ പെന്‍ഷന്‍പ്രായം ഉയര്‍ത്തലും നിയമന നിരോധനവും. ഇരട്ടിശമ്പളം എഴുതിവാങ്ങാന്‍ ഒപ്പുമായി കാത്തിരിക്കുന്ന മന്ത്രിപുംഗവന്മാര്‍. നാലുകൊല്ലം കൂടിയുണ്ടല്ലോ എന്നതായിരിക്കാം ഇവരുടെയൊക്കെ ഏക സൗകര്യം!
- 7 years ago
chandrika
Categories:
Video Stories
ഫയലിലുറങ്ങുന്ന സംസ്ഥാന ഭരണം
Tags: editorial