കോണ്‍ഗ്രസ ്മുക്തഭാരതം മുദ്രാവാക്യമാക്കി കേവലം മുപ്പത്തിയൊന്നുശതമാനം വോട്ടുകളുടെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ വര്‍ഗീയ ഫാസിസ്റ്റ്കക്ഷിയുടെ യാഗാശ്വങ്ങളെ കൂച്ചുവിലങ്ങണിയിക്കുന്നതാണ് ഇന്നലെപുറത്തുവന്ന രണ്ടുസംസ്ഥാനങ്ങളിലെ അഞ്ച് ഉപതിരഞ്ഞെടുപ്പുഫലങ്ങള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് പ്രവചിച്ചതുപോലെ, 2019 മേയിലെ ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള ‘ഡ്രസ് റിഹേഴ്‌സലായി’ ഈഫലങ്ങളെ വിലയിരുത്താം. സ്വന്തമായ 282ല്‍ നൂറിലധികം സീറ്റുകള്‍ നേടിത്തന്ന യു.പിയിലെയും ബീഹാറിലെയും ബി.ജെ.പിയുടെ തുറുപ്പുചീട്ടാണ് ഇന്നലത്തെ ഫലത്തോടെ ഛിന്നഭിന്നമായിരിക്കുന്നത്. ലോക്‌സഭാംഗങ്ങളായിരുന്ന യോഗിആദിത്യനാഥും ഉപമുഖ്യന്‍ കേശവ്പ്രസാദ് മൗര്യയും രാജിവെച്ച ഗോരഖ്പൂരിലും ഫൂല്‍പൂരിലും ആ പാര്‍ട്ടിക്ക് കനത്തപ്രഹരം യു.പി. ജനത നല്‍കിയിരിക്കുന്നു. ബീഹാറിലെ ഒരുലോക്‌സഭാസീറ്റിലെയും രണ്ടു നിയമസഭാസീറ്റുകളിലെയും ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് ഒരു നിയമസഭാമണ്ഡലത്തിലേ വിജയിക്കാനായിട്ടുള്ളൂ.
കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഗോരഖ്പൂരില്‍ മുഖ്യമന്ത്രി വിജയിച്ചത് 51 ശതമാനം വോട്ടോടെ 3,12,783 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. എന്നാല്‍ ഇവിടെ ബി.ജെ.പിയുടെ ഉപേന്ദ്രദത്ത് ശുക്ലയെ ഇന്നലെ വന്‍ഭൂരിപക്ഷത്തോടെ അട്ടിമറിച്ചത് സമാജ്‌വാദിപാര്‍ട്ടിയുടെ പ്രവീണ്‍ നിഷാദാണ് ഫൂല്‍പൂരില്‍ എസ്.പിയുടെതന്നെ നാഗേന്ദ്രസിംഗ് പട്ടേല്‍ ബി.ജെ.പിയുടെ കൗശലേന്ദ്രസിംഗ് പ്‌ട്ടേലിനെ 53, 613 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. അഞ്ചുതവണ വന്‍ഭൂരിപക്ഷത്തോടെ ലോക്‌സഭയിലേക്ക് വണ്ടികയറിയ ആദിത്യനാഥിന്റെ ഗോരഖ്പൂര്‍ കോട്ട കുലുങ്ങിയിരിക്കുന്നു. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ പൂജാരികൂടിയാണ് ഹിന്ദുയുവവാഹിനി എന്ന വര്‍ഗീയക്കൂട്ടത്തിന്റെ പ്രണേതാവായ നാല്‍പത്തഞ്ചുകാരനായ ആദിത്യനാഥ്. ക്ഷേത്രനഗരി അതിനുമുമ്പും മൂന്നുതവണ മറ്റൊരു ബി.ജെ.പിയോഗിയെ അവൈദ്യനാഥിനെ, ലോക്‌സഭയിലേക്ക് വിജയിപ്പിച്ചയച്ചിട്ടുണ്ട്. പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്രു 1952ല്‍ വിജയിച്ച ഫൂല്‍പൂരിലും സമാനമായഭൂരിപക്ഷമാണ് (2014ല്‍ 3.08,308) ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. 2014ല്‍ ബീഹാറിലെ ആകെയുള്ള നാല്‍പതില്‍ മുപ്പതുസീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് സംസ്ഥാനത്തെ അറാറിയ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും കനത്തതോല്‍വി ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്. ഇവിടെ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി ആണ് വിജയിയെങ്കിലും 2014ല്‍ നിതീഷ്‌കുമാറിന്റെ ജനതാദളു(യു)മായി ചേര്‍ന്നായിരുന്നു അതെങ്കില്‍ ഇത്തവണത്തേത് ഒറ്റക്ക് നിന്നാണെന്നത് ചില്ലറ കാര്യമല്ല. ബീഹാറില്‍ ഇന്നലെ ഫലംവന്ന രണ്ടു നിയമസഭാ മണ്്ഡലങ്ങളില്‍ ഒരെണ്ണത്തില്‍മാത്രമാണ് ബി.ജെ.പിക്ക് പേരിനെങ്കിലും വിജയിക്കാനായിരിക്കുന്നത്. അവസരവാദരാഷ്ട്രീയം കളിച്ച നിതീഷ്‌കുമാറിനുള്ള മറുപടികൂടിയാണ് അവിടുത്തെ ഫലം. ഗോരഖ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുവരവെ ബി.ജെ.പിക്കെതിരാണ് വിധിയെന്ന് മനസ്സിലാക്കിയയുടന്‍ മാധ്യമപ്രവര്‍ത്തകരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് പുറത്താക്കിയ പൊലീസ് നടപടിയും ഈ അസ്‌ക്യതയുടെ പ്രതിഫലനമാണ്.
മോദിയുടെ കഴിഞ്ഞകാല തുടര്‍വിജയങ്ങളെല്ലാം സത്യത്തില്‍ 2014ന്റെ ആവര്‍ത്തനം മാത്രമായിരുന്നു. വിഘടിച്ചുനില്‍ക്കുന്ന പ്രതിപക്ഷമാണ് ഇതിന് പ്രധാനകാരണം. 2016ലെ നോട്ടുനിരോധനത്തിന്റെ മറവില്‍ മോദിയും അമിത്ഷായുമുള്‍പ്പെടെ വന്‍അധികാരപ്പട പ്രചാരണരംഗത്ത് കോടികളൊഴുക്കിയപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ ആ പക്ഷത്തിനുതന്നെയായി 2017ലെ നിയമസഭാതിരഞ്ഞെടുപ്പുഫലവും യു.പി ഭരണവും.അതിനുമുമ്പ് മുസഫര്‍നഗറിലും മറ്റും മുസ്്‌ലിംവിരുദ്ധ നരനായാട്ട് നടത്തി വര്‍ഗീയതയുടെ വളക്കൂറുള്ള മണ്ണൊരുക്കി.സ്വാഭാവികമായും ഫലംവന്നയുടന്‍ അതിതീവ്രവാദിയായ തീപ്പൊരി സംഘിനേതാവിനെ മുഖ്യമന്ത്രിക്കസേരയിലേക്ക് പിടിച്ചിരുത്തി. ഒട്ടനവധി കലാപങ്ങള്‍ക്ക് കാരണക്കാരനും മതന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും പേടിസ്വപ്‌നവുമായ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതുവഴി വരാനിരിക്കുന്ന ഹിന്ദുത്വകേന്ദ്രീകൃത രാഷ്ട്രീയത്തിനും ഫാസിസ്റ്റ് ഭരണത്തിനുമുള്ള സാക്ഷ്യപത്രമാണ് ബി.ജെ.പി ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മുമ്പാകെ മുന്നോട്ടുവെച്ചത്. അധികാരമേറ്റയുടന്‍തന്നെ മുസ്്‌ലിംകള്‍ക്ക് ബഹുഭൂരിക്ഷമുള്ള പശ്ചിമ യു.പി മേഖലയിലെ അവരുടെ പ്രധാനവരുമാനമായ കശാപ്പുശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു യോഗിസര്‍ക്കാര്‍. സംഘ്പരിവാര്‍ അക്രമികളുടെ അഴിഞ്ഞാട്ടമാണ് യു.പിയില്‍ പലയിടത്തും ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഉണ്ടായത്. വന്‍തോതില്‍ ദലിതുകളും ഈ കാലത്തുതന്നെ യോഗിസര്‍ക്കാരിന്റെ സവര്‍ണനയനിലപാടുകള്‍ക്കെതിരെ രംഗത്തുവരികയുണ്ടായി. ഒരു വര്‍ഷത്തിനിടെ മുന്നൂറോളം പേരാണ് സംസ്ഥാനത്ത് കൊലക്കത്തിക്കിരയായത്. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും ഗുജറാത്തില്‍ ഒരുപരിധിവരെയും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടന്ന ലോക്‌സഭാ-നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതരകക്ഷികള്‍ക്കാണ് വിജയക്കൊടി നാട്ടാനായതെന്നത് മോദിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് വ്യക്തമാക്കുന്നത്. വര്‍ഗീയ-ഗോവാദിക്കോമരങ്ങളുടെ ഇരകള്‍ ഇനിയെങ്കിലും രക്ഷപ്പെട്ടേ തീരൂ.
യു.പിയിലും മറ്റും കോണ്‍ഗ്രസ് തീരെ മെലിയുന്നുവെന്ന സത്യംകൂടി യു.പി ഫലങ്ങള്‍ തരുന്നുണ്ടെങ്കിലും ഇന്നും രാജ്യത്തെ വലിയ മതേതരകക്ഷി അവര്‍തന്നെ. സമാജ്‌വാദിപാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും സഖ്യങ്ങള്‍ വലിയ പ്രതീക്ഷയാണ് വരുംകാലത്തേക്കായി മുന്നോട്ടുവെച്ചിരിക്കുന്നത്. അന്ധമായ കോണ്‍ഗ്രസ്‌വിരോധം പറഞ്ഞിരിക്കുന്ന സി.പി.എം പോലുള്ള കക്ഷികളുടെ ബി.ജെ.പിവിരുദ്ധത തെളിയിക്കുന്നതിനുള്ള ലിറ്റ്മസ് പരീക്ഷണം കൂടിയാണ് ഈ ഫലം. 2004ലും 2009ലും 2015ലെ ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിലും ബി.ജെ.പി വിരുദ്ധശക്തികള്‍ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഉണ്ടായതിന് സമാനമായ ഫലമാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. പഠിക്കാനും തിരുത്തലിനുള്ള അവസരമാണ് ബി.ജെ.പിക്ക് ഇതിലൂടെ ജനം നല്‍കിയിരിക്കുന്നത്. എങ്കിലും അവരുടെ ഇദംപ്രഥമമായ അപരിഷ്‌കൃതവും ഹിംസാത്മകവുമായ രാഷ്ട്രീയം കൊണ്ട് അതിനൊന്നും അവര്‍ തയ്യാറാവില്ലെന്നുതന്നെയാണ് അനുമാനിക്കേണ്ടത്. ഈ ഫലങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പും പാഠവും അതുകൊണ്ടുതന്നെ ഫാസിസ്റ്റുകളേക്കാള്‍ മതേതരപക്ഷത്തിനാണ്.
- 7 years ago
chandrika
Categories:
Video Stories
ബി.ജെ.പിക്കുള്ള പാഠം, പ്രതിപക്ഷത്തിനും
Tags: editorial