X

ഈ പകല്‍കൊള്ളക്കാരെ പിടിച്ചുകെട്ടേണ്ടേ ?

 

കേരളവികസനമാതൃകയായി കൊട്ടിഗ്‌ഘോഷിക്കുന്ന സാമ്പത്തികസിദ്ധാന്തത്തിനുപിന്നില്‍ പ്രവാസിയുടെ കാണാമറയത്തെ വിയര്‍പ്പുതുള്ളികളാണുള്ളത്. ഉറ്റകുടുംബാംഗങ്ങളെയും വീടും നാടും നാട്ടാരെയും വിട്ട് സ്വജീവിതം ഏറെക്കുറെ നഷ്ടപ്പെടുത്തി അരക്കോടിയോളം മലയാളികളാണ് പലരാജ്യങ്ങളിലായി ഈ ഭൂമിയില്‍ ജീവിച്ചുതീര്‍ക്കുന്നത്. സ്വന്തമായി എന്തെങ്കിലും സമ്പാദിക്കണമെന്നതിനേക്കാള്‍, തന്നെ ആശ്രയിച്ചുകഴിയുന്ന മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹോദരങ്ങള്‍ക്കുമൊക്കെ അത്താണിയാകുകയാണ് പ്രതിവര്‍ഷം ലക്ഷംകോടിയോളം രൂപ കേരളത്തിലേക്കയച്ചുതരുന്ന ഇക്കൂട്ടര്‍. ഇതിന്റെ പ്രത്യക്ഷഗുണം അനുഭവിക്കുന്നത് പ്രവാസിയുടെ കുടുംബമാണെങ്കിലും, കേരളത്തിനും ഇതരസംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനാകെയുമാണ് ആ നേട്ടം. പക്ഷേ മേല്‍ഹതഭാഗ്യരുടെ കാര്യത്തില്‍ നാംകാട്ടിക്കൂട്ടുന്ന നെറികേടുകള്‍ക്ക് ഒരു കൈയും കണക്കുമില്ല. അത്തരത്തിലൊന്നാണ് അടുത്തിടെയായി കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന മോഷണത്തിന്റെയും തട്ടിപ്പിന്റെയും കദനകഥകള്‍.
കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ കഴിഞ്ഞമാസം ഗള്‍ഫില്‍നിന്ന് വിമാനമിറങ്ങിയ ഏതാനും പ്രവാസിമലയാളികളുടെ വിലപിടിച്ച വസ്തുക്കള്‍ കാണാതായസംഭവം നമ്മെയാകെ ഞെട്ടിക്കുകയുണ്ടായി. കരിപ്പൂരില്‍ ഒരുവര്‍ഷത്തിനിടെ മാത്രം അറുപതോളം ലഗേജുകളില്‍നിന്ന് വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഫെബ്രുവരി 20ന് കരിപ്പൂരില്‍ ദുബൈ-കോഴിക്കോട് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ വിമാനമിറങ്ങിയ ആറ് മലയാളികളുടെ ബാഗേജുകളാണ് കുത്തിത്തുറന്നും പിച്ചിപ്പറിച്ചതുമായ നിലയില്‍ തിരികെകിട്ടിയത്. കോഴിക്കോട് സ്വദേശിയുടെ പാസ്‌പോര്‍ട്ട്‌പോലും മോഷ്ടിക്കപ്പെട്ടു. നാലുലക്ഷത്തിലധികം രൂപയുടെ വസ്തുക്കളും കറന്‍സിയുമാണ് നഷ്ടമായതെന്ന് യാത്രക്കാര്‍. കറന്‍സി, സ്വര്‍ണം, വിലപിടിച്ച റിസ്റ്റ്‌വാച്ചുകള്‍ തുടങ്ങിയവ നഷ്ടമാകുന്നത് ഏതായാലും അബദ്ധത്തിലാകാന്‍ വഴിയില്ല. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്താവളഅതോറിറ്റിയും എയര്‍ഇന്ത്യ അധികൃതരുമാണ് സാങ്കേതികമായി ഇതിന് ഉത്തരവാദികളെങ്കിലും യഥാര്‍ത്ഥത്തില്‍ കള്ളന്‍ കപ്പലില്‍തന്നെയാണ്. കസ്റ്റംസ്‌വിഭാഗത്തില്‍നിന്ന് കൈപ്പറ്റിയശേഷമാണ് പലരും തങ്ങളുടെ ലഗേജുകള്‍ മോഷ്ടിക്കപ്പെട്ടതായി കാണുന്നത്. യാത്രക്കാരും ഇവരുടെ കുടുംബങ്ങളും ലക്ഷേജിന് കാത്തുനില്‍ക്കവെയാണ് തങ്ങളുടെ പെട്ടികള്‍ കവര്‍ച്ചചെയ്യപ്പെട്ടതായി കാണേണ്ടിവന്നത്. ഇത് നടത്തിയത് ഏതെങ്കിലും രാത്രിഞ്ചരന്മാരായ മോഷ്ടാക്കളോ കൊള്ളസംഘങ്ങളോ അല്ലെന്നും വിമാനത്താവളത്തിലെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ശമ്പളംപറ്റുന്ന ജോലിക്കാരാണെന്നും പച്ചയായ യാഥാര്‍ത്ഥ്യമായിട്ടും ഇതുവരെയും അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ ശിക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാര്‍, വ്യോമയാന സംവിധാനങ്ങള്‍ക്കും വകുപ്പുമേലാളന്മാര്‍ക്കും ആകാതിരിക്കുന്നത് കേരളീയരോടും വിശിഷ്യാ മലയാളിപ്രവാസികളോടുമുള്ള അധികാരിവര്‍ഗത്തിന്റെ നിഷേധാത്മകനിലപാടായേ കാണാന്‍ കഴിയൂ.
പ്രവാസികുടുംബങ്ങളുടെ നീണ്ടകാലത്തെ സ്വപ്‌നങ്ങളുടെ സ്വരുക്കൂട്ടലുകളാണ് ഗള്‍ഫ്‌പെട്ടികള്‍. മിക്കപ്പോഴും കീറിപ്പറിഞ്ഞതും സാധനങ്ങള്‍ നഷ്ടപ്പെട്ടതുമായ പെട്ടികളുമായിട്ടായിരിക്കും പ്രവാസികള്‍ സ്വന്തംവീടുകളില്‍ എത്തിച്ചേരുക. പ്രവാസികളെ പിഴിയുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ കസ്റ്റംസ്‌വിഭാഗം കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ വിശേഷിച്ച് ആരെയും മനസ്സിലാക്കിക്കൊടുക്കേണ്ടതില്ല. മതിയായ നികുതി അടച്ചിട്ടില്ലെന്നുകാട്ടിയായിരിക്കും മിക്കവാറും ഇക്കൂട്ടര്‍ പ്രവാസികളുടെ കീശയിലേക്കും വിലപിടിച്ച വസ്തുക്കളിലേക്കും കൈകള്‍ നീട്ടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നടന്ന സംഭവത്തില്‍ അന്നുതന്നെ മാധ്യമപ്രവര്‍ത്തകരെയും മറ്റും വിവരമറിയിച്ച് സംഭവം മാലോകരെ അറിയിക്കാനായെങ്കിലും കസ്റ്റംസ് അധികാരികളുടെ ഭാഗത്തുനിന്ന് ഇപ്പോഴും തികഞ്ഞ നിസ്സംഗതയാണുള്ളത്. തങ്ങളുടെജീവനക്കാരല്ല സാധനങ്ങള്‍ നഷ്ടപ്പെട്ടതിന് കാരണക്കാരെന്നും കരാര്‍ജോലിക്കാരായ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജീവനക്കാരായിരിക്കുമെന്നുമുള്ള ഒഴുക്കന്‍മട്ടിലുള്ള വിശദീകരണമാണ് കഴിഞ്ഞദിവസം കസ്റ്റംസ്‌കമ്മീഷണറുടെ ഭാഗത്തുനിന്ന് കേള്‍ക്കേണ്ടിവന്നത്. സി.സി.ടി.വി. ക്യാമറകളുള്ള അതീവസുരക്ഷാപ്രാധാന്യമുള്ള മേഖലയില്‍ നടക്കുന്ന ഈ പകല്‍കൊള്ളക്ക് ആരാണ് ഉത്തരവാദിത്തം ഏല്‍ക്കുക?
ഇതരറൂട്ടുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വിമാനയാത്രാനിരക്കിന്റെ കാര്യത്തില്‍ വലിയ അന്തരമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നമ്മുടെ വിമാനക്കമ്പനികള്‍ മലയാളികളില്‍നിന്ന് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് സഹിച്ചാണ് ഗത്യന്തരമില്ലാതെ മലയാളികള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍താണ്ടി എന്നുതിരിച്ചെത്തുമെന്നറിയാതെ വീണ്ടുംവീണ്ടും മരുഭൂമിയിലേക്ക് വെച്ചുപിടിക്കുന്നത്. പെട്രോളിയത്തിന്റെ വിലത്തകര്‍ച്ചയും സ്വദേശിവല്‍കരണവുംമൂലം പതിറ്റാണ്ടുകള്‍ മണലാരണ്യത്തില്‍ വിയര്‍പ്പുചിന്തിയ മലയാളിക്ക് തിരിച്ചുവന്നാല്‍ തലചായ്ക്കാവുന്നതിലപ്പുറമൊന്നും ശേഷിക്കാത്ത അവസ്ഥയാണിന്ന്. മറയില്ലാത്ത സൂര്യനുതാഴെയും ലേബര്‍ ക്യാമ്പുകളിലുമായി കഴിച്ചുകൂട്ടുന്ന പ്രവാസിയുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്നത് ലക്ഷങ്ങള്‍ ശമ്പളമായി എഴുതിവാങ്ങുന്നവരാണെന്നത് ലജ്ജാകരം. നിത്യേന നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ ഭാവിയെക്കുറിച്ചുള്ള കടുത്ത ആശങ്കകളുമായാണ് കഴിയുന്നത്. കര്‍ഷകരെപോലെ ഇവര്‍ കയറെടുക്കാത്തത് വിശ്വാസദാര്‍ഢ്യത കൊണ്ടുമാത്രമാണ്. കേരളത്തിലേക്ക് സ്ഥലംമാറ്റംവാങ്ങിവരുന്ന കസ്റ്റംസ് ബ്യൂറോക്രസിയുടെ ടൈകെട്ടിയ പകല്‍മാന്യന്മാര്‍ കഴിഞ്ഞമുപ്പതുകൊല്ലത്തിനിടെ സ്വരൂക്കൂട്ടിയ അനധികൃതസമ്പത്തിനെക്കുറിച്ച് അന്വേഷിച്ചാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരിക. കരിപ്പൂര്‍സംഭവത്തില്‍ കസ്റ്റംസ് കമ്മീഷണറേറ്റിന്റെയും സംസ്ഥാനപൊലീസിന്റെയും അന്വേഷണഗതിയെങ്ങോട്ടാണെന്നതിന് ഉത്തമതെളിവാണ് കരാര്‍ജീവനക്കാരെ നിയമിക്കുമ്പോള്‍ വിമാനത്താവളഅധികൃതര്‍ ജാഗ്രതപാലിക്കണമെന്ന കമ്മീഷണറുടെ വാദം. ഈ ഉദ്യോഗസ്ഥമാടമ്പിത്തരത്തിന് കൂച്ചുവിലങ്ങിടാന്‍ എന്നാണ് നമ്മുടെ അധികാരികള്‍ക്കും ജനാധിപത്യസംവിധാനത്തിനും സാധ്യമാകുക?

chandrika: