X

‘മാലാഖ’മാരുടെ പരാതിക്ക് പരിഹാരം കാണണം

‘ഭൂമിയിലെ മാലാഖമാര്‍’ എന്നാണ് രോഗീ ശുശ്രൂഷകരായ നഴ്‌സുമാരെ സമൂഹം വിശേഷിപ്പിക്കാറ്. ആതുരാലയങ്ങളില്‍ രോഗീപരിചാരകരുടെ സേവനം ഇല്ലാത്ത ദുരവസ്ഥയെക്കുറിച്ച് പ്രത്യേകിച്ച് ആരോടും പറയേണ്ടതില്ല. അവരുടെ പരാധീനതകളും പരിഭവങ്ങളും എന്തുതന്നെയായാലും പരിഹരിക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. ചേര്‍ത്തല കെ.വി.എം ആസ്പത്രിയില്‍ 200 ദിവസത്തോളമായി നഴ്‌സുമാര്‍ തുടര്‍ന്നുവരുന്ന പണിമുടക്കും മുദ്രാവാക്യംവിളിയും ആ ആതുരാലയത്തില്‍ മാത്രമല്ല, കേരളത്തിലെ സ്വകാര്യ ആരോഗ്യ ശുശ്രൂഷാമേഖലയെയാകെ അലോസരപ്പെടുത്തുന്നതാണ്. ഇതും ശമ്പള പരിഷ്‌കരണവുമാണ് സംസ്ഥാനത്തെ 457 സ്വകാര്യ ആസ്പത്രികളില്‍ കൂട്ട അവധിയിലേക്ക് യുണൈറ്റഡ് അസോസിയേഷനെ വലിച്ചിഴച്ചത്. ശനിയാഴ്ച സംസ്ഥാന ലേബര്‍ കമ്മീഷണറുമായി യു.എന്‍.എ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും ഇന്നലെ നടന്ന മിനിമം വേതന ഉപദേശക സമിതിയോഗത്തില്‍ ശമ്പള പരിഷ്‌കരണം വൈകാതെ നടത്തുമെന്ന അറിയിപ്പ് ലഭിച്ചതിനാല്‍ സമരം പിന്‍വലിച്ചിരിക്കുകയാണ്. നഴ്‌സുമാരുടെ കൂട്ട അവധി അതീവ പരിചരണ വിഭാഗങ്ങളില്‍ കിടക്കുന്ന രോഗികളുടെയും അടിയന്തിര ശുശ്രൂഷ വേണ്ട രോഗികളുടെയും ബന്ധുക്കളുടെയും കാര്യത്തില്‍ സമരം വലിയ പ്രത്യാഘാതമാണുണ്ടാക്കുക. ഇതൊരു സമ്മര്‍ദ തന്ത്രമായും വ്യാഖ്യാനിക്കാവുന്നതാണ്. എന്നാല്‍ തൊഴില്‍ മന്ത്രിയുടെ ഇക്കാര്യത്തിലുള്ള നിലപാട് പ്രശ്‌നം വഷളാക്കുകയേ ഉള്ളൂ. അതേസമയം, മിനിമം വേതന വിഷയത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സര്‍ക്കാര്‍ അടയിരിക്കുകയാണ്.
പുറത്താക്കിയ നഴ്‌സുമാരെ മാത്രമല്ല, സമരം ചെയ്യുന്ന ഒരു നഴ്‌സിനെയും തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെ.വി.എം ആസ്പത്രി അധികൃതര്‍. 12 മണിക്കൂറെന്ന ഡ്യൂട്ടിസമയം 16 മണിക്കൂറാക്കിയതായും ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കനുവദിക്കുന്നില്ലെന്നും നഴ്‌സുമാര്‍ പറയുന്നു. ഇതു സംബന്ധിച്ച് കേസ് സുപ്രീംകോടതിയില്‍വരെ എത്തുകയും ചെയ്തു. ആസ്പത്രിക്ക് മുന്നില്‍ നഴ്‌സുമാര്‍ പന്തല്‍കെട്ടി നടത്തുന്ന സമരത്തെ എതിര്‍ക്കാനോ പിന്‍വലിപ്പിക്കാനോ ഉന്നത നീതിപീഠം തയ്യാറായില്ലെന്നത് മനസ്സിരുത്തി കാണേണ്ട ഒന്നാണ്. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ വന്ന ഹര്‍ജി പ്രകാരം നഴ്‌സുമാരുടെ സമരം പിന്‍വലിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയില്‍ പൊതു സമൂഹവും രോഗികളുമാണ് ത്രിശങ്കുവിലായിരിക്കുന്നത്. ഇന്നുമുതല്‍ ആരംഭിക്കാനിരുന്ന കൂട്ട അവധി പിന്‍വലിച്ചെങ്കിലും ഇവരുടെ സേവനവേതന വ്യവസ്ഥകളുടെ കാര്യത്തില്‍ പൊതുസമൂഹത്തിന് കാര്യമായ ഉത്തരവാദിത്തമുണ്ട്. ആസ്പത്രികളുടെ പ്രവര്‍ത്തനത്തിന് ഭംഗം നേരിട്ടാല്‍ അത് മാരകമായ രോഗങ്ങള്‍ക്കുള്‍പ്പെടെ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് മേലുള്ള ഇരുട്ടടിയാകും.
സ്വകാര്യ ആസ്പത്രികളില്‍ മതിയായതും സര്‍ക്കാര്‍ ആസ്പത്രികളിലേതിന് തുല്യവുമായ വേതനം ലഭിക്കുന്നില്ലെന്നത് നഴ്‌സുമാരുടെ ഏറെക്കാലമായുള്ള പരാതിയാണ്. നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും കാര്യത്തിലേ ഈ പരാതിയുള്ളൂ. ഉന്നത ബിരുദധാരികളായ ഭിഷഗ്വരന്മാര്‍ക്ക് എത്രവേണമെങ്കിലും വാരിക്കോരി ശമ്പളം നല്‍കാന്‍ ആസ്പത്രിയുടമകള്‍ തയ്യാറുമാണ്. അപ്പോഴാണ് നഴ്‌സുമാരുടെ പരാതിയുടെ അടിസ്ഥാനം മനസ്സിലാകുന്നത്. രാത്രിയും പകലുമെന്നില്ലാതെ ജോലിയെടുക്കേണ്ടിവരുമ്പോള്‍ അര്‍ഹതപ്പെട്ട ശമ്പളം ലഭിക്കണമെന്ന ആവശ്യം അതിരുകടന്നതെന്ന് പറഞ്ഞുകൂടാ. അതേസമയം, ഡോക്ടര്‍മാര്‍, ആസ്പത്രി ഉപകരണങ്ങള്‍, കെട്ടിടം, ഭൂമി എന്നിവക്കായി ചെലവഴിക്കപ്പെടുന്ന വന്‍തുകയുമായി തട്ടിച്ചുനോക്കുമ്പോള്‍ നഴ്‌സുമാരുടെ വേതനം തുച്ഛവുമാണ്. വേതനം വര്‍ധിപ്പിക്കുകയെന്നാല്‍ അത് കൂടുതല്‍ ഭാരം രോഗികളിലേക്ക് എത്തിപ്പെടാന്‍ ഇടയാക്കുമെന്നാണ് ആസ്പത്രി ഉടമകളുടെ വാദം. നിലവില്‍തന്നെ വന്‍ ചികില്‍സാചെലവാണ് സ്വകാര്യ ആസ്പത്രികളില്‍ ഈടാക്കപ്പെടുന്നത്. വലിയ ബാധ്യതയില്ലാതെ നഴ്‌സുമാരുടെ ആവശ്യം പരിഗണിക്കാനും പരിഹരിക്കപ്പെടാനും വേണ്ട നടപടികളെടുക്കാന്‍ രണ്ടിനും ഇടയില്‍ നില്‍ക്കുന്ന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ജനങ്ങളുടെ ക്ഷേമമാണല്ലോ ആധുനിക സര്‍ക്കാരുകളുടെ മുഖ്യലക്ഷ്യം.
കഴിഞ്ഞ ഫെബ്രുവരിയിലും കഴിഞ്ഞ വര്‍ഷം രണ്ടാഴ്ചയോളവും സംസ്ഥാനത്താകെയും സ്വകാര്യ ആസ്പത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമാറ് നഴ്‌സുമാര്‍ പണിമുടക്ക് നടത്തിയിരുന്നുവെങ്കിലും അത് പരിഹരിക്കപ്പെട്ടത് ആരോഗ്യവകുപ്പിന്റെയും ആസ്പത്രിയടമകളുടെയും നഴ്‌സിങ് സംഘടനാനേതാക്കളുടെയും പക്വതയോടെയുള്ള സമീപനം കൊണ്ടായിരുന്നു.
സ്വകാര്യ ആസ്പത്രികളിലുള്ള നഴ്‌സുമാരില്‍ അധികവും പെണ്‍കുട്ടികളും യുവതികളുമായിരിക്കെ അവരുടെ ആവശ്യങ്ങള്‍ക്ക് പ്രത്യേകമായ ചെവി കൊടുക്കേണ്ടതുണ്ട്. വരുമാനം തീരെ കുറഞ്ഞ കുടുംബങ്ങളില്‍നിന്ന് വരുന്നവരാണ് ഇവരിലധികവും. വിവാഹത്തിനുമുമ്പ് നേടിയ നഴ്‌സിങ് യോഗ്യതകള്‍ കൊണ്ട് ജീവിത കമ്പോളത്തില്‍ ചെറിയൊരു സാമ്പത്തിക നിലയിലെത്തിപ്പെടുക എന്ന ക്ലിഷ്ഠമായ ആവശ്യം മാത്രമേ ഇവര്‍ക്കുള്ളൂ. എന്നാല്‍ സമയക്ലിപ്തത പാലിക്കാതെ അധിക ജോലി ചെയ്യിച്ചും ശരാശരിക്ക് താഴെ വേതനം നല്‍കിയും ആസ്പത്രിയുടമകള്‍ തങ്ങളെ ചൂഷണം ചെയ്യുന്നതായാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്. ചുരുങ്ങിയത് 20000 രൂപയെങ്കിലും ശമ്പളം ലഭിക്കുന്ന രീതിയിലുള്ള നിയമ നിര്‍മാണം വേണമെന്നാണ് അവരുടെ ആവശ്യം. കോടതിയും സര്‍ക്കാരും ഇത് ഏതാണ്ട് അംഗീകരച്ചതുമാണ്. എന്നാല്‍ തീരെ കുറഞ്ഞ എണ്ണം വന്‍കിട ആസ്പത്രികള്‍ക്ക് മാത്രമേ ഈ സംഖ്യ താങ്ങാന്‍ കഴിയൂ എന്നാണ് ഒരു വാദം. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (ഇന്ത്യ) കേരള ചാപ്റ്റര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് യു.എന്‍.എയോട് പണിമുടക്കുമായി മുന്നോട്ടുപോകരുതെന്ന് ഇടക്കാല വിധിയിലൂടെ വ്യാഴാഴ്ച ഉത്തരവിട്ടത്. എന്നിട്ടും സമരവുമായി മുന്നോട്ടുപാകാനുള്ള സംഘടനയുടെ തീരുമാനം അവര്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയുടെ ഗൗരവത്തെയാണ് വ്യക്തമാക്കുന്നത്. കോടതി സ്വാധീനത്തിന് വഴങ്ങിയാണ ് പ്രസ്തുത ഉത്തരവ ്പുറപ്പെടുവിച്ചതെന്നാണ് യു.എന്‍.എ ഭാരവാഹി അഭിപ്രായപ്പെട്ടിരിക്കുന്നത്.
ആതുര ശുശ്രൂഷ പോലെ അത്യധികം പ്രാധാന്യമുള്ള മേഖലയുടെ കാര്യത്തില്‍ എല്ലാവിഭാഗം പേരും കൂട്ടായി വിവേകപൂര്‍ണണവും രമ്യതയോടെയുമുള്ള പ്രശ്‌നപരിഹാരത്തിനാണ് യത്‌നിക്കേണ്ടത്. ഇടുങ്ങിയതും പ്രായോഗികമല്ലാത്തതുമായ വാദമുഖങ്ങള്‍ ഇതിന് തടസ്സം നിന്നുകൂടാ. സുമനസ്സുകളും ത്യാഗനിര്‍ഭരരുമായ വ്യക്തികളുടെയും സംഘടനകളുടെയും പരിശ്രമ ഫലമാണ് യൂറോപ്പിന്റെ ആരോഗ്യ നിലവാരത്തിലേക്ക് കേരളത്തെ എത്തിച്ചത്. ആ മഹത്തായ മാതൃക കേരളം തുടര്‍ന്നും ഇതരലോകത്തിന് കാട്ടിക്കൊടുത്തേ തീരൂ. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് ലാഭം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ആസ്പത്രിയുടമകളുടെയും സ്വന്തം രംഗം മറന്നുകൊണ്ടുള്ള നഴ്‌സുമാരുടെയും കര്‍ക്കശ നിലപാടുകളില്‍ അയവുവരുത്തണം.

chandrika: