X

റേഷനിലെ കല്ലുകടി എന്നാണ് തീരുക

കേരളത്തിന്റെ സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനത്തില്‍ കല്ലുകടി തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമായി. കൃത്യമായി പറഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സംസ്ഥാനത്തെ റേഷന്‍ സംവിധാനം പൂര്‍ണമായും അവതാളത്തിലാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലം മുതല്‍ മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്ക് നല്‍കിയിരുന്ന സൗജന്യ റേഷന്‍ കൂടി നിര്‍ത്തലാക്കി ഇടതു സര്‍ക്കാര്‍ പാവപ്പെട്ടവന്റെ കഞ്ഞിയില്‍ വീണ്ടും കല്ലുവാരിയിട്ടിരിക്കുകയാണ്. നിലവില്‍ പിങ്ക് കാര്‍ഡ് കൈവശമുള്ള, മുന്‍ഗണനാ ആനുകൂല്യങ്ങള്‍ക്ക് അവകാശപ്പെട്ട 29.06 ലക്ഷം പേരാണ് ഇതിലൂടെ പുറംതള്ളപ്പെട്ടിരിക്കുന്നത്. മുന്‍ഗണനാ വിഭാഗക്കാര്‍ ഇനി മുതല്‍ കിലോക്ക് ഒരു രൂപ നല്‍കണമെന്നത് അത്ര കാര്യമായി കാണേണ്ടതില്ല എന്നതാണ് സര്‍ക്കാര്‍ പക്ഷം. എന്നാല്‍ ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഭരണകൂടം പാവപ്പെട്ടവര്‍ക്ക് അനുവദിച്ചു നല്‍കിയ ആനുകൂല്യം എടുത്തുകളയുക എന്നത് ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല എന്ന കാര്യം ഓര്‍ക്കുന്നത് നന്ന്. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അക്ഷന്തവ്യമായ അവഗണനയും ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ വരുത്തിയ വെട്ടിത്തിരുത്തലുകളും സംസ്ഥാന സര്‍ക്കാറിന്റെ ഗുരുതരമായ കെടുകാര്യസ്ഥതയും ഉപഭോക്താവിന്റെ മുമ്പില്‍ വികൃതരൂപം പൂണ്ടുനില്‍ക്കുമ്പോഴാണ് വീണ്ടും സര്‍ക്കാര്‍ പാവപ്പെട്ടവന്റെ വയറ്റത്തടിച്ചത്. ഭക്ഷ്യസുരക്ഷാ നിയമം രാജ്യത്തെ പൗരന്‍മാര്‍ക്കു നല്‍കുന്ന സുഭിക്ഷമായ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് ഇതുവഴി ഇടതുസര്‍ക്കാര്‍ നടത്തിയിട്ടുള്ളത്.
കേരളത്തിലെ പൊതുവിതരണ സംവിധാനം ഘട്ടംഘട്ടമായി തകര്‍ക്കുന്നതിനും സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷാ അധികാരത്തെ അട്ടിമറിക്കുന്നതിനുമുള്ള ചവിട്ടുപടിയായി വേണം സര്‍ക്കാറിന്റെ പുതിയ നീക്കത്തെ കാണാന്‍. സംസ്ഥാനത്തെ സാര്‍വത്രിക പൊതുവിതരണ സംവിധാനത്തെയും ന്യായവില വില്‍പ്പന ശൃംഖലകളെയും തികച്ചും അപര്യാപ്തമാക്കാനേ സര്‍ക്കാറിന്റെ നടപടി വഴിവെക്കുകയുള്ളൂ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. റേഷന്‍ കടയുടമകള്‍ക്ക് വേതന പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഭാരം മുഴുവന്‍ ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കുന്നത് കൊടും ക്രൂരതയാണ്. കടയുടമകള്‍ക്ക് അര്‍ഹമായ പാക്കേജ് നടപ്പാക്കുന്നതിന് ആരും എതിരല്ല. ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ വ്യക്തമായി പറയുന്നതും കാലങ്ങളായി റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതുമായ യാഥാര്‍ത്ഥ്യത്തോട് സര്‍ക്കാര്‍ ഇനിയും മുഖംതിരിഞ്ഞു നില്‍ക്കുന്നത് ശരിയില്ല. പക്ഷേ, പാക്കേജിന്റെ പേരില്‍ പാവങ്ങളുടെ കഞ്ഞിയില്‍ പൂഴി വാരിയിട്ടാണോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയേണ്ടതുണ്ട്.
സംസ്ഥാനത്തെ ബി.പി.എല്‍, എ.എ. വൈ കുടുംബങ്ങള്‍ക്ക് റേഷന്‍ കടകള്‍ വഴി സൗജന്യ അരി നല്‍കിക്കൊണ്ടുള്ള യു.ഡി.എഫ് സര്‍ക്കാറിന്റെ വിപ്ലവാത്മക പ്രഖ്യാപനം പരക്കെ പ്രശംസ പിടിച്ചുപറ്റിയതാണ്. ഭക്ഷ്യ സുരക്ഷാ നിയമത്തെ നോക്കുകുത്തിയാക്കി കേന്ദ്ര സര്‍ക്കാര്‍ ചിറ്റമ്മ നയം തുടരുന്നതിനിടെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ധീരമായ കാല്‍വെപ്പ് നടത്തിയത്. പൊതുവിതരണ മേഖലയെ പുഷ്ടിപ്പെടുത്താന്‍ ബജറ്റില്‍ പത്തു കോടി രൂപ വകയിരുത്തിയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാവങ്ങളുടെ പശിയടക്കാന്‍ കൂടെനിന്നത്. 55 കോടി രൂപയുടെ അധിക സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ ബാധ്യതയായി ഏറ്റടുത്തായിരുന്നു സൗജന്യ റേഷന്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ റേഷന്‍ ശൃംഖലയിലാണ് ഈ ജനകീയ നടപടി കൈക്കൊണ്ടതെന്ന സത്യം കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
റേഷന്‍ കാര്‍ഡുകളുടെ പരിഷ്‌കാരത്തിലൂടെ സംസ്ഥാനത്തെ 30 ലക്ഷത്തോളം പേര്‍ക്ക് ചില്ലിക്കാശില്ലാതെ ആഹാരത്തിന് അരി നല്‍കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്നത്. ഇടതു സര്‍ക്കാര്‍ ഭരണത്തിലേറിയതു മുതല്‍ ഭക്ഷ്യ-സിവില്‍ സപ്ലൈ വകുപ്പ് കണ്ടകശ്ശനിയുടെ പിടിയിലമരുകയും ചെയ്തു. കൃത്യമായ പഠനം നടത്താതെ വകുപ്പ് മന്ത്രി നിഷ്‌ക്രിയനായി നോക്കി നിന്നതോടെ സംസ്ഥാനത്തെ റേഷന്‍ പൊതുവിതരണ സംവിധാനം പാടെ നിശ്ചലമായി. ഓണം, വിഷു, പെരുന്നാള്‍, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ വേളകളില്‍ പോലും റേഷന്‍ വിഭവങ്ങള്‍ക്ക് പഞ്ഞം നേരിട്ടു. കഴിഞ്ഞ രണ്ട് ഉത്സവ കാലങ്ങളും കടന്നുപോയത് റേഷന്‍ കടകളിലെ കാലി സഞ്ചികളെ സാക്ഷിയാക്കിയാണ്. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് റേഷന്‍ കാര്‍ഡുകള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാന്‍ പിണറായി സര്‍ക്കാറിന് സാധിച്ചത്. കരടു കാര്‍ഡുകളിലെ പിഴവുകള്‍ ആവര്‍ത്തിച്ചും അര്‍ഹരായവരെ പുറത്താക്കിയും അനര്‍ഹരായവരെ അകത്താക്കിയും പുറത്തിറക്കിയ പുതിയ റേഷന്‍ കാര്‍ഡുകളുടെ പൊല്ലാപ്പ് ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ സൗജന്യ റേഷന്‍ കൂടി നിര്‍ത്തലാക്കിയതിന്റെ ആശങ്കയിലാണ് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍.
റേഷന്‍ വ്യാപാരികളുടെ വേതനവും കുടിശ്ശികയും കമ്മീഷനും സമയബന്ധിതമായി കൊടുത്തുതീര്‍ക്കാത്ത സര്‍ക്കാര്‍ നിലപാട് നീതീകരിക്കാവതല്ല. പത്തു തവണയിലധികമെങ്കിലും റേഷന്‍ വ്യാപാരികള്‍ മുഖ്യമന്ത്രിയോടും വകുപ്പു മന്ത്രിയോടും ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. പിക്കറ്റിങ്ങും ധര്‍ണകളുമുള്‍പ്പെടെയുള്ള പ്രത്യക്ഷ സമരങ്ങള്‍ വേറെയും. വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിയ തീരുമാനങ്ങളില്‍ പൊറുതികെട്ടാണ് റേഷന്‍ വ്യാപാരികള്‍ ഒടുവില്‍ കടയടപ്പു സമരത്തിലേക്ക് എടുത്തുചാടിയത്. 45 ക്വിന്റലിന് താഴെ ധാന്യ വില്‍പ്പന നടത്തുന്ന കടകളെ ഏകീകരിക്കുന്നതിലൂടെ സംസ്ഥാനത്തെ 2700 ഓളം റേഷന്‍ കടകള്‍ക്ക് പൂട്ടു വീഴുമെന്ന പുതിയ പ്രഖ്യാപനം കൂനിന്മേല്‍ കുരുവായി നില്‍ക്കുകയാണ്. ആരും പട്ടിണി കിടക്കാതിരിക്കാന്‍, വിശപ്പിന്റെ വേദനയില്‍ വേവലാതിപ്പെടാതിരിക്കാന്‍ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തെ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നത് കാത്തിരുന്നു കാണാം.

chandrika: